12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

ആ രണ്ടക്ഷരങ്ങള്‍ എണ്‍പതില്‍

ആ രണ്ടക്ഷരങ്ങള്‍ എണ്‍പതില്‍
എം.ടിയുടെ ജന്മദിനം നാളെ

കോഴിക്കോട്: എം.ടി., അക്ഷരമാലക്കൊപ്പം ഒരു തലമുറ മന$പാഠമാക്കിയ ആ രണ്ടു വാക്കുകള്‍ക്ക് ഇന്ന് 80 വയസ്സിന്‍െറ കനപ്പെട്ട മാധുര്യം.
തിങ്കളാഴ്ചയാണ് എം.ടി വാസുദേവന്‍ നായരുടെ ജന്മദിനം. കഥാകാരന് ഇത് ആഘോഷങ്ങളൊന്നുമില്ലാത്ത പതിവ് ദിനം.
1933 ജൂലൈ 15നാണ് പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ എം.ടി ജനിച്ചത്. 1953ല്‍ വളര്‍ത്തുമൃഗങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് മലയാളത്തിന്‍െറ പ്രിയ കഥാകരനാവുന്നത്. പിന്നെ കഥ, നോവല്‍, തിരക്കഥ, ഉപന്യാസങ്ങള്‍, യാത്രാ വിവരണം തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്നു. അംഗീകാരമായി ജ്ഞാനപീഠവും പത്മഭൂഷണും അടക്കം 29 അവാര്‍ഡുകള്‍.
ഇരുട്ടിന്‍െറ ആത്മാവ്, ഓളവും തീരവും, ബന്ധനം, വാരിക്കുഴി, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷെര്‍ലക്ക് തുടങ്ങിയ കൃതികള്‍ മലയാളത്തില്‍ ജനപ്രിയ സാഹിത്യത്തിന്‍െറ പുതിയ അനുഭവങ്ങള്‍ തുറന്നു. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം എന്നീ നോവലുകള്‍ രചനാ വൈഭവത്തിന്‍െറ മികച്ച നിദര്‍ശനങ്ങളായി. മഞ്ഞ് പുതു രചനാ രീതികളോട് താദാത്മ്യം പ്രകടിപ്പിച്ചു. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ വിഹ്വലതകളും ഒറ്റപ്പെടുന്നവരുടെ വേദനകളും ആള്‍ക്കൂട്ടത്തില്‍ തനിയെയാകുന്നതിന്‍െറ നോവുകളുമായിരുന്നു എം.ടിയുടെ തൂലികക്കെന്നും പ്രിയതരം. മഹാകഥകളെ പുനര്‍ വായനക്ക് വിധേയമാക്കാനും ചരിത്രം എതിര്‍പക്ഷത്ത് നിര്‍ത്തിയവര്‍ക്ക് ശബ്ദം നല്‍കാനും രണ്ടാമൂഴം മലയാളിക്ക് ധൈര്യം നല്‍കി.
ഏറെ ആഘോഷിക്കപ്പെട്ട മഞ്ഞ്, വാനപ്രസ്ഥം എന്നീ രചനകള്‍ സ്ത്രീമനസ്സിന്‍െറ കാണപ്പെടാത്ത അടരുകള്‍ കാണിച്ചു. പൊതുവെ സ്വകാര്യതയുടെ ഇഷ്ടക്കാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം എന്‍.പി. മുഹമ്മദിനോടൊപ്പം അറബിപ്പൊന്ന് എഴുതി പുതിയ രചനാരീതി കാഴ്ചവെച്ചു. ഒടുവില്‍ എഴുതിയ വാരാണസി വരെ യാത്രയുടെയും ഉള്‍യാത്രകളുടെയും വഴികള്‍ കാണിച്ചു. 1956 മുതല്‍ 1998 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ പത്രാധിപരായി സാഹിത്യപത്രപ്രവര്‍ത്തനത്തിന് ദിശ തെളിയിച്ചു.
സാഹിത്യരചനയുടെ ലോകത്തിന് പുറത്ത് സിനിമാ സംവിധാനത്തിന്‍െറയും തിരക്കഥാ രചനയുടെയും ലോകത്ത് പതിപ്പിച്ച മുദ്രകളാണ് എം.ടിയെ മലയാള സംവേദനക്ഷമതയുടെ തലവാചകമാക്കിയത്.
മാനവികത,സ്വത്വപ്രതിസന്ധി, ബന്ധങ്ങളുടെ മൂല്യം എന്നിവയായിരുന്നു എം.ടി സിനിമയുടെ കാതല്‍. നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. നിര്‍മാല്യത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഇതടക്കം 10 സിനിമകള്‍ക്ക് ദേശീയ പുരസ്കാരവും 17 ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും. നിര്‍മാല്യത്തിലും വടക്കന്‍ വീരഗാഥയിലുമെല്ലാം എം.ടി കാണിച്ച ധീരതകള്‍ സിനിമാ ചരിത്രത്തിന്‍െറ ഈടുറ്റ രേഖകളായി നിലനില്‍ക്കുന്നു. 60 ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. കേരള വര്‍മ പഴശ്ശിരാജയാണ് ശ്രദ്ധേയമായ അവസാനത്തെ തിരക്കഥ. ഇന്ത്യന്‍ പനോരമ, സാഹിത്യ അക്കാദമി എന്നിവയുടെ അമരത്ത് എം.ടിയുണ്ടായിരുന്നു.
എം.ടിയുടെ ജന്‍മനക്ഷത്രമനുസരിച്ച് ജൂലൈ 27നാണ് 80ാം പിറന്നാള്‍. എണ്‍പതിലും സജീവമായിരിക്കുമ്പോഴും മൗനം കലര്‍ന്ന ചെറുപുഞ്ചിരിയാണ് അദ്ദേഹം മലയാളത്തിന് പകരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com