12:30:26
14 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

വിറ്റുവരവില്‍ 45 ശതമാനം വര്‍ധന; ബുള്ളറ്റ് ടോപ് ഗിയറിലേക്ക്

വിറ്റുവരവില്‍ 45 ശതമാനം വര്‍ധന; ബുള്ളറ്റ് ടോപ് ഗിയറിലേക്ക്

അധിക കാലമൊന്നുമായിട്ടില്ല, വെറും 10 വര്‍ഷം മുമ്പത്തെ കാര്യമാണ്. അന്ന് അടച്ചുപൂട്ടലിന്‍െറ വക്കിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് കമ്പനി. കേരളത്തിലുള്‍പ്പെടെ ബഹുഭൂരിപക്ഷം ഡീലര്‍മാരും കട അടച്ചു പൂട്ടി വീട്ടിലിരിപ്പായിരുന്നു.
ഇതോടെ, ബുള്ളറ്റ് എന്ന ഇന്ത്യയിലെ ചരിത്ര ഇരുചക്രവാഹനവും യെസ്ഡിയുടെ വഴിയേ പഴങ്കഥയായി മാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഇന്ത്യയിലെ ഐഷര്‍ മോട്ടോഴ്സിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ തിരിച്ചു വരവാണ് നടത്തിയത്. പണ്ട് വളരെ വിരളമായി മാത്രം നിരത്തുകളില്‍ കേട്ടിരുന്ന ഇടിമുഴക്കം ഇപ്പോള്‍ സര്‍വസാധാരണമാവുകയാണ്. കാലത്തിനൊത്ത ചെറിയൊരു കോലം മാറ്റം ഇതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
ഇന്ന് ബുള്ളറ്റിന്‍െറ ഏതു മോഡല്‍ വേണമെങ്കിലും ബുക്ക് ചെയ്ത് ചുരുങ്ങിയത് 10 മാസം കാത്തിരിക്കണം. ഇത്രയേറെ കാത്തിരിപ്പ് വേണ്ട ഒറ്റ ഇരുചക്രവാഹനവും ഇന്നില്ല. കടുത്ത മാന്ദ്യത്തിന്‍െറ പിടിയില്‍ മിക്ക നിര്‍മാതാക്കളുടെയും വില്‍പന ഗ്രാഫ് താഴേക്ക് ഇറങ്ങുമ്പോള്‍ ബുള്ളറ്റ് വില്‍പന കുതിച്ചു കയറുകയാണ്. ഉപഭോക്താക്കളുടെ തിരക്ക് ഏറിയതോടെ പുതിയ പ്ളാന്‍റ് സ്ഥാപിച്ച് ഉല്‍പാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്, ബുള്ളറ്റിന്‍െറ തിരിച്ചു വരവില്‍ നിര്‍ണായക പങ്ക് വഹിച്ച ഐഷര്‍ മോട്ടാഴ്സ് ചീഫ് എക്സിക്യൂട്ടിവ് സിദ്ധാര്‍ഥ ലാല്‍.
112 വര്‍ഷത്തെ ചരിത്രമുള്ള കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. 1932ലാണ് ബ്രിട്ടീഷ് കമ്പനിയായിരുന്ന എന്‍ഫീല്‍ഡ് ആദ്യമായി ബുള്ളറ്റ് നിര്‍മിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് എതിര്‍ സൈന്യത്തിന്‍െറ മേഖലകളില്‍ ബുള്ളറ്റുകള്‍ പാരച്യൂട്ടില്‍ ഇട്ട് കാടും മലയും താണ്ടാന്‍ ബ്രിട്ടീഷ് സൈനികര്‍ ഉപയോഗിച്ചിരുന്നു. 1949ല്‍ ബുള്ളറ്റ് ഇന്ത്യന്‍ വിപണിയിലും എത്തി. 1955ല്‍ എന്‍ഫീല്‍ഡ് ഇന്ത്യ എന്ന പേരില്‍ കമ്പനി രൂപവത്കരിച്ച് ഇന്ത്യയിലും ഉല്‍പാദനം ആരംഭിച്ചു. എന്നാല്‍, വില്‍പന ഏറെയും സൈന്യത്തിനും പൊലീസ് വിഭാഗങ്ങള്‍ക്കുമായിരുന്നു. 1970ല്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്രിട്ടനില്‍ ബുള്ളറ്റ് ഉല്‍പാദനം നിര്‍ത്തി. ഇന്ത്യയിലെ കാര്യവും ആശാവഹമായിരുന്നില്ല. സൈന്യത്തിലേക്കുള്ള വാങ്ങലുകളായിരുന്നു എന്‍ഫീല്‍ഡ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയിരുന്നത്. 1994ലാണ് ഇപ്പോഴത്തെ ഉടമകളായ ഐഷര്‍ മോട്ടോഴ്സ് എന്‍ഫീല്‍ഡ് ഇന്ത്യയെ ഏറ്റെടുത്തത്. 1980കള്‍ മുതല്‍ ഇന്ത്യയില്‍നിന്ന് ബുള്ളറ്റുകള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2000 പിന്നിടുമ്പോഴേക്കും ഐഷറും എന്‍ഫീല്‍ഡിനെ കൊണ്ട് മടുത്തിരുന്നു. ഡീലര്‍മാര്‍ ഓരോരുത്തരായി പിന്‍വാങ്ങിയതോടെ അടച്ചുപൂട്ടലിന്‍െറ വക്കിലുമെത്തി എന്‍ഫീല്‍ഡ്.

2008ഓടെയാണ് ബുള്ളറ്റിനെ ഇരുചക്ര വാഹന പ്രേമികളുടെ ഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ച പരിഷ്കാരങ്ങള്‍ തുടങ്ങിയത്. പതിറ്റാണ്ടുകളായി തുടരുന്ന രൂപം ഒട്ടും മാറ്റാതെയായിരുന്നു പരിഷ്കാരങ്ങള്‍. നിരത്തിലിറങ്ങിയതു മുതല്‍ രൂപം മാറാതെ ഓട്ടം തുടരുന്ന മറ്റൊരു ബൈക്ക് ലോകത്ത് തന്നെ ഉണ്ടോയെന്ന് സംശയമാണ്.
സാധാരണ ബൈക്ക് ഓടിച്ചിരുന്നവര്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഗിയര്‍, ബ്രേക്ക് സംവിധാനങ്ങളാണ് ആദ്യം മാറ്റിയത്. വലതു വശത്തിരുന്ന ഗിയര്‍ ഇടതുവശത്തേക്ക് മാറ്റി. ബ്രേക്ക് ഇടതുവശത്തുനിന്ന് വലതു വശത്തേക്കും മാറി. ഭാരം കുറച്ചതിനൊപ്പം ഇലക്ട്രോണിക്ക് സ്റ്റാട്ടറും ലഭ്യമാക്കി. എന്‍ജിനും ട്രാന്‍സ്മിഷനും ഒറ്റ യൂനിറ്റാക്കിമാറ്റിയതാണ് മറ്റൊരു സുപ്രധാന മാറ്റം. മൈലേജ് സാധാരണ റോഡില്‍ 40-45 കിലോമീറ്റര്‍ വരെ ലഭിക്കുമെന്നായതും ബുള്ളറ്റിനെ ആകര്‍ഷകമാക്കി. ഇതോടെ അടച്ചുപൂട്ടലിന്‍െറ വക്കില്‍നിന്ന് വന്‍ തിരിച്ചുവരവാണ് കമ്പനി നടത്തിയത്. കഴിഞ്ഞ വര്‍ഷം 1.13 ലക്ഷം മോട്ടോര്‍ സൈക്കിളുകളാണ് എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 45 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വന്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ 2013 ഡിസംബറോടെ ഉല്‍പാദനം പ്രതിവര്‍ഷം 1.75 ലക്ഷം യൂനിറ്റുകളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി ചെന്നൈക്കടുത്ത് പുതിയ പ്ളാന്‍റിന്‍െറ ആദ്യഘട്ടം കമീഷന്‍ ചെയ്തു കഴിഞ്ഞു. അടുത്ത വര്‍ഷം അവസാനമാകുന്നതോടെ ഉല്‍പാദനം പ്രതിവര്‍ഷം 2.5 ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തും. പുതിയ പ്ളാന്‍റ് 50 ഏക്കര്‍ സ്ഥലത്താണ് ആരംഭിച്ചിരിക്കുന്നത്. ഉല്‍പാദനം വര്‍ഷം അഞ്ചു ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നേറുന്നത്. 2013, 2014 വര്‍ഷങ്ങളിലായി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1200 കോടി രൂപയാവും നിക്ഷേപിക്കുക.
അടച്ചു പൂട്ടലിന്‍െറ വക്കില്‍നിന്നിരുന്ന കമ്പനി 2012-13 സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന പാദം 1,724.3 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus