Fri, 08/09/2013 - 23:47 ( 2 years 8 weeksago)
മലയാളത്തിന്‍െറ ദ്രോണര്‍
(+)(-) Font Size
മലയാളത്തിന്‍െറ ദ്രോണര്‍

തൊടുപുഴ: നിറഞ്ഞ ചിരിയോടെ വലതുകൈ ഇടതു നെഞ്ചോട് ചേര്‍ത്തുപിടിച്ച് രാജ്യത്തിന്‍െറ ദ്രോണാചാര്യ കെ.പി. തോമസ് എന്ന തോമസ് മാഷ് പറയുന്നു: ‘ഇതെന്‍െറ വിജയമല്ല, കുട്ടികളുടെ വിയര്‍പ്പിന്‍െറ വിലയാണ്. ഇവരില്ളെങ്കില്‍ എനിക്കൊന്നുമില്ല. എന്‍െറ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഇവരാണ്.’
ഗ്രൗണ്ടും കുട്ടികളും മാത്രം ജീവിതമായി കരുതുന്ന ഈ ആചാര്യന്‍ പരിശീലകരിലെ വേറിട്ട് വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ നിസ്സംശയം പറയാം, ഇത് അര്‍ഹതക്ക് ലഭിച്ച അംഗീകാരംതന്നെയെന്ന്. കഴിഞ്ഞ 35 വര്‍ഷമായി കുട്ടികളെ കായികരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന കോരുത്തോട് കുരിശിങ്കല്‍ കെ.പി. തോമസ് എന്ന ഈ പരിശീലകന്‍ നാലു വര്‍ഷമായി ഇടുക്കി വണ്ണപ്പുറം എസ്.എന്‍.വി.എച്ച്.എസ്.എസിലെ കായിക പരിശീലകനാണ്. 1979ലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസില്‍ തോമസ് മാഷ് കായികാധ്യാപകനായി എത്തുന്നത്. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിനുശേഷമായിരുന്നു ഇത്. ആര്‍മി കോച്ചായും മികച്ച പരിശീലകനായും പിന്നിട്ടത് നീണ്ട വര്‍ഷങ്ങള്‍. 2000 ത്തില്‍ കോരുത്തോട് സ്കൂളിന് 16ാം തവണയും ചാമ്പ്യന്‍ പദവി നേടിക്കൊടുത്ത് അദ്ദേഹം ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുമ്പോള്‍ മാഷിനൊപ്പമുള്ളത് രാജ്യത്തിന് കീര്‍ത്തി നല്‍കിയ നൂറുകണക്കിന് ചുണക്കുട്ടികള്‍.
ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്, ഇന്ത്യയറിഞ്ഞ താരങ്ങളായ ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്പ്, ജോസഫ് ജി. എബ്രഹാം, ഏഷ്യാഡ് താരം സി.എസ്. മുരളീധരന്‍, മോളി ചാക്കോ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. പട്ടാളച്ചിട്ടയിലുള്ള പരിശീലനമാണ് മാഷിന്‍േറത്. കോരുത്തോടുനിന്ന് വിരമിച്ച ഉടന്‍തന്നെ മാഷിനെ നാട് ക്ഷണിച്ചു. വണ്ണപ്പുറം സ്കൂളിലെ കായികാധ്യാപകന്‍കൂടിയായ മകന്‍ രാജാസിന്‍െറ നിര്‍ബന്ധംകൂടിയായപ്പോള്‍ തെളിഞ്ഞത് വണ്ണപ്പുറത്തെ തലവരയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 150ലധികം കുട്ടികളാണ് തോമസ് മാഷിന്‍െറ ശിഷ്യത്വം സ്വീകരിക്കാന്‍ ഇവിടെയുള്ളത്. ജൂനിയര്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വണ്ണപ്പുറം സ്കൂളിലെ ടി.എസ്. ആര്യയെ സ്വര്‍ണം നേടാന്‍ പ്രാപ്തയാക്കുന്നതിനുള്ള തിരക്കിലാണ് മാഷ് ഇപ്പോള്‍. വണ്ണപ്പുറം സ്കൂള്‍ ഗ്രൗണ്ടില്‍ വ്യാഴാഴ്ച കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്ത വിവരം മാഷ് അറിയുന്നത്. കോരുത്തോട് കാണിച്ച അതേ മാജിക് വണ്ണപ്പുറത്തും കാണിക്കുകയാണ് കായികലോകത്ത് മായങ്ങളില്ലാത്ത ഈ ദ്രോണാചാര്യര്‍.
പഞ്ചപാണ്ഡവന്മാരില്‍ അര്‍ജുനനോട് ദ്രോണാചാര്യര്‍ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യം മാഷിനും ഒരാളോടുണ്ട്. അത് ലോക മത്സരത്തില്‍ സ്വര്‍ണം കൊയ്ത അഞ്ജു ബോബി ജോര്‍ജിനോടാണ്.
മാഷ് അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് തന്‍െറ കുട്ടികളെ പരിചയപ്പെടുത്തുന്നത് കപ്പ കുട്ടികളെന്നാണ്. മലയോരത്തെ നല്ല കപ്പ കഴിച്ചാണ് തന്‍െറ കുട്ടികള്‍ ട്രാക്കില്‍ തീപ്പൊരികളാകുന്നതെന്ന കാരണമാണ് മാഷിന് ഇതേക്കുറിച്ച് പറയാനുള്ളത്. സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള വളപ്പില്‍ മാഷ് കുട്ടികളെപ്പോലെ പരിപാലിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അത് തന്‍െറ കൃഷിയിടമാണ്. 2000 മൂട് കപ്പയും 150 ചേനയും എണ്ണൂറോളം ഏത്തവാഴയും നട്ടുകഴിഞ്ഞു. പച്ചക്കറികൃഷിയുമുണ്ട്. വണ്ണപ്പുറം സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ഒളിമ്പിക്സ് താരങ്ങളെ രൂപപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് മാഷിനുള്ളത്. 68ാം വയസ്സിലും പ്രസരിപ്പിന്‍െറ രഹസ്യമെന്തെന്ന ചോദ്യത്തിന് ജീവിതചര്യയും കടുത്ത പരിശീലനവുമാണെന്ന് കായികലോകത്തെ ദ്രോണാചാര്യര്‍ നിസ്സംശയം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus