ലുസൈല്‍ സിറ്റി അപകടം: മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദോഹ: ലുസൈല്‍ സിറ്റിയില്‍ നിയന്ത്രണം വിട്ടുവന്ന വാഹനമിടിച്ച് മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദോഹ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്നലെ രാത്രി 8.30നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് രണ്ടു മൃതദേഹങ്ങളും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ കൊല്ലം ഇരവിപുരം കൊട്ടിയം പുന്തലത്താഴം നഗര്‍ 236 താരാഭവനില്‍ താമസിക്കുന്ന ജോസ് തോമസ് (രാജു 38), കൊല്ലം പ്രാക്കുളം സ്വദേശി അഗസ്റ്റിന്‍ (30) എന്നിവരാണ് മരിച്ചത്. സ്വീഡന്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും അടുത്തിടെയാണ് ഖത്തറില്‍ എത്തിയത്. സ്വീഡന്‍ കമ്പനിയുടെ പ്രതിനിധിയും മരിച്ചവരില്‍ ഒരാളുടെ ബന്ധുവും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോയിട്ടുണ്ട്. ഇവരെക്കൂടാതെ ആറ് നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചിരുന്നു.
ജോലി കഴിഞ്ഞ് കമ്പനി വാഹനം കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ലാന്‍റ് ക്രൂയിസര്‍ ഇടിച്ചുകയറിയായിരുന്നു അപകടം. അഗസ്റ്റിന്‍ സംഭവസ്ഥലത്ത് വെച്ചും ജോസ് തോമസ് ശനിയാഴ്ച ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടം വരുത്തിയ വാഹനത്തിന്‍െറ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേപ്പാള്‍ സ്വദേശികളായ ഫട്വാരി ചൗധരി, വിവേകാനന്ദ സാഹ, രാമചന്ദ്ര മഹാതോ, അര്‍ജുന്‍ ഗൗതം, ആശാറാം താറു എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus