12:30:26
08 Oct 2015
Thursday
Facebook
Google Plus
Twitter
Rssfeed

ഡാസ്ലര്‍ പോയി; ട്രിഗര്‍ വന്നു

ഡാസ്ലര്‍ പോയി; ട്രിഗര്‍ വന്നു

കോഴിക്കറിയും കോഴിപൊരിച്ചതും തമ്മിലുള്ളത്ര വ്യത്യാസമെയുണ്ടായിരുന്നുള്ളൂ സാദാ യൂണിക്കോണിനും ഡാസ്ലറിനുമിടയില്‍. ഇങ്ങനെ രണ്ട് ബൈക്കുകള്‍ നിര്‍മിക്കാന്‍ ഹോണ്ടക്ക് കൃത്യമായ കാരണമുണ്ട്. രണ്ട് തരം ആളുകളാണ്150 സി.സി ബൈക്കുകള്‍ തേടി ഷോറൂമുകളില്‍ എത്തുന്നത്.
ഒരു മണിക്കൂറുകൊണ്ട് ലോകം ചുറ്റാന്‍ പറ്റിയാല്‍ അത്രയും നല്ലതെന്ന് വിശ്വസിക്കുന്നവരാണ് ആദ്യ കൂട്ടര്‍. പ്രായം 25ല്‍ താഴെ. മാന്യമായി സഞ്ചരിക്കാന്‍ അന്തസ്സുള്ള വണ്ടി വേണമെന്ന് ചിന്തിക്കാന്‍മാത്രം പക്വതവന്നവരാണ് അടുത്ത വിഭാഗം. രണ്ടുപേര്‍ക്കും തൃപ്തിയായിക്കോട്ടെയെന്ന് ഹോണ്ടയും കരുതി. പക്ഷേ ഡാസ്ലറിന്‍െറ ചേരുവകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. നഗ്നമായ ചെയിനും കാല്‍വിരല്‍കൊണ്ടുമാത്രം മാറാന്‍ കഴിയുന്ന ഗിയറുകളും ചത്തെുപിള്ളേര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതോടെ ഡാസ്ലര്‍ വില്‍ക്കാന്‍ കഷ്ടപ്പാടായി.
പിന്നെയുമുണ്ട് പ്രശ്നങ്ങള്‍. ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ വന്ന് ഫാക്ടറി സ്ഥാപിക്കുന്നത് നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ല. ഇവിടെ ചുളുവിലക്ക് വണ്ടിയുണ്ടാക്കി ലോകം മുഴുവന്‍ വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടുകൂടിയാണ്. പക്ഷേ, യേശുദാസിന്‍െറ പാട്ടുപോലെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ വേണം നിര്‍മിക്കാന്‍. കമ്യൂട്ടര്‍ ബൈക്കിന്‍െറ കാര്യത്തില്‍ ഇത് അല്‍പം പ്രയാസമാണ്. കാരണം ഇന്ത്യക്കാര്‍ക്ക് വലിയ ടാങ്കുകളും ടയറുകളും വേണം. തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇതു രണ്ടും അലര്‍ജിയാണ്. ഡാസ്ലറിന്‍െറ ചക്രം കുറച്ച് വലുതായിരുന്നെങ്കിലും ടാങ്ക് ചെറുതാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഡാസ്ലറിനെ ഹോണ്ട നിര്‍മാര്‍ജനം ചെയ്തു. ഇതിന്‍െറ ചാരത്തില്‍ നിന്ന് പുതിയൊരു വണ്ടിയും സൃഷ്ടിച്ചു. പേര് ട്രിഗര്‍.
യൂണിക്കോണിലെ 150 സി.സി എന്‍ജിന്‍ തന്നെയാണ് ഇതിനും. 8,500 ആര്‍.പി.എമ്മില്‍ 13.95 ബി.എച്ച്.പി ശക്തിയും 6,500 ആര്‍.പി.എമ്മില്‍ 12.5 എന്‍.എം ടോര്‍ക്കും ഇത് നല്‍കും. മര്യാദക്ക് ഓടിച്ചാല്‍ ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഹോണ്ട പറയുന്നു. സാദാ മോഡല്‍ റോഡിലിറക്കാന്‍ ഏകദേശം 79,000 രൂപയെ ചെലവാകൂ. രണ്ട്ചക്രത്തിലും ഡിസ്ക് ബ്രേക്ക് വേണ്ടവര്‍ 3500 രൂപയോളം കൂടുതല്‍ കൊടുക്കണം. ഇനി 90,000 രൂപയുടെ ട്രിഗറാണുള്ളത്. ഹോണ്ടയുടെ കംബൈന്‍ഡ് ബ്രേക് സിസ്റ്റമുണ്ട് ഈ സിബി ട്രിഗറില്‍.
കാലുകൊണ്ട് ബ്രേക്ക് ചവിട്ടിയാല്‍ പിന്‍ഭാഗത്തെമാത്രമല്ല മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഇത് ഉരുണ്ടുവീഴാനുള്ള സാധ്യത കുറക്കുകയും ട്രിഗറിന്‍െറ സ്റ്റെബിലിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും. മോണോ ഷോക്ക്, എല്‍.ഇ.ഡി ടെയ്ല്‍ ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് കണ്‍സോള്‍, ട്യൂബ്ലെസ് ടയറുകള്‍, മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി തുടങ്ങി അത്യാവശ്യം വേണ്ടതും വേണ്ടാത്തതുമായ സകല സന്നാഹങ്ങളും ഇതിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus