12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

പാര്‍ലമെന്‍റ്, മുംബൈ ഭീകരാക്രമണങ്ങള്‍ ‘സര്‍ക്കാര്‍ നാടകം’

പാര്‍ലമെന്‍റ്, മുംബൈ ഭീകരാക്രമണങ്ങള്‍ ‘സര്‍ക്കാര്‍ നാടകം’
(ഫയല്‍ ചിത്രം)

ന്യൂദല്‍ഹി: കോളിളക്കമുണ്ടാക്കിയ 2001ലെ പാര്‍ലമെന്‍റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുതിര്‍ന്ന പൊലീസ് ഓഫിസറുടെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ സീനിയര്‍ ഐ.പി.എസ് ഓഫിസര്‍ സതീഷ് ശര്‍മയാണ് സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച എസ്.ഐ.ടി, സി.ബി.ഐ സംഘത്തില്‍ അംഗമായിരുന്നു ശര്‍മ.
ഇശ്റത്ത് കേസിന്‍െറ അന്വേഷണത്തിന്‍െറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ് മണിയെ കഴിഞ്ഞ ജൂണ്‍ 22ന് സതീഷ് ശര്‍മ ചോദ്യംചെയ്തിരുന്നു. ഇതിനിടെ പാര്‍ലമെന്‍റ് ആക്രമണവും മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരം സതീഷ് ശര്‍മ മണിയോട് പങ്കുവെക്കുകയായിരുന്നു.
കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫിസറായ ആര്‍.വി.എസ് മണി ഇക്കാര്യം വിശദീകരിച്ച് നഗരവികസന സെക്രട്ടറിക്ക് പരാതിക്കത്തയച്ചതോടെയാണ് വിവരം പുറത്തായത്. ‘പാര്‍ലമെന്‍റ് ആക്രമണവും മുംബൈ ഭീകരാക്രമണവും സര്‍ക്കാര്‍തന്നെ ആസൂത്രണം ചെയ്തതാണ്. ഭീകരവിരുദ്ധ കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിന് അരങ്ങൊരുക്കുകയായിരുന്നു ലക്ഷ്യം. പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ പോട്ട കൊണ്ടുവന്നു. മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ നിയമ ഭേദഗതിയും നടപ്പാക്കി’- സതീഷ് വര്‍മയെ ഉദ്ധരിച്ച് ആര്‍.വി.എസ് മണി കത്തില്‍ പറഞ്ഞു.
പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐയുടെ വാദമാണ് താങ്കള്‍ പറയുന്നതെന്ന് ശര്‍മക്ക് മറുപടി നല്‍കിയതായും മണിയുടെ കത്തിലുണ്ട്.
ഇശ്റത്ത് കേസന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിലെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ മാസം അവസാനിച്ച സതീഷ് ശര്‍മ ഇപ്പോള്‍ ഗുജറാത്തിലെ ജുനഗഢ് പൊലീസ് ട്രെയ്നിങ് കോളജ് പ്രിന്‍സിപ്പലാണ്.
മണിയുടെ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് ശര്‍മ പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍, ഭീകരാക്രമണം സംബന്ധിച്ച വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടില്ല.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായിരിക്കെ, ഇശ്റത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലത്തിന്‍െറ വൈരുധ്യം സംബന്ധിച്ചാണ് മണിയെ സി.ബി.ഐക്ക് വേണ്ടി സതീഷ് ശര്‍മ ചോദ്യംചെയ്തത്. രണ്ട് സത്യവാങ്മൂലത്തിലും മണിയാണ് ഒപ്പുവെച്ചത്.
ഇശ്റത്തിന്‍െറ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ 2009 ആഗസ്റ്റില്‍ നല്‍കിയ ആദ്യ സത്യവാങ്മൂലത്തില്‍ ഇശ്റത്ത് ജഹാനും മറ്റും ലശ്കര്‍ തീവ്രവാദികളാണെന്ന ഐ.ബി റിപ്പോര്‍ട്ട് ശരിയാണെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്നുമാണ് ആര്‍.വി.എസ് മണി പറഞ്ഞത്.
എന്നാല്‍, 2009 സെപ്റ്റംബറില്‍ നല്‍കിയ രണ്ടാമത് സത്യവാങ്മൂലത്തില്‍ ഐ.ബി റിപ്പോര്‍ട്ട് ആധികാരികമാണെന്ന് ഉറപ്പില്ലെന്നും സി.ബി.ഐ അന്വേഷണം ആകാമെന്നുമാണ്. വ്യാജഏറ്റുമുട്ടലില്‍ പ്രതിക്കൂട്ടിലായ നരേന്ദ്രമോഡി സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ സത്യവാങ്മൂലം ഉയര്‍ത്തിക്കാട്ടിയതോടെയാണ് കേന്ദ്രം നിലപാട് തിരുത്തിയത്.

ദുരൂഹ ചോദ്യങ്ങള്‍ നേരത്തേയും
ന്യൂദല്‍ഹി: പാര്‍ലമെന്‍റ്-മുംബൈ ‘ഭീകര’ ആക്രമണങ്ങളില്‍ ഭരണകൂട പങ്കുണ്ടെന്ന ഐ.പി.എസ് ഓഫിസര്‍ സതീഷ് ശര്‍മയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ മുമ്പ് ഇറങ്ങിയ പഠനങ്ങള്‍ ശ്രദ്ധേയമാകുന്നു. ആക്രമണങ്ങളെക്കുറിച്ച ഔദ്യാഗിക വിശദീകരണങ്ങള്‍ തള്ളിക്കളയുന്ന നിഗമനങ്ങള്‍ നേരത്തേ തന്നെ ശക്തമായി നിലവിലുണ്ട്.
പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ‘13 December, a Reader: The Strange Case of the Attack on the Indian Parliament’ എന്ന പുസ്തകം (2006) പാര്‍ലമെന്‍റ് ആക്രമണം ഭരണകൂട നാടകമാണെന്നാണ് സമര്‍ഥിക്കുന്നത്. ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടേതാണ് പുസ്തകത്തിലെ ആമുഖ ലേഖനം. പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിതാ ഹക്സര്‍ എഴുതിയ Framing Geelani, Hanging Afzal: Patriotism in the Time of Terror എന്ന പുസ്തകവും (പ്രൊമീള ആന്‍ഡ് കമ്പനി, 2007) പാര്‍ലമെന്‍റ് ആക്രമണത്തെക്കുറിച്ച് ഔദ്യാഗിക ഭാഷ്യങ്ങളെ നിരാകരിക്കുന്നതാണ്. ഇന്ദിരഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ പി.എന്‍. ഹക്സറുടെ മകളാണ് നന്ദിതാ ഹക്സര്‍.മഹാരാഷ്ട്ര പൊലീസ് മുന്‍ ഇന്‍സ്പെക്ടര്‍ ജനറലായ എസ്.എം. മുഷ്രിഫ് എഴുതിയ Who Killed Karkare? എന്ന പുസ്തകം (ഫറോസ് മീഡിയ, 2009) ഹേമന്ത് കര്‍ക്കരെയെ കൊല്ലാനുള്ള മറയായിരുന്നു മുംബൈ ആക്രമണമെന്നാണ് സമര്‍ഥിക്കുന്നത്. ഐ.ബിയും ഹിന്ദുത്വ ശക്തികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കര്‍ക്കരെയുടെ കൊലപാതകമെന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ മുഷ്രിഫ് വാദിക്കുന്നു.
പ്രമാദമായ തെല്‍ഗി വ്യാജ മുദ്രപ്പത്രകേസ് വെളിച്ചത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മുഷ്രിഫ്. ഇദ്ദേഹത്തിന്‍െറ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ മുന്‍നിര്‍ത്തി കര്‍ക്കരെ വധം പുനരന്വേഷിക്കണമെന്ന ഹരജി ബോംബെ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. ബിഹാറില്‍ നിന്നുള്ള രാധാകാന്ത് യാദവ് എന്ന മുന്‍ എം.എല്‍.എയാണ് ഹരജിക്കാരന്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus