മുഹമ്മദ് അബ്ദുല്ലയുടെ ഇഫ്താറിന് വിയര്‍പിന്‍െറ മാധുര്യം

മുഹമ്മദ് അബ്ദുല്ലയുടെ ഇഫ്താറിന് വിയര്‍പിന്‍െറ മാധുര്യം
മുഹമ്മദ് അബ്ദുല്ലയും (നടുവില്‍) സഹായികളും ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ വിതരണത്തിന് തയാറാക്കുന്നു

മസ്കത്ത്: മത്ര സൂഖിന്‍െറ വാതിലില്‍ റമദാനില്‍ ദിവസവും ഒരു നോമ്പുതുറയുണ്ട്. ഒമാനിയായ മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി വക. ഭക്ഷണം കൊണ്ടുവരുന്നതും അത് വിതരണത്തിന് തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം മുഹമ്മദ് അബ്ദുല്ല തന്നെ. ദിവസവും നൂറ്റമ്പതോളം പേരുടെ വിശപ്പാറ്റുന്ന ഈ ഇഫ്താറിന്‍െറ ചിലവ് വഹിക്കുന്നതും അദ്ദേഹം തന്നെ. അവിടെ നോമ്പ് തുറക്കാന്‍ വരുന്നരാകട്ടെ, മറ്റെങ്ങും കയറിയിരിക്കാന്‍ ഇടം കിട്ടാത്തവരും മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയാത്തവരുമായ സാധുക്കള്‍. അതിഥികളും ആതിഥേയരുമെല്ലാം ചേര്‍ന്നപ്പോള്‍ ഈ ഇഫ്താറിന് വിയര്‍പിന്‍െറ മാധുര്യമാണ്.
അല്‍ഖൂദില്‍ താമസിക്കുന്ന ഒമാനിയാണ് മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി. വാര്‍ധക്യത്തോടടുത്ത പ്രായം. മത്രയിലെ ചെരുപ്പ് വ്യാപാരി. തൊഴിലാളകിള്‍ക്കൊപ്പം ജീവിക്കുന്ന തൊഴിലുടമയുടെ അനുഭവങ്ങളാകാം മറ്റാരും കാണാത്ത നോമ്പുകാര്‍ക്കായി ഇത്തരമൊരു ഇഫ്താറിന് മുഹമ്മദ് അബ്ദുല്ലയെ പ്രേരിപ്പിച്ചത്. അല്‍ഖൂദിലെ വീട്ടിലാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ എല്ലാം തയാറാക്കുന്നത്. ഫ്രൂട്ട്സും പലഹാരങ്ങളുമെല്ലാം സഹിതം വിഭവ സമൃദ്ധമായ നോമ്പുതുറക്കുള്ള വിഭവങ്ങളുമായി വണ്ടിയില്‍ വൈകുന്നേരം നാല് മണിയോടെ മത്രയിലെത്തും. നോമ്പ് തുറക്കുള്ള സാധനങ്ങള്‍ പാത്രങ്ങളിലാക്കി വിതരണത്തിന് തയാറാക്കുന്നത് ഇവിടെ വച്ചാണ്. സഹായത്തിന് മുഹമ്മദ് അബ്ദുല്ലയുടെ കടയിലെ രണ്ട് തൊഴിലാളികളുണ്ടാകും. ഇതില്‍ മലയാളിയുമാണ് -കാസര്‍കോട് സ്വദേശി മൂസ. സഹായികളുണ്ടെങ്കിലും എല്ലാത്തിനും മുമ്പില്‍ അബ്ദുല്ല തന്നെ. അബ്ദുല്ലയുടെ നോമ്പ് തുറയും ഇവര്‍ക്കൊപ്പമാണ്.
നോമ്പ് തുറ മാത്രമല്ല, അതിനൊപ്പം സുഭിക്ഷമായ ഭക്ഷണവും ഇവിടെയുണ്ട്. ദിവസവും ബിരിയാണി തന്നെ. എന്നാല്‍ ചിക്കനും മട്ടനുമൊക്കെയായി അത് മാറിക്കൊണ്ടിരിക്കും. ബിരിയാണി ഉണ്ടാക്കുന്നതും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ തന്നെ. കൊണ്ടുവരുന്നതും അദ്ദേഹം തന്നെ. രാത്രി തറാവീഹ് നമസ്കാരത്തിന് എത്തുന്നവര്‍ക്ക് വേണ്ടി കാവയും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് വരുന്നുണ്ട്. ഫ്ളാസ്കുകളില്‍ നിറച്ച് കൊണ്ടുവരുന്ന കാവ രാത്രയിലെ ആവശ്യക്കാര്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും ഉടമ തന്നെ.
ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നവരില്‍ മഹാഭൂരിഭാഗവും ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളാണ്. തന്‍െറ കടയിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനായി ഭക്ഷണം കൊണ്ടുവന്നുതുടങ്ങിയതാണ് മുഹമ്മദ് അബ്ദുല്ല.
കാലങ്ങള്‍ കടന്നുപോയപ്പോള്‍ അത് അത്താണിയില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വിഭമായി മാറി. ഇതിപ്പോള്‍ പത്ത് വര്‍ഷത്തിലധികം പിന്നിട്ടിരിക്കുന്നു. തുടക്കത്തിലെ നിശ്ചയം പോലെ തന്നെ ഇപ്പോഴും ഇവിടെ വരുന്നവരില്‍ മഹാഭൂരിഭാഗവും സാധാരണ തൊഴിലാളികാണ്. അധികവും ബംഗാളികളാണ്. ഒമാനികളും കുറവല്ല. ഇതില്‍ തന്നെ പകുതിയിലേറെ കയറ്റിറക്ക് ജോലിക്കാരാണ്.
പിന്നെ അര്‍ബാന തൊഴിലാളികളും. അതുപോലുള്ള, വണ്ടികയറി സമീപത്തെ പള്ളികളിലേക്ക് പോലും പോകാന്‍ കെല്‍പില്ലാത്തവര്‍. തൊഴിലിടങ്ങളില്‍ നിന്ന് ദൂരേക്ക് മാറിപ്പോകാന്‍ പറ്റാത്തവര്‍. പണിസ്ഥലത്തുനിന്ന് വിയര്‍പ്പുമാറാത്ത ഉടലുമായി ഇഫ്താര്‍ വിരിപ്പിലേക്ക് കിതച്ചെത്തുന്നവര്‍. അതുകൊണ്ട് തന്നെയാണ് ഈ ഇഫ്താറിന് മധുരമിരിട്ടിക്കുന്നതും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus