12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

ജനാധിപത്യത്തിന്റെ ഈജിപ്ഷ്യന്‍ പാഠങ്ങള്‍

ജനാധിപത്യത്തിന്റെ ഈജിപ്ഷ്യന്‍ പാഠങ്ങള്‍

ഈജിപ്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കിയതിനെക്കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പ്രതികരിച്ചു: ‘ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്‍റിനെ ഒരിക്കല്‍ പുറത്താക്കാന്‍ സൈന്യത്തിനായെങ്കില്‍ ഭാവിയിലും അതാവര്‍ത്തിക്കാന്‍ അവര്‍ക്ക് എളുപ്പം സാധിക്കും!’
വിപ്ളവം വഴിമാറി സഞ്ചരിക്കുന്ന ഈജിപ്തിലെ ജനാധിപത്യത്തിന്‍െറ ഭാവിയെ നിര്‍വചിക്കാന്‍ ഇതിനേക്കാളും നല്ല ഒരു പ്രസ്താവനയില്ല. രാജ്യസമ്പത്തിന്‍െറ 40 ശതമാനവും കൈവശം വെച്ചിരിക്കുന്ന സൈന്യവും ബാക്കിയുള്ളതില്‍ നല്ലൊരു വിഹിതം അഴിമതിയിലൂടെയും അവിഹിത ഇടപാടുകളിലൂടെയും കൈയടക്കിയിട്ടുള്ള കുത്തക ബിസിനസുകാരും അഞ്ചു ദശകം കൈകോര്‍ത്തു കൊണ്ടുനടന്ന ഏകാധിപത്യ സമഗ്രാധിപത്യ ശൈലി പരിചയിച്ചുവളര്‍ന്നവരായിരുന്നു ഈജിപ്ഷ്യന്‍ സമൂഹം.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ ജനാധിപത്യത്തിലേക്ക് വഴിതുറന്ന് കിട്ടിയപ്പോള്‍ അന്ധാളിച്ചുപോയ ആ സമൂഹം, കടുത്ത അസഹിഷ്ണുതയും അപക്വമായ നിലപാടുകളും മുഖമുദ്രയായ ഏതാനും നേതാക്കളുടെ കൈയിലെ കളിപ്പാവകളാവുകയായിരുന്നു. ആ നേതാക്കളാകട്ടെ, ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അതിലൂടെ ഭരണത്തില്‍ വരുന്നത് ഇസ്ലാമിസ്റ്റുകളാണെങ്കില്‍ അവരെ ഭരിക്കാന്‍ അനുവദിക്കരുതെന്ന് ശാഠ്യമുള്ള വൈദേശിക ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി മാറുകയും ചെയ്തപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
2011 ജനുവരി 25ലെ വിപ്ളവത്തിനുശേഷം കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ നടന്നത് രണ്ട് തെരഞ്ഞെടുപ്പുകളും രണ്ട് ഹിതപരിശോധനകളും. ആദ്യത്തേത്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പാണോ ഭരണഘടനയാണോ ആദ്യം വേണ്ടതെന്ന ഹിതപരിശോധന. അതില്‍ മുസ്ലിം ബ്രദര്‍ഹുഡ് മുന്നോട്ടുവെച്ച, ആദ്യം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ചേര്‍ന്ന് ഭരണഘടനയുണ്ടാക്കുകയും വേണമെന്നുള്ള ആശയത്തിന് 71 ശതമാനം പേരുടെ പിന്തുണ. സൈന്യവും പ്രതിപക്ഷത്തെ മുഹമ്മദ് ബറാദി, അംറ് മൂസ, ഹംദീര്‍ സബാഹി തുടങ്ങിയവരും പഴയ മുബാറക് ഭരണകൂടത്തിന്‍െറ പിണിയാളുകളുമൊക്ക ഇതിനെതിരായിരുന്നിട്ടും ബ്രദര്‍ഹുഡിന്‍െറ നിലപാടിനാണ് സ്വീകാര്യത ലഭിച്ചത്. തുടര്‍ന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. അതിലും ഏതാണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബ്രദര്‍ഹുഡിന് വിജയം. പക്ഷേ, നിസ്സാര കാരണങ്ങള്‍ പറഞ്ഞ് സൈന്യം തെരഞ്ഞെടുപ്പ് റദ്ദാക്കി. പിന്നീട്, കഴിഞ്ഞവര്‍ഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. അതും ബ്രദര്‍ഹുഡിന്‍െറ സ്ഥാനാര്‍ഥിയായ മുഹമ്മദ് മുര്‍സിക്ക് അനുകൂലം. ആ തെരഞ്ഞെടുപ്പിലും എല്ലാ സെക്കുലറിസ്റ്റുകളും ലിബറലുകളും മുബാറക് അനുകൂലികളും ബ്രദര്‍ഹുഡിനെതിരെ നിന്നു. ഈ മൂന്നു തെരഞ്ഞെടുപ്പുകളും നടന്നത് സൈനിക നേതൃത്വത്തിന്‍െറ നിയന്ത്രണത്തിലും ഭരണകൂടത്തിന് കീഴിലും. പിന്നീട് ആറുമാസം മുമ്പ് ഭരണഘടനയെക്കുറിച്ച് ഹിതപരിശോധന. അതിലും ബ്രദര്‍ഹുഡിന്‍െറ നിലപാടിന് ഏതാണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ഇവിടെയും മുഹമ്മദ് ബറാദി, അംറ് മൂസ, ഹംദീര്‍ സബാഹി തുടങ്ങിയവരൊക്കെ ഭരണഘടനക്കെതിരായിരുന്നിട്ടും ജനങ്ങള്‍ പിന്തുണച്ചത് ബ്രദര്‍ഹുഡിന്‍െറ നിലപാടിനെ. ലോകത്തെവിടെ, ഏത് ജനാധിപത്യത്തിന്‍ കീഴിലാണ്, രണ്ടുവര്‍ഷംകൊണ്ട് നാല് തെരഞ്ഞെടുപ്പ് നടന്നിട്ട് നാലിലും ഒരേ പാര്‍ട്ടി തന്നെ വിജയിച്ചിട്ടുള്ളത്? ഇതൊന്നും ജനപിന്തുണയല്ലെങ്കില്‍ പിന്നെ ആ പദത്തിനെന്തര്‍ഥം?
ഇവിടെയാണ് ‘വന്‍ ജനകീയ പ്രക്ഷോഭം’ എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പേരിട്ട് വിളിച്ച പുതിയ തഹ്രീര്‍ ചത്വരപ്രക്ഷോഭത്തിന്‍െറ പൊള്ളത്തരം വെളിവാകുന്നത്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ആരും ഭരിക്കേണ്ടതില്ലെന്ന് ഒന്നാം തീയതി തന്നെ തീരുമാനിച്ച് എല്ലാ അര്‍ഥത്തിലും മുര്‍സി ഭരണകൂടവുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും കിട്ടാവുന്ന എല്ലാ സന്ദര്‍ഭത്തിലും അവര്‍ക്ക് പാരപണിയുകയും ചെയ്ത പ്രതിപക്ഷം സൈന്യത്തിന്‍െറ മറപറ്റി ചുളുവില്‍ അധികാരത്തിലേറാമെന്ന വ്യാമോഹത്തിനടിപ്പെട്ടതാണ് ഈജിപ്തിലെ പ്രശ്നങ്ങളുടെ മര്‍മം. മുര്‍സിക്കെതിരായ ചാര്‍ജ് ഷീറ്റൊക്കെ അതിന്‍െറ ബാക്കിപത്രമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ തലപ്പത്തിരുന്ന് അമേരിക്കയുടെ താല്‍പര്യങ്ങളെ വാനോളം ഉയര്‍ത്തിപ്പിടിച്ച അല്‍ ബറാദി അടക്കമുള്ള ആളുകള്‍ ജനാധിപത്യത്തെ ഇങ്ങനെ ഏതാനും ചില്ലിക്കാശിനോ ചില സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി ഒറ്റുകൊടുക്കുമോയെന്നാണ് ചോദ്യമെങ്കില്‍, അതാണ് വാസ്തവത്തില്‍ ഈജിപ്തില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേവലം രണ്ടുശതമാനം വോട്ട് ലഭിച്ച അല്‍ബറാദിക്കും 11 ശതമാനം വോട്ടു മാത്രം ലഭിച്ച, മുബാറക് ഭരണകൂടത്തിന്‍െറ ബാക്കിപത്രം കൂടിയായ അംറ് മൂസക്കും ജനാധിപത്യത്തോട് പ്രിയം കുറയുന്നുവെങ്കില്‍ അതിന്‍െ കാരണമന്വേഷിച്ച് വേറെ വല്ലയിടത്തും പോകണോ?
വാസ്തവത്തില്‍ ഇവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് മുര്‍സി തന്നെ ഈ വര്‍ഷം അവസാനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് കാത്തിരിക്കുകയായിരുന്നു. അതില്‍ വിജയിച്ചുവന്നാല്‍ വളരെ പെട്ടെന്നുതന്നെ പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനും അങ്ങനെ ജനാധിപത്യരീതിയില്‍ത്തന്നെ മുര്‍സിയെ പുറത്താക്കാനും സാധിക്കുമായിരുന്നു. എന്നാല്‍, ‘22 ദശലക്ഷം പേര്‍ ഒപ്പുവെച്ച’ മുര്‍സിക്കെതിരായ മെമ്മോറാണ്ടത്തില്‍ അവര്‍ക്കുപോലും വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് കാത്തുനില്‍ക്കാന്‍ തങ്ങള്‍ക്ക് ക്ഷമയില്ലെന്ന് പറഞ്ഞതിലൂടെ പ്രതിപക്ഷം തെളിയിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിന് കഴിഞ്ഞ 40 കൊല്ലത്തെ ഏകാധിപത്യത്തിന്‍െറ കറകള്‍ കഴുകിക്കളയാന്‍ പ്രതിപക്ഷം അനുവദിച്ചത് കേവലം ആറുമാസം പോലുമില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. തുടക്കത്തില്‍ തന്നെ പാര്‍ലമെന്‍റ് സൈന്യം പിരിച്ചുവിട്ടു. സൈന്യത്തിന്‍െറയും പഴയ ഭരണകൂടത്തിന്‍െറ പ്രതിനിധികളുടെയും സ്വാധീനം കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യം വെച്ച് മുര്‍സി നടത്തിയ പല നിയമനങ്ങളെയും ചോദ്യം ചെയ്തു. രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് അതിനെ രക്ഷിക്കാനുള്ള പാക്കേജുകളൊക്കെ (20 വര്‍ഷം നീണ്ടുനില്‍ക്കുന്ന വിശദമായ സാമൂഹികസാമ്പത്തിക വികസനം ലക്ഷ്യം വെച്ച നഹ്ദ പദ്ധതി, ചൈനയുമായി ചേര്‍ന്ന് ഏഴു ലക്ഷം തൊഴില്‍ നല്‍കാനുതകുന്ന സൂയസ് പ്രദേശത്തെ വികസനപദ്ധതികള്‍, റഷ്യ, ബ്രസീല്‍, ഇറാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ച വിവിധ പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍) പാടെ അവഗണിക്കുകയും, സാമ്പത്തികമായി ഈജിപ്തിനെ രക്ഷിക്കാന്‍ മുര്‍സി ഒന്നും ചെയ്തില്ലെന്ന് പെരുമ്പറയടിക്കുകയുമായിരുന്നു പ്രതിപക്ഷം. അവസാനം, പ്രകടനങ്ങളിലൂടെ പ്രസിഡന്‍റിനെ പുറത്താക്കാന്‍ സൈന്യത്തിന് അധികാരം വകവെച്ചുനല്‍കിയ പ്രതിപക്ഷം പക്ഷേ, ഇപ്പോള്‍ സൈനിക ഭരണകൂടം അംഗീകരിച്ച താല്‍ക്കാലിക ഭരണഘടനാ നിര്‍ദേശങ്ങള്‍ കണ്ട് അന്തം വിട്ടുനില്‍ക്കുകയാണ്. പുതിയ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിച്ച ‘ജനാധിപത്യത്തിലേക്കുള്ള റോഡ് മാപ്പി’ന് എതിരാണെന്നും സൈന്യത്തിന് പരമാധികാരം വകവെച്ചുകൊടുക്കുന്നതാണെന്നും അഭിപ്രായപ്പെട്ട് ‘തമര്‍റുദ്’ പ്രസ്ഥാനത്തിന്‍െറ യുവസാരഥികളും നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്‍െറ നേതാക്കളുമൊക്കെ രംഗത്തുവന്നുകഴിഞ്ഞു. വരാനിരിക്കുന്ന കൂടുതല്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇപ്പോള്‍തന്നെ തുടക്കം കുറിച്ചുകഴിഞ്ഞുവെന്നര്‍ഥം.
ഈജിപ്ഷ്യന്‍ ജനതയെ മുമ്പൊന്നുമില്ലാത്തവണ്ണം അത്യന്തം അപകടകരമാം വിധം വിഭജിച്ചിരിക്കുകയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍. വിഷയത്തിലുള്‍പ്പെട്ട എല്ലാവരും ജാഗ്രത പാലിച്ചില്ലെങ്കില്‍ അല്‍ജീരിയ ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. പാശ്ചാത്യ മാധ്യമങ്ങളും നേതാക്കളും അത്തരമൊരു സാധ്യതയിലേക്ക് ഇടക്കിടെ വിരല്‍ചൂണ്ടുന്നുണ്ട്. പ്രത്യേകിച്ചും, സൈനിക അട്ടിമറിക്കുശേഷം ബ്രദര്‍ഹുഡിന്‍െറ ചാനലുകളും പത്രങ്ങളും അടച്ചുപൂട്ടിയതും അവരുടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതും സമാധാനപരമായി പ്രകടനം നടത്തിയ മുര്‍സി അനുകൂലികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടതുമൊക്കെ ഈ സാധ്യതക്ക് ആക്കംകൂട്ടുന്നു. ഏറ്റവുമവസാനം, ബ്രദര്‍ഹുഡിന്‍െറ ഉന്നത നേതൃത്വത്തില്‍പെട്ട പലര്‍ക്കുമെതിരെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസെടുത്തതും ഇതോട് ചേര്‍ത്തുവായിക്കണം. എത്രതന്നെ പ്രകോപിപ്പിക്കപ്പെട്ടാലും അക്രമത്തിലേക്ക് തിരിയില്ലെന്ന ബ്രദര്‍ഹുഡ് നേതാക്കളുടെ പ്രസ്താവനകള്‍ ഇവ്വിഷയത്തില്‍ ആശ്വാസകരമാണ്. പക്ഷേ, ബോധപൂര്‍വം ബ്രദര്‍ഹുഡ് അനുകൂലികളെ പ്രകോപിപ്പിക്കാന്‍ സൈനികഭരണകൂടത്തിലെ ചില ഘടകങ്ങള്‍ നടത്തുന്ന നീക്കങ്ങളും പ്രതിപക്ഷകക്ഷികളിലെ ചിലര്‍ ബ്രദര്‍ഹുഡ് അനുയായികളുടെ ഇടയില്‍ നുഴഞ്ഞുകയറി അവര്‍ കുഴപ്പക്കാരാണെന്ന് വരുത്തുന്നതിനുള്ള ശ്രമങ്ങളും ഇടക്ക് നടക്കുന്നുണ്ട്. അത്യന്തം അപകടകരമായ ആഭ്യന്തര യുദ്ധത്തിലേക്ക് ഈജിപ്ത് എടുത്തെറിയപ്പെടാതിരിക്കാന്‍ എല്ലാവിഭാഗവും ജാഗ്രത പാലിക്കുക മാത്രമാണ് പരിഹാരം.
പ്രതിപക്ഷവും മുബാറക് ഭരണകൂടത്തിന്‍െറ ആളുകളും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് ഈജിപ്തിലെ ജനാധിപത്യ പ്രക്രിയയെ തകിടംമറിക്കുന്ന മറ്റൊരു ഘടകം. അട്ടിമറിക്ക് മുമ്പ് സൈനിക നേതാക്കളുമായി കൂടിക്കാഴ്ചക്ക് പോയ അല്‍ബറാദിയുടെ പ്രസ്താവന ഇവിടെ പ്രസക്തമാണ്. പഴയ ഭരണകൂടമെന്ന് വിളിക്കുന്നവരുമായി ഒത്തുതീര്‍പ്പിലെത്താന്‍ സമയമായെന്നാണ് അദ്ദേഹം പറഞ്ഞത്. അവരില്‍ പലരും ജൂണ്‍ 30ന് നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നു. ഈയിടെ കുറ്റം ചാര്‍ത്തപ്പെട്ടിരുന്ന പലരും കോടതികളാല്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇനിയിപ്പോള്‍ മന്ത്രിമാരായും ഉന്നത ഉദ്യോഗസ്ഥരായും അവരില്‍ ചിലര്‍ രംഗപ്രവേശം ചെയ്താല്‍ അദ്ഭുതപ്പെടാനില്ല.
ഈജിപ്ഷ്യന്‍ ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി സമൂഹത്തെ യോജിപ്പിക്കാന്‍ പറ്റിയ ഒരു നേതാവില്ല എന്നതാണ്. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, മുര്‍സിക്ക് കിട്ടിയ 52 ശതമാനം പോലും ആര്‍ക്കും കിട്ടാത്ത അവസ്ഥയാണുള്ളത്. വ്യക്തിപരമായ ചെറിയ അജണ്ടകളുള്ളവരും അധികാരക്കൊതിയന്മാരുമായ നേതാക്കളാണ് ഇപ്പോഴത്തെ ഈജിപ്തിന്‍െറ ബാക്കിപത്രം. പ്രതിപക്ഷത്തില്‍ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു. സൈന്യമാകട്ടെ ഇത്തരമൊരവസ്ഥയില്‍ തെരഞ്ഞെടുപ്പുകള്‍ എങ്ങനെയും നീട്ടിക്കൊണ്ട് പോകാവുന്ന പരുവത്തിലാണ്. ജനുവരി 25ലെ വിപ്ളവത്തിനുശേഷം അന്നത്തെ സൈനികമേധാവി തന്‍ത്വാവി ഭരണം കൈമാറാന്‍ ഒന്നരവര്‍ഷമെടുത്തത് ഓര്‍ത്താല്‍, ഇപ്പോഴത്തെ അവസ്ഥ അതിനേക്കാളും നീളാന്‍ സാധ്യതയുണ്ട്.
മറുവശത്ത്, ബ്രദര്‍ഹുഡിനെ ഒഴിവാക്കിയുള്ള ഒരു ജനാധിപത്യപ്രക്രിയക്കാണ് സൈന്യമോ അവരുടെ ഇപ്പോഴത്തെ മൂടുതാങ്ങികളായ സെക്കുലറിസ്റ്റുകളോ ഒരുങ്ങുന്നതെങ്കില്‍ അത് വിജയിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകര്‍. നീണ്ട നാലു ദശകത്തോളം ഏകാധിപതികളുടെ മര്‍ദക ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട ബ്രദര്‍ഹുഡിന്‍െറ അനുയായികളെപ്പോലെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഭവിച്ച വിഭാഗം അവിടെ വേറെയില്ല. അവരുടെ സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ദശലക്ഷക്കണക്കിന് പൊതുജനങ്ങളുടെ പിന്തുണ സൈനിക ഭരണകൂടത്തിനെതിരിലുള്ള സമാധാനപരമായ പോരാട്ടങ്ങള്‍ക്ക് അവര്‍ക്ക് കരുത്തേകുന്നു. വിശുദ്ധ റമദാന്‍ മാസത്തിലും കൊടുംചൂടിനെ അവഗണിച്ചും റാബിഅ അല്‍അദ്വിയ പള്ളിക്ക് മുന്നിലെ മൈതാനത്ത് തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നത് അതാണ്. ഈ യാഥാര്‍ഥ്യം കണക്കിലെടുക്കാതെ, ബ്രദര്‍ഹുഡിനെ അവഗണിച്ച് തങ്ങള്‍ക്കു മാത്രമുള്ള ഒരു സ്വന്തം ജനാധിപത്യവുമായി മുന്നോട്ടുപോകാന്‍ ഈജിപ്ഷ്യന്‍ ജനത നവജനാധിപത്യവാദികളെ അനുവദിക്കുമെന്നു തോന്നുന്നില്ല.
tajaluva@gmail.com


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus