ഗാനങ്ങളിലെ ആധ്യാത്മിക വിശുദ്ധി

ഗാനങ്ങളിലെ ആധ്യാത്മിക വിശുദ്ധി
ദേഹത്ത് ഭസ്മം ധരിച്ച് വലിയ രുദ്രാക്ഷമാലയണിഞ്ഞ ദക്ഷിണാമൂര്‍ത്തിയെന്ന സംഗീതോപാസകന്‍ കാഴ്ചയില്‍ ഒരു ആധ്യാത്മിക വിശുദ്ധിയാണ്. അതേ സംഗീതവിശുദ്ധിയാണ് ഏഴ് പതിറ്റാണ്ട് നീളുന്ന സംഗീതജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തിയത്. ദക്ഷിണാമൂര്‍ത്തിയെന്നാല്‍ ശിവന്‍െറ പര്യായം. ആലപ്പുഴയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി ഓര്‍മവെച്ച കാലംമുതലേ വൈക്കത്തപ്പനായ ശിവന്‍െറ ഭക്തനാണ്.
അമ്മ മുലപ്പാലിനൊപ്പം നല്‍കിയത് സംഗീതമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമ്മയാണ് ആദ്യ ഗുരു. അമ്മയില്‍ നിന്ന് കേട്ടതിനേക്കാള്‍ ഏറെ അദ്ദേഹം സ്വാംശീകരിച്ചെടുത്തു. കുട്ടിക്കാലത്തെ ഒരു അദ്ഭുതപ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. സ്കൂളില്‍ അധികമൊന്നും പഠിച്ചിട്ടില്ല. പഠിച്ചതൊക്കെ സംഗീതം. തിരുവനന്തപുരത്തെ ശ്രീവെങ്കിടാചലം പോറ്റിയാണ് പ്രധാന ഗുരു. പതിമൂന്നാം വയസ്സില്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ അദ്ദേഹം സംഗീതം ജീവിതമാക്കി. ഇക്കാലമത്രയും സംഗീതമല്ലാതെ മറ്റൊരു തൊഴിലും ദക്ഷിണാമൂര്‍ത്തി ചെയ്തിട്ടില്ല.
സിനിമയോ സംഗീതസംവിധാനമോ അദ്ദേഹത്തിന്‍െറ സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ സംഗീതഗുരുവായി. പി. ലീല പ്രമുഖ ശിഷ്യയായിരുന്നു. മദ്രാസില്‍ സംഗീത ഗുരുവായി അദ്ദേഹം കഴിയുന്ന കാലത്ത് പി. ലീല മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ്. തന്‍െറ ഗുരുവിന്‍െറ വൈഭവം നന്നായി അറിയാവുന്ന ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ മലയാള സിനിമാ സംഗീതത്തിന്‍െറ അവിഭാജ്യഘടകമാക്കുന്നതില്‍ മുന്‍കൈയെടുത്തത്.
1950ല്‍ നല്ലതങ്ക എന്ന ചിത്രത്തിന്‍െറ സംഗീത സംവിധാനം നടക്കുന്നു. അഭയദേവ് എഴുതിയ ഒരു വിരുത്തം ‘ശംഭോ ഞാന്‍ കാണ്‍മെന്താണിദം അടയുകയോ മല്‍ കവാടങ്ങളയ്യോ’ ഈണത്തിലാക്കുന്നതില്‍ അന്യഭാഷാ സംഗീത സംവിധായകനായ രാമറാവു പരാജയപ്പെട്ടു. അപ്പോള്‍ ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ പരീക്ഷിക്കാമെന്ന് നിര്‍ദേശിച്ചത്. അതുവരെ സിനിമ ഒരു സ്വപ്നമായിരുന്നിട്ടില്ലാത്ത ദക്ഷിണാമൂര്‍ത്തി അതോടെ ആ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും സംഗീതം ചെയ്തു. അത് മലയാളി ഗാനങ്ങളുടെ ഒരു കണ്ടത്തെല്‍ കൂടിയായിരുന്നു. അതായത് അക്കാലത്ത് അന്യഭാഷക്കാരാണ് ഇവിടെ സംഗീത സംവിധാനം ചെയ്തിരുന്നത്. ഒക്കെയും അനുകരണ ഗാനങ്ങള്‍. അവിടേക്ക് രാഗവിശുദ്ധമായ സംഗീതം കൊണ്ട് മലയാളത്തിന്‍്റെ തനിമ എഴുതിച്ചേര്‍ത്തത് ദക്ഷിണാമൂര്‍ത്തിയാണ്. നല്ലതങ്കയിലെ പ്രമുഖ ഗായകനായിരുന്നു യേശുദാസിന്‍െറ പിതാവ് അഗസ്റ്റിന്‍ ജോസഫ്. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ജീവിതനൗകയിലും ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം നിര്‍വഹിച്ചത്. ആലപ്പുഴ പുഷ്പ പാടിയ ‘ആനത്തലയോളം വെണ്ണ തരാമെടാ...’എന്ന ഗാനം അന്ന് മലയാളക്കരയാകെ അലയടിച്ചു. ഒരു ഉടുക്ക് മാത്രം കൊണ്ടാണ് ഈ ഗാനം റെക്കോഡ് ചെയ്തത്. പിന്നീട് ദക്ഷിണാമൂര്‍ത്തിയുടെ കാലമായിരുന്നു.
പി. സുശീല എന്ന അനുഗൃഹീത ഗായികയെ മലയാളത്തില്‍ ആദ്യം പാടിക്കുന്നതും ദക്ഷിണാമൂര്‍ത്തിയാണ്. ടി.ആര്‍. മഹാലിംഗം, എം.എല്‍. വസന്തകുമാരി, കലിങ്കറാവു തുടങ്ങിയ അക്കാലത്തെ പ്രമുഖ കര്‍ണാടക സംഗീതഗായകരെ കൊണ്ടും അദ്ദേഹം പാട്ടുകള്‍ പാടിപ്പിച്ചു. കാറ്റേ വാ കടലേ വാ എന്ന വസന്തകുമാരിയുടെ ഗാനം ഇന്നും പ്രശസ്തമാണ്. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ എന്ന പി. സുശീലയുടെ ആദ്യ ഗാനം മലയാളം ഒരിക്കലും മറക്കാത്തതാണ്. പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ എന്ന ഗാനം കൂടി പാടിയതോടെ സുശീല മലയാളത്തിന്‍െറ അവിഭാജ്യ ഘടകമായി.
അഗസ്റ്റിന്‍ ജോസഫിനെ കൊണ്ട് പാടിച്ച ദക്ഷിണാമൂര്‍ത്തിക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്‍്റെ മകന്‍ യേശുദാസിനെ കൊണ്ട് സിനിമയില്‍ പാടിക്കാന്‍. ശ്രീകോവില്‍ എന്ന ചിത്രത്തിനുവേണ്ടി ‘വേദവാക്യം നരനൊന്നേ അത് മാതൃവാക്യം തന്നെ’ എന്ന ഗാനമാണ് അദ്ദേഹം യേശുദാസിനെ കൊണ്ട് ആദ്യം പാടിക്കുന്നത്. യേശു എന്ന് സ്നേഹത്തോടെ ദക്ഷിണാമൂര്‍ത്തി വിളിക്കുന്ന യേശുദാസുമൊത്ത് അദ്ദേഹം മലയാളത്തിന് സമ്മാനിച്ച അതുല്യഗാനങ്ങള്‍ എത്രയോ....
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ആലോലനീല വിലോചനങ്ങള്‍, ആലാപനം, വാതില്‍പഴുതിലൂടെന്‍മുന്നില്‍ തുടങ്ങി നൂറുകണക്കിന് ഗാനങ്ങള്‍.
ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിലൂടെ യേശുദാസിന്‍െറ മകന്‍ വിജയ് യേശുദാസിനെ കൊണ്ടും ദക്ഷിണാമൂര്‍ത്തി പാടിച്ചു. വിജയ് യേശുദാസിന്‍്റെ മകളെ കൊണ്ട് പാടിക്കുക എന്നത് അദ്ദേഹത്തിന്‍െറ സ്വപ്നമായിരുന്നു. മൂന്ന് തലമുറക്ക് സംഗീതം പകര്‍ന്നു നല്‍കിയ ആ മഹാസംഗീതജ്ഞന് അതുമാത്രം സാധിക്കാതെ പോയി.
യേശുദാസിന് ഗാനഗന്ധര്‍വനെന്ന പദവി നേടിക്കൊടുത്ത ശ്രാന്തമംബരം നിദാഘോഷ്മള... എന്ന ജി. ശങ്കരക്കുറുപ്പിന്‍െറ കവിത അദ്ദേഹത്തിന്‍്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. അഭയം എന്ന ചിത്രത്തിനുവേണ്ടി കടുകട്ടിയായ ഈ കവിത അദ്ദേഹം തേനൊഴുകുന്ന സംഗീതമാക്കി മാറ്റിയത് മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു ഏടാണ്. ഈ ഗാനം കേട്ട് ധന്യനായാണ് ശങ്കരക്കുറുപ്പ് ആദ്യമായി യേശുദാസിനെ ഗാനഗന്ധര്‍വന്‍ എന്ന് വിളിച്ചത്.
വൈക്കം മണി, സെബാസ്റ്റന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എ.എം.രാജ, പി.ബി.ശ്രീനിവാസ്, മെഹബൂബ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, എസ്.ജാനകി, വാണി ജയറാം, ചിത്ര, എം.ജി.ശ്രീകുമാര്‍ തുടങ്ങി എല്ലാ തലമുറയിലുംപെട്ട എത്രയോ ഗായകരെക്കൊണ്ട് നൂറുകണക്കിന് ഗാനങ്ങര്‍ പാടിച്ച ദക്ഷിണാമൂര്‍ത്തി ഇന്‍ഡ്യന്‍ സിനിമയില്‍തന്നെ ഏറ്റവും നീണ്ടകാലം നിലനിന്ന സംഗീതസംവിധായകനാണ്. ഗാനങ്ങളില്‍ എന്നും സംഗീതത്തിന്‍്റെ പരിശുദ്ധി നിലനിര്‍ത്തി എന്നത് ഒരുപക്ഷേ സിനിമാസംഗീതത്തില്‍ അദ്ദേഹത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus