12:30:26
29 Aug 2015
Saturday
Facebook
Google Plus
Twitter
Rssfeed

നിസ്സാരനല്ല നിസാന്‍

നിസ്സാരനല്ല നിസാന്‍

ഒരേ ഉല്‍പന്നം പല പേരില്‍ വിറ്റാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തേയിലവിപണി. അല്‍പം മണവും രുചിയും മാറ്റുന്നതനുസരിച്ച് കച്ചവടം കൊഴുക്കുന്നതു കാണണമെങ്കില്‍ ഐസ്ക്രീം കച്ചവടം കണ്ടാല്‍ മതി. ഈ ചായകുടിച്ചും ഐസ്ക്രീം തിന്നും നടക്കുന്നവരാണ് കാറു വാങ്ങാനും ചെല്ലുന്നതെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് നിസാനാണ്.
വിമുക്തഭടന്മാര്‍ സ്വയം തൊഴില്‍ ചെയ്യുന്നതുപോലെയാണ് നിസാന്റെ കാറു കച്ചവടം. 1960ല്‍ ഇന്ത്യന്‍ പട്ടാളത്തെ സേവിച്ചു തുടങ്ങിയതാണ് നിസാന്‍. അതിന്റെ അച്ചടക്കവും മര്യാദയും ദേശസ്നേഹവും ഇപ്പോഴുമുണ്ട്. രാജ്യങ്ങള്‍ സൈനിക സംഖ്യമുണ്ടാക്കുന്നതുപോലെ തന്ത്രപരമായാണ് അവര്‍ റെനോക്കൊപ്പം ചേര്‍ന്ന് ചെന്നൈയില്‍ കാര്‍ ഫാക്ടറി തുറന്നത്. പട്ടാളത്തം തുളുമ്പുന്ന ഓര്‍മകളാണ് നിസാനെക്കുറിച്ച് ഇപ്പോഴത്തെ മധ്യവയസ്കര്‍ക്കുള്ളത്. വണ്‍ ടണ്‍ എന്നറിയപ്പെട്ടിരുന്ന, പട്ടാളത്തില്‍നിന്ന് കണ്ടം ചെയ്യുന്ന 'ഭീമാകാരമായ' മിനി ലോറികളാണ് അവര്‍ക്ക് നിസാന്‍. ഒരു ടണ്‍ ഭാരം വഹിക്കുന്ന ഇവ നാട്ടിന്‍പുറത്ത് കന്നുകാലികളെ കൊണ്ടുപോകാനും ചാണകം കടത്താനുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇവന്‍ കുലുങ്ങിക്കുലുങ്ങി വരുന്നത് കണ്ടാല്‍ പശു കയറു പൊട്ടിച്ചോടുമെന്ന് മാത്രം.
ജീപ്പിന്റെ രൂപമുള്ള ജോങ്കയെന്ന രസികന്‍ വണ്ടിയെക്കുറിച്ചറിയണമെങ്കില്‍ തനി പട്ടാളക്കാരോട് ചോദിക്കണം. നിസാന്‍ പെട്രോള്‍ 60 എന്ന വിഖ്യാത വാഹനം തന്നെയാണിത്. പട്ടാളത്തിന്റെ പക്കലെത്തിയപ്പോള്‍ ജബല്‍പൂര്‍ ഓര്‍ഡനനന്‍സ് ആന്‍ഡ് ഗണ്‍കാരേജ് അസംബ്ലിയെന്ന പേരിന്റെ ചുരുക്കമായ ജോങ്ക എന്നിട്ടുവെന്ന് മാത്രം. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത വില്ലീസ് ജീപ്പുകള്‍ പിന്നീട് സാധാരണക്കാര്‍ക്ക് കൊടുത്തപോലെ ജോങ്കയും നാട്ടുകാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. 1996ല്‍ ആയിരുന്നു ഇത്. പക്ഷേ, കച്ചവട തന്ത്രവും യുദ്ധ തന്ത്രവും തമ്മില്‍ ഒരുപാട് വ്യത്യാസമുള്ളതിനാലായിരിക്കും നാട്ടുകാര്‍ക്ക് അത്ര സുഖിച്ചില്ല. പെട്രോള്‍ എന്‍ജിന്‍ മാറ്റി ഹിനോയുടെ 4000 സി.സി ഡീസല്‍ എന്‍ജിന്‍ നല്‍കിയിരുന്നെങ്കിലും മഹീന്ദ്രയുടെയും മറ്റും ഒളിപ്പോരില്‍ തോറ്റുപോയി. ഇതിനിടെ നൂറു പേര്‍ മാത്രമാണ് ജോങ്ക വാങ്ങിയത്. 1999ല്‍ ജോങ്കയുടെ സേവനം പട്ടാളം അവസാനിപ്പിച്ചു.
തനിക്കച്ചവടക്കാരനായാണ് നിസാന്‍ ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. അവരും റെനോയും ചേര്‍ന്നിറക്കിയ മൈക്രയുടെ വിജയം കണ്ടാല്‍ അത് മനസ്സിലാകും. നാടുമുഴുവന്‍ നിസാന്‍ മൈക്രയായപ്പോള്‍ വേറിട്ടൊരു വണ്ടിക്കായി ജനങ്ങളുടെ അന്വേഷണം. അയല്‍പക്കങ്ങളിലുള്ളതിനേക്കാള്‍ വ്യത്യസ്തമായത് വേണമെന്ന സാധാരണക്കാരന്റെ ആഗ്രഹം നിസാന് മനസ്സിലായി. അങ്ങനെയാണ് റെനോ പള്‍സ് ഇറക്കിയത്. മാറ്റം പേരില്‍മാത്രം.
നിസാന്‍ സണ്ണിയും റെനോ സ്കാലയും തമ്മിലും ഇതേ ബന്ധമാണുള്ളത്. ഇവ രണ്ടിലും തൃപ്തിയടയാത്തവര്‍ക്കായി ഇപ്പോള്‍ പുതിയൊരു ബ്രാന്‍ഡ്് അവതരിപ്പിക്കുകയാണ് നിസാന്‍. 190 രാജ്യങ്ങളില്‍ വില്‍പനക്കുണ്ടായിരുന്ന തനി തറവാടിയായിരുന്ന ഡാറ്റ്സന്‍ ബ്രാന്‍ഡ് ആണ് ഇത്. 1986ല്‍ നിസാന്‍ ഇതിനെ പിന്‍വലിച്ചിരുന്നു. വില കുറഞ്ഞ കാറുകളായിരിക്കും ഈ പേരില്‍ പുറത്തിറക്കുക. ഗോ എന്ന ചെറുകാറാണ് ആദ്യം വരുന്നത്.
ഇന്ത്യക്കായി വികസിപ്പിച്ച 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍തന്നെയാണു ഡാറ്റ്സന്‍ ഗോക്കുമുള്ളത്. ചെന്നൈയിലെ റെനോ - നിസാന്‍ നിര്‍മാണശാലയില്‍ നിന്നാണു പുറത്തിറങ്ങുക. നാലു ലക്ഷത്തില്‍താഴെ വിലവരുന്ന ഇവന്‍ മൈക്രയും പള്‍സും തന്നെയായിരിക്കുമെന്ന് ചുരുക്കം. ദല്‍ഹിയില്‍ പ്രദര്‍ശനത്തിനുവെച്ച ഗോ 2014 ഓടെ വിപണിയിലെത്തും. മൈക്രക്ക് സമാനമായ ലെഗ് റൂമും 2450 എം.എം വീല്‍ ബെയ്സുമാണ് ഇതിനും. പക്ഷേ, മൈക്രയേക്കാള്‍ നീളമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ നിസാന്റെ ഇന്ത്യയിലെ വിപണി വിഹിതം 1.2 ശതമാനം മാത്രമാണ്. ഇത് 2016ഓടെ 10 ശതമാനമായി ഉയര്‍ത്താനാണ് ഈ കഷ്ടപ്പാടൊക്കെ. ആദ്യം ഇന്ത്യയില്‍ വില്‍പന തുടങ്ങുന്ന ഗോ തുടര്‍ന്ന് ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും വില്‍പനക്ക് വെക്കും. ഗിയര്‍ലിവറും ഹാന്‍ഡ് ബ്രേക്കും ഡാഷ് ബോര്‍ഡിന്റെ ഭാഗമാണ്. ഗേ്ളാ ബോക്സ് ഇല്ല. സാധാരണ കാറുകളില്‍ ഹാന്‍ഡ്ബ്രേക് ഘടിപ്പിക്കുന്ന മുന്‍സീറ്റുകളുടെ നടുഭാഗത്ത് ബാഗ് സൂക്ഷിക്കാനുള്ള സൗകര്യമാണിതിലുള്ളത്. അഞ്ചു പേര്‍ക്ക് യാത്രചെയ്യാവുന്ന ഗോക്ക് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus