12:30:26
05 Sep 2015
Saturday
Facebook
Google Plus
Twitter
Rssfeed

കോളജുകളും കോഴ്സുകളും അനുവദിക്കുമ്പോള്‍

കോളജുകളും കോഴ്സുകളും  അനുവദിക്കുമ്പോള്‍

കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍നിന്ന് പ്രീഡിഗ്രി കോഴ്സ് സ്കൂള്‍ തലത്തിലേക്ക് വേര്‍പെടുത്തിയ ശേഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ കോളജുകളില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ മേഖലയില്‍, പുതിയ കോഴ്സുകളോ പുതിയ കോളജുകളോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സ്വാശ്രയ രീതിയില്‍ നടത്തിവന്നിരുന്ന ചില ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ എയ്ഡഡ് ആയി അംഗീകരിച്ചതും അമ്പലപ്പുഴയില്‍ ഒരു സര്‍ക്കാര്‍ കോളജ് ആരംഭിച്ചതുമാണ് ഏക അപവാദം.
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ഗ്രോസ് എന്‍റോള്‍മെന്‍റ് നിരക്കില്‍ (ജി.ഇ.ആര്‍) ഇന്ത്യ വളരെ പിറകിലാണെന്ന റിപ്പോര്‍ട്ടുകളും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ എണ്ണം വികസന സൂചികയിലെ സുപ്രധാന ഘടകമായതിനാല്‍ ഇത് ആര്‍ജിച്ചെടുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ വ്യത്യസ്ത പരിപാടികള്‍ നടപ്പാക്കാന്‍ ആരംഭിച്ചതും അടുത്തകാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യാപകമാക്കുകയുണ്ടായി. കേരളത്തിന്‍െറ ജി.ഇ.ആര്‍ അത്ര മെച്ചപ്പെട്ടതല്ലായെന്നും പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകള്‍ ഈ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാളും പിറകിലാണെന്നും യു.ജി.സി നിയമിച്ചത്യാഗരാജ കമ്മിറ്റി (2009) കണ്ടത്തെുകയുണ്ടായി. അതിനാലാണ് ഈ ജില്ലകളില്‍ കേന്ദ്രസഹായത്തോടെ മോഡല്‍ കോളജുകള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കപ്പെടുകയുണ്ടായത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കാനുള്ള അവസരം കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നു എന്നതും സ്കൂളുകളില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ഏകദേശം എല്ലാവര്‍ക്കും ഉന്നത പഠനയോഗ്യത നേടാനാവുന്നു എന്നതുമാണ്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ബിരുദ കോഴ്സുകള്‍ ആരംഭിക്കണമെന്ന മുറവിളി എല്ലാ ഭാഗത്തുനിന്നും ഉയരുകയുണ്ടായി. ഇത്തരം ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും ഫലമായി, ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടപ്പാക്കിയ അഭിനന്ദനാര്‍ഹമായ പ്രവൃത്തിയാണ് എല്ലാ സര്‍ക്കാര്‍ കോളജുകളിലും ഓരോ കോഴ്സ് വീതം നല്‍കിയതും കോളജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ കോളജുകള്‍ അനുവദിച്ചതും. ഇപ്പോള്‍ എല്ലാ എയ്ഡഡ് കോളജുകളിലും ഓരോ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഇങ്ങനെ പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ ഇത് കേരളത്തിന്‍െറ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എത്ര അളവില്‍ അഭിമുഖീകരിക്കുന്നുവെന്നോ ഉന്നത വിദ്യാഭ്യാസത്തിന്‍െറ ഗുണപരമായ വളര്‍ച്ചക്ക് സഹായകരമാകുമെന്നോ പഠനവിധേയമാക്കിയിട്ടില്ല. വിദ്യാഭ്യാസമന്ത്രിക്കോ മന്ത്രിയെ ഉപദേശിക്കുന്ന സംവിധാനങ്ങള്‍ക്കോ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉള്ളതായി തീരുമാനങ്ങള്‍ സൂചിപ്പിക്കുന്നില്ല. ഏതൊക്കെ കോഴ്സുകള്‍ ഏതൊക്കെ പ്രദേശങ്ങളില്‍ അനുവദിക്കണം എന്നത് തീരുമാനിക്കപ്പെടുന്നത് ഇതിനായി തയാറാക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയല്ല എന്നത് ദു$ഖകരമാണ്. ഏതൊക്കെ കോഴ്സുകളാണ് പുതുതായി ആരംഭിക്കേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന്‍െറ പ്രവണതയും, അറിവിന്‍െറ പുനരുല്‍പാദനത്തിനും തൊഴില്‍ലഭ്യതക്കും കേരളത്തില്‍ പ്രചാരം നല്‍കേണ്ട കോഴ്സുകള്‍ ഏതൊക്കെയെന്നും പഠിക്കേണ്ടതുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ്, ഏതൊക്കെ പ്രദേശങ്ങളിലാണ് കോളജുകളും കോഴ്സുകളും അനുവദിക്കേണ്ടത് എന്ന കാര്യം. ഇക്കാര്യത്തില്‍ ഒരിക്കല്‍പോലും നീതിപൂര്‍വമായ നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ളെന്ന് വ്യക്തമാണ്. ഉദാഹരണമായി, കേരളത്തിലെ ഓരോ ജില്ലയില്‍നിന്നും 2013ല്‍ ഹയര്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.സി ഉള്‍പ്പെടെ) വിജയിച്ചവരുടെ എണ്ണവും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിലവിലെ സര്‍ക്കാര്‍-എയ്ഡഡ് ബിരുദ സീറ്റുകളുടെ ലഭ്യതയും പട്ടികയില്‍ കൊടുക്കുന്നു.
അതായത്, കോട്ടയം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിജയിക്കുന്ന 100 വിദ്യാര്‍ഥികളില്‍ 44 പേര്‍ക്ക് സര്‍ക്കാര്‍ സീറ്റില്‍ പഠിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയായ മലപ്പുറത്ത് ഇത് ഏഴ് മാത്രമാണ്. ഇത് മനസ്സിലാക്കാന്‍ കേവലം സംഖ്യാ സാക്ഷരത മാത്രം മതിയാവും. മലബാറിലെ മുഴുവന്‍ ജില്ലകളും സംസ്ഥാന ശരാശരിയേക്കാള്‍ പിറകിലായത്; മലബാറില്‍നിന്നുള്ളവരാണ് ഏറെക്കാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തത് എന്നിരിക്കെയും. ജനസംഖ്യാനുപാതികമായി ഈ വിഷയത്തെ അപഗ്രഥിക്കുമ്പോള്‍ അസന്തുലിതത്വം കൂടുതല്‍ വര്‍ധിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ എല്ലാ എയ്ഡഡ് കോളജുകളിലും ഓരോ കോഴ്സ് വീതം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിലയിരുത്തപ്പെടേണ്ടത്. കേരളത്തില്‍ നിലവിലെ 151 എയ്ഡഡ് കോളജുകളില്‍ കേവലം 41 എണ്ണം മാത്രമാണ് മലബാറിലുള്ളത്. ഓരോ കോളജിലും ഓരോ കോഴ്സ് വീതം എന്ന തീരുമാനം വരുകയാണെങ്കില്‍ അസന്തുലിതത്വം നിലവിലുള്ളതിനേക്കാള്‍ വര്‍ധിക്കുകയാണ്. അസന്തുലിതാവസ്ഥയുടെ നിലനില്‍ക്കുന്ന അനുപാതം ഇപ്പോഴുള്ളത് നിലനിര്‍ത്താന്‍തന്നെ തിരു-കൊച്ചി മേഖലയില്‍ ഒരു കോഴ്സ് അനുവദിക്കുമ്പോള്‍ മലബാറില്‍ മൂന്നെണ്ണമെങ്കിലും അനുവദിക്കേണ്ടിവരും. ഇതേസമയം സര്‍ക്കാര്‍ കോളജുകളുടെ എണ്ണം ഏകദേശം തുല്യമാണ് എന്നതിനാല്‍ സര്‍ക്കാര്‍ കോളജുകളില്‍ കോഴ്സ് അനുവദിക്കുമ്പോള്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ കോളജുകളില്‍ കോഴ്സുകള്‍ അനുവദിക്കുന്നതും എയ്ഡഡ് കോളജുകളില്‍ അനുവദിക്കുന്നതും സര്‍ക്കാറിന് ഏകദേശം ഒരേ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. മഹാഭൂരിപക്ഷം എയ്ഡഡ് കോളജുകളും ഒരു സംവരണവും മെറിറ്റും പാലിക്കാതെ കോഴയുടെ മറവിലൂടെയാണ് അധ്യാപക നിയമനമുള്‍പ്പെടെ നടത്തുന്നതും.
ഈ അവസ്ഥയില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ തീരുമാനം പുന$പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എയ്ഡഡ് കോളജുകളില്‍ കോഴ്സ് നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ കോളജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുക എന്നതും ഓരോ ജില്ലയിലും ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി കോഴ്സുകള്‍ അനുവദിക്കുക എന്നതുമാണ് ഏക പോംവഴി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus