12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

സ്റ്റെനോഗ്രാഫറില്‍നിന്ന് സംഗീതജ്ഞനിലേക്ക്

സ്റ്റെനോഗ്രാഫറില്‍നിന്ന് സംഗീതജ്ഞനിലേക്ക്

കോഴിക്കോട്: തിക്കോടിയനും ഉറൂബുമൊക്കെ സജീവമായിരുന്ന കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ആലപിക്കാന്‍ അവസരമുണ്ടായത് ശരത്ചന്ദ്ര രഘുനാഥ് മറാഠേ എന്ന മഹാരാഷ്ട്രക്കാരനായിരുന്നു. മഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മറാഠേ അപ്പോഴേക്കും തികഞ്ഞ മലയാളിയായി കഴിഞ്ഞിരുന്നു.
ബോംബേ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റെനോഗ്രാഫറായി ജോലി നോക്കിയിരുന്ന കാലത്താണ് മറാഠേയുടെ ഗുരു മനോഹര്‍ ബറുവക്ക് കേരളത്തില്‍നിന്ന് ഒരു കത്ത് ചെല്ലുന്നത്. പെരിങ്ങോട് പൂമുള്ളി മനയിലെ രാമന്‍ നമ്പൂതിരിപ്പാടിനെ സംഗീതം അഭ്യസിപ്പിക്കാന്‍ ഒരാളെ വേണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. മനോഹര്‍ ബറുവ തന്‍െറ ശിഷ്യനത്തെന്നെ അതിനായി നിയോഗിക്കുകയായിരുന്നു. റെയില്‍വേയിലെ ജോലി ഒഴിവാക്കി 1951ല്‍ മറാഠേ കേരളത്തിലേക്ക് പുറപ്പെട്ടു.
ഒരു വര്‍ഷമേ അദ്ദേഹം പൂമുള്ളി മനയില്‍ പഠിപ്പിച്ചുള്ളൂ. പഠനം തുടരാന്‍ ആഗ്രഹമില്ളെന്നും നാട്ടിലേക്ക് തിരിച്ചുപോയ്ക്കൊള്ളാനും രാമന്‍ നമ്പൂതിരിപ്പാട് പറഞ്ഞപ്പോള്‍ മറാഠേ ആകെ തകര്‍ന്നുപോയി. ആകെ ആശ്രയമായിരുന്ന ജോലിയും കൈവിട്ടുപോയിരുന്നു. ആ സമയത്താണ് കോഴിക്കോട്ടെ കൊപ്ര കച്ചവടക്കാരനായിരുന്ന ശ്രീരാം ഗുരുചറിനെ പരിചയപ്പെടുന്നത്. ഗുജറാത്തി കുട്ടികളെ സംഗീതം പഠിപ്പിക്കാനായി ഗുരുചര്‍, മറാഠേയെ ക്ഷണിച്ചതോടെ അദ്ദേഹം കോഴിക്കോട്ടുകാരനായി.
കോഴിക്കോടിന്‍െറ സംഗീത സായന്തനങ്ങള്‍ മറാഠേയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സംഗീതത്തിന്‍െറ ഒരു വലിയ വലയത്തിലായിരുന്നു മറാഠേ. എം.എസ്. ബാബുരാജ്, പുതുക്കോട് കൃഷ്ണമൂര്‍ത്തി, ജി.എന്‍. ബാലസുബ്രഹ്മണ്യം, തിക്കോടിയന്‍, അരവിന്ദന്‍ തുടങ്ങിയവര്‍ കോഴിക്കോടിന്‍െറ മുറ്റത്ത് കത്തിജ്ജ്വലിച്ചുനിന്ന അക്കാലത്ത് അവര്‍ക്കൊപ്പം മാറാഠേയുമുണ്ടായിരുന്നു.
അതിനിടയിലാണ് കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ആലപിക്കാന്‍ മറാഠേക്ക് അവസരമുണ്ടായത്. കേരളത്തില്‍ അങ്ങോളമിങ്ങോളം കച്ചേരി നടത്തിയ ആ കാലത്തിനിടയില്‍ ഒരു വിനായക ചതുര്‍ഥി നാളില്‍ മട്ടാഞ്ചേരി ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് അവിടെ കുടിയേറിയ ഗുജറാത്തി കുടുംബത്തിലെ മനീഷ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. മനീഷ അങ്ങനെ മറാഠേയുടെ ജീവിത പങ്കാളിയായി. മയൂരവര്‍ണങ്ങള്‍, ചാഞ്ചാട്ടം എന്നീ സിനിമകള്‍ക്ക് മറാഠേ സംഗീതം നല്‍കിയെങ്കിലും ജീവിതത്തിലുടനീളം പിന്തുടര്‍ന്ന ദൗര്‍ഭാഗ്യം അവിടെയും അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ആ രണ്ട് ചിത്രങ്ങളും വെളിച്ചം കണ്ടില്ല. പിന്നീട് പവിത്രന്‍െറ ‘ഉപ്പ്’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമാ സ്വപ്നങ്ങള്‍ക്ക് സമാപനം കുറിക്കേണ്ടിവന്നു.
മഹാപ്രതിഭയായിട്ടും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ മറാഠേയെ തേടിവന്നില്ല. കലാകാരന്മാരെയും സംഗീതജ്ഞരെയും അകമഴിഞ്ഞ് സ്നേഹിച്ച കോഴിക്കോട് എന്തുകൊണ്ടോ മറാഠേ എന്ന പ്രതിഭയെ വേണ്ടത്ര പരിഗണിച്ചില്ല. എം.എസ്. ബാബുരാജ് എന്ന മഹാപ്രതിഭക്ക് വഴിയരികില്‍ ഭിക്ഷക്കാരനെ പോലെ ഇരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അപ്പോഴൊക്കെ പഴയകാലത്തെ ഓര്‍മിച്ച് മറാഠേ പറയാറുണ്ടായിരുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലെ രണ്ടു പ്രമുഖ ശാഖകളായ ഗ്വാളിയര്‍ ഖരാനയിലും കിരാന ഖരാനയിലും സംഗീതം അഭ്യസിച്ചിട്ടുണ്ട് മറാഠേ. ഭീം സെന്‍ ജോഷി എന്ന സംഗീത പ്രതിഭ കിരാന ഖരാനയില്‍ പെട്ടയാളായിരുന്നു. കേരളക്കരയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് മറാഠേയായിരുന്നു.
ചിന്താവളപ്പിലെ പൊടിഞ്ഞ് വീഴാറായ വാടക വീട്ടില്‍ കഴിയുമ്പോഴും മറാഠേക്കു ചുറ്റും വാഗ്ദാനങ്ങളുടെ വെള്ളപ്പൊക്കമായിരുന്നു. മറാഠേയെ പൊന്നാടയണിയിച്ച് സ്വന്തം പരസ്യപ്പലകയാക്കാനായിരുന്നു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പൊയ്മുഖങ്ങള്‍ക്ക് താല്‍പര്യം. അപ്പോഴും കട്ടകളടര്‍ന്ന മറാഠേയുടെ ഹര്‍മോണിയം ഖയാലുകള്‍ പൊഴിച്ചുകൊണ്ടിരുന്നു. രാഗങ്ങളുടെ ആവേഗങ്ങളില്‍ എല്ലാ വേദനകളും അദ്ദേഹം മറന്നു.
മറാഠേക്ക് വീടുവെച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കാത്ത മന്ത്രിമാരും എം.എല്‍.എമാരും കോഴിക്കോട് വിരളമായിരുന്നു. ഒടുവില്‍, നാലു വര്‍ഷം മുമ്പ് മന്ത്രി ബിനോയ് വിശ്വവും എ. പ്രദീപ് കുമാര്‍ എം.എല്‍.എയും മുന്‍കൈയെടുത്ത് ഭവന നിര്‍മാണ ബോര്‍ഡിന്‍െറ മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ളാറ്റിലേക്ക് മറാഠേയെയും കുടുംബത്തെയും മാറ്റി പാര്‍പ്പിക്കുകയായിരുന്നു. അപ്പോഴും സ്വന്തം വീടെന്ന സ്വപ്നം പൂവണിയാതെ ബാക്കിയായി.
ഇവിടെയും കടുത്ത ഏകാന്തതയും അവഗണനയും മാത്രമായിരുന്നു കൂട്ട്. ശിഷ്യരില്‍ ചിലര്‍ നല്‍കിയിരുന്ന ദക്ഷിണയും മറ്റുമായിരുന്നു ഏക ആശ്രയം. ചിന്താവളപ്പിലായിരുന്നപ്പോള്‍ വല്ലപ്പോഴും സന്ദര്‍ശകരെങ്കിലുമുണ്ടായിരുന്നു. ഫ്ളാറ്റിലേക്ക് മാറിയപ്പോള്‍ അതും നഷ്ടമായതായി മനീഷ പറയുമായിരുന്നു.
അവസാന കാലങ്ങളില്‍ മറാഠേയില്‍നിന്ന് ഓര്‍മകളുടെ ഓരോ തുരുത്തുകളും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഒടുവില്‍ എല്ലാ അവഗണനകളും സങ്കടങ്ങളും ബാക്കിയാക്കി മനീഷയെ തനിച്ചാക്കി മറാഠേ മടങ്ങിയിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com