12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

സത്യത്തിനുവേണ്ടി മുന്നോട്ട് -ഉമ്മന്‍ ചാണ്ടി

സത്യത്തിനുവേണ്ടി മുന്നോട്ട് -ഉമ്മന്‍ ചാണ്ടി

ഒരു ദിവസത്തെ ഹര്‍ത്താല്‍കൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം 800 മുതല്‍ 1000 കോടി രൂപ വരെ. കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കാണിത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവിധ തട്ടിപ്പുകേസുകളിലായി ഇതുവരെ നഷ്ടപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത് 10 കോടി രൂപ.
ജൂണ്‍ 10 മുതല്‍ ജൂലൈ 18 വരെ 28 ദിവസം നടക്കേണ്ടിയിരുന്ന നിയമസഭാ ബജറ്റ് സമ്മേളനം ചേര്‍ന്നത് 12 ദിവസം. സഭയില്‍ ചര്‍ച്ച നടന്നത് വെറും നാലു ദിവസം. 13 ദിവസം ചര്‍ച്ചചെയ്യേണ്ടിയിരുന്ന ധനാഭ്യര്‍ഥനകളും അതിന്‍െറ ധനവിനിയോഗ ബില്ലും ചര്‍ച്ചചെയ്യാതെ പാസാക്കേണ്ടിവന്നു. എട്ട് അടിയന്തരപ്രമേയങ്ങളും ഒരു സബ്മിഷനും സോളാര്‍ വിഷയത്തെക്കുറിച്ചു മാത്രമായിരുന്നു. നിയമസഭയുടെ ഒരു സമ്മേളനത്തില്‍ ഒരു വിഷയം ഒന്നില്‍ കൂടുതല്‍ തവണ അടിയന്തര പ്രമേയമാക്കാന്‍ പാടില്ലെന്ന കീഴ്വഴക്കം കാറ്റില്‍ പറന്നു. മഴക്കാല കെടുതികള്‍, വിലക്കയറ്റം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സഭ ഒരിക്കലും ചര്‍ച്ചചെയ്തില്ല. ഹര്‍ത്താലിനോട് അനുബന്ധിച്ചും മറ്റു ദിവസങ്ങളിലും നടത്തിയ വ്യാപകമായ അക്രമങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകളും മറ്റൊരു വശത്ത്. എന്തിനുവേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജനകീയ വിഷയങ്ങള്‍ക്കു പകരം രണ്ടോ മൂന്നോ സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിന്‍െറ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയിലാണ് സോളാര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നത്. നിയമസഭയുടെ പരിരക്ഷയില്‍ മുമ്പ് ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു. ഇപ്പോള്‍ ചാനലുകളിലും മറ്റും കയറിയിരുന്ന് ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥ. സ്വപ്നത്തില്‍പോലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ കാര്യങ്ങളാണ് മലവെള്ളപ്പാച്ചില്‍പോലെ വരുന്നത്. പൊതുപ്രവര്‍ത്തകര്‍ മര്യാദയുടെ അതിര്‍വരമ്പ് കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോള്‍ കുടുംബാംഗങ്ങളെപ്പോലും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. രാഷ്ട്രീയലാഭം മാത്രമേയുള്ളൂ ജീവിതത്തില്‍?
മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുമ്പോള്‍, വിമര്‍ശങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിനെ സഹിഷ്ണുതയോടെ സ്വീകരിക്കുകയും വേണം. പക്ഷേ, വസ്തുതയുടെ ഒരംശംപോലുമില്ലാതെ എന്തും പറയാമെന്ന നിലപാട് നമ്മുടെ വ്യവസ്ഥിതിയുടെ തകര്‍ച്ചയാണ്. രാഷ്ട്രീയപ്രതിയോഗികളെ തകര്‍ക്കാന്‍ ഏതറ്റംവരെ പോകാമെന്നും എന്തും ആയുധമാക്കാമെന്നുമുള്ള നിലപാട് ഫാഷിസമാണ്. എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ടീം സോളാര്‍ കമ്പനിക്ക് ശിപാര്‍ശക്കത്ത് നല്‍കി, ക്ളിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വിവാദ കമ്പനി സോളാര്‍ പാനല്‍ വെച്ചു, ദല്‍ഹി വിജ്ഞാന്‍ ഭവനില്‍വെച്ച് സരിതയെ കണ്ടു, അമേരിക്ക ആസ്ഥാനമായ സോളാര്‍ കമ്പനിയുടെ ഇന്ത്യയിലെ നടത്തിപ്പുകാരനാണ് മകന്‍ തുടങ്ങിയ വന്യമായ ആരോപണങ്ങള്‍.
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്‍െറ മുഖചിത്രം ടീം സോളാറിന്‍േറതാണ് എന്നു പറഞ്ഞായിരുന്നു ഒരു ദിവസത്തെ അടിയന്തര പ്രമേയം. കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷന്‍ നല്‍കിയ വെളിപ്പെടുത്തലിന്‍െറ പേരിലായിരുന്നു മറ്റൊരു അടിയന്തര പ്രമേയം. ഈ ആരോപണങ്ങള്‍ക്കൊന്നും ആയുസ്സുണ്ടായില്ല. റെക്കോഡ് ചെയ്യപ്പെടാത്ത വെബ് സംപ്രേഷണത്തിന്‍െറയും 14 ദിവസം മാത്രം റെക്കോഡ് ചെയ്യപ്പെടുന്ന സി.സി.ടി.വിയുടെയും ദൃശ്യങ്ങളാണ് പ്രതിപക്ഷം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതു പരിശോധിക്കാന്‍ സി.പി.എം നിയോഗിക്കുന്ന വിദഗ്ധന്‍ ഉള്‍പ്പെടുന്ന സമിതിയെ വെക്കാനാണ് സര്‍ക്കാറിന്‍െറ തീരുമാനം. സര്‍ക്കാറിനു ഭയക്കാന്‍ ഒന്നുമില്ല; ഒളിക്കാനും.
40 ലക്ഷം രൂപ എന്നെ വിശ്വസിച്ചാണ് ടീം സോളാറിനു നല്‍കിയതെന്ന് ഒരു പരാതിക്കാരന്‍ പറയുന്നു. പണം നഷ്ടപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു തവണയെങ്കിലും അദ്ദേഹത്തിന് എന്നോടു പറയാമായിരുന്നില്ലേ? എനിക്കൊരു കത്തോ ഇ-മെയിലോ അയക്കാമായിരുന്നില്ലേ? അതിനുള്ള ധാര്‍മികാവകാശം അദ്ദേഹത്തിനില്ലായിരുന്നുവെന്ന് വ്യക്തം. തട്ടിപ്പുപദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെയും അതിനു പിന്നിലും മുന്നിലും ഉള്ളവരെക്കുറിച്ച് മനസ്സിലാക്കാതെയുമാണ് പലരും ലക്ഷങ്ങളും കോടികളുമായി എടുത്തുചാടിയത്. തേക്ക്-മാഞ്ചിയം തൊട്ട് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുവരെ എത്രയെത്ര അനുഭവങ്ങള്‍. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി എന്‍െറ ഓഫിസിലെ മൂന്നു ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ, ഇക്കാര്യത്തില്‍ മുമ്പ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല എനിക്കുള്ളത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു. ഒരു കേസ് ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു അത്. തുടര്‍ന്ന് പി.എയെ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും മാറ്റി. പക്ഷേ, പി.എക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇതാണോ ഒരു ആഭ്യന്തരമന്ത്രി ചെയ്യേണ്ടിയിരുന്നത്? അന്ന് സ്റ്റാഫിലുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് സ്റ്റാഫിലുള്ള മറ്റു രണ്ടു പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. അന്ന് ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിലും ഇപ്പോള്‍ പ്രതിപക്ഷനേതാവിന്‍െറ സ്റ്റാഫിലുമുള്ള ആള്‍ക്കെതിരെ നല്‍കിയ പരാതിയും സ്വീകരിച്ചില്ല. രണ്ടു കേസുകളും ഇപ്പോള്‍ പേരൂര്‍ക്കട പൊലീസ് അന്വേഷിച്ചുവരുകയാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് ഇടതു സര്‍ക്കാറിന്‍െറ കാലത്തുണ്ടായത്. 1.72 കോടി രൂപയാണ് അന്നു തട്ടിയെടുത്തത്. മിക്ക കേസുകളിലും അറസ്റ്റോ കുറ്റപത്രമോ ഉണ്ടായില്ല. ആലപ്പുഴക്കടുത്ത് വള്ളിക്കുന്നിലെ തട്ടിപ്പുകേസില്‍ കേസെടുക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു. വര്‍ഷങ്ങളായി കേരളം ഇവരുടെ വിഹാരഭൂമിയാണ്.
സോളാര്‍ കേസില്‍ കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍തന്നെയാണ് സര്‍ക്കാറിന്‍െറ തീരുമാനം. ഇതിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചു. അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍തന്നെ തെളിവ്. തുടര്‍ന്നും ഇതേ രീതിയില്‍ കേസന്വേഷണം തുടരും. നിലവിലുള്ള കേസന്വേഷണത്തെക്കുറിച്ച് പ്രതിപക്ഷത്തിനുപോലും ആക്ഷേപമില്ല. രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് കേസ് വിടരുതെന്നാണ് അവരുടെ ആവശ്യം.
സോളാര്‍ കേസിലെ സത്യം കണ്ടെത്തുകയെന്നതും കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുമല്ല പ്രതിപക്ഷത്തിന്‍െറ അജണ്ടയിലുള്ളത്. അവര്‍ ഇപ്പോള്‍ എന്‍െറ രക്തത്തിനു ദാഹിക്കുകയാണ്. പൊതുജനസേവനത്തിനുള്ള യു.എന്‍ പുരസ്കാരം ഇത്രയും വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതിന്‍െറ വാര്‍ത്ത വന്ന അന്നുമുതല്‍ സി.പി.എം നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് ഇതു മനസ്സിലാകും. അവാര്‍ഡ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യു.എന്‍ ആസ്ഥാനത്തേക്ക് ഇ-മെയിലുകളുടെ പ്രവാഹമായിരുന്നു. ബഹ്റൈനില്‍പോലും പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴത്തെ പുകില്‍ കേരളം കണ്ടതാണ്. യു.എന്‍ പുരസ്കാരം റദ്ദാക്കാനുള്ള ശ്രമം പാഴായപ്പോള്‍, ഇപ്പോള്‍ സി.പി.എം പറയുന്നത് അവാര്‍ഡ് തിരിച്ചുകൊടുക്കണമെന്നാണ്! ജനസമ്പര്‍ക്കത്തിന് കേരളത്തിനു ലഭിച്ച അംഗീകാരമാണിത്. ആ പരിപാടിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് പാവപ്പെട്ടവരുടെ പേരിലാണ് അവാര്‍ഡ് ഞാന്‍ ഏറ്റുവാങ്ങിയത്. ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രതിപക്ഷവും സഹകരിച്ചതാണെന്ന കാര്യം അവര്‍ മറന്നു. എന്‍െറ പൊതുജീവിതം എന്നും ജനങ്ങളോട് ബന്ധപ്പെട്ടുള്ളതാണ്. കസേരയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാന്‍ അവരോടൊപ്പമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ഔദ്യാഗിക വസതിയും എന്‍െറ വീടും പോകുന്ന എല്ലായിടവും ഞാന്‍ അവരുടെ മുന്നില്‍ തുറന്നിട്ടു. ഭീതിയും ആശങ്കയുമില്ലാതെ, കാലവും സമയവും നോക്കാതെ അവര്‍ വന്നുകൊണ്ടിരുന്നു. അതിനിടയിലാണ് നിര്‍ഭാഗ്യകരമായ ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായത്. എന്നാല്‍, കുറെക്കൂടി ശ്രദ്ധവേണ്ടിയിരുന്നുവെന്ന നിര്‍ദേശം ഞാന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു.
ഇതിന്‍െറ പേരില്‍ എന്‍െറ രാജി ആവശ്യപ്പെടുന്നവരുണ്ട്. പക്ഷേ, ജനങ്ങളും പാര്‍ട്ടിയും മുന്നണിയും എന്നെ ചില ചുമതലകള്‍ ഏല്‍പിച്ചുണ്ട്. അതനുസരിച്ച് ഞാനും മന്ത്രിസഭയിലെ എന്‍െറ സഹപ്രവര്‍ത്തകരും നന്നായി അധ്വാനിക്കുന്നുണ്ട്. അതിന്‍െറ പ്രതിഫലനം ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കേരളത്തിന്‍െറ സ്വപ്നത്തില്‍ മാത്രം ഉണ്ടായിരുന്ന പല പദ്ധതികളും ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്കു നടന്നടുക്കുന്നു. കൊച്ചി മെട്രോ, മോണോ റെയിലുകള്‍, വിമാനത്താവളങ്ങള്‍, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി തുടങ്ങിയ പലതും വലിയ പുരോഗതി കൈവരിച്ചു. ഈ വിവാദത്തിനിടയില്‍ ചേര്‍ന്ന ഏറ്റവും ഒടുവിലത്തെ മന്ത്രിസഭയില്‍പോലും ഏറ്റവും പ്രധാനമായി ചര്‍ച്ചചെയ്തത് ക്ഷേമപെന്‍ഷനുകളെക്കുറിച്ചായിരുന്നു. വികസനവും കരുതലും യു.ഡി.എഫ് ജനങ്ങള്‍ക്കു മുമ്പാകെവെച്ച വാഗ്ദാനമാണ്. ഓരോ ഇഞ്ചും പൊരുതിയാണെങ്കിലും ലക്ഷ്യത്തിലെത്തുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus