Tue, 07/16/2013 - 23:31 ( 2 years 12 weeksago)
വാട്സന്‍ ടീമിലെ കാന്‍സര്‍ -ക്ളാര്‍ക്ക്
(+)(-) Font Size
വാട്സന്‍ ടീമിലെ കാന്‍സര്‍ -ക്ളാര്‍ക്ക്
മിക്കി ആര്‍തര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നു

മെല്‍ബണ്‍: ആഷസിലെ ആദ്യ തോല്‍വിയുടെ ആഘാതത്തില്‍നിന്ന് മോചിതരാവുംമുമ്പ് ആസ്ട്രേലിയന്‍ ടീമിനെ പിടിച്ചുലച്ച് വീണ്ടും വിവാദക്കൊടുങ്കാറ്റ്. പുറത്താക്കപ്പെട്ട കോച്ച് മിക്കി ആര്‍തറാണ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന്‍െറ പരാമര്‍ശത്തെ ഏറ്റുപിടിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കാലാവധി കഴിയും മുമ്പ് നിയമവിരുദ്ധമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെല്‍ബണ്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മിക്കി ആര്‍തര്‍ ടീമിലെ പടലപ്പിണക്കങ്ങളുടെ രൂക്ഷത വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചത്.
ദേശീയ ടീമിനു ബാധിച്ച അര്‍ബുദമായി ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ഉപനായകന്‍ ഷെയ്ന്‍ വാട്സനെ വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡ്രസിങ് റൂമിലെ പ്രശ്നങ്ങളാണ് ടീമിന്‍െറ മോശം പ്രകടനത്തിനു കാരണമെന്നും ആര്‍തര്‍ രേഖകളില്‍ പറയുന്നു.
ആഷസ് പരമ്പരക്ക് 16 ദിവസം മുമ്പാണ് ആര്‍തറെ പരിശീലക സ്ഥാനത്തുനിന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പുറത്താക്കിയത്. രണ്ടു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിനില്‍ക്കെ നിയമാനുസൃത നടപടികളൊന്നും പാലിക്കാതെ പുറത്താക്കിയതിനെ ചോദ്യംചെയ്താണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം 40 ലക്ഷം ആസ്ട്രേലിയന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ടീമില്‍ ക്ളാര്‍ക്ക്-വാട്സന്‍ പോരിനിടയില്‍ കുടുങ്ങിയ തനിക്ക് സാന്‍ഡ്വിച്ചിനിടയിലെ ഇറച്ചിയുടെ അവസ്ഥയായിരുന്നുവെന്ന് ആര്‍തര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടീമില്‍ ക്യാപ്റ്റനെതിരെ പടനയിച്ച് ഭിന്നിപ്പുണ്ടാക്കുന്നതായിരുന്നു വാട്സന്‍െറ നയമെന്ന രീതിയിലാണ് ക്ളാര്‍ക്കിന്‍െറ പരാമര്‍ശം. ഇന്ത്യയില്‍ പര്യടനം നടത്തവെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷെയ്ന്‍ വാട്സന്‍ അടക്കം നാലു കളിക്കാരെ മിക്കി ആര്‍തറും ക്ളാര്‍ക്കും നാട്ടിലേക്ക് മടക്കിയിരുന്നു.  ഗ്രൗണ്ടിലും പുറത്തും വാട്സന്‍െറ സ്വഭാവങ്ങള്‍ക്കെതിരെ പലഘട്ടങ്ങളിലും ക്ളാര്‍ക്ക് രംഗത്തെത്തിയിരുന്നതും ആര്‍തര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ പര്യടനത്തിലെയും ചാമ്പ്യന്‍സ് ട്രോഫിയിലെയും ആസ്ട്രേലിയയുടെ ദയനീയ പരാജയത്തിന്‍െറ പേരിലാണ് ആര്‍തറെ ജൂണ്‍ അവസാന വാരത്തില്‍ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഡാരന്‍ ലേമാനെ കോച്ചായി നിയമിച്ചാണ് ആസ്ട്രേലിയ ആഷസ്പരമ്പരക്കായി ഇപ്പോള്‍ ലണ്ടനിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനോട് 14 റണ്‍സിന് തോറ്റതിന്‍െറ ആഘാതം മാറുംമുമ്പേ ഡ്രസിങ് റൂമിലെ തമ്മിലടി അങ്ങാടിപ്പാട്ടായത് ടീമിന്‍െറ ആത്മവിശ്വാസത്തിന് കൂടി തിരിച്ചടിയാവും. എന്നാല്‍, ഇത് നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus