12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

സദുദ്ദേശ്യത്തിലെ അപകടങ്ങള്‍

നിയമം നിര്‍മിക്കുന്നവര്‍ നിയമം അനുസരിക്കുന്നവരാകണം. കുറ്റവാളികളുടെ സ്ഥാനം കാരാഗൃഹമാണ്. ജനാധിപത്യത്തിന്‍െറ ശ്രീകോവിലില്‍ അവര്‍ക്ക് ഇടമുണ്ടാകരുത്. എന്നാല്‍, വിശ്വോത്തരമായ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ക്രിമിനലുകളുടെ ഇടപെടല്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിന്‍െറ ക്രിമിനല്‍വത്കരണത്തെക്കുറിച്ച് വോറ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ട്. ക്രിമിനല്‍വത്കരണം ഒഴിവാക്കി രാഷ്ട്രീയത്തെ എപ്രകാരം സംശുദ്ധമാക്കാമെന്ന ആലോചനക്കിടയിലാണ് കാര്യമായ മറ്റൊരു മാറ്റം സംഭവിച്ചത്. സഭാപ്രവേശത്തിന് രാഷ്ട്രീയക്കാര്‍ ക്രിമിനലുകളെ ഉപയോഗിക്കുന്ന അവസ്ഥ മാറി ക്രിമിനലുകള്‍ നേരിട്ട് പാര്‍ലമെന്‍റിലും നിയമസഭകളിലും എത്തുന്ന അവസ്ഥയായി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 31 ശതമാനം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന കണക്ക് അത്ര നിസ്സാരമായി തള്ളാവുന്നതല്ല. ലോക്സഭയില്‍ ഇത്തരക്കാരുടെ എണ്ണം 162 ആണ്. കോണ്‍ഗ്രസിലെ 21 ശതമാനവും ബി.ജെ.പിയിലെ 31 ശതമാനവും ജനപ്രതിനിധികള്‍ ക്രിമിനലുകളാണ്.
വസ്തുതയും കണക്കും ഇപ്രകാരം അസ്വാസ്ഥ്യമുണ്ടാക്കുമ്പോള്‍ ഇത്തരക്കാരെ അയോഗ്യരാക്കുന്നതിനുള്ള സുപ്രീംകോടതിയുടെ വിധി വ്യാപകമായി സ്വാഗതം ചെയ്യപ്പെടും. പാര്‍ലമെന്‍റിലോ നിയമസഭകളിലോ അംഗമായിരിക്കുന്ന ഒരാള്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തല്‍ക്ഷണം സഭാംഗത്വം നഷ്ടപ്പെടുമെന്ന വിധിയാണ് സുപ്രീം കോടതി നല്‍കിയത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ യഥാസമയം അപ്പീല്‍ നല്‍കുന്നതോടെ അയോഗ്യതയില്‍നിന്ന് താല്‍ക്കാലികമായി ഒഴിവാകുമായിരുന്നു. ഈ സൗകര്യമാണ് ഇപ്പോള്‍ സുപ്രീംകോടതി ഇല്ലാതാക്കിയത്. സുപ്രീംകോടതിയുടെ ഉദ്ദേശ്യം നല്ലത്. പക്ഷേ, മാര്‍ഗം അത്ര ശരിയല്ല.
പാര്‍ലമെന്‍റിലേക്കോ നിയമസഭയിലേക്കോ തെരഞ്ഞെടുക്കപ്പെടുന്നതിനും ആ പദവിയില്‍ തുടരുന്നതിനും തടസ്സമാകുന്ന സാഹചര്യങ്ങള്‍ ഭരണഘടനയില്‍ വിശദീകരിക്കുന്നുണ്ട്. ആദായകരമായ സര്‍ക്കാര്‍ പദവി വഹിക്കുന്നതും വിഭ്രാന്തിയില്‍ അകപ്പെടുന്നതും അയോഗ്യതകളില്‍പെടുന്നു. ഇതില്‍ ആദ്യത്തേതിനെ മുന്‍നിര്‍ത്തിയാണ് ഞാന്‍ പി.സി. ജോര്‍ജിനെതിരെ ഹരജി നല്‍കിയത്. ഇവക്കു പുറമേ പാര്‍ലമെന്‍റ് നിശ്ചയിക്കുന്ന അയോഗ്യതകളും ഒരു ജനപ്രതിനിധിക്ക് ബാധകമാകും. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. നിയമത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷാകാലാവധിക്കു പുറമേ ആറു വര്‍ഷംകൂടി തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യരായിരിക്കും. വിധിപ്രസ്താവത്തിനുശേഷം മൂന്നു മാസത്തിനകം അപ്പീല്‍ കോടതിയില്‍നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചാല്‍ അപ്പീല്‍ കഴിയുംവരെ ഈ അയോഗ്യതയില്‍നിന്ന് ഒഴിവാകുമെന്ന വ്യവസ്ഥ ഇല്ലാതായതോടെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കും ഏതെങ്കിലും കാരണവശാല്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ സാമാജികരാണെങ്കില്‍ അവരുടെ അംഗത്വം നഷ്ടപ്പെടും.
കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ തൃപ്തികരമാണെന്നു തോന്നിയേക്കാം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്‍െറ വിശുദ്ധി കാംക്ഷിക്കുന്നവര്‍ ഇതിനെ വീണ്ടുവിചാരമില്ലാതെ സ്വാഗതം ചെയ്യും. ഈ സന്തോഷത്തിനിടയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് ശരിയല്ല.
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ യോഗ്യതയും അയോഗ്യതയും നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം ഭരണഘടനയനുസരിച്ച് പാര്‍ലമെന്‍റില്‍ നിക്ഷിപ്തമാണ്. ജനാഭിപ്രായത്തിനു വിധേയമായും സ്വന്തം വിവേകത്തിന് അനുസൃതമായും പാര്‍ലമെന്‍റ് സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ സ്വേച്ഛയനുസരിച്ച് സുപ്രീംകോടതി ഇടപെടുന്നത് ശരിയല്ല. ജുഡീഷ്യല്‍ ശ്രേണിയില്‍ ഏറ്റവും താഴെയുള്ള കോടതിയാണ് മജിസ്ട്രേറ്റ് കോടതി. അവിടെ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് സുപ്രീംകോടതി വരെ പല കോടതികളിലും അപ്പീലുമായി പോകുന്നതിന് അവകാശമുണ്ട്. താഴേക്കോടതിയിലെ ശിക്ഷ മേല്‍ക്കോടതി ഒഴിവാക്കുന്നത് അസാധാരണമല്ല. മജിസ്ട്രേറ്റിന്‍െറ വിധിയോടെ ജനപ്രതിനിധിക്ക് നഷ്ടപ്പെടുന്ന പദവി മേല്‍ക്കോടതിക്ക് പുന$സ്ഥാപിക്കാനാവില്ല. മന്ത്രിസഭയില്‍നിന്ന് പുറത്താകുന്ന മന്ത്രിയെ തിരിച്ചെടുക്കാം. സ്ഥാനം നഷ്ടപ്പെടുന്ന ജനപ്രതിനിധിക്ക് അടുത്ത തെരഞ്ഞെടുപ്പിലൂടെ മാത്രമേ അത് തിരിച്ചുപിടിക്കാനാകൂ. അതാകട്ടെ ക്ഷിപ്രസാധ്യമല്ല.
ബിഹാറില്‍നിന്നുള്ള എം.പിയായിരുന്നു പപ്പു യാദവ്. കഴിഞ്ഞ ലോക്സഭയില്‍ നാലു വര്‍ഷം അയാള്‍ തിഹാര്‍ ജയിലിലായിരുന്നു. കുറ്റം കൊലപാതകമാണ്. 2008ല്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2009ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഇപ്പോള്‍ അയാളെ ഹൈകോടതി കുറ്റമുക്തനാക്കി. പാഴായിപ്പോയ നാളുകള്‍ക്ക് എങ്ങനെ പരിഹാരമുണ്ടാകും. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍െറ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതിന് അയാള്‍ പപ്പു യാദവിനെപ്പോലെ അറിയപ്പെടുന്ന ക്രിമിനലാകണമെന്നില്ല.
അടിയന്തരാവസ്ഥയിലെ അറസ്റ്റുകള്‍ നമ്മുടെ ഓര്‍മയിലുണ്ട്. സാധാരണ അവസ്ഥയിലും ഒരാളെ കേസില്‍ കുടുക്കുന്നതിനും മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും കഴിയും. അസൗകര്യമുള്ള സ്ഥാനാര്‍ഥിയെ ഒഴിവാക്കുന്നതിനോ നിയമസഭയിലെ ബലാബലത്തില്‍ മാറ്റം വരുത്തുന്നതിനോ ആസൂത്രിതമായ നീക്കമുണ്ടായാല്‍ അതിന് ഈ വിധി സഹായകമാകും. ആലുവയില്‍ പ്രതികൂലമായ വിധിയുണ്ടായാല്‍ അപ്പീലുമായി എറണാകുളത്തെത്തുന്നതിനുമുമ്പ് ജോസ് തെറ്റയിലിന്‍െറ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ടാകും. അങ്കമാലിയില്‍ തുടര്‍ന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് എന്തെന്ത് രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പറയാന്‍ കഴിയില്ല. തെറ്റയിലിനെ മാറ്റി നിര്‍ത്തിയാലും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 67 പേര്‍ കേരള നിയമസഭയിലുണ്ട്. അതില്‍ 40 പേര്‍ ഭരണപക്ഷത്തുള്ളവരാണ്. അവരില്‍ നാലു പേര്‍ ജയിലിലായാല്‍ എന്താകും ഗവണ്‍മെന്‍റിന്‍െറ അവസ്ഥ?
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ജനപ്രതിനിധികള്‍ വ്യാപരിക്കുന്നതുകൊണ്ടാണ് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമീഷനും നടത്തുന്ന ഇടപെടലുകള്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നത്. ഇത്തരം കുറ്റങ്ങളില്‍ അകപ്പെട്ടിട്ടുള്ള ജനപ്രതിനിധികളുടെ എണ്ണം 641 ആണ്. ജനാധിപത്യത്തിന്‍െറ സംശുദ്ധി പരിരക്ഷിക്കുന്നതിന് ഇത്തരക്കാര്‍ തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലമെന്‍റിലും നിയമസഭകളിലും അംഗമായിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കപ്പെടണം. പക്ഷേ, കളയോടൊപ്പം വിളയും പോകരുത്. ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും അത്ര പിന്നിലല്ല. പക്ഷേ, അവയില്‍ പലതും രാഷ്ട്രീയപ്രക്ഷോഭത്തിന്‍െറയും പ്രതിഷേധത്തിന്‍െറയും ഭാഗമായുണ്ടായ കേസുകളാണ്.
ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളോട് ജുഡീഷ്യറി അസഹിഷ്ണുത കാണിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏത് എം.പിയെയും എം.എല്‍.എയെയും സഭയില്‍നിന്ന് ഗളഹസ്തം ചെയ്യുന്നതിന് സാഹസികനായ ഒരു മജിസ്ട്രേറ്റിനു കഴിയും. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ അറിയാതെയാണെങ്കിലും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച മജിസ്ട്രേറ്റ് നമ്മുടെ ഓര്‍മയിലുണ്ട്.
പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ അമിതമായാല്‍ അപകടമാണ്. ജുഡീഷ്യല്‍ റിവ്യൂ എന്നത് സംയമനത്തോടെ പ്രയോഗിക്കുന്നതിനുള്ള വജ്രായുധമാണ്. അപ്പീല്‍ കോടതി ശിക്ഷ മരവിപ്പിച്ചാലും ജനപ്രതിനിധി ശിക്ഷ അനുഭവിക്കണമെന്ന വ്യാഖ്യാനം അസ്വീകാര്യമാണ്. നിയമം സമൂഹത്തിനാകെ ഒരുപോലെയാണ് ബാധകമാക്കേണ്ടത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ വിചാരണയായാലും അപ്പീലായാലും, ഫാസ്റ്റ് ട്രാക്കിലാക്കി അതിവേഗം തീര്‍പ്പാക്കാനാണ് ജുഡീഷ്യറി ശ്രമിക്കേണ്ടത്. ശിക്ഷ അന്തിമമായാല്‍ മറ്റു പരിഗണന ആവശ്യമില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടപെടല്‍തന്നെയാണ് ഏറ്റവും അഭികാമ്യമായത്. കുറ്റവാളികളെ തിരിച്ചറിയാന്‍ സമ്മതിദായകര്‍ക്ക് കഴിയുമെങ്കില്‍ അന്തിമമായ വിധി അവര്‍ക്കുതന്നെ നടപ്പാക്കാന്‍ കഴിയും.
ക്രിമിനലുകളുടെയും കോര്‍പറേറ്റുകളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തെ മുക്തമാക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തില്‍ ഗൗരവപൂര്‍ണമായ വായന അര്‍ഹിക്കുന്നതാണ് പട്നായകും മുഖോപാധ്യായയും ചേര്‍ന്നുനല്‍കിയ ഈ വിധി. പക്ഷേ, ഒരു ഭരണഘടനാ ബെഞ്ച് ഈ വിധി പുന$പരിശോധിച്ച് പ്രായോഗികമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും ഉത്തമം. ആരെയും അനായാസം കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിയുമെന്നിരിക്കേ തെരഞ്ഞെടുപ്പില്‍ ക്രിമിനലുകള്‍ക്കൊപ്പം പൊലീസും ഇടപെടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കരിനിയമങ്ങളും അത് മന$സാക്ഷിയില്ലാതെ പ്രയോഗിക്കുന്ന അധികാരികളും ധാരാളമുള്ള നാടാണ് നമ്മുടേത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus