12:30:26
05 Sep 2015
Saturday
Facebook
Google Plus
Twitter
Rssfeed

ആത്മീയ വിജയം

പെരുന്നാള്‍ എന്നാല്‍ ആഘോഷമാണ്. സന്തോഷവും ആഹ്ളാദവും പൂത്തുലഞ്ഞു നില്‍ക്കുന്ന സംതൃപ്തിയുടെയും സ്നേഹത്തിന്‍െറയും ആഘോഷം; ഉള്ളിലുള്ളത് പുറത്തേക്ക് പ്രകടിപ്പിക്കുകയും എല്ലാവരിലേക്കും പരന്നൊഴുകുകയും ചെയ്യുന്ന ഉത്സവം. രണ്ട് ആഘോഷ സുദിനങ്ങളാണ് വിശ്വാസികള്‍ക്കായി ദൈവം കനിഞ്ഞരുളിയത്. അവ, അവര്‍ക്ക് ആഹ്ളാദപൂര്‍വം കൊണ്ടാടാം. അവയിലൊന്നാണ് ഈദുല്‍ ഫിത്ര്‍. ഒരു മാസത്തെ റമദാന്‍ വ്രതം പൂര്‍ത്തീകരിച്ചതിന്‍െറ തൊട്ടടുത്ത നാള്‍ ശവ്വാല്‍ പിറ പ്രത്യക്ഷപ്പെടുന്ന രാത്രിയോടെ അതാരംഭിക്കുന്നു. ആ രാവും പിറ്റേന്ന് പകലുമായാണ് ഈദുല്‍ ഫിത്ര്‍ അഥവാ ചെറിയപെരുന്നാള്‍ ആഘോഷിക്കുക. രണ്ടാമത്തെ ആഘോഷസുദിനം പരിശുദ്ധ ഹജ്ജിന്‍െറ പരിസമാപ്തിയോടനുബന്ധിച്ചുള്ളതാണ്. രണ്ടും ഒര്‍ഥത്തില്‍ വിജയാഘോഷങ്ങളാണ്. മനുഷ്യര്‍ തന്‍െറ ദേഹേച്ഛകളോട് പടവെട്ടി ദൈവേച്ഛയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്ന വിജയാഘോഷം, ആത്മാവും ശരീരവും തമ്മിലുള്ള പോരാട്ടത്തില്‍ ആത്മീയ വിജയം ഉറപ്പാക്കുന്ന ആഘോഷം.
ഒരു മാസം നീണ്ടുനില്‍ക്കുന്ന കഠിന തപസ്യയുടെ പരിസമാപ്തിയിലാണ് ഈദുല്‍ ഫിത്ര്‍ കടന്നുവരുന്നത്. ശരീരവും ആത്മാവുമുള്ള സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. ആത്മാവിന്‍െറ വെളിച്ചം കെടുത്തിക്കളയാനുള്ള എല്ലാ ശരീരതൃഷ്ണകളെയും കീഴ്പ്പെടുത്തുന്ന പ്രക്രിയയാണ് റമദാന്‍ വ്രതം അഥവാ നോമ്പ്. വിശപ്പാണല്ളോ മനുഷ്യന്‍െറ ഏറ്റവും തീക്ഷ്ണമായ വികാരം. ആഹാരത്തോടുള്ള ആര്‍ത്തിയും ആസക്തിയും മനുഷ്യന്‍െറ മുന്നിലെ ഏറ്റവും കടുത്ത പരീക്ഷണമാണ്. അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നവന് മറ്റെല്ലാ വികാരങ്ങളെയും കീഴടക്കാനാവും.
ആഹാരം ആര്‍ത്തിയുടെയും ആസക്തിയുടെയും തലത്തിനപ്പുറം മനുഷ്യന്‍െറ നിലനില്‍പിന്‍െറയും അടിസ്ഥാനം കൂടിയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ മനുഷ്യന് ഏറെ പിടിച്ചുനില്‍ക്കാനാവില്ല. ജീവിത നിലനില്‍പിന്‍െറ അടിസ്ഥാനമായിട്ടുകൂടി അതിനെ നിശ്ചിത കാലയളവില്‍ നിയന്ത്രിക്കുകവഴി, മറ്റെല്ലാ ഇച്ഛകളെയും നിയന്ത്രിക്കാന്‍ പരിശീലിക്കുകയാണ് നോമ്പിലൂടെ ചെയ്യുന്നത്. ഇന്നലെവരെ തനിക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ടത് കുടിക്കാനും തിന്നാനും സ്വാതന്ത്ര്യമുണ്ടായിരുന്ന മനുഷ്യന്‍ ഇന്നത് ദൈവഹിതത്തിനായി മാറ്റിവെക്കുന്നു. ദേഹേച്ഛകളില്‍ കഠിനവും തീവ്രവുമായ വിശപ്പിനെ ദൈവേച്ഛക്കായി കീഴ്പ്പെടുത്തുന്നു. ആഹാരം നിനക്ക് അനുവദിക്കപ്പെട്ടതുതന്നെ; പക്ഷേ, ഒരു നിശ്ചിതനേരത്തേക്ക് നീ അതില്‍നിന്ന് വിട്ടുനില്‍ക്കണം. അവിടെ അത് വിലക്കപ്പെട്ട പഴമായി മാറുന്നു. അതിന് മനസ്സ് പാകപ്പെടുന്നതോടെ മറ്റെല്ലാ ആസക്തികളെയും അതിജയിക്കാന്‍ അവന്‍ ശീലിക്കുന്നു. നോമ്പ് കേവലമായ ആഹാരനിയന്ത്രണമല്ല; ദേഹേച്ഛയുടെ എല്ലാ പ്രേരണകളെയും നോമ്പുകാരന്‍ നിയന്ത്രിക്കേണ്ടതുണ്ട്. കാമ-ക്രോധ-മോഹ-ലോഭങ്ങളൊക്കെ അതിന്‍െറ ഭാഗമായാണ്. അതുകൊണ്ടാണ് പ്രവാചകന്‍ അരുളിയത്, ‘എത്രയെത്ര നോമ്പുകാരാണ്! പട്ടിണിയല്ലാതെ അതുകൊണ്ട് മറ്റൊന്നും അവര്‍ നേടുന്നില്ല’ എന്ന്.
നോമ്പ് ഇച്ഛകളുടെ നിഗ്രഹമല്ല, നിയന്ത്രണമാണ് ലക്ഷ്യമാക്കുന്നത്. അതുകൊണ്ടാണ് പകല്‍ വ്രതമനുഷ്ഠിക്കാനും രാത്രി ആഹാരം കഴിക്കാനും കല്‍പിക്കപ്പെട്ടിട്ടുള്ളത്. പകലും രാത്രിയും പട്ടിണികിടക്കുന്നവന്‍െറ നോമ്പ് ദൈവത്തിങ്കല്‍ സ്വീകാര്യമല്ല. ഇങ്ങനെ ഒരു മാസത്തെ വ്രതത്തിലൂടെ ആത്മനിയന്ത്രണം സാധിക്കുന്ന വിശ്വാസി, റമദാനിന്‍െറ പകലുകളിലും പ്രാര്‍ഥനകളും ദാനധര്‍മങ്ങളും വര്‍ധിച്ച സല്‍ക്കര്‍മങ്ങളുമായി പുണ്യപൂരിതമായ ഒരു ജീവിതം ശീലിച്ചുകൊണ്ട് ദൈവത്തിലേക്ക് അടുക്കുന്നു. അതാണ് ഉപവാസം. ദൈവത്തോട് അടുത്തിരിക്കുക എന്നാണ് ഉപവാസത്തിന്‍െറ അര്‍ഥം. അവന്‍ ഒരു പുതിയ മനുഷ്യനായി മാറുന്നു. റമദാന്‍ വ്രതത്തിലൂടെ വിശ്വാസി ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടത്തെുന്നു. മാനവികമായ എല്ലാ നന്മകളും അവനില്‍ പൂത്തുലഞ്ഞുനില്‍ക്കും. സഹനശീലം, സമസൃഷ്ടി സ്നേഹം, ആത്മസംയമനം, വിവേകം, വിശാലത, സ്നേഹം, കാരുണ്യം, സഹാനുഭൂതി, വിശ്വസ്തത, സത്യസന്ധത തുടങ്ങി എല്ലാ മാനവിക ഗുണങ്ങളുടെയും വിളനിലമായി അവന്‍ മാറുന്നു. വിസ്മയാവഹമായ ഈ ആത്മീയ വിജയത്തിന്‍െറ ആഘോഷമാണ് ഈദുല്‍ ഫിത്ര്‍.
ഈദിന് വേറെയും അര്‍ഥതലങ്ങളുണ്ട്. ഹിജ്റ രണ്ടാം വര്‍ഷമാണ് പ്രവാചകന്‍ ആദ്യമായി പെരുന്നാള്‍ ആഘോഷിച്ചത്. അതേസമയം, റമദാനിലാണ് ബദ്ര്‍ യുദ്ധം നടന്നത്. ബദ്ര്‍ മനുഷ്യചരിത്രത്തിലെ അപൂര്‍വ യുദ്ധങ്ങളിലൊന്നാണ്. മൗലികമായി മനുഷ്യാവകാശ സംരക്ഷണമായിരുന്നു അതിന്‍െറ ലക്ഷ്യം. ബദ്ര്‍ വിജയത്തിന്‍െറകൂടി ഓര്‍മപ്പെരുന്നാളാണ് ഈദുല്‍ ഫിത്ര്‍. ബദ്റിന്‍െറ സന്ദേശം ഇസ്ലാമിന്‍െറ മേല്‍ക്കോയ്മയോ ശത്രുനിഗ്രഹമോ അല്ല; മറിച്ച്, ദൈവത്തിന്‍െറ സൃഷ്ടികളായ മനുഷ്യര്‍ക്ക് ഭൂമിയില്‍ അനുവദിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ്. അതാണ് അല്ലാഹു പറഞ്ഞത്: ‘ജനങ്ങളില്‍ ചിലരെക്കൊണ്ട് ചിലരെ നാം പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.’ പ്രാഥമികമായി വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണമായിരുന്നു അതിന്‍െറ ഉന്നം.
സര്‍വോപരി ഈദുല്‍ ഫിത്ര്‍ ഖുര്‍ആന്‍ അവതരണത്തിന്‍െറ ആഘോഷമാണ്. സത്യത്തിന്‍െറയും സന്മാര്‍ഗത്തിന്‍െറയും വെളിച്ചം വിണ്ണില്‍നിന്ന് മണ്ണിലേക്കിറങ്ങിവന്ന വിശുദ്ധ മാസമാണ് റമദാന്‍. ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുക എന്നാണ് അല്ലാഹുവിന്‍െറ കല്‍പന. അതെ, വിശുദ്ധഖുര്‍ആന്‍ പകര്‍ന്നുതരുന്ന ദൈവിക സന്മാര്‍ഗമാകുന്ന അനുഗ്രഹത്തിനുള്ള കൃതജ്ഞതാ പ്രകടനമാണ് റമദാന്‍ വ്രതം. കാരുണ്യവാനായ ദൈവത്തിന്‍െറ മനുഷ്യരോടുള്ള സ്നേഹത്തിന്‍െറ ഭാഗമായാണ് ഖുര്‍ആന്‍ അവതീര്‍ണമാകുന്നത്. അതുവഴി നിങ്ങള്‍ക്ക് സത്യവും സന്മാര്‍ഗവും കണ്ടത്തൊന്‍ സഹായിച്ച തമ്പുരാന്‍െറ മഹത്ത്വം വാഴ്ത്താനും അവനു നന്ദി പ്രകാശിപ്പിക്കാനുമുള്ള അവസരമാണ് നോമ്പും പെരുന്നാളും എന്ന് വിശുദ്ധഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.
ഈദ് എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് അര്‍ഥം. മുന്‍ചൊന്ന എല്ലാ അര്‍ഥത്തിലും ദൈവിക പ്രാതിനിധ്യത്തിന്‍െറ ഉന്നതിയിലേക്കും മനുഷ്യമഹത്ത്വത്തിന്‍െറ വഴിയിലേക്കും ഉള്ള ഓര്‍മപ്പെടുത്തലാണ് ഈദുല്‍ ഫിത്ര്‍. പെരുന്നാള്‍ ആഘോഷം ആത്മാവില്‍ തുടങ്ങി, വ്യക്തിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വിശ്വാസത്തിലേക്കും വികസിക്കേണ്ടതുണ്ട് എന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. അതുകൊണ്ടാണ് ശവ്വാല്‍ പിറ പ്രത്യക്ഷപ്പെടുന്നതോടെ ‘അല്ലാഹുവാണ് ഏറ്റവും മഹാന്‍. അവനു സര്‍വസ്തുതിയും’ എന്ന തക്ബീര്‍ ധ്വനി ദിവസം മുഴുവന്‍ മുഴക്കാന്‍ ആവശ്യപ്പെട്ടത്. ആ നിമിഷം മുതല്‍ ഫിത്ര്‍ സകാത് നിര്‍ബന്ധമാവുന്നു. പെരുന്നാള്‍ ദിനത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ ഇടയാവരുത് എന്നതാണ് അതിന്‍െറ ലക്ഷ്യം. ‘അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല’ എന്ന നബിവചനം ഓര്‍ക്കുക.
പെരുന്നാള്‍ മൈതാനത്തേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കര്‍മമാണ് ഫിത്ര്‍ സകാത്. ജനിച്ചുവീഴുന്ന ശിശു തൊട്ട് എല്ലാവരുടെ മേലും അത് ബാധകമാണ്. അന്ന് മൃഷ്ടാന്നം ഭക്ഷിക്കാന്‍ പര്യാപ്തമായ ആഹാരപദാര്‍ഥം ധാന്യമായോ പണമായോ കൊടുത്താലേ പെരുന്നാള്‍ സ്വീകാര്യമാവുകയുള്ളൂ. പ്രഭാതത്തില്‍ എല്ലാ വിശ്വാസികളും ഈദ്ഗാഹിലേക്ക് പുറപ്പെടുന്നു. ഭജനയും പ്രാര്‍ഥനയുമായാണ് തുടക്കം. നല്ല വസ്ത്രം ധരിച്ചും നല്ല ഭക്ഷണം കഴിച്ചും കുടുംബം ഒന്നടങ്കം ആഘോഷിക്കുന്ന പെരുന്നാള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും അനുഭവപ്പെടണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പെരുന്നാള്‍ പ്രാര്‍ഥന മൈതാനിയില്‍ വെച്ചാവണമെന്നും കുടുംബങ്ങള്‍ പരസ്പരം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടത്.
ഈദിന്‍െറ സന്തോഷത്തില്‍ മുഴുകുന്നവര്‍ അന്ന് ലോകത്തെമ്പാടും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യസഹോദരങ്ങളെയും ഓര്‍ക്കണം. അപ്പോഴേ വ്രതം സൃഷ്ടിക്കുന്ന കാരുണ്യവും സഹാനുഭൂതിയും അര്‍ഥവത്താകൂ. അതുപോലെ, ലോകത്തെമ്പാടും പീഡിപ്പിക്കപ്പെടുന്ന നിരപരാധികളായ മനുഷ്യ സഹോദരങ്ങളെക്കുറിച്ചും ഓര്‍ക്കാന്‍ പെരുന്നാള്‍ വേള സഹായകമാവണം. വിശുദ്ധഖുര്‍ആനും പെരുന്നാളും നമ്മെ ഓര്‍മിപ്പിക്കുന്ന മാനവിക മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യ സഹോദരങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും പെരുന്നാള്‍ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
എല്ലാ ആഘോഷങ്ങളും പരിധി വിടരുതെന്ന് ഇസ്ലാമിന് നിഷ്ഠയുണ്ട്. നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും പൊങ്ങച്ചത്തിന്‍െറയും പര്യായമായി മാറാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus