12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

നമ്മള്‍, പാവം ഗിനിപ്പന്നികള്‍!

നമ്മള്‍, പാവം ഗിനിപ്പന്നികള്‍!
ഇന്ത്യയില്‍ മരുന്നു പരീക്ഷണങ്ങളുടെ എണ്ണത്തില്‍ വന്ന ഭീമമായ വര്‍ധന വ്യക്തമാക്കുന്ന രേഖ. വിവരാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ മാധ്യമത്തിനു നല്‍കിയതാണ് ഇത്. കേരളത്തില്‍ നടന്ന മരുന്നു പരീക്ഷണങ്ങളുടെ കണക്ക് ലഭ്യമല്ളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍െറ ഈ മറുപടിയില്‍ പറയുന്നു.

പത്രപ്രവര്‍ത്തന മികവിന് അഖിലേന്ത്യാ തലത്തില്‍ ഏര്‍പ്പെടുത്തിയ രാമനാഥ് ഗോയങ്കെ അവാര്‍ഡ് മാധ്യമം സബ് എഡിറ്റര്‍ ജി. പ്രജേഷ്സെന്നിന് നേടിക്കൊടുത്ത ‘പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം’ എന്ന ലേഖന പരമ്പര പുന:പ്രസിദ്ധീകരിക്കുന്നു

അമേരിക്കയില്‍ മരുന്ന് പരീക്ഷിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ കെട്ടിവെക്കണം. രോഗിയെ വന്‍തുകക്ക് ഇന്‍ഷുര്‍ ചെയ്യണം. ഏതാനും ഡോളര്‍ എറിഞ്ഞുകൊടുത്താല്‍ പരീക്ഷണത്തിന് ശരീരം വിട്ടുകൊടുക്കാന്‍ തയാറായി നമ്മുടെ യുവാക്കള്‍ ആശുപത്രി വരാന്തകളില്‍ വരിനില്‍ക്കും. മരുന്നു പരീക്ഷണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നടത്തിയ അന്വേഷണത്തില്‍ ‘മാധ്യമം’ കണ്ട ഞെട്ടിക്കുന്ന വിവരങ്ങള്‍.

പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം-1

ബംഗളൂരു നഗരത്തിന്‍െറ തിരക്കുകളില്‍ നിന്നു മാറി സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രി. റിസപ്ഷനില്‍ നിരത്തിയിരിക്കുന്ന കസേരകളില്‍ അക്ഷമരായി കാത്തിരിക്കുന്ന മലയാളികളായ ചെറുപ്പക്കാര്‍. കോട്ടും സൂട്ടുമൊക്കെ ധരിച്ച് ജോലിക്ക് വേണ്ടിയുള്ള ഇന്‍റര്‍വ്യൂവിനായി കാത്തിരിക്കുന്നു എന്ന് തോന്നും. രക്ത പരിശോധന നടത്തിയതിന്‍െറ റിസല്‍ട്ടും രോഗങ്ങള്‍ ഒന്നുമില്ലാത്ത ശരീരമാണ് തന്‍േറതെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഓരോ ‘ഉദ്യോഗാര്‍ഥി’കളുടെയും ഇരിപ്പ്.
നഴ്സ് പേര് വിളിക്കുന്ന മുറക്ക് ഓരോരുത്തരായി അകത്തെ‘ലാബ്’എന്ന് ബോര്‍ഡുവെച്ച മുറിയിലേക്ക് പോകുന്നു. പോയവരെ പതിനഞ്ചു മിനിറ്റിനുശേഷം സ്ട്രെക്ചറില്‍ കിടത്തി പച്ച പുതപ്പും ചൂടി ലാബിനുപുറത്തെ ശീതീകരിച്ച വാര്‍ഡിലേക്ക് മാറ്റും.
വാര്‍ഡില്‍ പത്ത് കട്ടിലുകളിലായി ‘ഉദ്യോഗാര്‍ഥി’കളെ കിടത്തുന്നു. ശേഷം നഴ്സുമാര്‍ കാവല്‍ നില്‍ക്കും. ചെറുപ്പക്കാരുടെ ഓരോ ചലനവും ഡയറിയില്‍ രേഖപ്പെടുത്തിവെക്കും. മണിക്കൂറുകള്‍ കഴിഞ്ഞ് മയക്കത്തില്‍നിന്ന് ഉണരുമ്പോള്‍ ഗ്ളൂക്കോസ് കലര്‍ത്തിയ വെള്ളം മാത്രം നല്‍കും. പിന്നെ ദേഹപരിശോധന നടത്തിയ വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തും.
ഇടക്ക് തെര്‍മോമീറ്റര്‍കൊണ്ട് ഊഷ്മാവ് നോക്കും. എല്ലാ പേരുടെയും രക്തം വീണ്ടും പരിശോധനക്കായി ശേഖരിക്കും. 24 മണിക്കൂറിനിടയില്‍ നാലുവട്ടം ഇതുപോലെ ഗ്ളൂക്കോസ് കലര്‍ന്ന വെള്ളം കൊടുക്കുകയും രക്തം ശേഖരിക്കുകയും ചെയ്യും. പിറ്റേദിവസം രാവിലെ 10 മണിയോടെ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുപോലെയുള്ളവ നല്‍കും. ചെറുപ്പക്കാര്‍ ആ കാര്‍ഡ് റിസപ്ഷനിലെ കൗണ്ടറില്‍ കാണിക്കണം. കാര്‍ഡിലെ 12 കോളങ്ങളില്‍ ഒന്നില്‍ മാര്‍ക്ക് ചെയ്ത് പതിനായിരം രൂപകൊടുക്കും. പിന്നെ അടുത്തമാസം വരേണ്ട തീയതി ഓര്‍മിപ്പിച്ച് യാത്രയാക്കും.

ഒരു പുതിയ തൊഴില്‍!
ഇത് ജീവിത ചെലവുകള്‍കൊണ്ട് നട്ടെല്ളൊടിഞ്ഞ മലയാളിചെറുപ്പക്കാര്‍ പണം സമ്പാദിക്കാന്‍ കണ്ടത്തെിയ പുതിയ തൊഴില്‍ മേഖലയുടെ പച്ചയായ വിവരണമാണ്. ക്ളിനിക്കല്‍ റിസര്‍ച്ചിന്‍െറ ഭാഗമായുള്ള ക്ളിനിക്കല്‍ ട്രയല്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മരുന്ന് പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടുകൊടുത്ത് പണം കൊയ്യുന്ന ചെറുപ്പക്കാരുടെ പുതിയ തൊഴില്‍ മേഖലയെക്കുറിച്ചുള്ള ലഘു വിവരണം.
സാമ്പത്തിക മാന്ദ്യം മൂലം ലക്ഷങ്ങളില്‍നിന്ന് ആയിരങ്ങളിലേക്കും അതില്‍നിന്ന് ശൂന്യതയിലേക്കും ശമ്പളക്കണക്ക് കുറഞ്ഞുവന്ന മലയാളി ഐ.ടി പ്രഫഷനലുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികളില്‍ അടിമപ്പണിയെടുക്കുന്ന ജീവനക്കാര്‍ക്കും മുന്നില്‍ ആഗോള മരുന്നുകമ്പനികള്‍ വെച്ചുനീട്ടുന്ന ‘പ്രത്യേക സാമ്പത്തിക മേഖല’യാണ് മരുന്നു പരീക്ഷണം. ജോലിയൊന്നും ചെയ്യാതെ വന്‍ തുക പ്രതിഫലം ലഭിക്കുന്ന സൂത്രവിദ്യ ആയതിനാല്‍ ബംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളും ആരോഗ്യവാന്മാരായ തൊഴില്‍ രഹിതരും കമ്പനികള്‍ക്ക് പിറകെ ക്യൂ നില്‍ക്കുകയാണ്. പുതുതായി കണ്ടുപിടിക്കപ്പെട്ട മരുന്നുകള്‍ വിപണിയില്‍ ഇറങ്ങും മുന്‍പ് പരീക്ഷണം നടത്തേണ്ടതുണ്ട്. ഒൗഷധ നിര്‍മാണ കമ്പനി ഉണ്ടാക്കുന്ന പുതിയ മരുന്ന് ആദ്യം എലികള്‍, ഗിനിപ്പന്നി തുടങ്ങിയ ചെറുജീവികളില്‍ പരീക്ഷിക്കും; അവസാന ഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷിച്ചു നോക്കും.
സ്വമേധയാ സന്നദ്ധരായ രോഗികളിലോ സന്നദ്ധ പ്രവര്‍ത്തകരിലോ പരീക്ഷിച്ച് ഉല്‍പന്നത്തിന്‍െറ ഗുണദോഷ വശങ്ങള്‍ അറിയുന്നതിനും എത്രമാത്രം ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിക്കുന്നതിനുമുള്ള ഗവേഷണ പ്രക്രിയയാണ് മരുന്ന് പരീക്ഷണം അഥവാ ക്ളിനിക്കല്‍ ട്രയല്‍. മരുന്നിന്മേലുള്ള എല്ലാ പാര്‍ശ്വഫലങ്ങളെക്കുറിച്ചും വ്യക്തിയെ അറിയിച്ച ശേഷം മാത്രമേ ഈ പരീക്ഷണം നടത്താന്‍ അനുവാദമുള്ളൂ. എന്നാല്‍, വന്‍കിട സ്വകാര്യ ആശുപത്രികളും ആശുപത്രികളുടെ കോലംകെട്ടിയ മരുന്ന് പരീക്ഷണശാലകളും സായിപ്പിനുവേണ്ടി ഈ നിബന്ധനകളൊന്നും പാലിക്കാതെ ആളുകളെ റിക്രൂട്ട്ചെയ്ത് പണം നല്‍കി മരുന്നുകള്‍ പരീക്ഷിക്കുകയാണ് . മരുന്നിന്‍െറ പാര്‍ശ്വഫലങ്ങള്‍ അറിയിക്കാതെ ചെറുപ്പക്കാരെ വലയിട്ടുപിടിച്ച് വന്‍തുക നല്‍കിയാണ് ഇവര്‍ പരീക്ഷണങ്ങള്‍ പാക്കേജ് പോലെ നടത്തുന്നത്.

അവര്‍ മരിച്ചുവീഴുന്നു
2007ല്‍ മരുന്നു പരീക്ഷണങ്ങള്‍ക്കിടയില്‍ രാജ്യത്ത് 132 പേരാണ് മരിച്ചത്. 2008 ല്‍ 288 പേരും 2009 ല്‍ 308 പേരും ഉള്‍പ്പെടെ മൂന്നുവര്‍ഷത്തിനിടയില്‍ 728 പേര്‍ രാജ്യത്ത് മരുന്നു പരീക്ഷണത്തിനിടയില്‍ മരിച്ചു എന്നാണ് ഒൗദ്യോഗിക വിശദീകരണം. 2009 ആഗസ്റ്റ് വരെയുള്ള കണക്കാണിത്. എന്നാല്‍, 2010 ആഗസ്റ്റ് ആയപ്പോള്‍ ഈ സംഖ്യ ആയിരം കഴിഞ്ഞെന്നാണ് രഹസ്യ വിവരം. അതേസമയം, ഈ കണക്കില്‍ ഉള്‍പ്പെടാതെ സ്വകാര്യ ആശുപത്രികളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ മരിക്കുന്ന ആയിരങ്ങള്‍ വേറെയുണ്ട്. ആ വിവരങ്ങള്‍ സര്‍ക്കാറും മരുന്നു കമ്പനികളും മറച്ചുവെക്കുകയാണ്.
ബഹുരാഷ്ട്ര കമ്പനികള്‍ വിശേഷിച്ച്, അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയില്‍ കൂടുതലായും മരുന്ന് പരീക്ഷണം നടത്തുന്നത്. അമേരിക്കയിലും മറ്റും പുതുതായി കണ്ടുപിടിക്കുന്ന മരുന്ന് പരീക്ഷിക്കണമെങ്കില്‍ കോടിക്കണക്കിന് ഡോളര്‍ കെട്ടിവെക്കണം. കൂടാതെ രോഗിയെ വന്‍തുകക്ക് ഇന്‍ഷുര്‍ ചെയ്യണം. ഇത്ര വലിയ തുക കെട്ടിവെച്ച് മരുന്ന് പരീക്ഷിച്ച് ഫലം പുറത്തുവരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ക്ക് വേഗത്തില്‍ ഇതിന്‍െറ ആനുകൂല്യം പറ്റാന്‍ സാധിക്കില്ല. ഒപ്പം നിരവധി നിയമ പ്രശ്നങ്ങളും. അതിനാലാണ് പരീക്ഷണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നത്.
ഇത്തരത്തില്‍ 2005ല്‍ മാത്രം വിദേശ കമ്പനികളുടെ 100 പുതിയ മരുന്നുകള്‍ക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പരീക്ഷണത്തിനായി അനുമതി നല്‍കിയത്. അതില്‍ പരീക്ഷണം കഴിഞ്ഞപ്പോള്‍ 80 മരുന്നുകള്‍ക്ക് മാത്രമേ നിലവാരമുള്ളതായി കണ്ടത്തെിയുള്ളൂ. ഇവക്ക് മാത്രമാണ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുവാദം ലഭിച്ചത്. അതായത് ഇതില്‍ 20 എണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കണ്ടത്തെിയതോടെ പരാജയപ്പെട്ടവയാണ്. പരാജയപ്പെട്ട 20 പരീക്ഷണങ്ങളില്‍ പങ്കെടുത്ത രോഗികളുടെയും ശരീരം പരീക്ഷണത്തിനായി വിട്ടുകൊടുത്തവരുടെയും അവസ്ഥ ആരും ചോദ്യം ചെയ്തിട്ടില്ല.
പകരം പരീക്ഷണങ്ങള്‍ക്ക് കണ്ണും പൂട്ടി അനുവാദം നല്‍കി സര്‍ക്കാര്‍ അധികാരികള്‍ പണം കൊയ്യുന്നു. ഉയര്‍ന്ന ജനസംഖ്യയും രോഗസാധ്യത കൂടിയതുമാണ് ഇന്ത്യയെ മരുന്ന് പരീക്ഷണത്തിന്‍െറ താവളമാക്കി മാറ്റാന്‍ കാരണം. നമ്മുടെ രാജ്യം എങ്ങനെ ബഹുരാഷ്ട്ര കമ്പനികളുടെ നോട്ടപ്പുള്ളിയായെന്ന് അറിയാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇവിടെ വന്നുപോയ പുതിയ പുതിയ രോഗങ്ങളുടെയും അതുണ്ടാക്കിയ അവസ്ഥകളുടെയും കണക്കെടുത്താല്‍ ബോധ്യമാവും.

കെണിയൊരുക്കി ഏജന്‍റുമാര്‍
മരുന്ന് പരീക്ഷണത്തിനായി വന്‍കിട കമ്പനികള്‍ ചൈന പോലുള്ള രാജ്യങ്ങളിലാണ് ആദ്യ ശ്രമം നടത്തിയതെങ്കിലും വിജയിച്ചില്ല. ജോലി ചെയ്യാതെ കൂടുതല്‍ പണം സമ്പാദിക്കണമെന്ന മനോഭാവമുള്ള ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്ന അറിവാണ് കമ്പനികളെ കടല്‍ കടന്ന് ഇവിടെ എത്താന്‍ പ്രേരിപ്പിച്ചത്. 2006ല്‍ ഇത്തരത്തിലുള്ള 143 പരീക്ഷണങ്ങള്‍ക്കാണ് ഇന്ത്യയില്‍ അനുവാദം നല്‍കിയത്. 2007ല്‍ അത് 259, 2008ല്‍ 246, 2009ല്‍ 258 ആയി. 2005 മുതല്‍ ആകെ 1006 മരുന്നുകള്‍ക്കാണ് ഇന്ത്യക്കാരായ മനുഷ്യരില്‍ പരീക്ഷണാനുമതി ലഭിച്ചത്. ഇതില്‍ 613 എണ്ണത്തിന് മാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ അനുവാദം ലഭിച്ചു. എന്നാല്‍, ഈ കാലയളവില്‍ നടത്തിയ 393 മരുന്നുകളുടെ പരീക്ഷണം പരാജയപ്പെട്ടു. ഇവര്‍ ലക്ഷങ്ങള്‍ മുടക്കി നടത്തിയ പരീക്ഷണഫലങ്ങള്‍ അംഗീകാരം നേടാന്‍ പ്രാപ്തമായിരുന്നില്ല.
ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട മരുന്നുകള്‍ വേറെ പേരില്‍ വേറെ അളവില്‍ പുതുതായി പരീക്ഷണത്തിനായി എത്തും. പരാജയപ്പെട്ട മരുന്നുകള്‍ എത്ര വിലകൊടുത്തും വിജയിപ്പിച്ച് വിപണന സര്‍ട്ടിഫിക്കറ്റ് നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
ഈ ലക്ഷ്യം കാണാന്‍ കമ്പനികളെ സഹായിക്കാന്‍ നിരവധി ഏജന്‍റുമാരുണ്ട്. അവര്‍ മരുന്ന് പരീക്ഷിച്ച് നല്ല ഗുണനിലവാരം ഉള്ളതാണെന്ന് സ്ഥാപിച്ച് സര്‍ട്ടിഫിക്കറ്റുകളും രേഖകളും കമ്പനികള്‍ക്ക് നല്‍കുന്നു. ഇതിനു വേണ്ടിയാണ് രോഗികളല്ലാത്ത ചെറുപ്പക്കാരെ പരീക്ഷണമൃഗങ്ങളായി തെരഞ്ഞെടുക്കുന്നത്. പരീക്ഷിക്കുന്ന മരുന്നിന്‍െറ ദോഷങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ചാണ് ആശുപത്രികളും ലാബുകളും ഏജന്‍റുമാരെ വെച്ച് ചെറുപ്പക്കാരെ വലയിലാക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ രാജ്യത്തെ മുന്തിയ ആശുപത്രികള്‍ മുതല്‍ ആശുപത്രിയെന്ന ബോര്‍ഡും തൂക്കിയിരിക്കുന്ന പെട്ടിക്കടകള്‍വരെ രംഗത്തുണ്ട്.

കോടികളുടെ വ്യവസായം
പ്രതിവര്‍ഷം 300 കോടി ഡോളര്‍ ആണ് അമേരിക്ക മരുന്നു പരീക്ഷണത്തിനായി ഇന്ത്യയിലേക്ക് ഒഴുക്കിവിടുന്നത്. ഈവര്‍ഷം അത് ആയിരം കോടി ഡോളറായി ഉയരുമെന്നാണ് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അമേരിക്കയുടെ മരുന്നു പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നത്. ഈ കിമ്പളം മൊത്തമായി പറ്റി നടത്തുന്ന മരുന്ന് പരീക്ഷണ മാമാങ്കത്തിന്‍െറ മുന്നിലും പിന്നിലും പണം കൊയ്യാന്‍ നില്‍ക്കുന്നത് മലയാളികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കമ്പനികള്‍ക്കുവേണ്ടി ഗിനിപ്പന്നികളാവാന്‍ ചെറുപ്പക്കാരെയും ആദിവാസികളെയും വലയിട്ടു പിടിക്കുന്നതു മുതല്‍ കമ്പനിയില്‍നിന്ന് കരാറിന്‍െറ കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നതുവരെയുള്ള ചോരകുടിയന്‍ ശൃംഖലയില്‍ മലയാളികളുണ്ട്.
കുതിച്ചുകയറുന്ന ജീവിതച്ചെലവുകളില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്ക് അധിക വരുമാനം എന്ന വാഗ്ദാനമാണ് കമ്പനികള്‍ നല്‍കുന്നത്. പ്രതിമാസം 5000 മുതല്‍ ലക്ഷം വരെ ലഭിക്കുന്ന മരുന്നു പരീക്ഷണങ്ങള്‍ നിലവിലുണ്ട്. ആ പരീക്ഷണ മാര്‍ക്കറ്റിലെ മലയാളി സാന്നിധ്യവും അവരുടെ പരീക്ഷണരീതികളൂം പേടിപ്പെടുത്തുന്നതാണ്.

പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം -2
പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം -3

പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം -4
പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം -5

ഗൊയങ്ക പുരസ്കാരം പ്രജേഷ്സെന്നിന്


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus