12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

തെറ്റയില്‍ കേസ്: സ്റ്റേ 10 ദിവസം കൂടി നീട്ടി

തെറ്റയില്‍ കേസ്: സ്റ്റേ 10 ദിവസം കൂടി നീട്ടി

കൊച്ചി: ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ലൈംഗികാരോപണ കേസിലെ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമുള്ള സ്റ്റേ ഹൈകോടതി 10 ദിവസത്തേക്ക് കൂടി നീട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തിലാണ് ജസ്റ്റിസ് പി. ഭവദാസന്‍െറ ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. അതിനിടെ, കേസിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഭരണമുന്നണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ തന്നെ തെറ്റയിലിനെതിരെ രംഗത്തിറക്കുകയായിരുന്നെന്ന ആരോപണം തെറ്റാണെന്ന് യുവതി വ്യക്തമാക്കി. തന്‍െറ ആരോപണത്തിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വമില്ല. രാഷ്ട്രീയക്കാരുടെ സഹായം തേടേണ്ട സാഹചര്യമില്ല. തന്‍െറ സമ്മതമില്ലാതെ നിര്‍ബന്ധിച്ചാണ് തെറ്റയില്‍ ആദ്യം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയത്. അതിനാല്‍, തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതാണ്. ഇതിന് ശേഷമാണ് ഇയാളുടെ ഇടപാടുകള്‍ക്ക് തെളിവുണ്ടാക്കാനായി കാമറ സ്ഥാപിച്ചത്. തെളിവ് ശേഖരിക്കുന്നതിനു ചെയ്തതാണിത്.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനഭംഗ കുറ്റം നിലനില്‍ക്കും. തെറ്റയിലിനും മകനുമെതിരെ മാനഭംഗക്കുറ്റം ചുമത്താന്‍ പര്യാപ്തമായ വിവരങ്ങള്‍ തന്‍െറ പക്കലുണ്ട്. പരാതി അഭിഭാഷകന്‍െറ സഹായമില്ലാതെ സ്വമേധയാ തയാറാക്കിയതാണ്. പ്രതിസ്ഥാനത്ത് ഉന്നതനായതിനാലാണ് എസ്.ഐക്ക് പരാതി നല്‍കാതെ ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയത്. കേസിന്‍െറ വിചാരണ വേളയിലാണ് തെളിവുകള്‍ പരിശോധിക്കുന്നതെന്നിരിക്കെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കരുത്്. എഫ്.ഐ.ആര്‍ റദ്ദാക്കിയാല്‍ വിചാരണ നടപടി ഇല്ലാതാവുകയും സത്യസന്ധമായ വിവരങ്ങള്‍ മൂടിവെക്കപ്പെടുകയും ചെയ്യും. പ്രതിയെ രക്ഷപ്പെടാനിടയാക്കുന്ന നടപടിയാകും ഇത്. തനിക്ക് പറയാനുള്ളതുകൂടി കേട്ടിട്ടുവേണം കേസ് തീര്‍പ്പാക്കാനെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതായി തെളിയിക്കുന്ന ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തിയിട്ടുള്ളതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഗുരുതര കുറ്റക്യത്യമാണ് എം.എല്‍.എ എന്ന നിലയില്‍ തെറ്റയില്‍ ചെയ്തത്. എഫ്.ഐ.ആറില്‍ കുറ്റക്യത്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തണമെന്നില്ല. അന്വേഷണം നടത്താന്‍ കുറ്റകൃത്യം നടന്നതായ സംശയം മാത്രം മതിയാകും. സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി ലഭിച്ചാല്‍ കേസെടുക്കാതിരിക്കുന്നത് കുറ്റകരമാണ്. അതിനാല്‍ കേസെടുത്തത് നിയമപരമായാണ്. തെളിവ് ശേഖരണത്തിനും അന്വേഷണം തുടരേണ്ടത് അനിവാര്യമാണ്. ഇതിനിടയിലുള്ള ഇടപെടലുകള്‍ അന്വേഷണത്തെ ബാധിക്കും.
തെറ്റയില്‍ പെണ്‍കുട്ടിയുടെ ഫ്ളാറ്റില്‍ പല തവണ പോയതിന് തെളിവുകളുണ്ട്. മകനെ വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും വ്യക്തമാണ്. സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കാമറ സ്ഥാപിച്ച് പകര്‍ത്തിയെന്നതുകൊണ്ട് സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്ന് പറയാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com