12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

രാഷ്ട്രീയതലത്തിലേക്ക് വെളിച്ചം വീശി സോളാര്‍

രാഷ്ട്രീയതലത്തിലേക്ക് വെളിച്ചം വീശി സോളാര്‍
എ.കെ.ജി സെന്റര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിഷയം നിയമപരവും ധാര്‍മികവുമായ മാനങ്ങള്‍ക്കപ്പുറം രാഷ്ട്രീയതലത്തിലേക്ക് കടക്കുന്നു. യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കില്ളെന്നത് സി.പി.എമ്മിന്‍െറ മുന്‍ നിലപാടാണെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രസ്താവിച്ചതോടെ എല്‍.ഡി.എഫ് രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് പുറത്തെ സാധ്യതകള്‍ തേടാന്‍ അനൗദ്യോഗികമായെങ്കിലും തുടക്കംകുറിച്ചു.
അതേസമയം സി.പി.എം നീക്കത്തെ മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഒന്നായി മാത്രം കാണാനാണ് തല്‍ക്കാലം യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പൊതുവെ കോണ്‍ഗ്രസ് അനുകൂലികളായ അണികളുടെ വികാരം കണക്കിലെടുക്കാതെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാന്‍ തയാറാവില്ളെന്ന വിശ്വാസമാണ് മുന്നണി കേന്ദ്രങ്ങള്‍ക്ക്. എങ്കിലും, രാമചന്ദ്രന്‍പിള്ളയെ പോലുള്ള മുതിര്‍ന്ന നേതാവില്‍നിന്ന് മാണി അനുകൂല പ്രതികരണം ഒന്നും കാണാതെ ഉണ്ടാകുമോയെന്ന സംശയവും കോണ്‍ഗ്രസിലുണ്ട്.
ഭരണമാറ്റമല്ല നേതൃമാറ്റമാണ് ആവശ്യപ്പെടുന്നതെന്ന് ആവര്‍ത്തിച്ചിരുന്ന സി.പി.എം, എല്‍.ഡി.എഫ് നേതൃത്വങ്ങള്‍ ഒൗദ്യോഗിക നിലപാട് മാറ്റിയിട്ടില്ല. എങ്കിലും യു.ഡി.എഫിലെ ഭിന്നത ഉപയോഗിക്കണമെന്ന അഭിപ്രായം ശക്തമാണ്. അടുത്ത എല്‍.ഡി.എഫ് സംസ്ഥാനസമിതി 23 നാണ് ചേരുന്നത്. മുന്നണി വിപുലീകരണം ഉള്‍പ്പെടെ ഇതുവരെ ചര്‍ച്ചചെയ്യാത്ത സാഹചര്യത്തില്‍ പരസ്യമായ നിലപാടുമാറ്റം നേതൃത്വത്തില്‍ നിന്നുണ്ടാകില്ല. അതിനേക്കാളേറെ യു.ഡി.എഫ് സര്‍ക്കാറിനെ അവിഹിത മാര്‍ഗങ്ങളിലൂടെ ഘടകകക്ഷികളെ ചാക്കിട്ടുപിടിച്ച് അട്ടിമറിച്ചുവെന്ന ആക്ഷേപം ഒഴിവാക്കണമെന്ന നിലപാടാണ് സി.പി.എമ്മും സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കുള്ളതും.
സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പ്രത്യക്ഷത്തില്‍ നടത്താതിരിക്കുമ്പോള്‍ത്തന്നെ യു.ഡി.എഫിലും കോണ്‍ഗ്രസിലുമുള്ള വൈരുധ്യത്തിന് കാഴ്ചക്കാരാകേണ്ടെന്ന അഭിപ്രായമാണ് ഘടകകക്ഷികള്‍ക്ക്.
ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ തുടരാന്‍ കഴിയില്ളെന്ന നിലപാടിലേക്ക് ഏതെങ്കിലും ഘടകകക്ഷികള്‍ എത്തിയാല്‍ രാഷ്ട്രീയ സാധ്യതകള്‍ക്കിടമുണ്ടെന്ന സന്ദേശമാണ് സി.പി.എം നല്‍കിയത്.
ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍േറതുള്‍പ്പെടെയുള്ള നിലപാടാണ് എല്‍.ഡി.എഫ് ഉറ്റുനോക്കുന്നത്. മാണിയുടെ എല്‍.ഡി.എഫ് പ്രവേശം സംബന്ധിച്ച അഭ്യൂഹം ഇതാദ്യമായല്ല പരക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മുതിര്‍ന്ന സി.പി.എം നേതാവുമായി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. മാണിയെ മുഖ്യമന്ത്രിയാക്കി പുറത്തുനിന്ന് സി.പി.എം പിന്തുണക്കുമെന്ന വാര്‍ത്തകള്‍ക്കിടെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നീക്കങ്ങളായിരുന്നു അതിന് വിരാമമിട്ടത്.
എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വി.എസിനുള്‍പ്പെടെ സര്‍ക്കാര്‍ പുറത്ത് പോകണമെന്ന അഭിപ്രായമാണ്. 17ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യും.
എന്നാല്‍ തല്‍ക്കാലം പരസ്യപ്രതികരണം നടത്തി വിടവുണ്ടാക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ മാണിഗ്രൂപ്പിലെ ഒരുപ്രമുഖ നേതാവും ഉന്നത സി.പി.എം നേതാക്കളും തമ്മില്‍ കുറച്ചുനാളുകളായി വിളക്കിച്ചേര്‍ത്ത സൗഹൃദവും ഇപ്പോഴത്തെ സംഭവവികാസങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയവും കോണ്‍ഗ്രസില്‍ ശക്തമാണ്.
അടുത്തിടെ എന്‍.എസ്.എസ് നേതൃത്വവുമായി മാണി നടത്തിയ കൂടിക്കാഴ്ചയും ഈ സംശയത്തിന് ബലംകൂട്ടുന്നു.
രാഷ്ട്രീയ അഭ്യൂഹം ശക്തമായതോടെ വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ളെന്ന് മാണി വ്യക്തമാക്കിയതാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് തല്‍ക്കാലം ആശ്വാസം. അതേസമയം, മാണിയെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ പരീക്ഷണത്തിന് ഇടതുമുന്നണി തയാറാകുമെന്ന അഭ്യൂഹത്തിലേക്ക് മാധ്യമശ്രദ്ധ മാറിയതോടെ സോളാര്‍ കുരുക്കില്‍ നിന്നുള്ള രക്ഷയായെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus