സമ്പദ്ഘടനക്കിനി രഘുറാം എന്‍ജിനീയറിങ്

സമ്പദ്ഘടനക്കിനി രഘുറാം എന്‍ജിനീയറിങ്

റിസര്‍വ് ബാങ്കിന്‍െറ 23ാമത് ഗവര്‍ണറായി റഘുറാം രാജന്‍ സെപ്റ്റംബര്‍ അഞ്ചിന് ചുമതലയേല്‍ക്കുമ്പോള്‍ സമ്പദ്ഘടന കാത്തിരിക്കുന്നത് ഗുരുതര അറ്റകുറ്റപ്പണികള്‍ക്ക്.
രൂപയുടെ മൂല്യത്തകര്‍ച്ചയും കറന്‍റ് അക്കൗണ്ട് കമ്മിയുമുള്‍പ്പെടെ ഗുരുതര പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സമ്പദ്വ്യവസ്ഥയെയാണ് ദല്‍ഹി ഐ.ഐ.ടിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാവായ രഘുറാം മൂന്നുകൊല്ലംകൊണ്ട് അറ്റകുറ്റപ്പണി നടത്തേണ്ടത്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ച രാജന് ആഗോള സമ്പദ്വ്യവസ്ഥയിലുള്ള അവഗാഹം ഇതിന് ഉപകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ പ്രതീക്ഷ. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍െറ തലവനായിരുന്ന അലന്‍ ഗ്രീന്‍സ്പാനിന്‍െറ വിരമിക്കലിനോടനുബന്ധിച്ച് 2005ല്‍ രാജന്‍ അവതരിപ്പിച്ച വിവാദമായ പ്രബന്ധത്തിലാണ് ആഗോള സാമ്പത്തിക മാന്ദ്യം അടുത്തത്തെിയതായി പ്രവചിച്ചത്. പക്ഷേ, ആ സമയത്ത് സാമ്പത്തിക കേന്ദ്രങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളയുകയായിരുന്നു. എന്നാല്‍, 2008ല്‍ സാമ്പത്തിക മാന്ദ്യത്തിനു മുന്നില്‍ പതറിയ പടിഞ്ഞാറന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് അദ്ദേഹത്തെ അംഗീകരിക്കേണ്ടിവന്നു. 2008ലാണ് ഓണററി സാമ്പത്തിക ഉപദേഷ്ടാവായി പ്രധാനമന്ത്രി അദ്ദേഹത്തെ നിയമിച്ചത്. പിന്നീട് 2012 ആഗസ്റ്റ് 10നാണ് കൗശിക് ബസുവിന് പകരം സര്‍ക്കാറിന്‍െറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. 2008-12ലെ അമേരിക്കന്‍, യൂറോപ്യന്‍ സാമ്പത്തിക മാന്ദ്യം ആഗോളീകരണത്തിന്‍െറ ഭാഗമായി അധ്വാനവര്‍ഗത്തിനുണ്ടായ മത്സരക്ഷമതക്കുറവ് പരിഹരിച്ചുകൊണ്ടേ പൂര്‍ണമായും പരിഹരിക്കാനാവൂ എന്ന് രഘുറാം രാജന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. പണലഭ്യതയും ജി.ഡി.പി വളര്‍ച്ചാ നിരക്കുകളും മാത്രമല്ല, തൊഴിലാളികളുടെ പരിശീലനമുള്‍പ്പെടെ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിര്‍ദേശം.
രാജന്‍െറ നിയമനം വ്യവസായ, ബാങ്കിങ് മേഖലകള്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സില്‍ മികവ് പുലര്‍ത്തുന്ന രാജന്‍െറ നിയമനം ബാങ്കിങ് മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മേധാവി ദീപക് പരേഖ് പറഞ്ഞു. രാജനാണ് നിലവിലെ ഏറ്റവും അനുയോജ്യനെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി അധ്യക്ഷന്‍ സി. രംഗരാജന്‍ പറഞ്ഞത്. അഹമ്മദാബാദ് ഐ.ഐ.എമ്മില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയും മസാചുസറ്റ്സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പിഎച്ച്.ഡിയും നേടിയ രഘുറാം രാജന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ മുഖ്യ ഇക്കണോമിസ്റ്റും വിവിധ വിദേശ സര്‍വകലാശാലകളില്‍ അധ്യാപകനുമായിരുന്നു. സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാമും പ്ളാനിങ് കമീഷനംഗം സൗമിത്ര ചൗധരിയുമാണ് പരിഗണിക്കപ്പെട്ടിരുന്ന മറ്റ് രണ്ട് പേരുകള്‍. ആഭ്യന്തര ഘടകങ്ങളെക്കാള്‍ അന്താരാഷ്ട്ര ഘടകങ്ങള്‍ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്‍െറ അറിവ് ഗുണം ചെയ്യുമന്നാണ് പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus