12:30:26
28 Aug 2015
Friday
Facebook
Google Plus
Twitter
Rssfeed

ഒരു ഐ.എ.എസ് ഓഫിസറും കുറെ രാഷ്ട്രീയക്കാരും

ഒരു ഐ.എ.എസ് ഓഫിസറും കുറെ രാഷ്ട്രീയക്കാരും

ഗൗതം ശക്തി നാഗ്പാല്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പേര് ദേശീയതലത്തില്‍തന്നെ ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്നത്് തീര്‍ത്തും പ്രാദേശികമായ ഒരു പ്രശ്നത്തെ തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി രാഷ്ട്രീയ നേതൃത്വങ്ങള്‍ ചൂഷണം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയതോടെയാണ്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ ഗൗതം നാഗ്പാല്‍ എന്ന ഇരുപത്തെട്ടുകാരിക്കെതിരെ, ദല്‍ഹിക്കടുത്ത ഗ്രേറ്റ് നോയിഡയിലെ കാദല്‍പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു പള്ളിയുടെ ഭിത്തി തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി എന്നതിന്‍െറ പേരില്‍ ശിക്ഷാനടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്താണ് വിഷയത്തിന് പല മാനങ്ങള്‍ നല്‍കുന്നത്. താന്‍ പൊളിക്കാന്‍ ആജ്ഞാപിച്ചത് അനധികൃത നിര്‍മിതി ആണെന്നാണ് ഗൗതം നാഗ്പാലിന്‍െറ നിലപാട്. 70 ശതമാനം മുസ്ലിംകള്‍ താമസിക്കുന്ന ഒരു പ്രദേശത്തെ ആരാധനാലയം റമദാന്‍ മാസത്തില്‍ പൊളിക്കുന്നത് അങ്ങേയറ്റം പ്രകോപനപരമായ നടപടിയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകര്‍ക്കുന്ന ഈ ചെയ്തി ഐ.എ.എസ് ഓഫിസറുടെ പക്വതയില്ലായ്മയും കഴിവുകേടുമാണ് തെളിയിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ്ങും വാദിക്കുന്നത്. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതാണ് ഈ ഉദ്യോഗസ്ഥയെ ഭരണകൂടത്തിന് അനഭിമതയാക്കുന്നതെന്നാണ് ഐ.എ.എസ് ഓഫിസര്‍മാരുടെ കൂട്ടായ്മയടക്കം ആരോപിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിവാദത്തില്‍ ഇടപെട്ടിട്ടുണ്ട്. യു.പി സര്‍ക്കാറിനോട് ഈ വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാധ്യമങ്ങളെ അറിയിച്ചത്. ഗൗതമിനെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും രംഗത്തു വന്നതോടെ അഖിലേഷ് ഗവണ്‍മെന്‍റും സമാജ്വാദി പാര്‍ട്ടിയും നിലപാട് കര്‍ക്കശമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നടപടിക്കെതിരെ ഗൗതം അപ്പീല്‍ നല്‍കുന്നതും കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവാദ ഉദ്യോഗസ്ഥയാവട്ടെ, അതിന് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല എന്നത് ഇവര്‍ക്കുവേണ്ടി വാദിക്കുന്നവരെ കുഴക്കുന്നു. വിവാദം സജീവമായി നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നതിന്‍െറ തെളിവാണ് ഒരു ദേശീയപത്രം വിഷയത്തില്‍ ഇടപെട്ടു നടത്തുന്ന കാമ്പയിന്‍.
നിസ്സാരമായ ഒരു പ്രശ്നത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെ ഊതിവീര്‍പ്പിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കും എന്നതിന്‍െറ മുന്തിയ ഉദാഹരണമായി വേണം ഈ വിവാദത്തെ കാണാന്‍. പൊതുതെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം കിട്ടാവുന്ന അവസരങ്ങള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ മുസ്ലിം വോട്ട് തട്ടിയെടുക്കുന്നതിലുള്ള മത്സരമാണ് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ അരങ്ങേറുന്നത്. പള്ളി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് മുസ്ലിംകളെ ബോധ്യപ്പെടുത്തുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് അഖിലേഷും പിതാവുമൊക്കെ നടത്തുന്നത്. ഗൗതം നാഗ്പാലിന്‍െറ നടപടിയെക്കുറിച്ച് ഭിന്ന ഭാഷ്യങ്ങളുണ്ട്. അനധികൃതമായാണ് പള്ളി നിര്‍മാണം നടത്തുന്നതെന്നും നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായി സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് ഒന്നും ചെയ്തില്ളെന്നുമാണ് ഐ.എ.എസ് ഓഫിസറുടെ പക്ഷത്തുനിലയുറപ്പിച്ചവര്‍ അവകാശപ്പെടുന്നത്. പള്ളി പൊളിച്ചിട്ടില്ളെന്നും ചുറ്റുമതില്‍ പൊളിക്കാന്‍ വേണ്ടി മാത്രമാണ് ആജ്ഞാപിച്ചതെന്നും പറഞ്ഞ് ഇക്കൂട്ടര്‍ വിഷയത്തിന്‍െറ ഗൗരവം കുറക്കാന്‍ ശ്രമിക്കുന്നുണ്ട്. മറുപക്ഷമാവട്ടെ, റമദാനില്‍ വിശ്വാസികളുടെ ആരാധന മുടക്കുന്ന പ്രകോപനപരമായ കൃത്യമാണ് ഗൗതം ശക്തിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞ് വിവാദം കൊഴുപ്പിച്ച് മുസ്ലിംകളെ വൈകാരികമായി തങ്ങളിലേക്കടുപ്പിക്കാന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ്. ആരാധനാലയങ്ങള്‍ നിര്‍മിക്കാനും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ ആചരിക്കാനും പൗരന്മാര്‍ക്ക് തുല്യസ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍, അധികൃതരുടെ അനുമതിയോടെ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പാടുള്ളൂ എന്ന നിബന്ധന അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അക്കാര്യമുണര്‍ത്തുകയും തെറ്റു തിരുത്താന്‍ അവസരം നല്‍കുകയുമാണ് പക്വമതികളായ ഉദ്യോഗസ്ഥര്‍ ചെയ്യുക. പ്രകോപനപരമായ നീക്കം ആരുടെ ഭാഗത്തുനിന്നായാലും അപലപനീയമാണ്. രാഷ്ട്രീയ-ഭരണ നേതൃത്വം ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നതോടെ രംഗം വഷളാവുകയേയുള്ളൂവെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus