Tue, 07/16/2013 - 23:26 ( 2 years 12 weeksago)
താരങ്ങളുടെ ഹോട്ടലില്‍ ഉത്തേജക വേട്ട
(+)(-) Font Size
താരങ്ങളുടെ ഹോട്ടലില്‍ ഉത്തേജക വേട്ട
ഫിസിയോ വഞ്ചിച്ചു -അസഫ പവല്‍

ലണ്ടന്‍: ട്രാക്കില്‍ കൊടുങ്കാറ്റുണര്‍ത്തിയ മരുന്നടി കത്തിപ്പടരുന്നു. അസഫ പവലും ഷിറോണ്‍ സിംപ്സണും ഇവരുടെ ഫിസിയോയും തങ്ങിയ വടക്കന്‍ ഇറ്റലിയിലെ ലിഗ്നാനൊയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ പൊലീസ് റെയ്ഡ് നടത്തി. ബോധപൂര്‍വം മരുന്നടിച്ചില്ലെന്നും തങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യവസ്തുക്കളില്‍ അറിയാതെ തിരുകിക്കയറ്റിയതാകാമെന്നതിനാല്‍ ഫിസിയോ തെറപിസ്റ്റ് ക്രിസ് സുവരബിനൊപ്പം തങ്ങിയ മുറി റെയ്ഡ് നടത്തണമെന്നും ഇരുവരും ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയോട് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ സംശയകരമായ 50 ഓളം വസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പേശീ ഉത്തേജകങ്ങളും മരുന്നുകളുമാണ് പിടികൂടിയതെന്ന് പൊലീസ് മേധാവി അന്‍േറാണിയോ പിസാപിയ സ്ഥിരീകരിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ ഏജന്‍സിയുടെ നിയമമനുസരിച്ച് അത്ലറ്റുകളുടെ ഉള്ളിലെത്തുന്ന എല്ലാറ്റിനും അവര്‍ പൂര്‍ണ ഉത്തരവാദികളാണ്. അതേസമയം, താരങ്ങളറിയാതെ ഫിസിയോ ഭക്ഷണത്തില്‍ ചേര്‍ത്ത് നല്‍കിയതെന്ന് തെളിഞ്ഞാല്‍ ശിക്ഷയില്‍ ഇളവുലഭിക്കും. ഇറ്റലിയിലെ ലിഗ്നാനൊയില്‍ പരിശീലനത്തിന്‍െറ ഭാഗമായി രണ്ടു താരങ്ങളും ഫിസിയോയും ഒന്നിച്ചു താമസിക്കുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവന്നത്. അധികം വൈകാതെ കാനഡയുടെ മുന്‍ അത്ലറ്റും അമേരിക്കന്‍ ഫുട്ബാള്‍ താരവുമായ ഫിസിയോ തെറപിസ്റ്റ് ക്രിസിനെ പ്രതി ചേര്‍ത്ത് ഇരുവരും ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് പരാതി നല്‍കി. നടപടിയുമായി പൊലീസ് എത്തുമ്പോഴാണ് സുവാരെബ് സംഭവമറിയുന്നത്. ഏഴു മണിക്കൂറോളം നിരന്തരം ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ 4.30ഓടെ വിട്ടയച്ച അദ്ദേഹം നടപടിയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു.
അതിനിടെ, സുവാരെബാണ് ഉത്തേജകം നല്‍കിയതെന്ന വാദവുമായി ഇരുവരുടെയും കോച്ച് സ്റ്റീഫന്‍ ഫ്രാന്‍സിസും രംഗത്തെത്തി. കഴിഞ്ഞദിവസം ജമൈക്കന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫിസിയോക്കെതിരെ ഫ്രാന്‍സിസ് കടുത്ത വിമര്‍ശമുന്നയിച്ചത്. ജമൈക്കയിലെ പരിമിത സൗകര്യങ്ങള്‍ കാരണം ഇറ്റലിയിലെ ലിഗ്നാനൊ നഗരത്തിലെ തെഗ്ഹില്‍ സ്റ്റേഡിയത്തിലാണ് വര്‍ഷങ്ങളായി പ്രമുഖ ജമൈക്കന്‍ താരങ്ങള്‍ പരിശീലനം നേടുന്നത്. ഉത്തേജക പരിശോധനകളില്‍ പരാജയപ്പെട്ടതായി ഇരുവരുടെയും പേരുകള്‍ പുറത്തുവന്ന അതേ ദിവസമാണ് യു.എസില്‍ ടൈസണ്‍ ഗേയുടെ സാമ്പിളും പോസിറ്റീവാണെന്ന് തെളിയുന്നത്. ഇതോടെ, അത്ലറ്റിക്സിലെ ഏറ്റവും വലിയ മരുന്നടി വിവാദമായി സംഭവം മാറി.
സുവാരെബ് താരങ്ങളുടെ ഫിസിയോ ആയി എത്തുന്നത് കഴിഞ്ഞ മേയ് എട്ടിനാണ്. നാലുമാസത്തേക്കായിരുന്നു കരാര്‍.
അതേ സമയം, മറ്റൊരു ജമൈക്കന്‍ താരം കൂടി മരുന്നടിച്ചതായി തെളിഞ്ഞു. കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ ഓക്സിലോഫ്റിന്‍ എന്ന ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞ അഞ്ചുപേരില്‍ ഒരാള്‍ താനായിരുന്നെന്ന് ഡിസ്കസ് ത്രോയിലെ ദേശീയ ജേതാവും ലണ്ടന്‍ ഒളിമ്പിക്സില്‍ ജമൈക്കയെ പ്രതിനിധാനംചെയ്ത വനിതാ അത്ലറ്റുമായ അലിസണ്‍ റന്‍ഡാള്‍ പറഞ്ഞു. പ്രാഥമിക ഫലങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും വിദഗ്ധ പരിശോധനയില്‍ ഇവ സത്യമല്ലെന്ന് സ്ഥിരീകരിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. ജമൈക്കന്‍ ഒളിമ്പിക് ചാമ്പ്യനായിരുന്ന വെറോണിക്ക കാംബ്ബെല്‍  ബ്രൗണ്‍ ഉത്തേജകം കഴിച്ചതായി സ്ഥിരീകരിച്ച് ഒരു മാസം പൂര്‍ത്തിയാവുന്നതിനിടെയാണ് പുതിയ വിവാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus