12:30:26
30 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

ഭൂമിതട്ടിപ്പ് കേസ്: സര്‍ക്കാറിനെ വെട്ടിലാക്കിയത് തിരുവഞ്ചൂരിന്‍െറ പ്രതിരോധം

ഭൂമിതട്ടിപ്പ് കേസ്: സര്‍ക്കാറിനെ വെട്ടിലാക്കിയത് തിരുവഞ്ചൂരിന്‍െറ പ്രതിരോധം

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാറിനെ വെട്ടിലാക്കിയ അപ്പീലിന് പിന്നില്‍ ആഭ്യന്തര മന്ത്രിയുടെ സ്വയംപ്രതിരോധ തന്ത്രം. സലീംരാജുമായി ബന്ധപ്പെട്ട ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് മുഖേന ശേഖരിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രതിരോധ നീക്കങ്ങളാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലായി പരിണമിച്ചത്. ഫോണ്‍ കോളുകള്‍ സംബന്ധിച്ച അന്വേഷണത്തിന് കോടതിമുഖേനതന്നെ തടയിടാന്‍ കഴിഞ്ഞതിലൂടെ ആഭ്യന്തരമന്ത്രി ലക്ഷ്യം കണ്ടെങ്കിലും സര്‍ക്കാര്‍ പൊതുവേ പ്രതിരോധത്തിലാവുകയാണുണ്ടായത്.
സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിടിച്ചെടുക്കണമെന്ന സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവിനെതിരെയാണ് അഡ്വക്കറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. എ.ജി തന്നെ നേരിട്ട് ഹാജരായാണ് കേസില്‍ വാദം നടത്തിയത്. ഫോണ്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ ഡി.ജി.പിക്കും വിജിലന്‍സിനും നിര്‍ദേശം നല്‍കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭാഗത്തെ ഈ എതിര്‍കക്ഷികള്‍ക്ക് വേണ്ടിയാണ് അപ്പീല്‍ നല്‍കിയതെന്നാണ് എ.ജിയുടേയും സര്‍ക്കാറിന്‍േറയും വിശദീകരണമുണ്ടായത്. എന്നാല്‍, നിലവിലെ കേസില്‍ തന്നെ ഇടക്കാല ഹരജി നല്‍കി ഈ അപ്രായോഗികത സര്‍ക്കാറിന് കോടതിയെ അറിയിക്കാമായിരുന്നുവെന്നിരിക്കെ അടിയന്തരമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിലൂടെ ഗുണം ലഭിച്ചത് സലീംരാജിനാണ്. സലീംരാജിന് വേണ്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെന്നും കേസില്‍ എ.ജി നേരിട്ട് വാദം നടത്തിയെന്ന ുമുള്ള വിവാദം മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചയായതോടെ കൂടുതല്‍ പ്രതിരോധത്തിലായത് മുഖ്യമന്ത്രിയാണ്.
പൊലീസിന് രേഖകള്‍ കണ്ടത്തെല്‍ അപ്രായോഗികമാണെന്ന് പറയുന്നതിലൂടെ അപകടം മുന്‍കൂട്ടി കണ്ട് കൈകഴുകാനുള്ള നീക്കമാണ് ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. സിംഗ്ള്‍ബെഞ്ച് ഉത്തരവ് നടപ്പാക്കിയാല്‍ സലീംരാജിന്‍െറതടക്കം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പൊലീസിന് ശേഖരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ഇമേജിന് കോട്ടം സംഭവിച്ചാല്‍ അതിന്‍െറ ഉത്തരവാദിത്തം കൂടി തനിക്കുമേല്‍ വരുമെന്ന് ആഭ്യന്തരമന്ത്രി കരുതുന്നു. ടെന്നി ജോപ്പന്‍െറ അറസ്റ്റുള്‍പ്പെടെ കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കാന്‍ മന$പൂര്‍വം ശ്രമിച്ചുവെന്ന ആരോപണം ഇപ്പോള്‍തന്നെ ആഭ്യന്തര മന്ത്രി നേരിടുകയാണ്. വകുപ്പില്‍നിന്ന് പുറത്താക്കിയാല്‍ ഒട്ടേറെ രഹസ്യങ്ങള്‍ തിരുവഞ്ചൂരിന് പുറത്തുവിടാനുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ യു.ഡി.എഫിനകത്തും സജീവമാണ്. ഇതിന് പുറമെ, ഫോണ്‍ വിശദാംശങ്ങളുടെ പേരിലുണ്ടാകുന്ന പൊട്ടിത്തെറിക്കുകൂടി ഉത്തരവാദിയാകാന്‍ ഈ ഘട്ടത്തില്‍ തയാറല്ലാത്തതാണ് സര്‍ക്കാറിന്‍െറ പൊതു അഭിപ്രായത്തിന് കാത്തുനില്‍ക്കാതെ ആഭ്യന്തര മന്ത്രി സ്വമേധയാ അപ്പീല്‍ തീരുമാനവുമായി ഇറങ്ങിത്തിരിച്ചതിന്‍െറ കാരണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus