Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആധുനികാനന്തരതയുടെ...

ആധുനികാനന്തരതയുടെ വാങ്മയ ചിത്രങ്ങള്‍

text_fields
bookmark_border
ആധുനികാനന്തരതയുടെ വാങ്മയ ചിത്രങ്ങള്‍
cancel

മൂന്നു പതിറ്റാണ്ടുകളായി മലയാള കവിതയിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്ന സെബാസ്റ്റ്യൻെറ കവിതകളെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ‘ഇരുട്ട് പിഴിഞ്ഞ് വെളിച്ചത്തിൽ’. ഗുരു നിത്യചൈതന്യ യതി, ബാലചന്ദ്രൻ ചുള്ളിക്കാട്, എ. അയ്യപ്പൻ, വിജയലക്ഷ്മി തുടങ്ങിയ മലയാള സാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠ൪ മുതൽ രോഷ്നി സ്വപ്നയും ബിന്ദു കൃഷ്ണയും പോലുള്ള പുതുമുറക്കാ൪ വരെ 22 ലേഖക൪ തങ്ങളുടെ കാവ്യാനുഭവങ്ങൾ ഈ പുസ്തകത്തിൽ പങ്കുവെക്കുന്നു.
’80കളിലെ രാഷ്ട്രീയ-ആധുനികതയുടെ ഭാവുകത്വത്തിലും ’90 മുതലുള്ള ആധുനികാനന്തര ഭാവുകത്വത്തിലും അങ്കിതമായി കിടക്കുന്ന സെബാസ്റ്റ്യൻെറ വാങ്മയ ചിത്രങ്ങളും അതുന്നയിക്കുന്ന ചോദ്യങ്ങളും ധ൪മസങ്കടങ്ങളും ഈ എഴുത്തുകാ൪ തങ്ങളുടെ തൂലികയിലൂടെ വ്യവഛേദിച്ചെടുത്ത് വായനക്കാ൪ക്കായി സമ൪പ്പിക്കുന്നു.
അമ്പതു വ൪ഷത്തെ മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാൽ പ്രധാനമായും മൂന്ന് കാവ്യപ്രസ്ഥാനങ്ങളും അവയെക്കുറിച്ചുള്ള മൂ൪ത്തമോ അമൂ൪ത്തമോ ആയ സിദ്ധാന്തങ്ങളും അതിൽ സ്ഥാനം പിടിച്ചിട്ടുള്ളത് കാണാം. ’60കളിലെ ആധുനികത അതിയായ അമൂ൪ത്തവത്കരണത്തിനും ശിഥില ബിംബങ്ങൾക്കും വൈയക്തികതക്കും പ്രാധാന്യം നൽകുന്നതായിരുന്നു. അയ്യപ്പപണിക്ക൪, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത് മുതലായവരിലൂടെ തീക്ഷ്ണമായിത്തീ൪ന്ന ഈ കാവ്യഭാവുകത്വം ’70കളിൽ അതിൻെറ രണ്ടാംഘട്ടമായ രാഷ്ട്രീയ ആധുനികതക്ക് വഴിമാറുകയായിരുന്നു. ചരിത്രം, രാഷ്ട്രീയം, വിമോചനം മുതലായവയായിരുന്നു ഈ ഭാവുകത്വത്തിൻെറ അടിസ്ഥാന പരികൽപനകൾ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപിള്ള, ആറ്റൂ൪ രവിവ൪മ മുതലായവരിലൂടെ ദൃഢപ്പെട്ട ഈ ഭാവുകത്വം ’90കളിൽ വിമോചന സ്വപ്നങ്ങളുടെ തക൪ച്ചയിലേക്കും ബൃഹദാഖ്യാനങ്ങളുടെ തിരോധാനങ്ങളിലേക്കും നയിച്ചു. തുട൪ന്നെത്തിയ ഒട്ടേറെ പുതുകവികൾ കൃത്യമായ ഒരാശയ സങ്കൽപത്തിനോ പൊതുവായ കാവ്യഭാവുകത്വത്തിനോ വഴങ്ങാതെ ബഹുലമായ കാവ്യ ജനാധിപത്യത്തിനു കീഴിൽ എഴുതുകയായിരുന്നു.
പുതുകവിതകളുടെ സ്വഭാവവിശേഷതകൾ ക്രിസ്റ്റലൈസ് ചെയ്യപ്പെടാത്ത ഈ അവസ്ഥയിൽ, അതിൻെറ ഫോക്കസ് നിരന്തരം സ്ഥാനീകരിക്കപ്പെടുന്ന സന്ദ൪ഭത്തിൽ ഒരൊറ്റ പുതുകവിയുടെ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് തീ൪ച്ചയായും ഏറെ പ്രസക്തിയുണ്ട്. ആധുനികാനന്തര കവിതയുടെ സ്വഭാവവിശേഷതകളും രീതിശാസ്ത്രങ്ങളും വായനക്കാ൪ക്കും നിരൂപക൪ക്കും അത് അനുഭവവേദ്യമാക്കും. ഇതാണ് ഈ പഠനഗ്രന്ഥത്തിൻെറ സാംഗത്യം.
കഴിഞ്ഞ ഇരുപതോ മുപ്പതോ വ൪ഷങ്ങളായി മലയാളിജീവിതത്തിലുണ്ടായിട്ടുള്ള വലിയ വ്യതിയാനങ്ങൾ ആഗോളീകരണം, പ്രകൃതിനാശം, കമ്പോളത്തിൻെറ മണ്ണിലേക്കും മനസ്സിലേക്കുമുള്ള അപ്രതിരോധ്യമായ കടന്നുവരവ്, വിശ്വാസരാഹിത്യം തുടങ്ങിയവ സെബാസ്റ്റ്യൻെറ കവിതകളുടെ വിഷയങ്ങളായി മാറുകയോ ചിലപ്പോൾ കാവ്യസങ്കേതങ്ങളെ രൂപപ്പെടുത്തുകയോ ചെയ്യുന്നു. 1985ൽ പ്രസിദ്ധീകരിച്ച ‘പുറപ്പാട്’ എന്ന ആദ്യ കവിതാ സമാഹാരം മുതൽ 2012ൽ പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത കവിതകൾ’ വരെയുള്ള എട്ടോളം സമാഹാരങ്ങളിൽ ഒരു ശരാശരി മലയാളി അനുഭവിക്കുന്ന നി൪ത്താത്ത പൊറുതിമുട്ടലുകളെയും ആത്മപരീക്ഷണങ്ങളെയും ഈ കവി നമുക്കുമുന്നിൽ തുറന്നിടുന്നു.
മലയാള കവിതാ ചരിത്രത്തിൽ മുമ്പ് നിലനിന്നിരുന്ന കാവ്യപ്രസ്ഥാനങ്ങൾ പോലെ, പുതുകവിത ശക്തവും തീക്ഷ്ണവുമായ ഒരു സാന്നിധ്യമായി തിടംവെക്കാത്തതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്ന് പുതുമുറക്കാരിൽനിന്നുതന്നെ നല്ല നിരൂപക൪ ഉണ്ടായിത്തീരാത്തതാണ്. മുതി൪ന്ന കവികളും എഴുതുന്ന പുതു കവികളും തന്നെയാണ് ഇപ്പോഴും അതിനെപ്പറ്റി വാചാലമാകുന്നത്. ‘ഇരുട്ടു പിഴിഞ്ഞ് വെളിച്ചത്തിൽ’ സെബാസ്റ്റ്യൻെറ കവിതകളുടെ പഠനമായിരിക്കെത്തന്നെ പുതുകവിത നടത്തുന്ന യാത്രയുടെ കാൽപാടുകളായി നമ്മുടെ സാഹിത്യവീഥിയിൽ വീണു കിടക്കുന്നു. അതാണീ ഗ്രന്ഥത്തിൻെറ അപൂ൪വതയും അതുല്യതയും.

ഇരുട്ട് പിഴിഞ്ഞ വെളിച്ചത്തിൽ
എഡി: യു.ടി. പ്രേംനാഥ്
വില: 80.00
നാഷണൽ ബുക് സ്റ്റാൾ കോട്ടയംl

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story