മേദിനിയുടെ ചിത്രത്തില്‍ ഗാനവസന്തം

മേദിനിയുടെ ചിത്രത്തില്‍  ഗാനവസന്തം
ഏഴ് സംഗീത സംവിധായകരും 20 ഗായകരും നൂറോളം സംഘഗായകരും ചേര്‍ന്നൊരുക്കിയ ഗാനങ്ങളുടെ അപൂര്‍വസംഗമമായി ‘വസന്തത്തിന്‍െറ കനല്‍വഴികള്‍’ എന്ന ചലച്ചിത്രം. വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നിവരോടൊപ്പം എ.ആര്‍. റഹ്മാന്‍്റെ സഹോദരി എ.ആര്‍. റേഹാനയും വിപ്ളവഗായിക പി.കെ. മേദിനിയും നാടന്‍ പാട്ടുകാരന്‍ സി.ജെ. കുട്ടപ്പനും ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയിംസ് വസന്തനും ഇതില്‍ സംഗീത സംവിധായകരാകുന്നു.
ഗായകനിര തന്നെയാണ് പാട്ടുപാടാനുള്ളത്. യേശുദാസ്, ചിത്ര, പി.കെ. മേദിനി, ശ്രീകാന്ത്, അനുരാധ ശ്രീറാം, സി.ജെ. കുട്ടപ്പന്‍, രജൂജോസഫ്, ശ്രീറാം, സോണിയ, ആര്‍.കെ. രാമദാസ്, സൗമ്യ, രവിശങ്കര്‍, യാസിന്‍ നിസാര്‍, മണക്കാട് ഗോപന്‍, അമൃത ജയകുമാര്‍, ശുഭ, റജി, ദേവിക ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയ നാലു തലമുറകളില്‍പെട്ട ഇരുപതോളം ഗായകര്‍ സംഗമിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ, സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍ എന്നിവരുടേതാണ് വരികള്‍.
ദക്ഷിണാമൂര്‍ത്തി ഈണംനല്‍കിയ ഗാനമാലപിച്ചത് അനുരാധശ്രീറാം, ആര്‍.കെ. രാമദാസ് എന്നിവരാണ്. എം.കെ. അര്‍ജുനന്‍ ഈണം നല്‍കിയ യുഗ്മഗാനം യേശുദാസും ചിത്രയും ആലപിക്കുന്നു. എ.ആര്‍. റഹ്മാന്‍്റെ സഹോദരി എ.ആര്‍. റേഹാന ഈണമിട്ട ഫാസ്റ്റ് നമ്പര്‍ ഗാനം ശ്രീകാന്തും യുവഗായകരായ മണക്കാട് ഗോപന്‍, യാസിന്‍ നിസാര്‍, സോണിയ, അമൃത ജയകുമാര്‍ തുടങ്ങിയവരുമാണ് പാടിയത്.
ശ്രീകാന്തിന്‍െറ വര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവുകൂടിയാണ് ഈ ഗാനം. നാടന്‍ പാട്ടുകാരനായ സി.ജെ. കുട്ടപ്പന്‍ ആദ്യമായി സംഗീത സംവിധായകന്‍െറ മേലങ്കിയണിയുന്ന ഈ ചിത്രത്തില്‍ അദ്ദേഹം ഈണമിട്ട നാടന്‍ പാട്ട് അദ്ദേഹം തന്നെ പാടുന്നു. ഏഴ് പതിറ്റാണ്ടോളം കേരളത്തിന്‍െറ വിപ്ളവ ഗായികയായി നിറഞ്ഞുനിന്ന പി.കെ. മേദിനി ഈ ചിത്രത്തിലൂടെ ആദ്യമായി സംഗീത സംവിധായികയും പിന്നണി ഗായികയുമാകുന്നു.
എണ്‍പതാം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആദ്യവനിതയായി പി.കെ. മേദിനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus