രാഗമേഘത്തിലെ അമ്പിളിച്ചിരി

രാഗമേഘത്തിലെ അമ്പിളിച്ചിരി
പൂമാനമേ... ഒരു രാഗമേഘം താ... എന്ന ഗാനം പാടിയപ്പോള്‍ ദൈവം ഒരു രാഗമേഘം നല്‍കി... ആ രാഗമേഘത്തിലേറി മലയാളികളെല്ലാം പറന്നു. ആ പാല്‍നിലാവില്‍ മുങ്ങി....ആസ്വദിച്ചു അതിലെ ഒരു അമ്പിളിച്ചിരിയാണ് ചിത്ര.... മലയാള ചലച്ചിത്രഗാന ചരിത്രത്തില്‍ നിരവധി പെണ്‍ശബ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചിത്രയെന്ന ഗായികയുടെ ഗാനനടത്തം വ്യതിരിക്തമായ പാതയിലൂടെയാണ്. ഒരു പാട്ടു കേള്‍ക്കുമ്പോള്‍ ഇത് വാനമ്പാടിയുടെ ശബ്ദമാണെന്ന് പറയാന്‍ കഴിയുന്നത് ആ ശബ്ദത്തിന്‍്റെ സൗകുമാര്യം തന്നെയാണ്. സംഗീതത്തിന്‍്റെ വിവിധ ധാരകളെ നെഞ്ചിലേറ്റി എന്നതാണ് ഈ ഗായികയെ വ്യത്യസ്തമാക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ "ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലെ "രജനീ പറയൂ' എന്ന ഗാനത്തില്‍ തുടങ്ങി വിവിധ ഭാഷകളിലായി 11,000ത്തോളം പാട്ടുകളാണ് ചിത്ര പാടിയിട്ടുള്ളത്.
പി സുശീല, എസ് ജാനകി എന്നീ ഗായികാ ചക്രവര്‍ത്തിനിമാരോടൊപ്പം മലയാളത്തിന്‍്റെ സ്വന്തം കെ എസ് ചിത്രയും ചേര്‍ന്നപ്പോള്‍, പെണ്‍സംഗീത ത്രിമൂര്‍ത്തികളെയാണ് ലഭിച്ചത്. നമുക്ക് അഭിമാനിക്കാം ലോകത്തുള്ള മലയാളികള്‍ക്ക് സ്വകാര്യമായി അഹങ്കരിക്കാം. മലയാളത്തിന് വാനമ്പാടിയും മറ്റുള്ളവര്‍ക്ക് ചിന്നക്കുയിലുമാണ് ചിത്രയെന്ന ഗാനകോകിലം. ചിത്രക്ക് 50 വയസ്സായെങ്കിലും ആ കുയില്‍നാദത്തിന് ഇന്നും കൗമാരമാണ്. അന്യസംസ്ഥാനത്തു നിന്ന് വരുന്ന പിച്ചിക്കും ജമന്തിക്കുമൊക്കെ മണവും ഭംഗിയും കൂടുമെങ്കിലും നമ്മുടെ മുല്ലപ്പൂവിനോടാണ് എല്ലാവര്‍ക്കും കൂടുതല്‍ വാത്സല്യവും സ്നേഹവും. അതെ നമ്മുടെ മുറ്റത്തു വിരിഞ്ഞ മുല്ലയാണ് ചിത്ര.
ഗാനഗന്ധര്‍വന്‍ യേശുദാസിനെപ്പോലെ... ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ സജീവസാന്നിധ്യമായി മാറി ചിത്ര. കലോത്സവവേദികളിലും ആകാശവാണിയിലും തുടങ്ങി മലയാളം, തമിഴ്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ, അസമിയ, എന്നിങ്ങനെ വിവിധ ഭാഷകളിലായി അനേകം പാട്ടുകള്‍ പാടി. അവയൊക്ക വ്യത്യസ്തമായ സ്വരമാധുരിയില്‍ പെയ്തിറങ്ങയപ്പോള്‍ ആസ്വാദകര്‍ക്ക് നവാനുഭൂതിയായി. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക ഗായകരോടൊപ്പം പാടിയ പ്രതിഭ, ലതാ മങ്കേഷ്കര്‍ക്കുശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക തുടങ്ങി വിശേഷണങ്ങള്‍ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല.
ലോകപ്രശസ്ത ഗസല്‍ ഗായകന്‍ ബഡേ ഗുലാം അലി തന്‍്റെ ആല്‍ബത്തില്‍ പാടാന്‍ ക്ഷണിച്ചപ്പോള്‍ ഇതിനു മുമ്പ് തനിക്കു കിട്ടിയ 6 ദേശീയ അവാര്‍ഡുകളും നിഷ്പ്രഭമായെന്ന് ചിത്ര അഭിപ്രായപ്പെട്ടിരുന്നു. വിരാസത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിനു ശേഷമാണ് ഹിന്ദിയില്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. സലില്‍ ചൗധരി, ഇളയരാജ, എ ആര്‍ റഹ്മാന്‍ എന്നീ സംഗീത ഇതിഹാസങ്ങളോടൊപ്പം സഹകരിക്കാനും പാടാനും കഴിഞ്ഞത് ജീവിതയാത്രയില്‍ മറക്കാന്‍ കഴിയില്ളെന്നാണ് ചിത്ര പറയുന്നത്.
തുടര്‍ച്ചയായി 11 വര്‍ഷം സംസ്ഥാന അവാര്‍ഡും 4 ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മികച്ച ഗായികക്കുള്ള അവാര്‍ഡും ലഭിച്ചത് മറ്റൊരു ഗായികക്കും ലഭിക്കാത്ത റെക്കോഡാണ്.
പാടറിയേ പടിപ്പറിയേ (സിന്ധുഭൈരവി -1985), മഞ്ഞള്‍ പ്രസാദവും (നഖക്ഷതങ്ങള്‍-1986), ഇന്ദുപുഷ്പം (വൈശാലി-1988), ഊ ലലല്ല (മിന്‍സാരക്കനവ്-1996), പായലിയേ (വിരാസത്ത് - 1997), ഉവ്വൊരു പൂക്കളുമേ (ഓട്ടോഗ്രാഫ് - 2004) എന്നിവയാണ് ചിത്രക്കു ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനങ്ങള്‍.
ഒരേ നിറം ഒരേ സ്വരം (എന്‍്റെ കാണാക്കുയില്‍- 1985), പൂമാനമേ (നിറക്കൂട്ട്), ആയിരം കണ്ണുമായ് (നോക്കത്തൊ ദൂരത്ത് കണ്ണും നട്ട്), മഞ്ഞള്‍പ്രസാദവും, ഈണം മറന്ന കാറ്റേ, താലോലം പൈതല്‍ (എഴുതാപ്പുറങ്ങള്‍), ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി (വൈശാലി), കളരിവിളക്ക് (ഒരു വടക്കന്‍ വീരഗാഥ), തങ്കത്തോണി (മഴവില്‍ക്കാവടി), കണ്ണില്‍ നിന്‍മെയ്യില്‍ (ഇന്നലെ), പാലപ്പൂവേ (ഞാന്‍ ഗന്ധര്‍വ്വന്‍), താരം വാല്‍ക്കണ്ണാടി നോക്കി (കേളി), സ്വരകന്യകമാര്‍ (സാന്ത്വനം), മൗനസരോവരം (സവിധം), പൊന്‍മേഘമേ( സോപാനം), രാജഹംസമേ (ചമയം), സംഗീതമേ (ഗസല്‍), പാര്‍വ്വണേന്ദു (പരിണയം), ശശികല ചാര്‍ത്തിയ (ദേവരാഗം), പുലര്‍ വെയിലും (അങ്ങിനെയൊരവധിക്കാലത്ത്), മൂളി മൂളി (തീര്‍ത്ഥാടനം), കാര്‍മുകില്‍ വര്‍ണ്ണന്‍്റെ (നന്ദനം), മയങ്ങിപ്പോയി (നോട്ടം) എന്നിവയാണ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ പാട്ടുകള്‍. 2005 ല്‍ പത്മശ്രി നല്‍കി രാജ്യം ആദരിച്ച ചിത്രക്ക് അന്യസംസ്ഥാനത്തുനിന്നുള്ള അവാര്‍ഡുകളും നിരവധിയാണ്. കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍നിന്നും അവാര്‍ഡുകളും, നിരവധി ഫിലിം ഫെയര്‍, ടി വി ചാനല്‍ അവാര്‍ഡുകളും ചിത്രക്കു ലഭിച്ചു. 2011 ല്‍ ചെന്നൈയിലെ സത്യഭാമ സര്‍വ്വകലാശാല ഡോക്ടറേറ്റും തമിഴ്നാട് കലൈമാമണി അവാര്‍ഡും നല്‍കി ആദരിച്ചു.
ചിത്രയെ സംഗീതരംഗം കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്് യേശുദാസിന്‍്റെ കൂടെ ഗാനമേളകളില്‍ പാടിയതിലൂടെയും തരംഗിണി ആല്‍ബങ്ങളിലൂടെയുമാണ്. തരംഗിണി കാസറ്റുകളിലെ കാവേരിപ്പുഴയില്‍....., അഷ്ടമി രോഹിണി നാളില്‍, തിരുവാറന്മുള കൃഷ്ണാ, പൈതലാം യേശുവേ..എന്നീ ഗാനങ്ങള്‍ ചലച്ചിത്രഗാനങ്ങളേക്കാള്‍ വന്‍ ഹിറ്റുകളായിരുന്നു.
ഭക്തി, പ്രണയം, ദുഖം, ക്ളാസിക്കല്‍, ഫാസ്റ്റ് നമ്പര്‍ അങ്ങനെ സംഗീതത്തിലെ എല്ലാ വൈവിധ്യങ്ങളും ചിത്രയുടെ കണ്ഠത്തിലൂടെ അനായാസമായി താതാത്മ്യപ്പെടുന്നു. ഏഴിമലപൂഞ്ചോല (സ്ഫടികം), ഓ ദില്‍രുപാ...(അഴകിയ രാവണന്‍), ചലിയേ (സ്വാതിതിരുനാള്‍), പാടറിയേ (സിന്ധുഭൈരവി), വയസു പൊണ്ണുതാ (അമ്മന്‍കോവില്‍ വാസലിലേ), ഉയിരേ, കണ്ണാളനേ (ബോംബെ), വാര്‍മുകിലേ (മഴ) എന്നിവ ഇതിനുദാഹരണങ്ങളാണ്. എങ്കിലും ഭക്തിയിലും ദുഖത്തിലും ചിത്രയുടെ ശബ്ദം കൂടുതല്‍ ആര്‍ദ്രമാവുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നു.
എം ജി രാധാകൃഷ്ണനായിരുന്നു ആദ്യം അവസരങ്ങള്‍ നല്‍കിയത്. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ, പ്രണയവസന്തം എന്നീ ഗാനങ്ങളായിരുന്നു അവ. ശ്യാം, രവീന്ദ്രന്‍, ജോണ്‍സണ്‍, എന്നിവരുടെ ഗാനങ്ങളിലൂടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി ഗാനങ്ങള്‍ മലയാളിക്ക് ലഭിച്ചു.
1963 ല്‍ തിരുവനന്തപുരത്ത് കരമനയില്‍ കൃഷ്ണന്‍ നായരുടെയും ശാന്തമ്മയുടെയും മകളായി ജനിച്ചു. സഹോദരി ബീന ചിത്രക്കു മുമ്പേ സിനിമയില്‍ പാടിത്തുടങ്ങിയിരുന്നു. ഭര്‍ത്താവ് വിജയശങ്കര്‍ എഞ്ചിനീയറാണ്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും ബി എ മ്യൂസിക് കഴിഞ്ഞ് എം എ റാങ്കോടെയും പാസായി. കേന്ദ്രഗവണ്‍മെന്‍്റിന്‍്റെ ഫെല്ളോഷിപ്പും ലഭിക്കുകയുണ്ടായി. മാവേലിക്കര പ്രഭാകരവര്‍വയും പ്രൊഫ. ഓമനക്കുട്ടിയുമായിരുന്നു ഗുരുക്കന്മാര്‍. സംഗീതയാത്രയില്‍ തിക്താനുഭവങ്ങളുടെ നിമിഷങ്ങളാണ് ഏറെയുള്ളതെങ്കിലും പാട്ടുകള്‍കൊണ്ട് അതിനെ മറികടക്കുകയാണ് ചിത്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus