12:30:26
05 Oct 2015
Monday
Facebook
Google Plus
Twitter
Rssfeed

അപകടനിവാരണത്തിന് നിര്‍ദേശം മതിയാവില്ല

അപകടനിവാരണത്തിന് നിര്‍ദേശം മതിയാവില്ല

പ്രതിവിധികള്‍ പലതു തേടിയിട്ടും കേരളത്തിലെ റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊലീസ് കേസുകളനുസരിച്ച് കേരളത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ മേയ് വരെ 1900 പേരുടെ ജീവനാണ് നടുറോഡില്‍ പൊലിഞ്ഞത്. 11,000 പേര്‍ക്ക് പരിക്കേറ്റു. ചെറുതും വലുതുമായി 15,717 അപകടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പകുതിയിലേറെയും ബൈക്കുകള്‍ വരുത്തിവെച്ചതാണ്-7668 എണ്ണം. സാധാരണക്കാരന്‍െറ ഏക ആശ്രയമായ ബസുകള്‍ 1361 അപകടങ്ങളുണ്ടാക്കി. അശ്രദ്ധയോടെയുള്ള പരുക്കന്‍ ഡ്രൈവിങ്ങാണ് അഞ്ചു മാസത്തിനിടെ ഉണ്ടായ 15,000 അപകടങ്ങള്‍ക്കുപിന്നിലും എന്ന കണ്ടെത്തലിന്‍െറ അടിസ്ഥാനത്തില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നു. അമിതവേഗത്തിലും അശ്രദ്ധയിലുമുള്ള ഡ്രൈവിങ്ങിനെതിരെ നാട്ടിന്‍പുറങ്ങളിലടക്കം കര്‍ശന പരിശോധന നടത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ചട്ടം ലംഘിച്ച് ലോറികള്‍ക്കും ബസുകള്‍ക്കും പെര്‍മിറ്റ് നല്‍കുന്നത് തടയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കണ്ട നിര്‍ദേശങ്ങളൊക്കെ നിലവിലുള്ളതാണ്. കൂടക്കൂടെ അത് കര്‍ശനമാക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും, സ്ഥിതിഗതികളില്‍ ഗണ്യമായ പുരോഗതിയില്ലെന്നാണ് കണക്കുകള്‍തന്നെ നല്‍കുന്ന പാഠം. ഇതിന്‍െറ കാരണം തേടുമ്പോള്‍ കുഴപ്പം നിയമത്തിനല്ല, അതിന്‍െറ നടത്തിപ്പിലാണ് എന്നു കണ്ടെത്താന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. സംസ്ഥാനത്തെ റോഡപകടങ്ങളുടെ 44 ശതമാനവും മദ്യപിച്ചു വാഹനമോടിച്ച് ഉണ്ടാക്കുന്നവയാണ്. ഇന്ത്യ മൊത്തമായി കുടിക്കുന്നതിന്‍െറ ഇരട്ടി കേരളത്തിലെ മദ്യപാനികള്‍ പ്രതിവര്‍ഷം മോന്തുന്ന ഇന്നത്തെ നിലയില്‍ ഇതില്‍ അദ്ഭുതമില്ല. മദ്യപാനം നിയന്ത്രിക്കുന്നതിലല്ല, അത് സര്‍വത്ര ഒഴുക്കുന്നതിലാണ് സര്‍ക്കാറിന് താല്‍പര്യം എന്നിരിക്കെ, നടുറോഡില്‍ വണ്ടി തടഞ്ഞുനിര്‍ത്തി, ഡ്രൈവ് ചെയ്യുന്നവരെ ആല്‍ക്കോമീറ്ററില്‍ ഊതിച്ചതുകൊണ്ട് കാര്യമില്ല.
സ്വകാര്യബസുകളുടെ അപായകരമായ മത്സരയോട്ടത്തിനു പിന്നില്‍ വഴിവിട്ട് അനുവദിക്കുന്ന ലൈസന്‍സുകളും കാരണമാണ്. ഒരേ റോഡില്‍ ഒന്നും രണ്ടും മിനിറ്റുകളുടെ ഇടവേളകളില്‍ ബസുകള്‍ക്കു പെര്‍മിറ്റ് നല്‍കിയ ശേഷം പിന്നെയെങ്ങനെ മത്സരയോട്ടം പിടിച്ചുവെക്കാനാവും? ഇതുപോലെ പ്രധാനമാണ് ഡ്രൈവര്‍മാരും വാഹന ഉടമകളും കുറ്റപ്പെടുത്തുന്ന റോഡിന്‍െറ ശോച്യാവസ്ഥ. മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഉള്‍നാടുകളിലെ മുക്കുമൂലകളില്‍ വരെ റോഡുകള്‍ ചെത്തിമിനുക്കിയിട്ടുണ്ട്. എന്നാല്‍, വന്‍ ട്രാഫിക്കുള്ള ദേശീയപാതയും പ്രധാന ഹൈവേകളും അത്ര ഭേദപ്പെട്ട സ്ഥിതിയിലല്ല. കനത്ത മഴ കുത്തിയൊലിക്കുന്ന കേരളത്തില്‍ അതിനനുസൃതമായ നിര്‍മാണരീതിക്ക് ചട്ടമുണ്ട്. എന്നാല്‍, അതിനനുസരിച്ച് ഫണ്ട് ദേശീയപാത അതോറിറ്റി വകയിരുത്തുന്നില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കുറ്റപ്പെടുത്തുന്നു. മൂന്നു വര്‍ഷമെങ്കിലും ഈടുനില്‍ക്കേണ്ട ടാറിങ്ങിനു വേണ്ട ഫണ്ട് കിട്ടാത്തതുമൂലം ലഭ്യമായ തുകക്കുള്ള പണികളാണ് നടക്കുന്നത്. അതാകട്ടെ, വളരെ വേഗം റോഡുകള്‍ നശിപ്പിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സ്വകാര്യ ബസുകളും കടത്തു വാഹനങ്ങളും ലക്ഷ്യം നേടാന്‍ പരുക്കന്‍ കുതിച്ചോട്ടത്തിനും മത്സരത്തിനും നിര്‍ബന്ധിതമാകുന്നു.
ഇങ്ങനെയുള്ള ഒരുകൂട്ടം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. വഴിവിട്ട രീതിയിലുള്ള വാഹനപെര്‍മിറ്റ്, അപകടങ്ങള്‍ വരുത്തിവെക്കുന്നവര്‍ക്കെതിരായ നടപടികളില്‍ ബാഹ്യസമ്മര്‍ദങ്ങളുടെ ഫലമായുണ്ടാകുന്ന അമാന്തം, മദ്യത്തിന്‍െറ ഉപഭോഗം കുറച്ചുകൊണ്ടുവരുന്ന കാര്യത്തിലെ ആത്മാര്‍ഥതയില്ലായ്മ -മോട്ടോര്‍ വാഹനവകുപ്പിനെയെന്നല്ല, ഭരണസംവിധാനത്തെത്തന്നെ ഈ നടപ്പുദീനങ്ങളില്‍നിന്നു രക്ഷപ്പെടുത്തി കാര്യക്ഷമമാക്കുകയാണ് ഈ ദുരന്തങ്ങള്‍ തടയാനുള്ള ആദ്യപടി. അതിനു മിനക്കെടാതെ നടുറോഡില്‍ വാഹനങ്ങളെ വഴിതടഞ്ഞു വിരട്ടിയും ഹെല്‍മറ്റിടാത്ത പയ്യന്മാരുടെ മേല്‍ ചാടിക്കയറിയും കേമത്തം പ്രകടിപ്പിച്ചതുകൊണ്ടുമാത്രം ഇനിയും കാര്യമായൊന്നും സംഭവിക്കാന്‍ പോകുന്നില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus