12:30:26
08 Oct 2015
Thursday
Facebook
Google Plus
Twitter
Rssfeed

ചെന്നായയും നായ്ക്കുട്ടികളും

ചെന്നായയും നായ്ക്കുട്ടികളും

എല്‍.കെ. അദ്വാനി രഥമുരുട്ടിയപ്പോഴാണ് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ന്നുവീണത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കാറോടിച്ചപ്പോഴാണ് ഗുജറാത്ത് കലാപമുണ്ടായത്. കാറിന്‍െറ പിന്‍സീറ്റില്‍ ചാരിക്കിടന്ന് മുന്നോട്ടു പോകുമ്പോള്‍, നായ്ക്കുട്ടികള്‍ അതിനടിയില്‍ പെട്ടാല്‍ എന്തു സംഭവിക്കും? അന്നേരം പിന്‍സീറ്റില്‍ ചാരിക്കിടക്കുന്നവന് ഉണ്ടായ വികാരമാണ് തനിക്ക് ഉണ്ടായതെന്ന് വിദേശ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് മോഡി വിശദീകരിച്ചു. നായ്ക്കുട്ടിയെ മന$പൂര്‍വം കാറിടിപ്പിച്ചിട്ടും, ചത്തുമലച്ച നായ്ക്കുട്ടിയെ അവജ്ഞയോടെ നോക്കി ഡ്രൈവറുടെ തോളത്തു തട്ടിയാല്‍, വണ്ടിയോടിക്കുന്നവന് വീര്യം കൂടും. ജീവനുകളോട് സഹാനുഭൂതിയില്ലാതെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോകും. അതാണ് ഗുജറാത്തില്‍ സംഭവിച്ചത്. അന്ന് പൂര്‍ണ സംരക്ഷണവും സഹായവും ലഭിച്ച ഡ്രൈവര്‍മാര്‍ മുതലാളിയുടെ പല്ലക്ക് ചുമന്ന് പൊതുതെരഞ്ഞെടുപ്പിലേക്ക് വരുകയാണ്. ആ ഹരത്തിലാണ് മോഡി പഴയ നായ്ക്കുട്ടികളുടെ കാര്യം പറഞ്ഞത്.
റോയിട്ടേഴ്സ് ലേഖകന്‍ ചോദിച്ചത് 2002ലെ ഗുജറാത്ത് അതിക്രമങ്ങളില്‍ ഖേദമുണ്ടോ എന്നാണ്. കാറിനടിയില്‍ പട്ടിക്കുട്ടി പെട്ടാലുണ്ടാവുന്ന മന$ക്ളേശം മാത്രമാണ് അതില്‍ തനിക്കുള്ളതെന്നു പറയുന്ന ഒരു മുഖ്യമന്ത്രിയുടെ മനോവികാരവും, ചോരയുടെ രുചിപിടിച്ച ചെന്നായയും തമ്മില്‍ എന്തു വ്യത്യാസം? ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ ഗുജറാത്തില്‍ ക്രൂരതകള്‍ക്കും കെടുതിക്കും ഇരയായി മരിച്ചുവീഴുകയോ നിസ്സഹായരായി അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിപ്പെടുകയോ ചെയ്യേണ്ടിവന്നവരാണ് മുസ്ലിംകള്‍. അവരെക്കുറിച്ച് ഇത്തരത്തിലൊരു ഉപമ മോഡിയുടെ വായില്‍നിന്ന് പുറംചാടിയെങ്കില്‍, യഥാര്‍ഥ സ്വരൂപം എന്തായിരിക്കും? മുസ്ലിംകളെ മനുഷ്യരായി കാണാന്‍പോലും ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ മനസ്സ് പാകപ്പെട്ടിട്ടില്ല. അല്ലെങ്കില്‍തന്നെ, ഗുജറാത്തിന്‍െറ തെരുവോരങ്ങളില്‍ സൈക്കിളിന്‍െറ ടയറൊട്ടിച്ചു നടക്കുന്ന ‘ഹം പാഞ്ച് ഹമാര പച്ചീസ്’ ഗണത്തില്‍ പെടുന്നവരാണ് മുസ്ലിംകളെന്ന് മോഡി 10 വര്‍ഷം മുമ്പേ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊരാളെ ആട്ടിന്‍തോലിടുവിച്ച് തെരഞ്ഞെടുപ്പിലേക്ക് ഇറക്കാനാണ് സംഘ്പരിവാര്‍ ബി.ജെ.പിയുടെ ഗോവ സമ്മേളനത്തില്‍ തീരുമാനിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പു നേരത്ത്, എത്രയൊക്കെ വികസന പുരുഷനും സദ്ഭാവനാമൂര്‍ത്തിയുമായി അവതരിപ്പിക്കാന്‍ നോക്കിയാലും തനിസ്വഭാവം കാണിക്കാതിരിക്കില്ലെന്ന് മോഡി ഓരോ ദിവസം കഴിയുന്തോറും ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്. അതങ്ങനെയല്ലാതെ വരില്ല. ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴാതിരിക്കാന്‍ തരമില്ല. ഹിന്ദുത്വവും കാടത്തവുമല്ലാതെ മോഡിക്ക് കൈയിലിരിപ്പ് മറ്റൊന്നുമില്ല. മോഡിയുടെ വിശ്വസ്ത സഹചാരികളുടെ ചിത്രമാണ് ഇക്കൂട്ടത്തില്‍ തെളിയുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുടുങ്ങിയ അമിത് ഷാ, വിദ്വേഷപ്രസംഗകന്‍ വരുണ്‍ ഗാന്ധി എന്നിങ്ങനെ നീളുന്ന വിശ്വസ്ത നിര തെരഞ്ഞെടുപ്പിനുമുമ്പ് വോട്ടിനും സീറ്റിനും വേണ്ടി കാട്ടിക്കൂട്ടാന്‍ പോവുന്നത് എന്തൊക്കെയാണെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെത്തി പുതിയ ധ്രുവീകരണ യജ്ഞത്തിന് അമിത് ഷാ കോപ്പുകൂട്ടി തുടങ്ങിയിരിക്കുന്നു. തളിപ്പറമ്പ് ക്ഷേത്രത്തിലല്ലാതെ, അവിടെ പൊന്നിന്‍കുടം കാണിക്ക വെച്ചില്ല. ഒന്ന് രാഷ്ട്രീയമാണ്; മറ്റൊന്ന് വിശ്വാസമാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ ആപത്സൂചനകള്‍ അലട്ടുമ്പോള്‍, ദൈവത്തിന്‍െറ കൃപാകടാക്ഷം കിട്ടാന്‍ പൊന്നിന്‍കുടമെങ്കില്‍ പൊന്നിന്‍കുടം. കാലങ്ങളായി പണിയാന്‍ ശ്രമിക്കുന്ന അമ്പലത്തില്‍ അതു വെച്ചാലാണ് ദൈവകൃപ കിട്ടുകയെന്ന് കഷ്ടം, ബി.ജെ.പി നേതാക്കള്‍ പോലും വിശ്വസിക്കുന്നില്ല. കൊല്ലുംകൊലയും നടത്തിയിട്ടുണ്ടെങ്കില്‍, ദേവിക്ക് എന്തിനാണ് അത്തരക്കാരുടെ പൊന്നിന്‍കുടം?
വികസന പുരുഷനായി തെരഞ്ഞെടുപ്പില്‍ അവതരിക്കാന്‍ ശ്രമിച്ചതുകൊണ്ട് ധ്രുവീകരണം സാധ്യമാവില്ലെന്ന് മോഡിക്ക് ബോധ്യമുണ്ട്. ഗുജറാത്തിനു പുറത്ത് വിലക്കപ്പെട്ട മുഖമായി നിന്ന നേരത്ത് രാജ്യത്തിനകത്തും പുറത്തും സ്വീകാര്യത നേടാന്‍ ചെയ്ത നമ്പറുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. സദ്ഭാവനാ യജ്ഞത്തിലായിരുന്നു ആ നമ്പറുകളുടെ തുടക്കം. വ്യവസായികളുടെ തോഴനായി പിന്നെ അവതരിച്ചു. സംഘ് ആഭിമുഖ്യമുള്ള ഒരു കോളജിലെത്തി വികസന സങ്കല്‍പങ്ങളെക്കുറിച്ച് വാചാലനായത് ദല്‍ഹിയിലെ അരങ്ങേറ്റം. ഇതെല്ലാം കണ്ട് ചില വിദേശരാജ്യങ്ങള്‍ മോഡി നന്നായെന്നു കരുതി ‘ഭാവി പ്രധാനമന്ത്രി’യുമായി ബന്ധം സ്ഥാപിച്ചു. ദല്‍ഹിയിലെ ജര്‍മന്‍ അംബാസഡറുടെ വസതിയില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ മോഡിയുടെ വെടിവട്ടം കേള്‍ക്കാനെത്തി. ഒരു പതിറ്റാണ്ടു നീണ്ട ബഹിഷ്കരണത്തിന്‍െറ അനൗദ്യോഗികമായ അവസാനിപ്പിക്കലായിരുന്നു അത്. മാധ്യമങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞുനിന്ന മോഡി പിന്നെ പ്രമുഖ പത്രക്കാരെ ചായകുടിച്ച് വര്‍ത്തമാനം പറയാന്‍ ക്ഷണിച്ചു. അതിനു പോകാന്‍ കൂട്ടാക്കാത്ത ചുരുക്കം പത്രക്കാര്‍ക്കുനേരെ മോഡിയുടെ പി.ആര്‍ മാനേജര്‍മാരും, ബ്രോക്കര്‍ പണിയുമായി നടക്കുന്ന പത്രക്കാരും നെറ്റിചുളിച്ചു.
ഇങ്ങനെയൊക്കെ കളമൊരുക്കിയശേഷമാണ് അദ്വാനിയടക്കം പാര്‍ട്ടിയിലെ എതിരാളികളെ തൊഴിച്ചുതാഴെയിട്ട് തെരഞ്ഞെടുപ്പിന്‍െറ മുഖ്യപ്രചാരകനായി മോഡി വേഷമിട്ടത്. വിദേശത്തെ ചില നയതന്ത്രജ്ഞരോ സ്വദേശത്തെ പി.ആര്‍ മാനേജര്‍മാരോ ചാര്‍ത്തിക്കൊടുക്കുന്ന അത്തരം വികസനപുരുഷ വേഷങ്ങളൊന്നും മോഡിയെ രക്ഷിക്കാന്‍ പോവുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ തെളിയിച്ചു. മോഡി സ്വാഭാവിക നേതാവല്ലെന്ന് ബി.ജെ.പിയിലെ കലാപം വിളംബരം ചെയ്തു. പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നതില്‍ കുപിതനായ മോഡി, വര്‍ഗീയ ധ്രുവീകരണത്തിന്‍െറ അടുത്ത പടിയിലേക്ക് കാലെടുത്തുവെക്കുന്നതാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സി.ബി.ഐ ചരടുമുറുക്കുകയും പൊതുജനമധ്യത്തില്‍ പ്രതിക്കൂട്ടില്‍ കയറുകയും ചെയ്ത സന്ദര്‍ഭത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രംകൂടിയാണത്. ഇങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കുന്ന ധ്രുവീകരണം രാജ്യത്തെ എങ്ങോട്ടു നയിക്കുമെന്ന ആശങ്ക പെരുകിവരുന്നു. വികസനത്തിന്‍െറയോ നല്ല ഭരണത്തിന്‍െറയോ കാര്യം പറഞ്ഞ് കോണ്‍ഗ്രസും യു.പി.എ സര്‍ക്കാറും വോട്ടുചോദിച്ചാല്‍ ജനം അട്ടഹസിച്ചുചിരിക്കുക മാത്രമാണ് ചെയ്യുക. അതിനിടയില്‍ മോഡി തെരഞ്ഞെടുപ്പു രംഗത്ത് സൃഷ്ടിക്കുന്ന അനക്കങ്ങള്‍ പക്ഷേ, ബി.ജെ.പിയുടെ നേട്ടമായി മാറില്ലെന്നു മാത്രം.
തിടുക്കം കൂട്ടിയതില്‍ പിഴച്ചുവെന്ന തിരിച്ചറിവിലാണ് സംഘ്പരിവാര്‍ ഇന്ന്. പഴയകുതിരകളുടെ അമര്‍ഷത്തിനിടയിലും, ചെറുപ്പക്കാരില്‍ പലരും ഗുജറാത്ത് മോഡലില്‍ മോഡി വരുമ്പോള്‍ ആവേശംകൊള്ളുന്നുണ്ട്. സര്‍ക്കാറിനെതിരായ ജനരോഷം മുതലാക്കാന്‍ മോഡി ശ്രമിക്കുന്നുണ്ട്. എതിര്‍പാളയത്തിലെ രാഹുല്‍ ഗാന്ധി ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കുന്നുമില്ല. പക്ഷേ, മോഡിയുടെ വരവുകൊണ്ട് പ്രതീക്ഷിച്ച ഫലമല്ല സംഘ്പരിവാറിന് കിട്ടുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ തെളിവുകള്‍ പുറത്തുവരുമ്പോള്‍, കുറ്റപത്രം വിപുലമാകുമ്പോള്‍, ചെന്നായയെ മടിയിലെടുത്തുവെക്കാന്‍ പാര്‍ട്ടികള്‍ തയാറാവുന്നില്ല. ജനതാദള്‍-യു വിട്ടുപോയത് നിസ്സാരമായി വിശേഷിപ്പിച്ചതല്ലാതെ, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിലേക്ക് പുതുതായി ആരും വരുന്നില്ല. മോഡിയെ സര്‍വാത്മനാ സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്ന ജയലളിത പോലും പുറംതിരിഞ്ഞു നില്‍ക്കുന്നു. എന്‍.ഡി.എ ഹിന്ദുത്വ-സിഖ് സഖ്യമായി ചുരുങ്ങിപ്പോയി. പഴയ കൂട്ടാളികളായ മമത ബാനര്‍ജിയും നവീന്‍ പട്നായകും ചന്ദ്രബാബു നായിഡുവുമൊക്കെ അകലംപാലിക്കുന്നു. ഫെഡറല്‍ മുന്നണിയെക്കുറിച്ചാണ് അവര്‍ വാചാലരാവുന്നത്. യു.പി പിടിക്കാന്‍ അമിത് ഷായും യു.പിയില്‍ മത്സരിക്കാന്‍ മോഡിയും കോപ്പുകൂട്ടുന്നെങ്കിലും, സ്വന്തം വോട്ടുബാങ്കില്‍ ഉറപ്പുള്ള മുലായംസിങ്ങോ മായാവതിയോ പേടിക്കുന്നില്ല. മറ്റു പ്രാദേശിക പാര്‍ട്ടികളുടെ കാര്യവും അങ്ങനെത്തന്നെ. കോണ്‍ഗ്രസിന് മാത്രമാണ് പേടി. കോണ്‍ഗ്രസും ബി.ജെ.പിയും ഇങ്ങനെ നേരിട്ട് ഏറ്റുമുട്ടുന്ന ഡസനില്‍ താഴെ സംസ്ഥാനങ്ങളിലെ കഥയെടുക്കുക. അതെല്ലാം ചേര്‍ത്തുവെച്ചാല്‍ കിട്ടാവുന്നത് ആകെ ലോക്സഭാ സീറ്റിന്‍െറ നാലിലൊന്നാണ്. അതോര്‍ക്കുമ്പോള്‍ വികസനപുരുഷന് വര്‍ഗീയത കഴിയുന്നത്ര ഇളക്കാതെ വയ്യ. കാറിനടിയില്‍പെട്ട നായ്ക്കുട്ടിയെ പേടിക്കാതെ വയ്യ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus