Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുത്തനുടുപ്പില്ലാത്ത...

പുത്തനുടുപ്പില്ലാത്ത പെരുന്നാളുകള്‍

text_fields
bookmark_border
പുത്തനുടുപ്പില്ലാത്ത പെരുന്നാളുകള്‍
cancel

സ്കൂൾ വിട്ട് വരുമ്പോഴേക്കും വലിയ ചോറ്റുപാത്രത്തിൽ എല്ലാം തയാറാക്കിവെച്ചിട്ടുണ്ടാകും. ഞങ്ങളുടെ പള്ളിയിലെ ഉസ്താദിന് ചെലവ് കൊടുക്കുന്ന ദിവസം മുക്രി മുഹമ്മദാല്യാക്ക കൊണ്ടുവരുന്ന അതേ വലുപ്പത്തിലുള്ള തട്ടുപാത്രംപോലൊന്ന് ഉപ്പയും വാങ്ങിയിരുന്നു. പത്തിരിയും കറിയും അതിൻെറ ഓരോ തട്ടിലും നിറച്ചുവെച്ചിട്ടുണ്ടാകും. അത് കൈയിൽ പിടിച്ച് ഒറ്റ നടത്തമാണ്. നോമ്പു തുറക്കാറാകുമ്പോഴേക്കും കിഴക്കത്തേലയിൽ എത്തണം. അതിന് പുൽവെട്ടയിലെ മണ്ണുപാറുന്ന പഞ്ചായത്ത് റോഡിലൂടെ നടന്ന്, ചിറക്കൽക്കുണ്ടിലെ പുഴ കടന്ന് നമ്പൂതിരിപ്പാടിൻെറ പാടം പിന്നിടണം. നാഗത്താൻകുന്ന് കോളനിയിലൂടെ ചുടലയും പിന്നിട്ട് അൽപംകൂടി നടന്നാൽ കിഴക്കത്തേലയിലെത്തും. മഗ്്രിബ് ആകാറായ സമയങ്ങളിൽ കുട്ടികൾ ചുടലപ്പറമ്പിലൂടെ നടക്കാറില്ല. പ്രേതങ്ങൾ ആ സമയമാണത്രെ പുറത്തിറങ്ങുക. കണ്ടുപേടിച്ചാൽ ഭ്രാന്ത് പിടിക്കുമത്രെ. അങ്ങനെ ആ൪ക്കൊക്കെയോ ഭ്രാന്തു വന്നിട്ടുണ്ട്.
പെരുന്നാൾ അടുക്കാറാകുമ്പോഴാണ് ഉപ്പക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങളുമായുള്ള യാത്രകൾ. കരുവാരകുണ്ട് കിഴക്കത്തേലയിലെ നജാത്ത് കെട്ടിടത്തിലാണ് ഉപ്പയുടെ സബ്കാ ടെയ്ലേഴ്സ്. ഓടിട്ട കെട്ടിടത്തിന് മുകളിൽ അങ്ങത്തേലക്കൽ. ഞങ്ങളുടെ നാട്ടിലെ ഒരേയൊരു റേഡിയോ റിപ്പയ൪ ഷോപ്പിന് അടുത്തുള്ള മുറിയാണ് ടെയ്ല൪ഷോപ്പ്. കരുവാരകുണ്ട്, തുവ്വൂ൪, കാളികാവ്, മേലാറ്റൂ൪ പഞ്ചായത്തുകളിലുള്ള ആൾക്കാ൪ റേഡിയോ നന്നാക്കാൻ വരുക ആര്യാടൻ കുഞ്ഞിമുഹമ്മദിൻെറ മോഡേൺ റേഡിയോ ഷോപ്പിലേക്കാണ്. അയ്യപ്പേട്ടൻെറ വാച്ച് റിപ്പയ൪ കടയും അതിനകത്തുതന്നെ. ഒരു കണ്ണിൽ ലെൻസ് പിടിപ്പിച്ച് അയ്യപ്പേട്ടൻ വാച്ചുകളുടെ ജാതകം പരിശോധിക്കുന്നത് കാണാം. മിക്കപ്പോഴും സൊറ പറഞ്ഞ് അയ്യപ്പേട്ടൻറടുത്ത് ആലക്കാടൻ കുഞ്ഞാക്കയും ഇരിപ്പുണ്ടാകും. പല തരത്തിലുള്ള റേഡിയോകളും ടേപ്പ് റെക്കോഡുകളും ക്ളോക്കുകളും കൊണ്ട് മോഡേൺ റേഡിയോ നിറഞ്ഞിരിക്കും. മെഡിക്കൽ കോളജ് ആണെന്നാണ് കുഞ്ഞാക്ക തമാശ പറയുക.
നോമ്പ് പകുതി കഴിയുമ്പോഴേക്ക് ഉപ്പാൻെറ മുഖം തെളിയാൻ തുടങ്ങും. അതുവരെ പണി കുറവായിരിക്കും. വീട്ടുചെലവിനുതന്നെ പലപ്പോഴും കടം വാങ്ങണം. സ്കൂൾ തുറക്കുന്ന സമയത്ത് പുസ്തകങ്ങൾക്ക് പണമൊപ്പിക്കുന്ന പാട് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ കുഞ്ഞുമുഹമ്മദ്ക്കാൻറടുത്തുനിന്നാണ് കടം വാങ്ങുക. ആ പണത്തിന് കുഞ്ഞിമുഹമ്മദ്ക്ക കണക്കുവെക്കാറില്ല. തിരിച്ചുകൊടുത്താൽ വാങ്ങും. അല്ലെങ്കിൽ മറക്കും.
പെരുന്നാളിനാണ് കുട്ടികൾക്കും മുതി൪ന്നവ൪ക്കും പുത്തൻ കുപ്പായങ്ങൾ എടുക്കുക. അല്ലെങ്കിൽ കല്യാണമോ മറ്റോ ഉണ്ടാവണം. റമദാൻ പത്ത് കഴിയുന്നതോടെ ടെയ്ല൪ഷോപ്പിൽ തിരക്ക് തുടങ്ങും. പലതരം തുണിശീലകളുമായി കുട്ടികളും മുതി൪ന്നവരും കോണികയറി വരാൻ തുടങ്ങും. ഓരോന്നും അളന്നെടുത്ത് ഇന്ന ദിവസം തയ്ച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുക്കും. അന്ന് വന്നാൽ കുപ്പായവുമായോ പാവാടയുമായോ പെങ്കുപ്പായവുമായോ ഒക്കെ തിരിച്ചുപോകാം. സീസണിൽ മാത്രം കിട്ടുന്ന പണിയായതുകൊണ്ട് കൊണ്ടുവരുന്നതൊന്നും ഉപ്പ തിരിച്ചയക്കാറില്ല. എല്ലാം വാങ്ങിവെക്കും. എന്നിട്ട് രാത്രി ഏറെ നേരം പണിയെടുക്കും. ഈ കാലത്താണ് എൻെറ കിഴക്കത്തേലയിലേക്കുള്ള യാത്രകൾ. തയ്ച്ചുവെക്കുന്ന കുപ്പായങ്ങളും മറ്റും തുളതുന്നലും ബട്ടൻസ് പിടിപ്പിക്കലും ഒരാൾ ചെയ്താൽ തീരില്ല. തുന്നല് പഠിക്കുന്ന കുട്ടിക്ക് സഹായത്തിന് ആള് വേണം. ആ സഹായിയാണ് ഞാൻ. സ്കൂളിൽ ലാസഞ്ച൪ മിഠായിയും കടല മിഠായിയും വാങ്ങാനുള്ള ചില്ലറപ്പൈസ തരപ്പെടും. പെരുന്നാൾ പൈസ പുറമേ കിട്ടും.
മുറിയുടെ വരാന്തയിലാണ് മെഷീനുകൾ ഇട്ടിരിക്കുന്നത്. ഉപ്പ അവിടെ ഇരുന്നാണ് തയ്ക്കുക. കഴുത്തിൽ നീളമുള്ള ടേപ്പ് തൂങ്ങിക്കിടപ്പുണ്ടാകും. അതെടുത്ത് ഇടക്കിടെ അളവ് നോക്കുന്നത് കാണാം. അളവ് കണക്കാക്കി തുണിവെട്ടുമ്പോൾ കത്രിക കരയും. വെട്ടുന്നത് ഒരിക്കലും വളയാറില്ല. നല്ല തയ്യൽക്കാരൻെറ അടയാളമാണത്. ഞാനും വരാന്തയിലാണ് ബട്ടൻസ് തുന്നാൻ ഇരിക്കാറ്. കെട്ടിടത്തിൻെറ ഒന്നാം നിലയിലായതിനാൽ അങ്ങാടി ഏറക്കുറെ കാണാം. സീമ ടാക്കീസിൽനിന്ന് സിനിമ കഴിഞ്ഞ് വരുന്നവരുടെ ഒഴുക്കും ബഹളവും. മഞ്ചേരിയിൽനിന്നും പെരിന്തൽമണ്ണയിൽനിന്നും വരുന്ന ബസുകൾ തിരിച്ചിടുമ്പോഴുണ്ടാകുന്ന ക്ളീന൪മാരുടെ റൈറ്റ് പറച്ചിലുകൾ, എല്ലാം കേൾക്കാം. എൻെറ കൂട്ടുകാരിയുടെ വീടും ആ വഴിയാണ്. എല്ലാംകൂടി ബഹുരസമാണ്. അതിനേക്കാളേറെ എന്നെ മോഹിപ്പിക്കുന്നത് പാട്ടുകേൾക്കലാണ്. തുണി തുന്നുമ്പോൾ ഉറക്കം വരാതിരിക്കാനാണ് പാട്ടുകേൾക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി റേഡിയോയോ ടേപ്പ് റെക്കോഡറോ ഉണ്ടായിരുന്നില്ല. പണമുള്ളവൻെറ പത്രാസ്സിൻെറ ഭാഗമായിരുന്നു അന്നൊക്കെ ടേപ്പ് റെക്കോഡറുകൾ. ഗൾഫിൽനിന്ന് വരുമ്പോൾ സംസം വെള്ളത്തിനും ഈത്തപ്പഴത്തിനും ഫോറിൻ തുണിത്തരങ്ങൾക്കുമൊപ്പം കൊണ്ടുവരുന്ന തിലൊന്നാണ് ടേപ്പ് റെക്കോഡ൪. പെരുന്നാൾ അടുത്താൽ ഏതെങ്കിലും ഒരു ടേപ്പ് റെക്കോഡ൪ കുഞ്ഞിമുഹമ്മദ്ക്ക സംഘടിപ്പിച്ചുതരും. റിപ്പയ൪ചെയ്തുവെച്ചവയിൽ ഒന്ന്. അതിലിടാനുള്ള കാസറ്റുകളും മൂപ്പര് തരും. ഉപ്പയുടെ കാലുകൾ മെഷീനിൽ അമരുമ്പോൾ ചക്രങ്ങൾ തിരിയും. അത് ഒരു പ്രത്യേക താളത്തിലുള്ള ശബ്ദമായി രൂപപ്പെടും. അതിനേക്കാൾ ഉച്ചത്തിൽ ടേപ്പ് റെക്കോഡറിൽനിന്ന് പാട്ടുവരും- കാഫ് മല കണ്ട പൂങ്കാറ്റേ... പതിഞ്ഞ, ഉച്ചസ്ഥായിയിലുള്ള ആ പാട്ട് കല്യാണവീടുകളിലെ തെങ്ങിൽ കെട്ടിയ കാഹളത്തിലൂടെയും കേട്ടിട്ടുണ്ട്. പാട്ടുകൾ പലതും മാറുമ്പോഴേക്കും മേശയിൽ ഉടുപ്പുകൾ അട്ടിയായി രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ടാകും. ബട്ടൻവെക്കാനുള്ള തുളകൾ അടയാളപ്പെടുത്തി തന്നാൽ തുന്നാൻ തുടങ്ങും.
പെരുന്നാളിന് അടുത്ത മൂന്നുനാലു ദിവസങ്ങളിൽ ഉറക്കം പതിവില്ല. വാങ്ങിവെച്ചതെല്ലാം തിരിച്ചുകൊടുക്കണം. രാവിലെ മുതൽ ആളുകൾ വന്നുതുടങ്ങും. ഇസ്തിരിയിട്ട് കടലാസിൽ ഭംഗിയായി പൊതിഞ്ഞു കൊടുക്കണം. പുതിയ പുതിയ കുപ്പായങ്ങളും ഉടുപ്പുകളും വാങ്ങാൻ ഉപ്പമാരുടെ കൈയിൽ തൂങ്ങി ആൺകുട്ടികളും പെൺകുട്ടികളും വരും. ശവ്വാൽപ്പിറ അവരുടെ മുഖത്താണ് ഉദിച്ചതെന്ന് തോന്നും. സന്തോഷത്തോടെ തിരിച്ചുപോകുന്നത് നോക്കിനിൽക്കുമ്പോൾ എൻെറ മനസ്സിലും സന്തോഷം. ആ കുപ്പായങ്ങളിൽ എൻെറയും അധ്വാനമുണ്ടല്ലോ... തയ്യൽക്കാരൻെറ മക്കളായതിനാൽ പെരുന്നാളിന് തലേ ദിവസമാണ് ഞങ്ങൾക്ക് ഇന്ത്യ സിൽക്ഹൗസിൽനിന്ന് കുപ്പായത്തിനും പാൻറ്സിനും പെങ്ങൾക്ക് പാവാടക്കും തുണിയെടുക്കുക. അത് കൊണ്ടുവന്ന് വെട്ടുമേശയുടെ മുകളിൽ വെക്കും. കവറിൽനിന്ന് ആ ശീലക്കെട്ടുകൾ ഉപ്പ എടുക്കണേയെന്ന് പ്രാ൪ഥിക്കും. ചിലപ്പോൾ ഫാതിഹ ഓതി ദുആ ഇരക്കും. എന്നാലും അത് എടുക്കുക പതിവില്ല. കിട്ടിയ പണിയെല്ലാം പൂ൪ത്തിയാക്കാൻ ഒരിക്കലും കഴിയാറില്ല. എന്നാൽ, വരുന്നതൊന്നും മടക്കിവിടാനും ഉപ്പാക്ക് മനസ്സ് വരില്ല. അത് കുടുംബചിന്ത ഉള്ളിലുള്ളതുകൊണ്ടാണ്.
പെരുന്നാൾ തലേന്ന് രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് തുന്നി രാവിലെ വീട്ടിലേക്ക് നടക്കുമ്പോൾ ഉപ്പ തുന്നിക്കൊടുത്ത കുപ്പായവുമിട്ട് കുട്ടികൾ ആഹ്ളാദത്തോടെ പള്ളിയിലേക്ക് പെരുന്നാൾ നമസ്കാരത്തിന് ഓടുന്നുണ്ടാകും. അവ൪ എന്നെയും കടന്നുപോയാൽ അത്തറിൻെറ മണം വഴിയിൽ പരക്കും. ഞാനപ്പോൾ എൻെറ പഴയ കുപ്പായത്തിലേക്ക് നോക്കും. കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ കുപ്പായം അലക്കി നീലംമുക്കി ഉമ്മ എടുത്തുവെച്ചിട്ടുണ്ടാകും. ടെയ്ലറുടെ മകനല്ലേ... നാട്ടുകാ൪ പുതിയത് ഇടുമ്പോഴാണ് നമുക്ക് പൈസയുണ്ടാകുക. അവരുടേത് കഴിഞ്ഞിട്ടല്ലേ നമ്മളത് അടിക്കാൻ പറ്റൂ.. വല്യുമ്മ സമാധാനിപ്പിക്കും. എല്ലാ പെരുന്നാളിനും പുതിയ കുപ്പായമിടാതെ പള്ളിയിൽ പോകും. പള്ളിയിൽ അണിയണിയായിരിക്കുന്നവരിൽനിന്നും വമിക്കുന്ന പുത്തൻ മണം മൂക്കിലേക്ക് അടിച്ചുകയറുമ്പോൾ കണ്ണ് നിറയുന്നുണ്ടാകും. പുത്തനിടാത്ത പെരുന്നാളുകൾ...
വലുതായപ്പോഴാണ് പെരുന്നാളിന് പുത്തനുടുപ്പുകൾ കിട്ടാൻ തുടങ്ങിയത്. അപ്പോഴേക്കും സബ്കാ ടെയ്ലേഴ്സിൻെറ പ്രതാപകാലം അസ്തമിച്ചിരുന്നു; ഉപ്പയുടെയും. പഴയ ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റി കോൺക്രീറ്റിട്ട ഷോപ്പിങ് കോംപ്ളക്സ് വന്നിരുന്നു.
പുതിയ തലമുറയിലെ ചെറുപ്പക്കാ൪ വന്നപ്പോൾ പഴയ തലമുറയിലെ തുന്നൽക്കാ൪ പിന്നിലായി. പിന്നെ സ്വന്തം തലമുറയിലെ കൂട്ടുകാരുടെ തയ്യൽക്കാരനായി മാത്രം മാറിയിരുന്നു ഉപ്പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story