12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ഓട്ടോകള്‍ക്കൊരു ചരമഗീതം

ഓട്ടോകള്‍ക്കൊരു ചരമഗീതം

നമ്മുടെ നാട്ടില്‍ സകലമാന കലുങ്കുകളിലും വായില്‍ നോക്കിയിരുന്നവര്‍ക്ക്് ഏറ്റവും കൂടുതല്‍ പണി കൊടുത്തവരാണ് ബജാജ്. രാവിലെ വെറുംവയറ്റില്‍ കവലയിലത്തെിയിരുന്നവരുടെയൊക്കെ കൈയില്‍ അവര്‍ നിസ്സാരവിലക്ക് ഓരോ ഓട്ടോറിക്ഷകള്‍ വെച്ചുകൊടുത്തപ്പോള്‍ ഓരോ കുടുംബംവീതം രക്ഷപ്പെട്ടു. ഒപ്പം യാത്രാക്ളേശം നാടുനീങ്ങുകയും ചെയ്തു. ഇപ്പോള്‍ എവിടെ നോക്കിയാലും കാക്കകളെക്കാള്‍ കൂടുതല്‍ ഓട്ടോറിക്ഷകളുണ്ട്. പക്ഷേ, ഈ പണി ജനകീയമാക്കിയ ബജാജിന്‍െറ നില അത്ര ശോഭനമല്ല. പെട്രോളിന് വിലകൂടിയതോടെ ഓട്ടോത്തൊഴിലാളികള്‍ ഒന്നടങ്കം ഡീസല്‍ യൂനിയനുണ്ടാക്കി. അവിടെ പിയാഗ്യോയും മഹീന്ദ്രയുമൊക്കെയാണ് കേമന്മാര്‍. പോരാത്തതിന് അതുല്‍, കുമാര്‍ തുടങ്ങിയ പുതുമുഖങ്ങള്‍ തങ്ങളെക്കൊണ്ട് പറ്റുന്നത്ര പാര വെക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ത്രിചക്ര വാഹന നിര്‍മാതാക്കളാണെങ്കിലും പണ്ടത്തെ പ്രതാപം പോയെന്ന് പറയാതെ വയ്യ. ബജാജ് പല നമ്പറുകളുമിറക്കി നോക്കിയെങ്കിലും ഓട്ടോ മുതലാളിമാരുടെയടുത്ത് ചെലവായില്ല. പക്ഷേ, ഈ ഓട്ടോക്കാര്‍ക്ക് ബജാജിനെ ശരിക്കറിയില്ല. തങ്ങളെ ഒഴിവാക്കുന്നവര്‍ക്കിട്ട് ഒരുഗ്രന്‍ പാര വെച്ചിരിക്കുകയാണ് അവര്‍. ഇനി ജനങ്ങള്‍ ഓട്ടോയില്‍ കയറില്ല. ഏതാനും വര്‍ഷത്തിനകം മുച്ചക്ര ഓട്ടോകള്‍ മ്യൂസിയത്തില്‍ മാത്രമാകുമെന്നുപോലും ബജാജ് ആരാധകര്‍ വീമ്പിളക്കുന്നുണ്ട്.
നാട്ടുകാരെക്കൊണ്ട് പറയിക്കാന്‍ ബജാജ് ഇറക്കിയ വിദ്വാനാണ് ആര്‍.ഇ 60. ഇവന് ചക്രം നാലാണ്. തൊഴില്‍ ഓട്ടോയുടേതും. ഇന്ത്യന്‍ വാഹനവിപണിയില്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുത്തതാണ് ബജാജിന് തുണയായത്. ഓട്ടോകള്‍ക്കും കാറിനുമിടയിലാണ് ഇതിന്‍െറ സ്ഥാനം. ടാറ്റയും മാരുതിയും ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതാണ്. പക്ഷേ, പ്രയോജനമുണ്ടായില്ല. കണ്ടാല്‍ കാറുപോലെയിരിക്കും എന്നതാണ് ആര്‍.ഇ 60ന് ശത്രുക്കളെയുണ്ടാക്കുന്നത്. ടാറ്റയുടെ നാനോയും സുസുക്കിയുടെ ചെറുകാറുകളും ഇനി നാട്ടുകാര്‍ വാങ്ങുമോയെന്നതാണ് പ്രധാന ആശങ്ക. ഉറച്ച മേല്‍ക്കൂരയും വാതിലുകളുമുള്ളതിനാല്‍ ഓട്ടോയെക്കാള്‍ ജനം ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇപ്പോള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലയുണ്ട്. പക്ഷേ, ബജാജിന്‍െറ പുതിയ കുഞ്ഞിന് ഒരു ലക്ഷത്തിനടുത്തായിരിക്കും വില. ഒരു ലക്ഷത്തിന്‍െറ കാറുണ്ടാക്കാന്‍ നടന്ന ടാറ്റക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നാണക്കേട്. മാത്രമല്ല, മാജിക് ഐറിസ് എന്ന വണ്ടിയില്‍ ഓട്ടോക്കൂലി മാത്രം ഈടാക്കി ആളുകളെക്കയറ്റുന്ന ടാറ്റയുടെ പരിപാടിയും ഇതോടെ നിലക്കും. ടാറ്റയും സുസുക്കിയും ഒരുപോലെ പാരവെച്ചതുകൊണ്ടാവാം ആര്‍.ഇ 60നെ പൊതുഗതാഗതത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതായത് പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടില്ല. മാത്രമല്ല, കാര്‍ എന്ന് വിളിക്കാനും പാടില്ല. കാറുകളില്‍ നിന്ന് തിരിച്ചറിയാന്‍ ‘ക്യൂ’ എന്ന് എഴുതിവെച്ച് മാത്രമേ ഓടിക്കാനാവൂ. യൂറോപ്പില്‍ പണ്ടേയുള്ള സാധനമാണ് ക്വാഡ്രിവീലര്‍. 450 കിലോ വരെ ഭാരമുള്ള ചെറിയവണ്ടികള്‍ യാത്രക്കും 600 കിലോയുള്ള വലിയത് സാധനങ്ങള്‍ കടത്താനുമാണ് ഉപയോഗിക്കുക. എന്‍ജിന്‍െറ കരുത്ത് പരമാവധി 20 പി.എസ് വരെയേ ഉണ്ടാവൂ. സ്പീഡ് കുറവായതിനാല്‍ അപകടവും കുറവായിരിക്കും. ഏതാണ്ട് ഈ മാനദണ്ഡങ്ങളൊക്കെയാണ് നമ്മുടെ നാട്ടിലും നടപ്പാവുക. കമ്പനികള്‍ തമ്മിലെ മത്സരം കൂടുമ്പോള്‍ ഇത്തരം വണ്ടികള്‍ക്കും പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടുമെന്നാണ് വാഹനപ്രേമികളുടെ കണക്കുകൂട്ടല്‍. 200 സി.സി വാട്ടര്‍കൂള്‍ നാല് വാല്‍വ് ഡി.ടി.എസ്.ഐ എന്‍ജിനാണ് ബജാജിന്‍െറ ക്വാഡ്രിവീലറിനുള്ളത്. 20 എച്ച്.പി കരുത്ത് നല്‍കുന്ന ഇതിന് ഒരു ലിറ്റര്‍ പെട്രോളുകൊണ്ട് 35 കി.മീ. പോകാനാവും. മണിക്കൂറില്‍ 70 കി.മീ. ആണ് പരമാവധി വേഗം. 3.5 മീറ്റര്‍ സ്ഥലം കിട്ടിയാല്‍ വട്ടംതിരിച്ചെടുക്കാം. ആകെ ഭാരം 400 കി.ഗ്രാം. 2012 ജനുവരി മൂന്നിന് ദല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രത്യക്ഷപ്പെട്ട ഇവനെ ഏത് നിമിഷവും റോഡില്‍ കാണാം. 2010ല്‍ റെനോക്കും നിസ്സാനുമൊപ്പമാണ് ബജാജ് ഈ വാഹനം വികസിപ്പിക്കാന്‍ തുടങ്ങിയത് എന്നതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ പേടിക്കേണ്ട. കാര്‍ഡ്രൈവറും ഓട്ടോഡ്രൈവറുമല്ലാത്ത പുതിയ തൊഴിലാളി വിഭാഗത്തിന് യൂനിയനുണ്ടാക്കുന്ന കാര്യം മാത്രം ഇനി ആലോചിച്ചാല്‍ മതി. എന്തെന്നാല്‍ ബജാജ് തെളിച്ച വഴിയിലൂടെ ഇത്തരം നിരവധി വണ്ടികള്‍ വരുന്നുണ്ട്. ഓട്ടോയുടെ പിന്നിലിരിക്കുന്ന സ്റ്റെപ്പിനി മുന്നില്‍ ഘടിച്ചാല്‍ ക്വാഡ്രിവീലറാകും എന്നതാണ് കാരണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus