ചോദ്യങ്ങള്‍ ബാക്കിയാക്കി ‘സ്വാമി’ യാത്രയായി

ചോദ്യങ്ങള്‍ ബാക്കിയാക്കി ‘സ്വാമി’ യാത്രയായി
കോട്ടയത്ത് കഴിഞ്ഞ വര്‍ഷം നടന്ന ഗുരുവന്ദനം ചടങ്ങിനത്തെിയ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ വാര്‍ത്താസമ്മേളനത്തിനിടെ (ഫയല്‍ ചിത്രം) ഫോട്ടോ:ദിലീപ് പുരക്കല്‍

കൊച്ചി: അവസാന സന്ദര്‍ശനങ്ങളിലൊന്നില്‍ കേരളത്തിലത്തെിയപ്പോഴും വിനയം മുഖമുദ്രയാക്കിയ സംഗീതത്തിന്‍െറ വലിയ ചക്രവര്‍ത്തി ഉയര്‍ത്തിയ ചോദ്യം അതായിരുന്നു; ‘സംഗീതത്തെ വിലയിരുത്താന്‍ ഞാനാര്?’. സംഗീതരംഗത്തെ മുറിവൈദ്യന്മാര്‍പോലും ചാനലുകളില്‍ ഗുരുക്കന്മാരായി വിലസുന്ന കാലത്ത് അങ്ങ് മാത്രം മാറിനില്‍ക്കുന്നതെന്തേ എന്ന ചോദ്യത്തോട്, സംഗീത രംഗത്തുള്ളവര്‍ ബഹുമാനപൂര്‍വം ‘സ്വാമി’ എന്ന് വിളിക്കുന്ന ദക്ഷിണാമൂര്‍ത്തി വിനയത്തോടെ മറുചോദ്യം ഉന്നയിച്ചത്; സംഗീതത്തെ വിലയിരുത്താന്‍ ഞാനാര്?
‘ജപം കോടി ഗുണം ധ്യാനം, ധ്യാനം കോടി ഗുണം ലയം, ലയം കോടി ഗുണം ഗാനം എന്നാണ് പ്രമാണം. എന്നാല്‍, ഈ ഗൗരവത്തോടെ എത്രപേര്‍ ഇന്ന് സംഗീതത്തെ സമീപിക്കുന്നുണ്ട്?’ എന്ന് ശിശുസഹജമായ നൈര്‍മല്യത്തോടെ അദ്ദേഹം മറുചോദ്യമുന്നയിച്ചു. വിസ്തരിച്ച് മുറുക്കുന്നതിനിടെയാണ് അദ്ദേഹം ഈ ചോദ്യവും ഉന്നയിച്ചത്.
കഴിഞ്ഞ നവംബര്‍ ഒന്നിന് കോട്ടയം നഗരസഭയുടെ സാംസ്കാരിക വിഭാഗവും ‘രസ’യും ചേര്‍ന്ന് ഒരുക്കിയ ഗുരുദക്ഷിണ പരിപാടിയില്‍ സംബന്ധിക്കാനത്തെിയ അദ്ദേഹം, യാത്രാ ക്ഷീണത്തിനിടയിലും സംഗീതം സംബന്ധിച്ച സല്ലാപത്തിന് സമയമനുവദിച്ചപ്പോഴാണ് ഉത്തരങ്ങള്‍ക്ക് പകരം മറുചോദ്യം ഉന്നയിച്ചത്. ഓരോ ചോദ്യവും പക്ഷേ, സംഗീത രംഗത്തെ വലിയ ആചാര്യന്‍െറ എളിമ പ്രകടിപ്പിക്കുന്നതായിരുന്നു.
സംഗീതം അന്യം നില്‍ക്കുന്ന പുതിയ മലയാള സിനിമാഗാന ശാഖയെക്കുറിച്ചും അദ്ദേഹം മനസ്സില്‍ വ്യക്തമായ അഭിപ്രായം സൂക്ഷിച്ചിരുന്നു. പക്ഷേ, എന്നും വിവാദങ്ങളില്‍നിന്ന് ഒരുകാതം അകലം പാലിക്കുന്ന അദ്ദേഹം അത് തുറന്നുപറയാന്‍ തയാറായില്ളെന്ന് മാത്രം. പുതിയ സിനിമാ സംഗീതങ്ങളെക്കുറിച്ച ചോദ്യത്തിന്, ‘ഇപ്പോഴത്തെ സിനിമാപ്പാട്ടുകളെക്കുറിച്ച് വ്യക്തമായ മറുപടിയുണ്ട്. പക്ഷേ, അത് ഒരു വിവാദമാകേണ്ട എന്നുകരുതി പറയുന്നില്ല’ എന്നായിരുന്നു മറുപടി. അതേസമയം, പുതിയ സംഗീതധാരകളെ അന്ധമായി വിമര്‍ശിക്കാനും അദ്ദേഹം തയാറായില്ല. ‘സംഗീതം ശുദ്ധമാണ്. അതിനെ നല്ല സംഗീതമെന്നും ചീത്ത സംഗീതമെന്നും വേര്‍തിരിക്കാന്‍ ഞാനാളല്ല’ എന്നും കൂട്ടിച്ചേര്‍ത്തു.
ചാനലുകളിലെ സംഗീതമത്സരത്തെക്കുറിച്ചും സുചിന്തിതമായ അഭിപ്രായം ദക്ഷിണാമൂര്‍ത്തി സൂക്ഷിച്ചിരുന്നു. ‘നല്ല ഗായകരെ മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്നതിനോടും യോജിപ്പില്ല. ഗുസ്തിമത്സരം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, സംഗീതമത്സരം എന്നത് എന്താണെന്ന് ഇപ്പോഴും പിടിയില്ല. വോട്ടെടുപ്പിലൂടെ മികച്ച സംഗീത വിജയിയെ തെരഞ്ഞെടുക്കുന്ന പരിപാടിയും എനിക്ക് മനസ്സിലാകുന്നില്ല’ എന്നായിരുന്നു ചാനലുകളിലെ സംഗീത പരിപാടികളെക്കുറിച്ചുള്ള വിലയിരുത്തല്‍.
പക്ഷേ, പുതിയ തലമുറയിലെ ഗായകരെ തള്ളിപ്പറയാനും അദ്ദേഹം തയാറായില്ല. ’48 മുതല്‍ ഇത്രയും കാലം സംഗീതരംഗത്തുണ്ട്. ഇതൊന്നും പക്ഷേ, തന്‍െറ കഴിവല്ല. പ്രപഞ്ച സ്രഷ്ടാവായ അദൃശ്യശക്തി ഇതൊക്കെ തന്നെക്കൊണ്ട് ചെയ്യിക്കുകയാണ്’ എന്നായിരുന്നു സംഗീതരംഗത്തെ സ്വന്തം സംഭാവനയെക്കുറിച്ച് അദ്ദേഹത്തിന്‍െറ വിലയിരുത്തല്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus