12:30:26
13 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ദുരന്തം വിതക്കുന്ന പേമാരി

ദുരന്തം വിതക്കുന്ന പേമാരി

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി കേരളത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന പേമാരി കനത്ത ജീവഹാനിയും വന്‍ നാശനഷ്ടങ്ങളും വിതച്ചുകഴിഞ്ഞിരിക്കെ പെരുമഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. 13 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ സംഭവിച്ച ഇടുക്കി ജില്ലയിലെ ദുരന്തത്തെ സമാനതകളില്ലാത്തത് എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സേനയടക്കം അടിയന്തര സൈനിക സഹായം ലഭ്യമാക്കേണ്ടിവന്നതുതന്നെ പ്രകൃതിക്ഷോഭത്തിന്‍െറ ആഴവും വ്യാപ്തിയും അടയാളപ്പെടുത്തുന്നതാണ്. ജൂണില്‍ കാലവര്‍ഷം ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ദിവസംവരെ 162 പേര്‍ക്ക് ജീവഹാനി നേരിട്ടതായാണ് കണക്കുകള്‍. 275 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരങ്ങളെ താമസിപ്പിക്കേണ്ടിവന്നിരിക്കുന്നു. മൊത്തം 705 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12,482 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം മണിക്കൂറുകളോളം അടച്ചിടേണ്ടിവന്നു. മലയോര പ്രദേശങ്ങളിലാകെ മരങ്ങള്‍ കടപുഴകിവീണും റോഡുകള്‍ തകര്‍ന്നും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം സമീപകാലത്തൊന്നും ഉദാഹരണമില്ലാത്തവിധം സ്തംഭിച്ചിരിക്കുന്നു. ഇടുക്കി യാത്ര ഒഴിവാക്കണമെന്നാണ് പുറം ജില്ലക്കാര്‍ക്കുള്ള മുന്നറിയിപ്പ്. ഏറെ പരിഭ്രാന്തി പരത്തുന്നതാണ് അണക്കെട്ടുകളിലെ നിറഞ്ഞുകവിയുന്ന ജലസംഭരണികള്‍. വൈദ്യുതി ബോര്‍ഡിന്‍െറ അണക്കെട്ടുകളില്‍, ഞായറാഴ്ചവരെയുള്ള കണക്കനുസരിച്ച് 86 ശതമാനം വെള്ളം നിറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപായസൂചകമായ 136 അടിയിലേക്കുയരാന്‍ മണിക്കൂറുകള്‍ മതി എന്നതാണവസ്ഥ. ഭയപ്പെടാനില്ളെന്ന് അധികൃതര്‍ ആശ്വസിപ്പിക്കുമ്പോഴും ശേഷിയിലധികം വെള്ളം ഒഴുകിയത്തെിയാല്‍ എന്ത് സംഭവിക്കുമെന്ന കടുത്ത ആശങ്ക പങ്കിടുകയാണ് ജനങ്ങള്‍. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം പ്രതിന്ധിയിലായിരുന്ന കേരളത്തിന് ഇപ്പോഴത്തെ പ്രശ്നം അമിതമായ വെള്ളത്തില്‍നിന്ന് വൈദ്യുതോല്‍പാദനം നടത്താനാവാത്തതും വിലകുറഞ്ഞ ജലവൈദ്യുതി വാങ്ങാനാളില്ലാത്തതുമാണ്.
ശാസ്ത്രവും ശാസ്ത്രകാരന്മാരും എന്തൊക്കെ കവിടി നിരത്തിപറഞ്ഞാലും പ്രാകൃതിക പ്രതിഭാസങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതെ അവശേഷിക്കുന്നു എന്ന പാഠമാണ് പെടുന്നനെയുള്ള കാലാവസ്ഥ വ്യതിയാനം ഒന്നാമതായി നല്‍കുന്നത്. മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചും വനങ്ങള്‍ മൊട്ടയടിച്ചും കുന്നുകളായ കുന്നുകളൊക്കെ കൊത്തിക്കോരി ഇല്ലാതാക്കിയും പുഴകളുടെ ആഴങ്ങളില്‍നിന്ന് മണലൂറ്റിയും പരിസ്ഥിതിയോട് യുദ്ധംചെയ്തതാണ് നാം അനുഭവിക്കുന്ന പ്രാകൃതിക ദുരന്തങ്ങള്‍ക്ക് കാരണമെന്നത് ശരിയായ വിലയിരുത്തല്‍ തന്നെയാവാം. എന്നാല്‍, അതൊക്കെ അനിയന്ത്രിതമായി തുടരവെയാണ് കേരളത്തിന് ഇക്കുറി സാധാരണത്തേതിലും 40 ശതമാനം അധികം മഴ ലഭിക്കുന്നത് എന്ന അനുഭവയാഥാര്‍ഥ്യത്തെ എങ്ങനെ ശാസ്ത്രീയമായി വിശകലനം ചെയ്യണമെന്ന ചോദ്യമുണ്ട്. പേമാരിയെക്കുറിച്ച കൃത്യമായ പ്രവചനം ബന്ധപ്പെട്ടവര്‍ നടത്തിയിരുന്നുമില്ല. സാധാരണതോതില്‍ മഴ ലഭിക്കും എന്നായിരുന്നു മുന്നറിയിപ്പ്. കാലവര്‍ഷക്കെടുതികള്‍ കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന പ്രതിഭാസമായിരിക്കെ അതിനെ നേരാംവണ്ണം നേരിടാനും നാശത്തിന്‍െറ വ്യാപ്തിയും ആഴവും കുറക്കാനും സര്‍ക്കാറിനും ജനങ്ങള്‍ക്കും കഴിയുന്നില്ളെന്നതാണ് മറ്റൊരു പരാജയം. ഉരുള്‍പൊട്ടാന്‍ ഏറെ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആള്‍പാര്‍പ്പ് ഒഴിവാക്കാനും മലമ്പ്രദേശത്തെ റോഡുകള്‍ പെട്ടെന്ന് തകരാത്തവിധം ഭദ്രമായി നിര്‍മിക്കാനും ആപത്ത് വരുമ്പോള്‍ ഉടന്‍ രക്ഷക്കും ഒഴിപ്പിക്കലിനും കുതിച്ചത്തൊന്‍ കഴിയുംവിധം ദുരന്ത നിവാരണ അതോറിറ്റിയെ സുസജ്ജമാക്കാനും സംവിധാനങ്ങളില്ളെന്ന് ഇത്തവണയും തെളിഞ്ഞുകഴിഞ്ഞു. പ്രതിരോധമന്ത്രിയെ പെട്ടെന്ന് ഇടപെടുവിച്ച് സൈനിക സഹായം ലഭ്യമാക്കാന്‍ സാധിച്ചത് നല്ലകാര്യം. പക്ഷേ, ഉത്തരാഖണ്ഡിലും മറ്റും സംഭവിച്ചപോലുള്ള മഹാ പ്രളയമൊന്നുമല്ല ഇടുക്കിയില്‍ ഉണ്ടായത്. ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന ഒരു ദുരന്തനിവാരണ സംവിധാനം സംസ്ഥാനത്തുണ്ടായിരുന്നെങ്കില്‍ കെടുതികളുടെ വ്യാപ്തി ഗണ്യമായി കുറക്കാനായേനെ.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇരകളുടെ പുനരധിവാസവുമാണ് വളരെ പ്രധാനമായ മറ്റൊരു പ്രശ്നം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴൊക്കെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരവും പാര്‍പ്പിട പുനര്‍നിര്‍മാണവും മറ്റു നടപടികളും പ്രഖ്യാപിക്കും. വന്‍തുകയുടെ കേന്ദ്രസഹായം ആവശ്യപ്പെടും. പക്ഷേ, ഏതാനും ദിവസങ്ങള്‍ കഴിയുന്നതോടെ എല്ലാം മറക്കും. ഇരകള്‍ക്ക് നാമമാത്ര നഷ്ടപരിഹാരം ലഭിക്കും. ബാക്കിയെല്ലാം കുറുപ്പിന്‍െറ ഉറപ്പായിമാറുകയും ചെയ്യുന്നതാണനുഭവം. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ പ്രദേശത്ത് പോയ വര്‍ഷത്തില്‍ വന്‍ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായ കുടുംബങ്ങളുടെ പുനരധിവാസം ഇന്നുവരെ പൂര്‍ത്തിയായിട്ടില്ല. കേന്ദ്രം വൈകി മാത്രം അയക്കുന്ന അന്വേഷണ സംഘങ്ങള്‍ വൃഥാ ഊരുചുറ്റി ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും അതില്‍ വിലയിരുത്തിയ ധനസഹായത്തിനുപോലും കേന്ദ്രം കനിയാതിരിക്കുന്നതും പതിവു പരിപാടി മാത്രം. എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തിനവകാശപ്പെടാവുന്ന അസുലഭ കാലഘട്ടത്തില്‍പോലും ഈ പതിവ് മാറ്റിക്കുറിക്കാനായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഇത്തവണയെങ്കിലും അര്‍ഹമായ ധനസഹായം കഴിയും നേരത്തേ നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കേന്ദ്രമന്ത്രിമാര്‍ക്കും കഴിയുമെന്ന് പ്രതീക്ഷിക്കാമോ? ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളാകെയും മറ്റെല്ലാം മറന്ന് യോജിച്ച് പ്രവര്‍ത്തിച്ചാലേ കനത്ത കാലവര്‍ഷക്കെടുതികളുടെ ആഘാതം ലഘൂകരിക്കാനെങ്കിലും കഴിയൂ എന്നോര്‍മിപ്പിക്കട്ടെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus