12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

സര്‍ക്കാര്‍ ഉത്തരവ്: സൂപ്പര്‍ കൊള്ളയുടെ അന്ത്യം കുറിക്കുമോ?

2013 ജൂലൈ 25ന് സ്വന്തം ജില്ലക്കാരനായ ഗതാഗതമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് മലപ്പുറം കോട്ടക്കലില്‍ പൊതു ഗതാഗത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നിരുന്നു. സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറിക്ക് മുകളിലുള്ള പെര്‍മിറ്റ് നിര്‍ത്തലാക്കി സര്‍ക്കാര്‍ 2012 ആഗസ്റ്റില്‍ ഇറക്കിയ നമ്പര്‍: 5651/ B2/2009 TRAN കരട് രേഖ GO(P/No: 72,73/2013 Date July 16 ഉത്തരവാക്കി ഇറക്കിയതില്‍ ആഹ്ളാദിച്ചുകൊണ്ടായിരുന്നു പ്രദേശ വാസികളുടെ പ്രകടനം. സ്വകാര്യ ബസ് മാഫിയകളുടെ സൂപ്പര്‍ കൊള്ളയുടെ ക്രൂരമുഖം വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ട സന്തോഷത്തിലായിരുന്നു അവര്‍. പക്ഷേ, ഉത്തരവിറക്കി ഒരാഴ്ച കഴിയുംമുമ്പേ ആശങ്കകള്‍ തുടങ്ങിക്കഴിഞ്ഞു.
കോട്ടയം കുമളി റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന 38 ബസില്‍ 29 ഓര്‍ഡിനറി ബസാണ് കൂട്ടത്തോടെ ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസും ആയി മാറിയത്. കോട്ടയം കട്ടപ്പന റൂട്ടിലും തഥൈവ. നെടുങ്കണ്ടം എം.ഇ.എസ് കോളജിനു മുന്നിലൂടെ വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കാന്‍ ഒരൊറ്റ ഓര്‍ഡിനറി ബസിനേയും കാണുകയില്ല. പ്രദേശവാസികള്‍ പല സമര മുറകള്‍ പരീക്ഷിച്ചു നോക്കി. കലക്ടര്‍, ആര്‍.ടി.ഒ, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ മുതല്‍ ഗതാഗത മന്ത്രിക്ക് വരെ പരാതികള്‍ നല്‍കി. സൂപ്പര്‍ സര്‍വീസുകള്‍ ബഹിഷ്കരിച്ചു. ബസ് തടഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് ഓര്‍ഡിനറി ചാര്‍ജ് നടപ്പാക്കി. പക്ഷേ, ഫലം ശൂന്യമായിരുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ പെണ്‍കുട്ടികളടക്കമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ധ്യാ നേരത്തും പെരുവഴിലാണ്. നിലവിലുള്ള ഓര്‍ഡിനറി ബസുകള്‍ സൂപ്പര്‍ സര്‍വീസിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നുവെങ്കില്‍ പുതിയ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്ന ന്യായമായ ആവശ്യം മാത്രമാണ് പ്രദേശ വാസികള്‍ ഉന്നയിക്കുന്നത്. ഈ നിര്‍ബന്ധിതാവസ്ഥ തന്നെയാണ് സ്വകാര്യ ബസ് കൊള്ളക്ക് അടിസ്ഥാനവും. ഓര്‍ഡിനറി ബസില്ളെങ്കില്‍ ഗത്യന്തരമില്ലാതെ സൂപ്പര്‍ ചാര്‍ജ് നല്‍കി സഞ്ചരിക്കുമല്ളോ.
യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നതിന്‍െറ പ്രധാന കാരണം ഫെയര്‍ സ്റ്റേജ് അപാകതയാണ്. ഫാസ്റ്റ് പാസഞ്ചര്‍ ബസിന് ഓര്‍ഡിനറി ബസിന്‍െറ മൂന്നോ നാലോ ഫെയര്‍ സ്റ്റേജ് കഴിഞ്ഞാണ് ഒരു ഫെയര്‍ സ്റ്റേജ് വരുന്നത്. സൂപ്പര്‍ ഫാസ്റ്റാണെങ്കില്‍ ഒരു ഫെയര്‍ സ്റ്റേജിനുള്ളില്‍ ഓര്‍ഡിനറി ബസിന്‍െറ 10 ഫെയര്‍ സ്റ്റേജ് വരെ വരാം. ഉദാഹരണത്തിന് കോഴിക്കോട് -തൃശൂര്‍ റൂട്ടില്‍ രാമനാട്ടുകരയില്‍ നിന്ന് ചേളാരിയിലേക്കുള്ള ഓര്‍ഡിനറി ബസ് ചാര്‍ജ് ഒമ്പത് രൂപയാണ്. ഇത് ഫാസ്റ്റ് പാസഞ്ചര്‍ ആണെങ്കില്‍ 16 രൂപ വേണം. സ്റ്റിക്കര്‍ സൂപ്പര്‍ ഫാസ്റ്റിന്‍േറതാണെങ്കില്‍ 31 രൂപ നല്‍കിയേ പറ്റൂ. അതായത് കോഴിക്കോട്ട് നിന്ന് കക്കാട്ടേക്കുള്ള ചാര്‍ജ്. യാത്ര സമയം, ദൂരം, ബസിലെ സൗകര്യങ്ങള്‍, സ്റ്റോപ് എല്ലാം തുല്യം. സൂപ്പര്‍ സര്‍വീസ് എന്നത് ചാര്‍ജില്‍ മാത്രം. ഓര്‍ഡിനറിയില്‍ കയറിയാല്‍ പോരെ എന്ന ചോദ്യത്തിന് ഇത്തരം റൂട്ടുകളില്‍ 70-80 ശതമാനത്തിലധികം ബസുകളും ഫാസ്റ്റോ സൂപ്പറോ ആയതിനാല്‍ ഈ ചോദ്യം അപ്രസക്തമാണ്.
അനധികൃത ഫാസ്റ്റ് സൂപ്പര്‍ ബസുകളെ ജനത്തിന് തിരിച്ചറിയാന്‍ ആര്‍.ടി.ഒയെ സമീപിക്കുക എന്നതാണ് ഏകമാര്‍ഗം. എന്നാല്‍ ഇത്തരം രേഖകള്‍ അന്വേഷിക്കുമ്പോള്‍ കണക്കുകള്‍ ക്രോഡീകരിച്ചു വെച്ചിട്ടില്ല, വിവിധ ഫയലുകളിലാണ് എന്ന ഉത്തരമാണ് രേഖാ മൂലം ലഭിക്കുന്നത്. വിവരങ്ങള്‍ ലഭിക്കാന്‍ ഒടുവില്‍ സംസ്ഥാന വിവരാവകാശ കമീഷനില്‍ പരാതി നല്‍കിയപ്പോഴാണ് മലപ്പുറം ആര്‍.ടി.ഒ വഴങ്ങിയത്.
കെ.എസ്.ആര്‍.ടി.സിക്ക് കപാസിറ്റിയുടെ 40 ശതമാനം യാത്രക്കാരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിന് വേണ്ടി നിയോഗിച്ച വര്‍മ ആന്‍ഡ് വര്‍മ എന്ന സ്ഥാപനം കണ്ടത്തെിയിരിക്കുന്നു. യാത്രക്കാരെ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം ഇത്തരം റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ സൂപ്പര്‍ സര്‍വീസുകളാണ്. ഇവര്‍ക്ക് എസ്കോര്‍ട്ട് പോകലാണ് കെ.എസ്.ആര്‍.ടിസിയുടെ ജോലി.
സ്വകാര്യ ബസുകളുടെ സൂപ്പര്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തുകൊണ്ട് കെ.എസ്.ആര്‍.ടിസിക്ക് മാത്രമാക്കി സര്‍ക്കാറിറക്കിയ ഉത്തരവ് പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്. എന്നാല്‍ ഇതിനെതിരെ ഗൂഢ ശ്രമങ്ങള്‍ നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഉത്തരവിറക്കി ഒരാഴ്ചക്കുള്ളില്‍ സ്റ്റേ വാങ്ങാന്‍ സ്വകാര്യ ബസ് മാഫിയക്ക് കഴിഞ്ഞിരിക്കുന്നു. കരട് ഉത്തരവ് ഇറങ്ങിയ ശേഷം താല്‍ക്കാലിക പെര്‍മിറ്റ് മാത്രമാണ് നല്‍കിയിരുന്നത്. ഉത്തരവ് നടപ്പായാല്‍ നാലുമാസം കൊണ്ട് ധാരാളം ബസുകള്‍ ഓര്‍ഡിനറി ആവുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുമായിരുന്നു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്തത് കൊണ്ട് ബസുടമകള്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. കേസ് ഉടന്‍ കോടതിക്ക് മുന്നില്‍ എത്തുമ്പോള്‍ സര്‍ക്കാറിന്‍േറയും കെ.എസ്.ആര്‍.ടി.സിയുടേയും വാദത്തിനനുസരിച്ചായിരിക്കും ഉത്തരവിന്‍െറ നിലനില്‍പു തന്നെ തീരുമാനിക്കപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്ന് നല്ല വര്‍ത്തമാനങ്ങളല്ല കേട്ടു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ സര്‍വീസുകളുടെ പെര്‍മിറ്റു തീരുന്ന മുറക്ക് കെ.എസ്.ആര്‍.ടി.സി റൂട്ട് ടേക്ഓവര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി റോഡില്‍ നിന്ന് പിന്‍വലിക്കുന്ന 800ഓളം ബസുകള്‍ക്ക് പകരമായി പുതിയ ബസുകള്‍ റോഡില്‍ ഇറക്കേണ്ടതുണ്ട്. ഇതിന്‍െറ നടപടി പോലും പുരോഗമിച്ചിട്ടില്ല. ഇതിനു പുറമേയാണ് സ്വകാര്യ സൂപ്പര്‍ സര്‍വീസുകള്‍ ഏറ്റെടുക്കേണ്ടതിന് 1000 ബസുകളെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമായി വരുന്നത്. ഇത് അസാധ്യമായാല്‍ ഉത്തരവ് വഞ്ചന മാത്രമായി മാറും എന്ന് ജനം സംശയിക്കുന്നു.
എന്ത് വിലകൊടുത്തും സ്റ്റേ നീക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് ഉത്തരവ് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ ഇറക്കി സൂപ്പര്‍ സര്‍വീസുകളെ ഓര്‍ഡിനറി ബസുകളാക്കി പരിവര്‍ത്തിച്ച് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ചൂഷണത്തില്‍ നിന്നും നീതി നിഷേധത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ അതോ സ്വകാര്യ ബസ് മാഫിയകളുടെ താല്‍പര്യങ്ങള്‍ക്കു മുന്നില്‍ ജനത്തെ മറന്നുപോകുമോ എന്ന ചോദ്യം പ്രസക്തമാവുന്ന സന്ദര്‍ഭമാണിത്.

(പൊതുഗതാഗത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus