12:30:26
01 Sep 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ഭയപ്പെടുത്തുന്ന കാലാവസ്ഥാമാറ്റം

ചൂടേറിയ ചര്‍ച്ചാവിഷയമാണ് ഇന്ന് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിലെ മാറ്റം ഒരു യാഥാര്‍ഥ്യമാണ്. ഇതിന്‍െറ പ്രത്യാഘാതം ഏറെ വലുതുമാണ്. അതിനാല്‍, എന്താണ് കാലാവസ്ഥാ വ്യതിയാനമെന്നും അതിന് കാരണമെന്തെന്നും പ്രത്യാഘാതം കുറക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും അറിയേണ്ടത് ആവശ്യമാണ്. ഈ വിഷയത്തെ ഒരു ശാസ്ത്രീയ കാഴ്ചപ്പാടില്‍ നമുക്ക് നോക്കിക്കാണാം. അതിന് ആഗോള കാലാവസ്ഥ സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടത് എങ്ങനെയാണെന്നും ഭൂമിയുടെ അവസ്ഥയെന്തെന്നും അറിയണം.
450 കോടി വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂമി സൗരയൂഥത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഗ്രഹമാണ്. പ്രപഞ്ചത്തില്‍ ജീവന്‍െറ സാന്നിധ്യമുള്ളതായി അറിയപ്പെടുന്ന ഏക ഗ്രഹവുമാണിത്. ജലം, ഹൈഡ്രജന്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ്, ഓക്സിജന്‍ എന്നിവയാണ് ഭൂമിയില്‍ ജീവന്‍െറ പരിണാമത്തിന് അനുകൂല സാഹചര്യമൊരുക്കുന്നത്. സൂര്യന്‍െറയും ഭൂമിയുടെയും സവിശേഷമായ ചേര്‍ച്ചയാണ് ഭൂമിയില്‍ സംഭവിക്കുന്ന എല്ലാറ്റിന്‍െറയും അടിത്തറയൊരുക്കുന്നത്.
ഭൂമി അതിന്‍െറ തുടക്കത്തില്‍ ഉരുകിയ രൂപത്തിലായിരുന്നു. പിന്നീടുണ്ടായ ശീതത്തിന്‍െറയും മറ്റും ഫലമായി ഭൂഖണ്ഡ പാളിയുടെ രൂപത്തില്‍ ഉറച്ച കരഭാഗങ്ങളുണ്ടായി. ഈ പാളികളുടെ സ്ഥിരമായ ചലനത്തിനൊടുവിലാണ് മനുഷ്യന് താമസിക്കാനാകുന്ന ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങളുണ്ടായത്. ജീവന്‍െറ നിലനില്‍പിന് അടിസ്ഥാനമായ ഓക്സിജനും നൈട്രജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഭൂമിയില്‍ ജീവന്‍ സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചു. ഇതിന്‍െറയൊക്കെ ആകെത്തുകയാണ് ഇന്ന് നാം കാണുന്ന ഭൂമി. ഭൂമിയുടെ 70 ശതമാനവും ജലമാണ്. ശേഷിക്കുന്നത് കരയും.
ക്രമേണ ഭൂമി കൂടുതല്‍ തണുത്തുകൊണ്ടിരുന്നു. ശരാശരി ഉപരിതല ഊഷ്മാവ് 15 ഡിഗ്രി സെല്‍ഷ്യസ് എത്തിയപ്പോള്‍ ജീവന്‍ രൂപം കൊണ്ടു. ആദ്യം ലളിത തന്മാത്രകളും പിന്നെ സങ്കീര്‍ണ ഘടനകളും സൂര്യപ്രകാശം ഉപയോഗിച്ച് പ്രകാശസംശ്ളേഷണത്തിന് കഴിവുള്ള ചെടികളുമുണ്ടായി. അവിടെനിന്ന് ഇന്ന് കാണുന്ന മുഴുവന്‍ സസ്യ, ജന്തു ജാലങ്ങളും മനുഷ്യനുമുണ്ടായി. ഇന്ന് ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങളാണ് ഭൂമിയില്‍ അധിവസിക്കുന്നത്.
സൂര്യനില്‍നിന്നുള്ള ഊര്‍ജമാണ് ഭൂമിയിലെ പരിണാമത്തിനും മാറ്റങ്ങള്‍ക്കും പ്രധാനഹേതു. ഭൂമിയില്‍ എത്തുന്ന സൗരോര്‍ജ വികിരണത്തില്‍ 40 ശതമാനം ദൃശ്യമാകുന്നതും, 50 ശതമാനം ഇന്‍ഫ്രാറെഡ് കിരണങ്ങളും 10 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളുമാണ്. ഇതിനുപുറമെ എക്സ്, ഗാമ കിരണങ്ങളും എത്തുന്നു. ഭൂമിയില്‍ എത്തുന്ന മൊത്തം വികിരണോര്‍ജം ചതുരശ്ര മീറ്ററില്‍ 1383 വാട്സ് ആണ്. മറ്റ് നക്ഷത്രങ്ങളില്‍നിന്നും ഇത്തരം വികിരണങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയുടെ തീവ്രത വളരെ കുറവാണ്.
സൂര്യനില്‍നിന്നുള്ള വികിരണങ്ങള്‍ ഭൂമിയിലെത്തുന്നത് നിയന്ത്രിക്കുന്നതില്‍ ഭൂമിയുടെ അന്തരീക്ഷം നിര്‍ണായക പങ്ക് വഹിക്കുന്നു. ഓസോണ്‍ പാളി അള്‍ട്രാവയലറ്റ് രശ്മികളെയും കാന്തിക മണ്ഡലം വൈദ്യുത ചാര്‍ജുള്ള കണികകളെയും ഭൂമിയിലെത്താതെ തടയുന്നു. സൂര്യനില്‍നിന്നുള്ള വികിരണം ഏറക്കുറെ സ്ഥിരമാണെന്നാണ് കരുതുന്നതെങ്കിലും സൗര കൊടുങ്കാറ്റുകളുടെ ഫലമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞകാല നിരീക്ഷണങ്ങളില്‍നിന്ന് ഭൂമിയില്‍ സൗരവികിരണത്തില്‍ 11 വര്‍ഷത്തിലൊരിക്കലുള്ള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ, 45,000 വര്‍ഷത്തിലൊരിക്കലെന്നും ലക്ഷം വര്‍ഷത്തിലൊരിക്കലെന്നും അനുമാനങ്ങളുമുണ്ട്.
ഭൂമിയുടെ ആരംഭത്തില്‍ സൗര വികിരണത്തിന്‍െറ തീവ്രത ഇന്നുള്ളതിന്‍െറ 70 ശതമാനമായിരുന്നു. പിന്നീട് ക്രമേണ ഉയര്‍ന്ന് ഇപ്പോള്‍ ഏറക്കുറെ ഒരു സ്ഥിരാവസ്ഥയിലാണ് പോകുന്നത്. സൗര വികിരണത്തിന്‍െറ തീവ്രതയില്‍ ക്രമേണയുള്ള വര്‍ധനയുണ്ടായെങ്കിലും ശീതീകരണത്തിന്‍െറയും അമിത ഊഷ്മാവുയര്‍ച്ചയുടെയും ഘട്ടവുമുണ്ടായിട്ടുണ്ട്. അതായത്, മനുഷ്യന്‍െറ ഇടപെടലുണ്ടാകാത്തപ്പോഴും ആഗോള കാലാവസ്ഥ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. അത്തരം മാറ്റങ്ങള്‍ക്കുള്ള കാരണങ്ങള്‍ ഇനിയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തുടക്കത്തില്‍ ഭൂമി ഏറിയഭാഗവും മഞ്ഞ് പുതച്ചുകിടക്കുകയായിരുന്നു. പിന്നീട്, സൂര്യന്‍െറയും ഭൂമിയുടെയും സമ്പര്‍ക്കത്തിലൂടെ ഊഷ്മാവുയരുകയും മഞ്ഞ് വന്‍തോതില്‍ ഉരുകുകയും ചെയ്തു. ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ രൂപപ്പെട്ടത് 10,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ധ്രുവമേഖലയില്‍ മഞ്ഞു പാളികള്‍ ഉരുകിയതിനെത്തുടര്‍ന്നാണ്. ഈ സമയത്ത് സൂര്യന്‍ ചൂടേറിക്കൊണ്ടിരിക്കുകയായിരുന്നു. സൗര വികിരണത്തിന്‍െറ ഫലമായി ഭൂമി കൂടുതല്‍ ചൂടു പിടിക്കുകയും മഞ്ഞ് ഉരുകുകയും മാത്രമല്ല, അന്തരീക്ഷ ഊഷ്മാവ് ഉയരുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതലായി പുറന്തള്ളപ്പെടുകയും ചെയ്തു. ഇത് ഭൂമിയുടെ ഉപരിതലത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചു.
അന്തരീക്ഷ ഊഷ്മാവിലെയും കാര്‍ബണ്‍ ഡൈ ഓക്സൈഡിലെയും മാറ്റങ്ങള്‍ പരസ്പര പൂരകങ്ങളാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ വര്‍ധനയുണ്ടാകുമ്പോള്‍ അന്തരീക്ഷ ഊഷ്മാവും ഉയര്‍ന്നതായിരിക്കും. എന്നാല്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ വര്‍ധനക്ക് കാരണമാകുന്നതെന്താണെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. മുമ്പ് കാലാവസ്ഥാ മാറ്റങ്ങള്‍ പൂര്‍ണമായും പ്രകൃതിപരമായ കാരണങ്ങളാലായിരുന്നു. ഇത് ഇനിയും തുടരുകയും ചെയ്യും.
ഊര്‍ജ സ്രോതസ്സിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഫ്യൂഷന്‍ റിയാക്ഷനിലൂടെ സൂര്യനിലെ ഹൈഡ്രജന്‍ കുറയുന്നതിനനുസരിച്ച് അതിന്‍െറ താപനില കുറയും. ക്രമേണ സമീപമുള്ള ഗ്രഹങ്ങളെ വിഴുങ്ങി ഇത് വികസിക്കും. തല്‍ഫലമായി ഭൂമിയില്‍ അടുത്ത 100 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ശതമാനവും 350 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ 40 ശതമാനവും ചൂടു കൂടും. നാമെന്തൊക്കെ ചെയ്താലും 200 കോടി വര്‍ഷത്തിനകം ഭൂമിയിലുള്ളതെല്ലാം കത്തിച്ചാമ്പലാകും.
പരിസ്ഥിതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന അന്തരീക്ഷ ഘടകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. അന്തരീക്ഷത്തിലെ ഇന്‍ഫ്രാറെഡ് വികിരണങ്ങളെ ഇത് സ്വാംശീകരിച്ചെടുക്കുന്നു. പ്രകാശസംശ്ളേഷണത്തിനുള്ള അസംസ്കൃത ഘടകവുമാണ് ഇത്.
സൗരവികിരണത്തിന്‍െറ ഫലമായി കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ ഘടനാമാറ്റമുണ്ടാകുന്നു. തല്‍ഫലമായി ഇത് സ്വതന്ത്ര ഓക്സിജന്‍ ആറ്റങ്ങളെ പുറപ്പെടുവിക്കുന്നു. ഈ ഓക്സിജന്‍ ആറ്റങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടിച്ചേര്‍ന്ന് ഓസോണ്‍ പാളിയുണ്ടാകുന്നു. രസകരമായ കാര്യം താഴ്ന്ന അന്തരീക്ഷത്തിലെ ഓസോണ്‍ പാളി വായുമലിനീകരണമുണ്ടാക്കുന്നു എന്നതാണ്. ജീവികളുടെ ശ്വസന സംവിധാനത്തില്‍ ഇത് ദോഷമുണ്ടാക്കും. എന്നാല്‍, ഉയര്‍ന്ന അന്തരീക്ഷത്തിലെ ഓസോണ്‍ പാളി ഉപകാരപ്രദമാണ്. മാരകമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്താതെ തടയുന്നത് ഈ പാളിയാണ്.
അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളായ നൈട്രജനും ഓക്സിജനും ഇന്‍ഫ്രാറെഡ് കിരണങ്ങളോട് സുതാര്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ഹരിതഗൃഹ വാതകങ്ങള്‍ ഇന്‍ഫ്രാറെഡ് വികിരണങ്ങളെ സ്വാംശീകരിച്ചെടുക്കുന്നു. അവ ചൂടുള്ള ഈ ഊര്‍ജത്തെ ശേഖരിച്ച് അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്നു. തല്‍ഫലമായി അന്തരീക്ഷത്തിന് പുറത്തേക്ക് ഈ കിരണങ്ങള്‍ തിരിച്ചുപോകുന്നത് വൈകിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഫലമായാണ് ആഗോള താപനില 15 ഡിഗ്രി സെല്‍ഷ്യസായി നിലനില്‍ക്കുന്നത്. ഈ വാതകങ്ങളില്ലായിരുന്നുവെങ്കില്‍ ആഗോള താപനില കൂടുതല്‍ തണുത്തുറഞ്ഞതാകുമായിരുന്നു -ഏകദേശം -18 ഡിഗ്രി സെല്‍ഷ്യസ്. വ്യവസായ യുഗത്തിന് മുമ്പ് ഹരിതഗൃഹ വാതകങ്ങളുടെ സ്വാഭാവികമായ പരിണാമമായിരുന്നു ഭൂമിയെ ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന താപനിലയില്‍ സംരക്ഷിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ട് നൂറ്റാണ്ടില്‍ മനുഷ്യന്‍െറ ഇടപെടല്‍ ഭൂമിയുടെ ഊഷ്മാവുയരുന്ന പ്രക്രിയയെ സ്വാധീനിച്ചു. ഇതിന് തടയിടാനാകുന്നില്ലെങ്കില്‍ അപകടകരമായ വിധത്തിലേക്ക് അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്ന ഭീതിയിലാണ് ലോകം. കാലാവസ്ഥാ വ്യതിയാനത്തില്‍ മനുഷ്യന്‍െറ പങ്കിനെക്കുറിച്ച് അടുത്ത ഭാഗത്ത് ചര്‍ച്ച ചെയ്യാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus