12:30:26
13 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

തീര്‍പ്പാവാതെ പാസ്പോര്‍ട്ട് കേസുകള്‍; ഇരകള്‍ക്ക് ഗള്‍ഫ് സ്വപ്നം വഴിമുട്ടി

തീര്‍പ്പാവാതെ പാസ്പോര്‍ട്ട് കേസുകള്‍; ഇരകള്‍ക്ക് ഗള്‍ഫ് സ്വപ്നം വഴിമുട്ടി

മലപ്പുറം: പാസ്പോര്‍ട്ടില്‍ ജനനതീയതി തിരുത്തിയതുമായി ബന്ധപ്പെട്ട കേസുകളുടെ തീര്‍പ്പ് അനന്തമായി വൈകുന്നതിനാല്‍ ഗള്‍ഫ് സ്വപ്നങ്ങള്‍ വഴിമുട്ടി നൂറുകണക്കിന് യുവാക്കള്‍ ദുരിതത്തില്‍. സി.ബി.ഐ പാസ്പോര്‍ട്ട് ഓഫിസ് റെയ്ഡ് നടത്തിയതിന്‍െറ പശ്ചാത്തലത്തില്‍ പാസ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് വീണ്ടും കേസെടുക്കാനുള്ള ആഭ്യന്തരവകുപ്പ് നിര്‍ദേശം കൂടുതല്‍ പേര്‍ക്ക് കുരുക്കായി. ഇതിന് ശേഷം കരിപ്പൂര്‍ പൊലീസ് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസ സമ്പാദിക്കാന്‍ വേണ്ടി മാത്രം ജനനതീയതി തിരുത്തി വയസ്സ് കൂടുതല്‍ കാണിച്ചവരെയാണ് ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കുന്നത്. താരതമ്യേന നിസ്സാര കുറ്റമായിട്ടും ഇത്തരം സംഭവങ്ങളില്‍ ആള്‍മാറാട്ടമടക്കം ഗൗരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നത്. പാസ്പോര്‍ട്ടില്‍ കൃത്രിമം കണ്ടെത്തിയാല്‍ പാസ്പോര്‍ട്ട് ആക്ട് പ്രകാരവും ഐ.പി.സി വകുപ്പ് ചേര്‍ത്തും കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്. ഏത് തരത്തിലുള്ള നടപടി വേണമെന്നത് സര്‍ക്കാറിന്‍െറ വിവേചനാധികാരമാണ്. കുറ്റത്തിന്‍െറ സ്വഭാവം, കുറ്റകൃത്യത്തിന്‍െറ ഉദ്ദേശ്യം, പിടിക്കപ്പെടുന്നവരുടെ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് ഇത് തീരുമാനിക്കേണ്ടത്. പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 12-ഒന്ന് ബി പ്രകാരം കേസെടുത്താല്‍ സെമി ജുഡീഷ്യല്‍ ഓഫിസര്‍ എന്ന നിലക്ക് പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് പിഴ ഈടാക്കി കേസ് തീര്‍പ്പാക്കാം. പൊലീസ് കേസുകളിലാകട്ടെ രേഖകളുടെ വെരിഫിക്കേഷനും തുടരന്വേഷണവുമടക്കം നടപടികള്‍ക്ക് വര്‍ഷങ്ങളെടുക്കുന്നു. കോടതിയില്‍ കേസെത്തിയാലും തീര്‍പ്പാകാന്‍ പിന്നെയും താമസമെടുക്കുന്നതായി ഇരകള്‍ പറയുന്നു.
2010ന് ശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നുപോലും കോടതികളിലെത്തിയിട്ടില്ല. 2011 ഒക്ടോബര്‍ 26നും 2012 ഫെബ്രുവരി 29നും ഇടയില്‍ കരിപ്പൂര്‍ പൊലീസ് 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അന്വേഷണം അന്തിമഘട്ടത്തിലുള്ളത്.
2012 ഫെബ്രുവരി അവസാനം വരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ രണ്ട് വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരുന്നു. പൊലീസ് കേസുകളുടെ അന്വേഷണചുമതലുള്ള മലപ്പുറം ഡി.സി.ആര്‍.ബി വിഭാഗം ഇരകളെ കൈക്കൂലി വാങ്ങി പീഡിപ്പിക്കുന്നുവെന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഇനി മുതല്‍ പൊലീസ് കേസ് എടുക്കേണ്ടെന്നും പാസ്പോര്‍ട്ട് ആക്ട് പ്രകാരം നടപടി മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചത്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമനാണ് 2012 മാര്‍ച്ചില്‍ പൊലീസ് നടപടി ഒഴിവാക്കിയത്. മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ ഇരകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ ഡിവൈ.എസ്.പി ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇതിനുശേഷം, 2013 ജൂണ്‍ അവസാനം വരെ പാസ്പോര്‍ട്ട് ആക്ട് പ്രകാരം മാത്രമായിരുന്നു നടപടി. പിടിക്കപ്പെടുന്നവരുടെ പാസ്പോര്‍ട്ടില്‍ കാലാവധിയുള്ള വിസയുണ്ടെങ്കില്‍ വിസാപേജിന് മാത്രം സാധുത ലഭിക്കുംവിധം തിരിച്ചുനല്‍കാന്‍ കേന്ദ്ര പാസ്പോര്‍ട്ട് ഓഫിസിന്‍െറ തീരുമാനം വന്നിരുന്നു. മലപ്പുറത്ത് സംഘടിപ്പിച്ച പാസ്പോര്‍ട്ട് അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ മാസം നടന്ന സി.ബി.ഐ റെയ്ഡിന്‍െറ പശ്ചാത്തലത്തില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസറെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിവാദമുയര്‍ന്നു. ഇതിനോട് ബന്ധപ്പെടുത്തി ജനനതീയതി തിരുത്തല്‍ കേസുകളില്‍ അവിഹിത ഇടപെടല്‍ ഉണ്ടായതായി ആരോപണവും വന്നു. ഇതിന്‍െറയെല്ലാം വെളിച്ചത്തിലാണ് ആഭ്യന്തരവകുപ്പ് തീരുമാനം പുന$പരിശോധിച്ച് കരിപ്പൂരില്‍ പിടിയിലാകുന്നവര്‍ക്കെതിരെ വീണ്ടും കേസെടുക്കാന്‍ തുടങ്ങിയത്. വ്യാജരേഖ ചമക്കല്‍, വ്യാജ രേഖ അസ്സലാണെന്ന വ്യജേന ഉപയോഗിക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ക്ക് ഐ.പി.സി 420, 488, 471 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നത്. നാട്ടില്‍ അവധിക്ക് വരുന്നവരും തിരിച്ചുപോകുന്നവരും പിടിയിലാകുന്നുണ്ട്. കേസില്‍ ജാമ്യം പോലും കിട്ടാത്തതിനാല്‍ ഒരാഴ്ചയോളം റിമാന്‍ഡില്‍ കഴിയേണ്ടിവരുന്നു. മടങ്ങിവരവേ പിടിയിലായവര്‍ ബാഗേജുമായി ജയിലില്‍ പോയ സംഭവങ്ങളുണ്ട്. നിതാഖാത്ത് നിയമത്തില്‍ സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും പിടിയിലായിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com