വ്യാജ ടയര്‍ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്; 13 പേര്‍ അറസ്റ്റില്‍

വ്യാജ ടയര്‍ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്; 13 പേര്‍ അറസ്റ്റില്‍

മസ്കത്ത്: വ്യാജ ടയര്‍ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. കേടുവന്ന ടയറുകള്‍ മിനുക്കുപണികള്‍ നടത്തി പുതിയതെന്ന പേരില്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പരിശാധന നടന്നത്. ഇവിടെ പ്രവറത്തിച്ചിരുന്ന 13 പേരെ പിടികൂടി. ഇവര്‍ ഏഷ്യക്കാരാണ്.
ഒരു കമ്പനിയില്‍ അനധികൃതമായി പഴയ ടയറുകള്‍ പുതുക്കി വില്‍പന നടത്തുന്നുവെന്ന് രഹസ്യം വിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ടയറുകള്‍ കണ്ടെത്തിയത്. ടയറുകള്‍ കേടുപാടുകള്‍ മാറ്റി പോളിഷ് ചെയ്ത് പുതിയതെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. കാലവധി കഴിഞ്ഞതോ കേടുവന്നതോ ആയ ടയറുകള്‍ റിപ്പയര്‍ നടത്തുന്ന ഇത്തരം ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ചെയര്‍മാന്‍ സഈദ് ബിന്‍ ഖാമിസ് അല്‍ കഅ്ബി പറഞ്ഞു.
സ്ഥാപനത്തിന്‍െറ വെയര്‍ഹൗസില്‍ അധികൃതര്‍ പരിശോനക്കെത്തിയപ്പോള്‍ ഇത്തരം ടയറുകളുമായി ട്രക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം പരിശോധനക്കെത്തിയപ്പോള്‍ ജീവനക്കാര്‍ ടയറുകള്‍ ചുരണ്ടുകയും പൊളിഷ് ചെയ്യകയുമായിരുന്നു. ഇതിനായി ഉപയോഗിക്കുന്ന പ്രത്യേക യന്ത്രങ്ങളും പിടികൂടി. കേസ് കൂടുതല്‍ അന്വേഷണത്തിനും മേല്‍ നടപടിക്കുമായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഒമാനില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം ടയറുകളൂടെ ഗുണ നിലവാര കുറവാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ചൂടുകാലത്ത് ടയറുകള്‍ പൊട്ടി വാഹനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും അത്യാഹിതങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ വര്‍ഷം വേനല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗുണ നിലവാരമില്ലാത്ത ടയറുകള്‍ ഉപയോഗിന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുണനിലവാരമുള്ള, അന്താരാഷ്ട്ര നിലവാരവുമുള്ള കമ്പനികളൂടെ ടയറുകള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. നിയമം കര്‍ശനമാക്കിയതോടെ ടയറുകള്‍ പൊട്ടിയുണ്ടാവുന്ന അപകടങ്ങളും കുറഞ്ഞിട്ടുണ്ട്.
ഗുണ നിലവാരമില്ലാത്ത ടയറുകള്‍ ഏറ്റവും പ്രശ്ന മുണ്ടാക്കുന്നത് ട്രക്കുകളിലും ട്രൈലറുകളിലും ആയതിനാല്‍ ഇത്തരം വാഹനങ്ങളില്‍ പ്രാദേശിക കമ്പനികളുടെ ടയറുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം വാഹനങ്ങളൂടെ ടയറുകള്‍ക്കായി പ്രത്യേക പരിശോധനയും നടക്കുന്നുണ്ട്. നിലവാരമില്ലാത്ത ടയറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിഴയും മറ്റ് ശിക്ഷാ നടപടികളും സ്വീകരിച്ചിരുന്നു. അതോടെ ഈ മേഖലയില്‍ അപകടവും കുറഞ്ഞിട്ടുണ്ട്. കടുത്ത ചൂടും വാഹനങ്ങളുടെ വേഗതയും കാരണം ടയറുകള്‍ പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് അധികൃതര്‍ നടപടി ശക്തമാക്കിയത്. അടുത്ത കാലം വരെ റോഡപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ട്രൈിലറുകള്‍ മുന്‍പന്തിയിലായിരുന്നു. ഗുണ നിലവാരമില്ലാത്ത ടയറുകള്‍ ദീര്‍ഘ ദൂരത്തില്‍ ഓടുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് വന്‍ ഭീഷണി ആയതിനാല്‍ വ്യാജ ടയര്‍ നിര്‍മാണം ഏറെ ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. ജനങ്ങളുടെ സുരക്ഷക്കും ജീവനും ഭീഷണിയായതിനാല്‍ വ്യാജ ടയറുകള്‍ നിര്‍മിച്ച സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus