Sun, 07/14/2013 - 17:17 ( 2 years 12 weeksago)
രണ്ടു ജയങ്ങളില്‍ മുങ്ങി കുറേ ചോദ്യങ്ങള്‍
(+)(-) Font Size
രണ്ടു ജയങ്ങളില്‍ മുങ്ങി കുറേ ചോദ്യങ്ങള്‍

ക്രിക്കറ്റ് പ്രേമികളുടെ മനശ്ശാസ്ത്രം ഷെയ്ന്‍ വോണിന്‍െറ ഗൂഗ്ളി പോലെയാണ്. ഏതു സമയത്ത് അത് ഏതു ദിശയിലേക്ക് വെട്ടിത്തിരിയുമെന്ന് പറയാന്‍ പറ്റില്ല. ഈ ക്രീസില്‍, കുറ്റി തെറുപ്പിക്കുമെന്ന് തോന്നിക്കുന്ന പന്ത് ലേറ്റ് കട്ടിലൂടെ ഫൈന്‍ ലെഗും കടന്ന് ബൗണ്ടറിക്ക് പുറത്തേക്കൊഴുകാം. സിക്സറിലേക്ക് പറന്നിറങ്ങുന്ന പന്ത് ക്യാച്ചിന്‍െറ രൂപത്തില്‍ നിലംതൊടാതെ പോകാം.

ഇവിടെ പ്രതിസന്ധികളുടെ നടുത്തളത്തില്‍ വിഷണ്ണനായിരിക്കുന്നവന്‍ രണ്ടു സിക്സറുകള്‍ പറത്തുമ്പോള്‍ അതിര്‍ത്തി കടത്തുന്നത് തനിക്കു മേലുള്ള കരിനിഴല്‍ കൂടിയാകും. കളത്തിലെ മികവു കൊണ്ട് എല്ലാ ആരോപണങ്ങളെയും ക്ളീന്‍ബൗള്‍ഡാക്കാന്‍ പറ്റുന്ന കളി ‘ജന്‍റില്‍മാന്‍ ഗെയിം’ എന്ന് ഭംഗിവാക്കു പറയുന്ന ഈ ക്രിക്കറ്റല്ലാതെ മറ്റൊന്നുണ്ടാവാന്‍ വഴിയില്ല. കളി തോറ്റ് നാട്ടിലത്തെുമ്പോള്‍ താരങ്ങളുടെ വീടുവരെ ആക്രമിക്കപ്പെടുന്ന ഉപഭൂഖണ്ഡത്തിലാണ് രണ്ടു ജയം കൊണ്ടൊരുവന്‍ തണ്ടിലേറ്റി നടത്തപ്പെടുന്നതും.

പറഞ്ഞുവരുന്നത് ചാമ്പ്യന്‍സ് ട്രോഫിയും ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്‍റും ജയിച്ച് അതിമികവു കാട്ടിയ ഇന്ത്യന്‍ ടീമിനെക്കുറിച്ചുതന്നെ. അതിലുപരി നേതൃപാടവത്തിന്‍െറ ആള്‍രൂപമായി മാറിയ മഹേന്ദ്ര സിങ് ധോണിയെന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനെക്കുറിച്ചും. ഇരു ടൂര്‍ണമെന്‍റുകളിലും ‘മെന്‍ ഇന്‍ ബ്ളൂ’വിന്‍െറ പ്രകടനം അതിഗംഭീരമായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കത്തക്കതായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ ആധികാരിക മുന്നേറ്റവും കരീബിയന്‍ മണ്ണിലെ കണ്ണഞ്ചിക്കുന്ന തിരിച്ചുവരവുമൊക്കെ.

പക്ഷേ, ഇരുടൂര്‍ണമെന്‍റുകള്‍ക്കുമായി ടീം ഇന്ത്യ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ഇന്നാട്ടിലുണ്ടായ കോലാഹലങ്ങള്‍ മുഴുവന്‍ ഈ വിജയങ്ങളില്‍ അഭിരമിച്ച് നമ്മള്‍ ഒറ്റയടിക്ക് മറക്കുന്നു. പകരം വര്‍ത്തമാനങ്ങളില്‍ ധോണിയെന്ന നായകന്‍ ഷമിന്ദ എറാംഗക്കെതിരെ അവസാന ഓവറില്‍ 15 റണ്‍സടിച്ച് വിസ്മയപ്രകടനം പുറത്തെടുത്ത വീരസ്യങ്ങള്‍ നിറയുന്നു.

കളി കടന്നുപോയ ഏറ്റവും സങ്കീര്‍ണമായ നിമിഷങ്ങള്‍ക്കു നടുവില്‍നിന്നാണ് ധോണിയും കൂട്ടുകാരും ബ്രിട്ടനിലേക്ക് പറന്നത്. ആറാം ഐ.പി.എല്ലിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിന്‍െറ നിഴല്‍ ഈ ടീമിലെ പല പ്രമുഖര്‍ക്കു മേലുമുണ്ടായിരുന്നു. പ്രത്യേകിച്ച് ധോണിക്കു മുകളില്‍. ചാമ്പ്യന്‍സ് ട്രോഫിയുമായി ലോര്‍ഡ്സിന്‍െറ ബാല്‍ക്കണിയില്‍ കോട്ടും സൂട്ടുമിട്ട് പുഞ്ചിരിച്ചുനിന്ന അതേ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ അണിയറ രഹസ്യങ്ങള്‍ തനിക്ക് സമ്മാനിച്ചതെന്ന് ഗുരുനാഥ് മെയ്യപ്പന്‍ ഈയടുത്ത് പറഞ്ഞത് ഇപ്പോള്‍ നമ്മളോര്‍ക്കുന്നില്ല. അതല്ളെങ്കില്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു. സുരേഷ് റെയ്നയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശ് കളിക്കാര്‍ സ്പോട്ട് ഫിക്സിങ്ങില്‍ നിരീക്ഷണത്തിലാണെന്നും പൊലീസിന്‍െറ വെളിപ്പെടുത്തലുണ്ടായിരുന്നു.

രണ്ടു ടൂര്‍ണമെന്‍റ് ജയങ്ങളുമായി തിരിച്ചത്തെുന്ന ധോണിയെ ചോദ്യം ചെയ്യാന്‍ ഇനി നമ്മുടെ നാട്ടിലെ പൊലീസിന് ധൈര്യമുണ്ടാകുമോ? ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയ ദല്‍ഹി പൊലീസിന് ആവേശം അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ധോണിയോട് മെയ്യപ്പനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ചോദിച്ചറിയാവുന്നതാണ്. മുംബൈ പൊലീസിനും അന്വേഷിച്ച് നിര്‍ത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങാം.
ധോണി നാട്ടില്‍ തിരിച്ചത്തെിയാല്‍ തങ്ങള്‍ ചോദ്യം ചെയ്യുമെന്ന് നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്‍ വിവാദങ്ങള്‍ക്കു പിന്നാലെ താന്‍ മുതലാളിയായ റിഥി സ്പോര്‍ട്സ് എന്ന മാനേജ്മെന്‍റ് കമ്പനി ഇന്ത്യന്‍ ടീമിലെ ചില സഹതാരങ്ങളെ മാനേജ് ചെയ്യുന്നതായ വിവാദത്തില്‍ ധോണിയുടെ പക്ഷത്ത് പിശകു പറ്റിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ തീട്ടുരമിറക്കിയിരുന്നത്. മാറിയ സാഹചര്യത്തില്‍ അതു നടക്കുമെന്ന് പ്രതീക്ഷിക്കാമോ? ആധുനിക ക്രിക്കറ്റില്‍ അത്രയധികം ആക്ടീവ് അല്ലാതിരുന്ന ശ്രീശാന്തിനെ ജയിലിലടക്കാന്‍ കാണിച്ച ആവേശത്തിന്‍െറ നൂറിലൊരംശം ധോണി, റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ചോദ്യം ചെയ്യുന്ന കാര്യത്തിലുണ്ടാകുമോ? മികച്ച താരങ്ങളും നന്നായി പെര്‍ഫോം ചെയ്യുന്നവരുമാണ് ഇവരെന്നതുകൊണ്ടും ഇന്ത്യ ജയിച്ചുവെന്നതുകൊണ്ടും തെറ്റുകാരെങ്കില്‍ ആരും രക്ഷപ്പെട്ടുകൂടാ. അമ്മായിയപ്പനും മെയ്യപ്പനുമൊക്കെ ഭരിക്കുന്ന ക്രിക്കറ്റ് ലോകത്ത് കാര്യങ്ങള്‍ ഏതുവിധം മാറിമറിയുമെന്ന് ഊഹിക്കാന്‍ കഴിയില്ളെന്നറിയാം. എങ്കിലും, എറാംഗക്കെതിരെ ക്വീന്‍സ് പാര്‍ക് ഓവലിന്‍െറ ലോങ് ഓണിലേക്ക് പെയ്തിറങ്ങിയ ഒരു സിക്സറില്‍ വിന്ദു ധാരാ സിങ്ങും സാക്ഷി ധോണിയും കിന്നാരം പറയുന്നതിന്‍െറ പൊരുളെന്തെന്ന ചോദ്യം മുങ്ങിപ്പോവാന്‍ പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus