Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബ്രസീല്‍-ഇംഗ്ലണ്ട്...

ബ്രസീല്‍-ഇംഗ്ലണ്ട് അങ്കം സമനിലയില്‍

text_fields
bookmark_border
ബ്രസീല്‍-ഇംഗ്ലണ്ട് അങ്കം സമനിലയില്‍
cancel

റിയോ ഡെ ജനീറോ: മോടികൂട്ടി അണിഞ്ഞൊരുങ്ങിയ മാറക്കാനയുടെ മുറ്റത്ത് മഞ്ഞപ്പട വീണ്ടും പന്തുതട്ടിയപ്പോൾ ഇംഗ്ളീഷുകാരെ ജയിക്കാൻ കഴിഞ്ഞില്ല. ഫുട്ബാൾ ലോകം കാത്തിരിക്കുന്ന കോൺഫെഡറേഷൻസ് കപ്പ് പൂരത്തിനു മുമ്പത്തെ വെടിക്കെട്ടിൽ രണ്ടു ഗോൾ വീതമടിച്ച് ഇരുനിരയും സമനിലയിൽ പിരിഞ്ഞു. ഉപ്പൂറ്റിയിലെ പാസുകളും ക്ളാസിക് ഷോട്ടുകളും ബാൾ പൊസഷനിങ്ങിലും മൈതാനം കൈയടക്കിയ ബ്രസീലിനായിരുന്നു സ്വന്തം മണ്ണിൽ മുൻതൂക്കമെന്ന് പറയാം. എങ്കിലും, വെംബ്ളിയിൽ മൂന്ന് മാസം മുമ്പ് ഇംഗ്ളീഷുകാ൪ നൽകിയ ചികിത്സക്ക് മറുമരുന്ന് നി൪ദേശിക്കാനാവാതെ നെയ്മറും കൂട്ടരും പത്തിമടക്കി. കരുത്തുറ്റ താരനിരയുമായിറങ്ങിയ ഇരുപക്ഷവും ഇമ്പമാ൪ന്ന ഫുട്ബാൾ കാഴ്ചവെച്ചപ്പോൾ ഗോളുകൾ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. കളിയുടെ 57ാം മിനിറ്റിൽ ഫ്രെഡിലൂടെ ബ്രസീൽ ആദ്യം വലകുലുക്കിയപ്പോൾ ഇംഗ്ളണ്ട് തിരിച്ചടിച്ച് മുന്നിലെത്തി. അലക്സ് ചാമ്പ൪ലെയ്നും (68) വെയ്ൻ റൂണിയും (79) മാറക്കാനക്ക് അവകാശപ്പെട്ട ക്ളാസിക്കിലൂടെ ആതിഥേയ വലകുലുക്കി. കാൽപന്തുകളിയുടെ ഇതിഹാസസമാന ചരിത്രമുറങ്ങുന്ന തിരുമുറ്റത്ത് തോൽക്കാനൊരുക്കമല്ലാത്ത ബ്രസീലിന് ആശ്വാസ സമനിലയിലേക്കുള്ള ഗോളൊരുക്കി 83ാം മിനിറ്റിൽ പൗളിന്യോയുടെ ഡയറക്ട് വോളി പിറന്നു.
കളിയുടെ ആദ്യ പകുതി കൈയടക്കിയ മഞ്ഞപ്പട ഗ്രൗണ്ട് നിറയെ പരന്നൊഴുകിയപ്പോൾ കളി ലാറ്റിനമേരിക്കക്കാ൪ക്കൊപ്പമെന്ന് തോന്നിച്ചു. ഇംഗ്ളീഷ് ഗോൾകീപ്പ൪ ജോയ് ഹാ൪ടിൻെറ മിടുക്കിനു മുന്നിൽ അര ഡസനിലേറെ മുന്നേറ്റങ്ങളാണ് പരാജയപ്പെട്ടത്. സ്കൊളാരിയുടെ അറ്റാക്കിങ് ഫുട്ബാളിനു മുന്നിൽ ഇംഗ്ളീഷ് പ്രതിരോധനിരക്ക് നിരന്തരമായി അടിതെറ്റിക്കൊണ്ടിരുന്നു. എന്നാൽ, ഗോൾപോസ്റ്റിനു കീഴെ നിറഞ്ഞുനിന്ന ജോയ് ഹാ൪ടായിരുന്നു കീഴടങ്ങാൻ ഒരുക്കമല്ലാത്ത പോരാളി. അതേസമയം, മറുപക്ഷത്ത് കാനറിയുടെ ഗോൾ കീപ്പ൪ ജൂലിയസ് സീസ൪ ഒന്നാം പകുതിയിൽ പരീക്ഷിക്കപ്പെട്ടത് ഒരു തവണ മാത്രം.
ലോകകപ്പ് ഫുട്ബാളിനായി പുതുമോടിയിൽ കൺതുറന്ന മാറക്കാനയെ നിറച്ചെത്തിയ 70,000 വരുന്ന കാണികളെ ആവേശക്കൊടുമുടിയിലേറ്റ് ബ്രസീൽ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ഹെ൪നാൻസിൻെറ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചപ്പോൾ പാകത്തിനെത്തിയത് ഫ്രെഡിൻെറ ബൂട്ടിലേക്ക്. വോളിഷോട്ടിലൂടെ മിന്നൽവേഗത്തിൽ വലയിലേക്ക് തിരിച്ചടിച്ചപ്പോൾ ജോയ് ഹാ൪ടിനെയും വീഴ്ത്തി ബ്രസീലിൻെറ ആദ്യ ഗോൾ. എന്നാൽ, ഗോൾ വഴങ്ങിയതോടെ സടകുടഞ്ഞെഴുന്നേറ്റ ഇംഗ്ളീഷ് നിരയായിരുന്നു ഗ്രൗണ്ടിൽ. അധികം വൈകുംമുമ്പേ ബ്രസീൽ ഗോൾമുഖത്ത് നിറഞ്ഞുനിന്ന കാവൽക്കാ൪ക്കിടയിലൂടെ റൂണിയുടെ പാസ് ഊക്കൻ ഷോട്ടോടെ ഗോളാക്കിമാറ്റിയ ചാമ്പ൪ലയ്ൻ ടീമിനെ ഒപ്പമെത്തിച്ചു. 10 മിനിറ്റിനകം വെയ്ൻ റൂണിയുടെ പ്രതിഭ മുഴുവൻ അഴകായി മാറിയ ഗോളും മാറക്കാന രേഖപ്പെടുത്തി. 79ാം മിനിറ്റിൽ ബ്രസീലിയൻ പ്രതിരോധനിരയെ കളിപ്പിച്ച് ഇടതുവിങ്ങിൽനിന്ന് പന്തുമായി മുന്നേറിയ റൂണി പെനാൽറ്റി ഏരിയക്കു പുറത്തുനിന്ന് ഉതി൪ത്ത ഷോട്ട് എതിരാളികൾക്ക് പഴുത് നൽകാതെ വലയിലേക്ക് ഊ൪ന്നിറങ്ങിയപ്പോൾ ആ൪ത്തിരമ്പിയ മാറക്കാന ഒരു നിമിഷം നിശ്ശബ്ദം. മറുപടി ഗോളിനായി മുറവിളിയിട്ട സ്റ്റേഡിയത്തിന് ആശ്വാസമായി 83ാം മിനിറ്റിലാണ് പൗളീഞ്ഞോ സമനില ഗോൾ നേടിയത്.
ജൂൺ 15ന് കിക്കോഫ് കുറിക്കുന്ന കോൺഫെഡറേഷൻ കപ്പിനൊരുങ്ങുന്ന ബ്രസീലിൻെറ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയായി സമനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story