12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

പ്രത്യക്ഷ വിദേശ നിക്ഷേപം ഉദാരമാക്കി

പ്രത്യക്ഷ വിദേശ  നിക്ഷേപം ഉദാരമാക്കി
ടെലികോം 100 ശതമാനം; ഇന്‍ഷുറന്‍സ് 49

ന്യൂദല്‍ഹി: പ്രതിരോധം, ഇന്‍ഷുറന്‍സ്, ടെലികോം, പ്ളാന്‍േറഷന്‍ തുടങ്ങി 12 മേഖലകളില്‍ കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിതുറന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ അധ്യക്ഷതയില്‍ നടന്ന മുതിര്‍ന്ന 11 മന്ത്രിമാരുടെ യോഗമാണ് എഫ്.ഡി.ഐ വിപുലപ്പെടുത്താന്‍ അനുമതി നല്‍കിയത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് യോഗ ശേഷം വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിശദീകരിച്ചു.
രണ്ടുവിധത്തിലാണ് പ്രത്യക്ഷ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തുന്നത്. ഓരോ ഘട്ടത്തിലും കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി തേടാതെ തന്നെ വിദേശത്തുനിന്ന് മുതല്‍മുടക്ക് സ്വീകരിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന സ്വാഭാവിക മാര്‍ഗമാണ് ഒന്ന്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ അനുമതിയോടെ എഫ്.ഡി.ഐ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് ഒമ്പത് മേഖലകളില്‍ കൂടുതല്‍ എഫ്.ഡി.ഐ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയത്.
പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ എഫ്.ഡി.ഐ 26 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. നൂറുശതമാനം സ്വകാര്യ നിക്ഷേപവും അനുവദിക്കും. നൂതന സാങ്കേതികവിദ്യ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങി കൂടുതല്‍ എഫ്.ഡി.ഐ കമ്പനികള്‍ക്ക് സ്വീകരിക്കാമെന്നാണ് പുതുക്കിയ ഭേദഗതി. എഫ്.ഡി.ഐ ഉയര്‍ത്തുന്നതിന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി എതിരായിരുന്നു. എന്നാല്‍, അദ്ദേഹം തന്നെ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശം സ്വീകരിച്ചാണ് ഈ എതിര്‍പ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം മറികടന്നത്.
അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ട ഘട്ടത്തില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി എഫ്.ഡി.ഐ ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കട്ടെയെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ആന്‍റണി വാണിജ്യ മന്ത്രി ആനന്ദ് ശര്‍മക്ക് നേരത്തേ കത്തെഴുതിയിരുന്നു.
ഇന്‍ഷുറന്‍സ് രംഗത്ത് എഫ്.ഡി.ഐ ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതു കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാണ് യോഗം തീരുമാനിച്ചത്. ഇന്‍ഷുറന്‍സ് രംഗത്തെ പ്രത്യക്ഷ വിദേശനിക്ഷേപം 26ല്‍ നിന്ന് 49 ശതമാനമാക്കി. ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പനയില്‍ 49 ശതമാനം എഫ്.ഡി.ഐ കമ്പനികള്‍ക്ക് സ്വതന്ത്രമായി ആകര്‍ഷിക്കാം. അടിസ്ഥാന സെല്ലുലാര്‍ ടെലികോം സേവനത്തില്‍ പൂര്‍ണതോതില്‍ എഫ്.ഡി.ഐ അനുവദിക്കും. ഇതില്‍ 49 ശതമാനത്തിന് പ്രത്യേക അനുമതി ആവശ്യമില്ല. ബാക്കി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ അനുമതിയോടെയാകാം. വ്യോമയാന രംഗത്ത് നൂറുശതമാനം എഫ്.ഡി.ഐ അനുവദിച്ചിട്ടുണ്ട്. മേലില്‍ കൊറിയര്‍ സേവനങ്ങളിലും പൂര്‍ണ എഫ്.ഡി.ഐ അനുമതി കൂടാതെ നടത്താം.
തേയിലത്തോട്ടങ്ങള്‍ അടക്കം പ്ളാന്‍േറഷന്‍ രംഗത്ത് നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ അനുമതിയോടെ നൂറുശതമാനം എഫ്.ഡി.ഐക്ക് ഇപ്പോള്‍ തന്നെ അനുമതിയുണ്ട്. ഇതില്‍ 49 ശതമാനത്തില്‍ സര്‍ക്കാര്‍ അനുമതി ഇനി വേണ്ട. പെട്രോളിയം -പ്രകൃതിവാതക സംസ്കരണത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഇനി 49 ശതമാനം എഫ്.ഡി.ഐ സ്വീകരിക്കാം. ചരക്കു വിനിമയത്തില്‍ 49 ശതമാനം വരെ എഫ്.ഡി.ഐ സ്വീകരിക്കുന്നതിന് ഭാഗികമായി ആവശ്യമായിരുന്ന സര്‍ക്കാര്‍ അനുമതി വേണ്ടെന്നുവെച്ചു. ഊര്‍ജ വിനിമയ, ഓഹരി വിപണി നിക്ഷേപങ്ങളിലും ഈ രീതി അവലംബിക്കും. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് 74 ശതമാനം വരെ പ്രത്യേകാനുമതി കൂടാതെ നിക്ഷേപം സ്വീകരിക്കാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus