12:30:26
14 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ജയിലറയിലെ പെരുന്നാള്‍ ഓര്‍മകള്‍

ജയിലറയിലെ പെരുന്നാള്‍ ഓര്‍മകള്‍

വിശേഷ ദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആയിരിക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്നവര്‍... ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പിടിയിലായ ഇവര്‍ക്ക് തടവറയാണ് എല്ലാം. വിചാരണത്തടവുകാരായി നൂറുകണക്കിന് ആളുകളാണ് സന്തോഷ-ദു:ഖങ്ങളെല്ലാം അഴിക്കുള്ളില്‍ ഒതുക്കിക്കഴിയുന്നത്. കേരളത്തിന്‍െറ പ്രിയ മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസിര്‍ മഅ്ദനിയും അവരിലൊരാളാണ്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജയിലിലെ പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മഅ്ദനി.
ചെറുപ്പം മുതലുള്ള പല പെരുന്നാളുകളും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണെങ്കിലും മറക്കാനാകാത്ത പെരുന്നാളുകള്‍ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമായി കഴിഞ്ഞുപോയതാണ്. 1998 മാര്‍ച്ച് 31ന് എറണാകുളം കലൂരില്‍, അന്ന് താമസിച്ചിരുന്ന ‘അല്‍ അബ്റാറി’ല്‍നിന്ന് കോയമ്പത്തൂര്‍ കേസില്‍പ്പെടുത്തുന്നതിന് മുന്നോടിയായി കോഴിക്കോട് കസബ പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയത് ആ വര്‍ഷം ബലിപെരുന്നാളിന്‍െറ ഏതാനും ദിവസം മുമ്പായിരുന്നു. കോഴിക്കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അടച്ചത്. രണ്ടുദിവസം കഴിഞ്ഞ് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സ്റ്റേഷനില്‍ പാര്‍പ്പിച്ചു. ഈ ദിവസങ്ങളിലൊന്നായിരുന്നു ബലിപെരുന്നാള്‍.
അടുത്തുള്ള ഏതെങ്കിലും പള്ളിയില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ കൊണ്ടുപോകാമോ എന്ന് ചോദിച്ചുനോക്കിയെങ്കിലും സിറ്റി പൊലീസ് കമീഷണര്‍ നീര റാവത്ത് അനുവദിച്ചില്ല. അങ്ങനെ കസബ പൊലീസ് എസ്.ഐയുടെ മുറിയില്‍ മുസല്ല വിരിച്ച് പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. പി.ഡി.പി പ്രവര്‍ത്തകനായിരുന്ന പൂനൂര്‍ ബഷീര്‍ ഹാജി വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് പെരുന്നാള്‍ ആഘോഷിച്ചു. അങ്ങനെയായിരുന്നു കാക്കിസാമീപ്യമുള്ള ആദ്യ പെരുന്നാള്‍.
അടുത്ത ചെറിയ പെരുന്നാള്‍ സേലം ജയിലിലായിരുന്നു. പണിഷ്മെന്‍റ് ജയിലിന്‍െറ ഹൈസെക്യൂരിറ്റി ബ്ളോക്കിന്‍െറ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളില്‍ 20ഓളം തടവുകാരുമായി പെരുന്നാള്‍ നമസ്കരിച്ചു. അന്നത്തെ ജയില്‍ സൂപ്രണ്ട് സിന്ദൂര പാണ്ഡ്യന്‍െറ പ്രത്യേക അനുമതിപ്രകാരം സാധാരണ പൂട്ടിയിടാറുള്ള സെല്ലുകള്‍ തുറന്ന് ബ്ളോക്കിന്‍െറ മുറ്റത്ത് ജയിലിലെ ബെഡ് ഷീറ്റുകള്‍ വിരിച്ചാണ് നമസ്കാരം നിര്‍വഹിച്ചത്. ക്രൂരതയുടെ ചരിത്രമുറങ്ങുന്ന പണിഷ്മെന്‍റ് ബ്ളോക്കിന്‍െറ മുറ്റത്ത് ഒരുമിച്ചുകൂടി തക്ബീര്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള ആ ആദ്യ ജയില്‍പെരുന്നാള്‍ ഒരിക്കലും മറക്കാനാകാത്തതാണ്. കൊടുംവെയിലില്‍ ചുട്ടുപൊള്ളുന്ന ജയില്‍മുറ്റത്ത് ഒരുമണിക്കൂറോളം ഖുതുബ പ്രഭാഷണം നടത്തുകയും നമസ്കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ജയില്‍ അധികൃതര്‍ ആശ്ചര്യത്തോടെയാണ് ആ കാഴ്ച നോക്കിനിന്നത്. പിന്നീട് പലതവണ സേലത്തും ശേഷം കോയമ്പത്തൂരുമാണ് പെരുന്നാള്‍ ആഘോഷിച്ചത്.
കോയമ്പത്തൂരില്‍ ഉണ്ടായിരുന്ന കാലം മുഴുവന്‍ ജയില്‍ ആശുപത്രിയിലാണ് താമസിച്ചത്. ‘വാള്‍മേട്’ എന്നു വിളിക്കുന്ന ബ്ളോക്കില്‍ ഒരുമിച്ചുകൂടിയാണ് തടവുകാര്‍ പെരുന്നാള്‍ നമസ്കരിച്ചിരുന്നത്. ഒരുമണിക്കൂര്‍ അവിടെ ചെലവഴിക്കാന്‍ അനുവാദമുണ്ടാകും. പിന്നെ വീണ്ടും സെല്ലിലേക്ക്.
ജയില്‍മോചിതനായ ശേഷം മിക്ക പെരുന്നാളുകളും അന്‍വാര്‍ശേരിയിലെ അനാഥ മക്കള്‍ക്കൊപ്പമായിരുന്നു. തലേദിവസംതന്നെ ഭാര്യ സൂഫിയ, മക്കളായ ഉമര്‍ മുഖ്താര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ക്കൊപ്പം എറണാകുളത്തുനിന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കും. പെരുന്നാള്‍ ദിവസത്തെ ഭക്ഷണച്ചെലവ് ഞാന്‍തന്നെയാണ് വഹിക്കാറ്.
ഭരണകൂടം വീണ്ടും തടവറ വിധിച്ചതിന്‍െറ ഭാഗമായി ബംഗളൂരു ജയിലില്‍ എത്തിയത് റമദാന്‍ മാസത്തിലാണ്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ പെരുന്നാള്‍ ആയി. മുസ്ലിം തടവുകാര്‍ക്ക് അനുവദിച്ചുകൊടുത്ത ‘ജയില്‍ മസ്ജിദ്’ എന്ന ഒരു കെട്ടിടമുണ്ട്. ആ കെട്ടിടത്തിന് മുന്നിലെ മുറ്റം ഈദ്ഗാഹാക്കിയാണ് ഇവിടെ പെരുന്നാള്‍ നമസ്കാരം. പുറത്തുനിന്ന് വരുന്ന പണ്ഡിതരുടെ നേതൃത്വത്തിലാകും നമസ്കാരം. വെള്ളിയാഴ്ചകളിലൊന്നും നമസ്കാരത്തിന് പോകാന്‍ (സുരക്ഷാകാരണങ്ങളാല്‍) ജയിലധികൃതര്‍ അനുവദിക്കാറില്ലെങ്കിലും പെരുന്നാള്‍ ദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ അവിടെ കൊണ്ടുപോകും. പരപ്പന അഗ്രഹാര ജയിലിലെ പെരുന്നാള്‍ എല്ലാം അങ്ങനെയായിരുന്നു.
ജയില്‍വാസകാലങ്ങളിലെല്ലാം പെരുന്നാളിന് ഒരാഴ്ച മുമ്പ് ഭാര്യ വസ്ത്രം തയ്പിച്ച് എത്തിച്ചുതരും. ഇപ്രാവശ്യം എനിക്കുപുറമെ കൂടെയുള്ള സഹായികള്‍ക്കും ഏതാനും നിര്‍ധന തടവുകാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ രണ്ടുദിവസം മുമ്പ് റജീബ് വഴി എത്തിച്ചുതന്നു. നമസ്കാരം കഴിഞ്ഞ് തടവുകാര്‍ തമ്മിലെ ആശ്ളേഷവും ജയില്‍ അധികൃതരുടെയും മുസ്ലിം ഇതര തടവുകാരുടെയും ‘ഈദ് മുബാറക്’ പറഞ്ഞുള്ള ആശംസകളുമൊക്കെ കഴിഞ്ഞാകും സെല്ലില്‍ തിരിച്ചെത്തുക. ഇതിനുമുമ്പ് മറ്റു തടവുകാര്‍ക്ക് മധുരം വിതരണം ചെയ്യും. ഉച്ചയോടെ തിരക്കുകള്‍ അവസാനിക്കും. അപ്പോള്‍ മനസ്സ് വീട്ടിലേക്കും അന്‍വാര്‍ശേരിയിലേക്കും പറന്നെത്തും. പക്ഷേ, മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ജയിലിലായിട്ടും, എനിക്കും ഒരു ‘പെരുന്നാള്‍’ ഉണ്ടല്ലോ? ഈ ആഘോഷവും സന്തോഷവും ഒന്നും ഇല്ലാതെ എത്രയോ പേരാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെടിയൊച്ചകളുടെയും രക്തഗന്ധത്തിന്‍െറയുമൊക്കെയിടയില്‍ ജീവിക്കുന്നതെന്നോര്‍ത്ത് സമാധാനിക്കും.
‘അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’

തയാറാക്കിയത്:
പി.ബി. കുഞ്ഞുമോന്‍


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus