Wed, 07/10/2013 - 15:09 ( 2 years 12 weeksago)
ബാഡ്മിന്‍റണ്‍ പുതിയ ഉയരങ്ങള്‍ തേടുന്നു
(+)(-) Font Size
ബാഡ്മിന്‍റണ്‍ പുതിയ ഉയരങ്ങള്‍ തേടുന്നു
ബാഡ്മിന്‍റണ്‍ ഇന്ത്യന്‍ മണ്ണില്‍ പിറന്ന കളിയാണെന്ന് വിശ്വസിക്കാന്‍ മടിക്കുന്നവര്‍ക്ക് മഹാരാഷ്ട്രയിലെ പുണെയില്‍ അതിന്‍െറ വേരുകള്‍ അന്വേഷിക്കാവുന്നതാണ്. ആ ഇന്ത്യന്‍ ഭൂമികയിലേക്ക് ചരിത്രത്തിലാദ്യമായി ബാഡ്മിന്‍റണിലെ ലോകകപ്പ് മത്സരങ്ങള്‍ വരാന്‍പോകുന്നു.
അടുത്ത മേയില്‍ പുരുഷന്മാര്‍ക്കായുള്ള തോമസ് കപ്പും വനിതകള്‍ക്കായുള്ള യൂബര്‍ കപ്പും ഇതാദ്യമായി ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കും. മാസങ്ങള്‍ കഴിഞ്ഞ് ഈ മഹാമേള ദല്‍ഹിയില്‍ കൊടി ഉയര്‍ത്താനിരിക്കെ ഇന്ത്യയാകെ ഈ രംഗത്ത് പുത്തനുണര്‍വ് ഉണ്ടായിരിക്കുന്നു. മുമ്പ് 1988ലും 2000ലും 2006ലും ഈ മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നിരുന്നെങ്കിലും അത് പക്ഷേ, പ്രാരംഭ റൗണ്ടുകള്‍ മാത്രമായിരുന്നു.
ഇന്തോനേഷ്യയുടെയും ചൈനയുടെയും മലേഷ്യയുടെയും ഡെന്മാര്‍ക്കിന്‍െറയും ഒക്കെ താരങ്ങള്‍ അടക്കിവാണ ബാഡ്മിന്‍റണ്‍ രംഗത്തേക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യന്‍താരങ്ങളുടെ കുതിച്ചുകയറ്റമാണ് കാണുന്നത്. 20 വര്‍ഷം മുമ്പ് ബാഴ്സലോണ ഗെയിംസ് മുതല്‍ ഒളിമ്പിക് ഗെയിംസിലും ബാഡ്മിന്‍റണിനു പ്രവേശം ലഭിച്ചതിനെ തുടര്‍ന്നാണ് നമ്മുടെ നാട്ടിലും ഈ കളിക്കു പ്രചാരം ലഭിച്ചത്.
നന്ദു നടേക്കര്‍ ആദ്യത്തെ അര്‍ജുന അവാര്‍ഡ് ലിസ്റ്റില്‍ സ്ഥാനംനേടുകയും പ്രകാശ് പദുകോണും പുല്ലേല ഗോപിചന്ദുംഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കുകയും പ്രകാശ് പദുകോണ്‍ 1979ല്‍ ലണ്ടനില്‍ ലോകചാമ്പ്യന്‍ഷിപ് നേടുകയും  ചെയ്തത് ഇന്ത്യന്‍ ബാഡ്മിന്‍റണിലെ ശ്രദ്ധേയ നാഴികക്കല്ലുകളായിരുന്നു.
അതോടൊപ്പമാണ് കേരളത്തില്‍ ഈ കളിക്ക് എല്ലാ ജില്ലകളിലും ജനപ്രിയം ഏറെ വര്‍ധിച്ചത്. തിരുവനന്തപുരത്തെ ശ്രീമൂലം ക്ളബിലും കോട്ടയത്തെ യൂനിയന്‍ ക്ളബിലും ആലുവയില്‍ എഫ്.എ.സി.ടി ക്ളബിലുമായി ഒതുങ്ങിനിന്ന ബാഡ്മിന്‍റണ്‍ ഇന്ന് കേരളമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. എല്ലാ കോളജുകളിലുംഎല്ലാ ക്ളബുകളിലും ഇന്നിത് സജീവമായി നടക്കുന്നു. നമ്മുടെ പല താരങ്ങളും ഇന്ത്യന്‍ ടീമിലും ഇന്ത്യന്‍ സര്‍വകലാശാലാ ടീമിലും ഒക്കെ സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.
ജെസ്സി ഫിലിപ്പും സഹോദരി ജയാ ഫിലിപ്പും നൊറീന്‍ പാദവുയും ലതാ കൈലാസുമൊക്കെ വനിതാരംഗത്ത് കേരളത്തിന്‍െറ യശസ്സുയര്‍ത്തി. യു. വിമല്‍കുമാര്‍ മുതല്‍ ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് കളിച്ച വി. ഡിജു വരെയുള്ള താരങ്ങള്‍ പുരുഷവിഭാഗത്തിലും മലയാളി സാന്നിധ്യം അരക്കിട്ടുറപ്പിച്ചു.
കോശി മുതലാളി, വിനോദ്കുമാര്‍, ജോര്‍ജ് തോമസ്, ജസീല്‍ ഇസ്മായില്‍, ജയ്സണ്‍ സേവ്യര്‍, ജോണ്‍ ഓഫ് മാത, മര്‍കസ് ബ്രിസ്റ്റോ ജോസഫ് എഡിസണ്‍, സനോവ തോമസ്, അരുണ്‍ വിഷ്ണു, രൂപേഷ്കുമാര്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ പിന്നാലെ വന്നു.
വനിതാ വിഭാഗത്തില്‍ അക്സാ കുര്യന്‍, ടെസി വര്‍ഗീസ്, മഹിമ സൂസന്‍, മഞ്ജു എബ്രഹാം തുടങ്ങിയവര്‍ക്കു പിന്നാലെ തൃശൂര്‍ക്കാരി പി.സി. തുളസിയും അപര്‍ണ  ബാലനും കെ. അനുഷയും ഒക്കെ ഇന്ത്യന്‍ ടീമിലുമെത്തി.
ഇതിനിടയിലാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ സൈന നെഹ്വാള്‍ എന്ന ഹൈദരാബാദുകാരി കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ ലോക ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ വലിയ കളി കളിക്കുന്നിടത്ത് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും കഴിഞ്ഞവര്‍ഷം ലോകം കണ്ട അഞ്ചു മികച്ച വനിതാ താരങ്ങളില്‍ ചൈനക്കു പുറത്തുള്ള ഏക താരമായി ഈ 24 കാരി നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി.
മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിലുണ്ടായ പരാജയവും കാല്‍മുട്ടിനേറ്റ പരിക്കും ഇടക്ക് സൈനയെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കിറക്കി നിര്‍ത്തിയിരുന്നു. എങ്കിലും പുതിയ മികവോടെ ഈ വനിതാ താരം മൂന്നാം റാങ്കിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. 2008ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും 2010ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍പട്ടവും നേടിയ സൈന അര്‍ജുന അവാര്‍ഡും പത്മശ്രീയും രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡും ഒക്കെ കരസ്ഥമാക്കിയ ഷട്ടില്‍താരമാണ്.
റിഥി സ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി 40 കോടി രൂപക്ക് മൂന്നു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ് നല്‍കിയ സൈന നെഹ്വാള്‍ ലോകത്തിലെതന്നെ ഏറ്റവും വിലപിടിച്ച താരമാണ്. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ മലേഷ്യന്‍ ഓപണ്‍ ഗ്രാന്‍പ്രിയും ജയിച്ച 17കാരി പി.വി. സിന്ധു, സൈനക്കു പിന്നാലെ ലോകശ്രദ്ധ നേടിയ ഇന്ത്യന്‍ താരമാണ്. അടുത്ത ഒളിമ്പിക്സ് വരെ സിന്ധുവിന്‍െറ എല്ലാ ചെലവും വഹിക്കാന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കറിന്‍െറ ഉടമസ്ഥതയിലുള്ള യൂനിവേഴ്സല്‍ കലക്ടബിലിയ കമ്പനി തയാറായത് ബാഡ്മിന്‍റണ്‍ പ്രേമികളെ ആവേശംകൊള്ളിക്കുന്നു.
ഇന്തോനേഷ്യന്‍ ഓപണില്‍ ലോക ചാമ്പ്യന്‍ തൗഫിഖ് ഹിദായത്തിനെ ഹൈദരാബാദ് താരം സായ പ്രണിക് അട്ടിമറിച്ചതും ദല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരിസില്‍ മലേഷ്യയില്‍നിന്നുള്ള ലോക ഒന്നാം നമ്പറുകാരന്‍ ലീ ചുങ്വിക്കെതിരെ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് ആദ്യ സെറ്റ് നേടിയതും ദല്‍ഹിയില്‍തന്നെ ആനന്ദ പവാര്‍ എന്ന 26 കാരന്‍ ലോക നാലാം നമ്പറുകാരന്‍ യുന്‍ഹു എന്ന ഹോങ്കോങ്ങുകാരനെ കീഴടക്കിയതും ഇന്ത്യയുടെ വെടിപ്പുരയില്‍ ഇനിയും കോപ്പുകള്‍ ഏറെയുണ്ടെന്നു തെളിയിക്കുന്നു.
ശേഷവിശേഷം:
എല്ലാ കൈകളിലും ബാറ്റാണല്ലോ. ഇനി ബാഡ്മിന്‍റണ്‍ കളി എന്ത് വികസിപ്പിക്കാനാണ് എന്നാണ് ഒരു ഭരണാധികാരി ചോദിച്ചത്.
ആ ബാറ്റ് കൊതുകുകളെ കൊല്ലാന്‍ കണ്ടുപിടിച്ച ബാറ്റാണെന്ന് പാവം അറിഞ്ഞില്ല.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus