12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

ആഭ്യന്തരന്‍

ആഭ്യന്തരന്‍

ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങളില്‍ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ ചരിത്രസന്ധിയിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നു പറയാതെ വയ്യ. സൂര്യരശ്മികളെപ്പോലും സ്വകാര്യവത്കരിച്ചുകൊണ്ട് പുതിയ വികസനപരിപ്രേക്ഷ്യത്തിലൂടെ അതിവേഗം ബഹുദൂരം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. അസൂയാലുക്കളും ദോഷൈകദൃക്കുകളുമായ ചില കുബുദ്ധികള്‍ സോളാര്‍ കുംഭകോണം എന്ന അധിക്ഷേപപദത്തിലൂടെ ദീര്‍ഘവീക്ഷണപരമായ വികസനസമീപനങ്ങളെ താറടിച്ചുകാണിക്കുന്നതിന്‍െറ പേരില്‍ ചരിത്രം അവരെ വിചാരണ ചെയ്യുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ, കുറ്റവിചാരണ ചെയ്യപ്പെടുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലുള്ള സൗമ്യനും സാത്വികനുമായ ഒരു വ്യക്തിയാവുമ്പോള്‍ പ്രതികരിക്കാതെ വയ്യ.
വാസ്തവത്തില്‍ എന്തിനാണ് ഒരു ആഭ്യന്തരവകുപ്പ് എന്ന് നമുക്ക് കുറച്ച് ഉച്ചത്തില്‍ ചിന്തിക്കാവുന്നതാണ്. കേരളത്തില്‍ അത്തരമൊരു വകുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ അനാവശ്യമാണ്. ക്രമസമാധാനവും സുരക്ഷയും പുലരാത്ത നാടുകളിലേ ആഭ്യന്തരവകുപ്പിന് പ്രസക്തിയുള്ളൂ. ഇവിടെയുള്ള കള്ളന്മാര്‍ ഇപ്പോഴും മീശമാധവനെയും കായംകുളം കൊച്ചുണ്ണിയെയുംപോലുള്ള നല്ലവന്മാരാണെന്ന് തിരുവഞ്ചൂരിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും നാട്ടുനടപ്പ് അനുസരിച്ചാണ് അദ്ദേഹം കേരള പൊലീസിന്‍െറയും ജയിലുകളുടെയും വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെയുമൊക്കെ തലപ്പത്തിരിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന്‍െറ ഊര്‍ജം (സരിതോര്‍ജമെന്ന് തെറ്റിവായിക്കരുതെന്ന് അപേക്ഷ) ക്രിയാത്മകവും നിര്‍മാണാത്മകവുമായ മറ്റു രാഷ്ട്രീയരംഗങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നെങ്കില്‍ കേരളത്തിന്‍െറ വികസനക്കുതിപ്പ് ആരു വിചാരിച്ചാലും തടുത്തുനിര്‍ത്താന്‍ കഴിയില്ലായിരുന്നു. സ്പെയിനില്‍ കാളപ്പോരില്‍ പങ്കെടുക്കുന്ന കാളയെപ്പോലെ മുക്കറയിട്ട് കുതിച്ചുകൊണ്ടിരുന്ന കേരളത്തെ ചുവപ്പുകൊടി കാട്ടി പ്രതിപക്ഷം തടുത്തുനിര്‍ത്തില്ലായിരുന്നു. മീശമാധവനെപ്പോലെ കിണ്ണം, ഓട്ടുരുളി എന്നിവ കട്ടെടുക്കുന്ന തരത്തിലുള്ള ലോലമായ തട്ടിപ്പുകള്‍ മാത്രം പുലര്‍ന്നുപോന്ന ഒരു ദേശത്ത് ഉത്തരേന്ത്യയില്‍നിന്ന് ബണ്ടി ചോര്‍ വന്നതിനുശേഷമെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കള്ളന്മാര്‍ സാങ്കേതികകാര്യങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നത് പൊലീസുകാരെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. വാസ്തവത്തില്‍ പൂട്ടുകള്‍ ആധുനികവത്കരിക്കപ്പെട്ടത് കള്ളന്മാര്‍ ടെക്നോസാവി ആയതോടെയാണെന്ന് മോഷണവിദ്യയുടെ ചരിത്രത്തിലുണ്ട്. എളുപ്പം കുത്തിത്തുറക്കാവുന്ന പഴയ നിരപ്പലകയുടെ സ്ഥാനത്ത് ഷട്ടറിട്ട പീടിക വരുന്നതുപോലെയുള്ള മാറ്റം ബിസിനസ് തട്ടിപ്പുകളുടെ ലോകത്തും അരങ്ങേറുന്നുണ്ടെന്ന് അറിയാതെ പോയതു മാത്രമാണ് തിരുവഞ്ചൂരിന്‍െറ തെറ്റ്. തട്ടിപ്പുകാര്‍ സ്വയം ആധുനികവത്കരണത്തിന് സന്നദ്ധമാവുകയും സുന്ദരികളെയും സൂര്യരശ്മികളെയും തട്ടിപ്പിനുള്ള ഉപാധിയാക്കുകയും ചെയ്യുന്ന ആഗോളീകരണാനന്തര ഉത്തരാധുനികകേരളത്തില്‍ ഒട്ടും അപ്ഡേറ്റ് ചെയ്യാന്‍ കഴിയാതെ പോയ ആഭ്യന്തരവകുപ്പ് തല്‍ക്കാലം വേണ്ടെന്നുവെക്കുന്നതുകൊണ്ട് ആ വഴിക്കുള്ള നികുതിപ്പണത്തിന്‍െറ ദുര്‍വിനിയോഗം കുറഞ്ഞുകിട്ടുമെന്ന ഗുണവുമുണ്ട്. അതുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന രാഷ്ട്രീയപ്രതിഭയെ തിരസ്കരിക്കണമെന്ന് ഇവിടെ അര്‍ഥമാക്കുന്നില്ല. അദ്ദേഹത്തിന്‍െറ ഊര്‍ജം വേറെ വഴിക്ക് തിരിച്ചുവിടാവുന്നതേയുള്ളൂ.
ആഭ്യന്തരവകുപ്പിനെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് എന്നൊക്കെ ആംഗലേയപ്പെടുത്തുന്നവരുണ്ട്. ഹോം അഫയേഴ്സ് എന്നാല്‍ വീട്ടുകാര്യങ്ങള്‍ എന്നും പറയാമല്ലോ. പാലുകാച്ചല്‍ പ്രധാനപ്പെട്ട ഒരു വീട്ടുകാര്യമാണ്. അങ്ങനെനോക്കുമ്പോള്‍ പ്രധാനപ്പെട്ട പാലുകാച്ചല്‍ ചടങ്ങിനൊക്കെ പങ്കെടുക്കേണ്ടത് ഹോം മിനിസ്റ്ററുടെ ഭരണഘടനാപരമായ ബാധ്യതകൂടിയാണെന്ന് പറയേണ്ടതില്ലല്ലോ. ഇടവഴിയില്‍നിന്ന് കൈകൊട്ടി വിളിച്ചാലും പോവണം. അത്തരം കാര്യങ്ങളൊക്കെ കൃത്യമായും വെടിപ്പായും ചെയ്ത മന്ത്രിയാണ് തിരുവഞ്ചൂര്‍. നിയമപാലനം എന്ന സംഗതികൂടി വകുപ്പില്‍ സന്ദര്‍ഭവശാല്‍ കണ്ടിരുന്നു. ആ പരിപാടി ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് ചെയ്തോളും എന്നു വിചാരിച്ചു. കള്ളന്മാരുടെ ആഭ്യന്തരവും ബാഹ്യവുമായ ആകാരങ്ങളിലും ആധുനികകാലത്ത് പ്രകടമായ മാറ്റം വന്നിരിക്കുന്നുവെന്ന് പക്ഷേ ആഭ്യന്തരവകുപ്പിനു കീഴിലുള്ള പൊലീസ് കാണാതെ പോയി. ശരീരവടിവുള്ള ശാലീനകളെ മുന്‍നിര്‍ത്തിയാണ് പുതിയ കാലത്തെ തട്ടിപ്പുകാര്‍ കളിക്കുന്നത്. തട്ടിപ്പു നടത്തുന്നതിനുമുമ്പ് ബാഹ്യശക്തികളുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിനെ കാല്‍ക്കീഴിലാക്കുകയാണ് അവരുടെ ആദ്യപടി. പുതിയ കാലത്തെ വശീകരണായുധമായ മൊബൈലാണ് അവരുടെ പ്രധാന ഉപകരണം. അവര്‍ വിളിക്കുകയും പാലുകാച്ചുകയുമൊക്കെ ചെയ്യും. എല്ലാ വീട്ടിലും പാലുകാച്ചലിനും അടിയന്തിരത്തിനും പോവുന്ന പതിവ് ആഭ്യന്തരമന്ത്രിയായതുകൊണ്ടുമാത്രം ഒരു ജനപ്രതിനിധി വേണ്ടെന്നുവെക്കണം എന്നു പറയുന്നതില്‍ അര്‍ഥമില്ല.
അളന്നുമുറിച്ച വാക്കുകളുമായി എതിരാളികളെ നേരിടുന്ന രാഷ്ട്രീയപടനായകന്‍ എന്നൊക്കെയാണ് തെരഞ്ഞെടുപ്പുകാലത്ത് പത്രക്കാര്‍ വിശേഷിപ്പിക്കാറുള്ളത്. പിഴക്കാത്ത ചുവടുവെപ്പുകളും പതറാത്ത വാദഗതികളുമായി പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം, ഉമ്മന്‍ ചാണ്ടിയുടെ സര്‍വസൈന്യാധിപന്‍ എന്നൊക്കെയാണ് സ്തുതിപാഠകരായ പാണന്മാരും പത്രക്കാരും വര്‍ണിച്ചിട്ടുള്ളത്. ചുവടുവെപ്പുകള്‍ പിഴക്കുന്നതും വാദഗതികള്‍ പതറുന്നതുമാണ് സരിതാനന്തര കേരളത്തിലെ തിരുവഞ്ചൂരിന്‍െറ ദുര്‍ഗതി. ശാലുവിന്‍െറ പാലുകാച്ചലിന് ക്ഷണിച്ചിട്ടുപോയിട്ടുണ്ടെങ്കില്‍ പോയി എന്നു പറയാനുള്ള ആര്‍ജവമില്ല, സരിത എന്നെ മാത്രമല്ല നികേഷിനെയും വിളിച്ചു എന്നൊക്കെ പറയുന്നതിലെ പതറല്‍ എല്ലാം കേരളം കണ്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് പറയുന്നത്, തല്‍ക്കാലം നമുക്ക് ആഭ്യന്തരം വേണ്ടെന്നുവെക്കാം. ആ വകുപ്പ് രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുന്നതിലെ അപകടം ഒഴിവാക്കാനെങ്കിലും അതുപകരിക്കും.
1949 ഡിസംബര്‍ 26ന് കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ ജനനം. കോട്ടയം ബസേലിയസ് കോളജില്‍നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദവും. ബാലജനസഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. 1974-77 കാലത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1991ല്‍ അടൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ എത്തി. 2004ല്‍ ഉമ്മന്‍ചാണ്ടി ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായി. ജലവിഭവ വകുപ്പുമായി തുടങ്ങിയ മന്ത്രിപദം. പിന്നീട് ആരോഗ്യം, വനം എന്നീ വകുപ്പുകള്‍കൂടി ഏല്‍പിച്ചുകൊടുത്തു. നേരിയ ഭൂരിപക്ഷവുമായി രണ്ടാംവട്ടം ഉമ്മന്‍ ചാണ്ടി തിരിച്ചുവന്നപ്പോള്‍ റവന്യൂ എന്ന സുപ്രധാന വകുപ്പുതന്നെ കിട്ടി. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനുള്ള വകുപ്പ്. പാമോയില്‍ കേസ് രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയപ്പോള്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ മുഖ്യമന്ത്രി അത് ഏല്‍പിച്ചുകൊടുത്തത് വിശ്വസ്തനായ തിരുവഞ്ചൂരിനെ.
മുഖ്യമന്ത്രിയുടെ ഓഫിസ് തട്ടിപ്പിന്‍െറ താവളമാക്കുന്ന തരത്തില്‍ തട്ടിപ്പുകാര്‍ മുന്നേറിക്കഴിഞ്ഞു. ആഭ്യന്തരവകുപ്പിനു കീഴില്‍നിന്നുതന്നെ ഭരണത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ഫോണ്‍വിളികളുടെ രേഖകള്‍ ചോര്‍ന്നുപോവുന്നു. കുഞ്ഞൂഞ്ഞിന്‍െറ സര്‍വസൈന്യാധിപന്‍ പടച്ചട്ടകള്‍ അഴിഞ്ഞ് നിരായുധനായി നില്‍ക്കുകയാണ് പടക്കളത്തില്‍. ആഭ്യന്തരത്തിന്‍െറ ഭാരമെങ്കിലും എടുത്തുമാറ്റിയാല്‍ മതിയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus