12:30:26
29 Aug 2015
Saturday
Facebook
Google Plus
Twitter
Rssfeed

ഭീകരാക്രമണങ്ങള്‍, ഭീകരാന്വേഷണങ്ങള്‍, ഭീകരനിയമങ്ങള്‍

ഭീകരാക്രമണങ്ങള്‍, ഭീകരാന്വേഷണങ്ങള്‍, ഭീകരനിയമങ്ങള്‍

മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാമൂഹിക പ്രവര്‍ത്തകരും മുമ്പ് ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ഒരു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്‍റ് ആക്രമണവും 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍ തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സതീഷ് ശര്‍മ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് മുമ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ്. മണിയാണ്. ശര്‍മക്കെതിരായ ആരോപണമെന്ന നിലക്കാണ് മണി ഇതു വെളിപ്പെടുത്തുന്നത്. ശര്‍മ സര്‍ക്കാറിനെതിരെ വിരല്‍ ചൂണ്ടുന്നു എന്ന മണിയുടെ ‘ആരോപണ’ത്തിന്‍െറ ലക്ഷ്യം സി.ബി.ഐ-ഐ.ബി വടംവലിയില്‍ ഐ.ബിക്ക് അനുകൂലമായി സര്‍ക്കാറിന്‍െറ അനുഭാവം നേടിയെടുക്കുക എന്നതാവാം. ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഐ.ബിയുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥന്‍ രജീന്ദര്‍ കുമാറിനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സി. ബി.ഐ പറയുമ്പോള്‍ ഐ.ബിയും ആഭ്യന്തരവകുപ്പും അതിനെ എതിര്‍ക്കുകയാണ്. ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന പ്രശ്നത്തില്‍ സര്‍ക്കാറിന്‍െറ പിന്തുണ ഉറപ്പുവരുത്തുക മണിയുടെ താല്‍പര്യമാവാം. എന്നാല്‍, അദ്ദേഹം 2009 ആഗസ്റ്റിലും സെപ്റ്റംബറിലുമായി ഒപ്പുവെച്ച രണ്ട് സത്യവാങ്മൂലങ്ങളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിന്‍െറ വിശദീകരണം തേടി കഴിഞ്ഞ മാസം മണിയെ ശര്‍മ കണ്ടിരുന്നു. ഇശ്റത്തും മറ്റും ഭീകരരാണെന്ന രീതിയില്‍ ആദ്യ സത്യവാങ്മൂലം തയാറാക്കിയത് രജീന്ദര്‍ കുമാറാണെന്ന് ശര്‍മ കരുതുന്നു. സംഭാഷണ മധ്യേ അദ്ദേഹം മണിയോട് പറഞ്ഞതാണ് രണ്ട് ‘ഭീകരാക്രമണ’ങ്ങള്‍ സര്‍ക്കാര്‍ നാടകങ്ങളായിരുന്നു എന്നത്. അവയുടെ ലക്ഷ്യം പുതിയ കരിനിയമങ്ങള്‍ക്ക് പിന്തുണ നേടലായിരുന്നു.
താനങ്ങനെ പറഞ്ഞ കാര്യം ശര്‍മ നിഷേധിച്ചിട്ടില്ല. ഇപ്പോള്‍ വെറുമൊരു പൊതുചര്‍ച്ചയില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ വിഷയം, പക്ഷേ, മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയും ഭരണകൂട ഭീകരതയെപ്പറ്റിയുമുള്ള പഴയ സംവാദങ്ങള്‍ വീണ്ടും ഉയര്‍ത്തും. ‘പോട്ട’ എന്ന ഭീകരനിയമം നിര്‍മിക്കാന്‍ പാര്‍ലമെന്‍റ് ആക്രമണവും യു.എ.പി.എ എന്ന കൂടുതല്‍ കര്‍ക്കശമായ മറ്റൊന്ന് കൊണ്ടുവരാന്‍ മുംബൈ ആക്രമണവും നിമിത്തമായത് ആകസ്മികമല്ല - രണ്ടിന്‍െറയും ലക്ഷ്യം ആ നിയമങ്ങള്‍ കൊണ്ടുവരലായിരുന്നു. ഇത്തരം വാദം അരുന്ധതി റോയി, നന്ദിത ഹക്സര്‍ തുടങ്ങി പലരും യുക്തിസഹമായി മുമ്പേ ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ സതീഷ് ശര്‍മ എന്ന ഐ.പി.എസുകാരന്‍ തന്നെ അതു പറഞ്ഞെങ്കില്‍ അക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണ്. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവും മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ കസബും വധശിക്ഷക്കിരയായത് കൂടി പരിഗണിക്കുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയും ചോദ്യം ചെയ്യപ്പെടുന്നു. നീതിപൂര്‍വകമായ വിചാരണ പോലും നിഷേധിക്കപ്പെട്ട് ഒടുവില്‍ ‘പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ കൊലമരത്തിലേറട്ടെ എന്ന് സുപ്രീംകോടതി വിധിച്ച അഫ്സല്‍ ഗുരുവിനോട് നാട് ചെയ്തതെന്ത് എന്നത് സ്വാസ്ഥ്യം കെടുത്തുന്ന ചോദ്യമാണ്.
ഐ.ബി-സി.ബി.ഐ തര്‍ക്കത്തിലെ വെറുമൊരു ആനുഷംഗിക വിഷയമായി മണിയുടെ വെളിപ്പെടുത്തലിനെ നിസ്സാരവത്കരിക്കാന്‍ ഔദ്യാഗിക തലത്തില്‍ ഇനി ശ്രമങ്ങളുണ്ടാകാം. എന്നാല്‍, നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പ്രവര്‍ത്തനരീതിയെക്കുറിച്ചും ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പോലുള്ള ഒട്ടനേകം ഔദ്യാഗിക സംവിധാനങ്ങളുടെ വര്‍ഗീയ നിലപാടുകളെക്കുറിച്ചും കരിനിയമങ്ങളുടെ യഥാര്‍ഥ ലക്ഷ്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ അതിഗുരുതരമായ ആശങ്കകള്‍ക്ക് ഇത് അടിവരയിടുന്നുണ്ട്. ഒരു സ്വയം പരിശോധനക്ക് സര്‍ക്കാര്‍ തയാറാവുകയാണ് ജനായത്തത്തിന്‍െറയും ഭരണഘടനാദത്തമായ അവകാശങ്ങളുടെയും താല്‍പര്യം. നമ്മുടെ ഭീകര വിരുദ്ധ നിയമങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും യഥാര്‍ഥ ഉന്നവും ഉദ്ദേശ്യങ്ങളും കണ്ടെത്തുന്നത് വ്യവസ്ഥിതിയെ ശുദ്ധീകരിക്കാന്‍ അത്യാവശ്യമാണ്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളും സി.ബി.ഐ ഇതിനകം ഐ.ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും നിഷ്പക്ഷ നിരീക്ഷകര്‍ മുമ്പേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളും വിരല്‍ചൂണ്ടുന്നത് സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍െറ ആവശ്യകതയിലേക്കാണ്. അന്വേഷണ ഏജന്‍സികളും സര്‍ക്കാറുകളും സംശയനിഴലിലായിക്കഴിഞ്ഞു. സത്യം പുറത്തുകൊണ്ടുവരുകയാണ് ഇനി ഒരേയൊരു പോംവഴി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus