റിയാദ് തര്‍ഹീലില്‍ ഞായറാഴ്ച 1000 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ്

റിയാദ് തര്‍ഹീലില്‍ ഞായറാഴ്ച 1000 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ്
file Photo

റിയാദ്: പുതിയ ക്രമീകരണം അനുസരിച്ച് ഞായറാഴ്ച തര്‍ഹീലില്‍ 1000 ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള എക്സിറ്റ് വിസ അനുവദിച്ചു. ആദ്യമെത്തിയ 500 ആളുകളെ വീതം ശുമൈസി തര്‍ഹീലിലെ പ്രധാന കാര്യാലയത്തിലും ദൗരിയാത്തിലും സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എക്സിറ്റ് വിസ നമ്പര്‍ പാസ്പോര്‍ട്ടിലോ ഔ്പാസിലോ രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇതിന്‍െറ സഹായത്തോടെ ഏതുസമയത്തും രാജ്യം വിട്ടുപോകാം. ഇന്ത്യന്‍ എംബസി വിതരണം ചെയ്യുന്ന ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ എക്സിറ്റ് ലഭിക്കുക.
ഈ ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് എക്സിറ്റ് നടപടികളുണ്ടായത്. ഈ സമയമെല്ലാം ആവശ്യമായ സേവനങ്ങളുമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും തര്‍ഹീലിലുണ്ടായിരുന്നു. പ്രതിദിനം 2000 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ് ലഭ്യമാക്കാനാണ് ഇന്ത്യന്‍ എംബസി ശ്രമം നടത്തുന്നത്. തങ്ങള്‍ക്ക് അനുവദിച്ച ദിവസമായ ഞായറാഴ്ച ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തി തിരക്കുകൂട്ടുന്നത് ഒഴിവാക്കാനാണ് തര്‍ഹീല്‍ അധികൃതരുടെ അനുവാദത്തോടെ ഇന്ത്യന്‍ എംബസി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രതിദിനം 2000 ടോക്കണ്‍ വീതം വിതരണം ചെയ്യുകയും ടോക്കണ്‍ ലഭിച്ചവരെ മാത്രം കടത്തിവിട്ട് എക്സിറ്റ് വിസ ലഭ്യമാക്കുകയുമാണ് ഉദേശിച്ചിരുന്നത്.
എന്നാല്‍ ഈ ഞായറാഴ്ച അതുണ്ടായില്ല. 7000ത്തോളം ഇന്ത്യക്കാരാണ് ഞായറാഴ്ച തര്‍ഹീലില്‍ എത്തിയത്. വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച എത്തിയവരില്‍ 1000പേര്‍ക്ക് അപ്പോള്‍ തന്നെ എക്സിറ്റ് ലഭിക്കുകയായിരുന്നു. ബാക്കിയായവരില്‍ 2000 പേര്‍ക്ക് ടോക്കണും നല്‍കിയിട്ടുണ്ട്. ടോക്കണ്‍ ലഭിച്ചവരില്‍ 1000പേരെ വീതം അടുത്ത രണ്ട് ഞായറാഴ്ചകളില്‍ പരിഗണിക്കും. പ്രതിദിനം 2000 എന്ന എംബസിയുടെ ആവശ്യം ഉടനെ നടപ്പാവില്ല. ടോക്കണ്‍ ലഭിക്കാത്തവരുടെ കാര്യത്തില്‍ റമദാന് ശേഷമുള്ള ഞായറാഴ്ച തീരുമാനമുണ്ടാവും.
അതേസമയം ആഴ്ചയില്‍ ഒരു ദിവസമെന്നത് കൂടുതല്‍ ദിവസമായി ഇന്ത്യക്കാര്‍ക്ക് അവസരം വര്‍ധിപ്പിക്കണമെന്ന എംബസിയുടെ ആവശ്യം ജവാസാത്ത് അധികൃതര്‍ അനുഭാവപൂര്‍വം പരിഗണിച്ചതായി സൂചനയുണ്ട്. ഈജിപ്ത്, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി മാറ്റിവെച്ച ദിവസങ്ങളില്‍ ആ രാജ്യക്കാരുടെ തിരക്ക് കുറയുന്നത് അനുസരിച്ച് ഇന്ത്യക്കാരെ പരിഗണിക്കാന്‍ ശ്രമം നടത്താമെന്ന മറുപടി തര്‍ഹീലിലെ എംബസി സംഘത്തിന് അധികൃതരില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
ടോക്കണ്‍ ലഭിച്ചവര്‍ മാത്രം അടുത്ത ഞായറാഴ്ചകളില്‍ എത്തിയാല്‍ മതിയെന്നും വെറുതെ വന്ന് തിരക്കുകൂട്ടി പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കാന്‍ ഇന്ത്യക്കാര്‍ ഇടയാക്കരുതെന്നും എംബസി ഡി.സി.എം സിബി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. പഴയ സംവിധാനം അനുസരിച്ച് തര്‍ഹീലില്‍നിന്ന് എക്സിറ്റ് ടോക്കണ്‍ ലഭിച്ചവരുടേയും എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിയവരുടേയും കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് സൗദിയധികൃതര്‍ ഉറപ്പു നല്‍കിയിട്ടുള്ളതെന്നും അവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസി നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എക്സിറ്റ് ടോക്കണ്‍ ലഭിച്ചിട്ടും ഇതുവരേയും എക്സിറ്റ് ലഭിക്കാത്തവര്‍ തര്‍ഹീലില്‍ നിയുക്തരായ എംബസി സംഘം വിതരണം ചെയ്യുന്ന നിശ്ചിത ഫോറം വാങ്ങി പൂരിപ്പിച്ചുനല്‍കണം. ഫോറം പൂരിപ്പിച്ചവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വളണ്ടിയര്‍മാരെ ഏല്‍പിച്ചാല്‍ മതി. അവര്‍ എംബസിയില്‍ എത്തിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സൗദിയധികൃതര്‍ക്ക് കൈമാറാനാണ് ഇന്ത്യന്‍ മിഷന്‍ തയാറെടുപ്പു നടത്തുന്നത്.
ഞായറാഴ്ച തര്‍ഹീലില്‍ എത്തിയ എംബസി സംഘത്തിന് എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി അശോക് വാര്യരും ലേബര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അലീമും നേതൃത്വം നല്‍കി. ശിഹാബ് കൊട്ടുകാട്, ഷാനവാസ് ആറളം, മുനീബ് പാഴൂര്‍, ഷാജി ആലപ്പുഴ എന്നിവരാണ് വളണ്ടിയര്‍ സംഘത്തിലുണ്ടായിരുന്നത്. സാമൂഹിക പ്രവര്‍ത്തകരായ തെന്നല മൊയ്തീന്‍ കുട്ടി, റഫീഖ് പാനായിക്കുളം, യൂനുസ് സലീം താഴേക്കോട് തുടങ്ങിയവരും സന്നദ്ധ സേവനത്തിന് തര്‍ഹീലില്‍ എത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus