Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വകാര്യ ആശുപത്രി...

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും

text_fields
bookmark_border
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാ൪ ഉൾപ്പെടെ ജീവനക്കാരുടെ വേതനം പുതുക്കി. മന്ത്രി ഷിബു ബേബിജോണിൻെറ സാന്നിധ്യത്തിൽ ചേ൪ന്ന ആശുപത്രി ബന്ധസമിതി (ഹോസ്പിറ്റൽ ഐ.ആ൪.സി) യോഗത്തിലാണ് തീരുമാനം. നിലവിലെ ശമ്പളത്തിൻെറ 25 ശതമാനം വ൪ധനഎല്ലാവ൪ക്കും ലഭിക്കും. ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിൽ 7775-160-8575-175-9450 രൂപയും കൂടിയത് 10000-200-11000-220-12100 രൂപയുമായിരിക്കും. ട്രെയ്നി നഴ്സുമാ൪ക്ക് സ്റ്റൈപൻറ് വ൪ധിപ്പിച്ചു. നിലവിൽ ജി.എൻ.എം നഴ്സുമാ൪ക്ക് ലഭിച്ചിരുന്ന 5100ൽനിന്ന് 6,000 രൂപയായും ബി.എസ്സി നഴ്സുമാ൪ക്ക് ലഭിച്ചിരുന്ന 5310ൽനിന്ന് 6,500 രൂപയായും വ൪ധിപ്പിച്ചു.
നഴ്സുമാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് സ൪ക്കാ൪ നിയോഗിച്ച ഡോ. ബലരാമൻ കമ്മിറ്റി റിപ്പോ൪ട്ട് നിരാകരിച്ചാണ് ശമ്പള വ൪ധന നടപ്പാക്കിയത്.

20 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാ൪ക്ക് 25 ശതമാനം വേതനവ൪ധന ലഭിക്കും. 21-100 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാ൪ക്ക് 31.6 ശതമാനവും 101-300 വരെ കിടക്കകളുള്ള ആശുപത്രികളിൽ 31.2 ശതമാനവും, 301-500 കിടക്കകളുള്ളവയിൽ 30.5 ശതമാനവും 501-800 കിടക്കകളുള്ളവയിൽ 32 ശതമാനവുമാണ് വ൪ധന. 801നുമുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാ൪ക്ക് 34.7 ശതമാനം വ൪ധനവുണ്ടാകുമെന്ന് മന്ത്രി ഷിബു ബേബിജോൺ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 100 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിലെ നഴ്സിങ് ജീവനക്കാ൪ക്ക് ശമ്പളത്തിന് പുറമെ സ്പെഷൽ അലവൻസ് ലഭിക്കും. 101-300 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ ജി.എൻ.എം നഴ്സുമാ൪ക്ക് 500 രൂപയും ബി.എസ്സി നഴ്സുമാ൪ക്ക് 750 രൂപയും ലഭിക്കും. 301-800 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ ജി.എൻ.എം നഴ്സുമാ൪ക്ക് 600 രൂപയും ബി.എസ്സി നഴ്സുമാ൪ക്ക് 850 രൂപയും അലവൻസ് ലഭിക്കും. 801ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ജി.എൻ.എം നഴ്സുമാ൪ക്ക് 900 രൂപയും ബി.എസ്സി നഴ്സുമാ൪ക്ക് 1250 രൂപയും ലഭിക്കും.

നിലവിലെ അടിസ്ഥാനശമ്പളത്തിൽ 200 പോയൻറിന് തുല്യ ക്ഷാമബത്ത ലഭിച്ചാൽ കിട്ടുന്ന തുകയുടെ 25 ശതമാനം വ൪ധിപ്പിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. ജി.എൻ.എം നഴ്സുമാ൪ക്ക് ലഭിച്ചിരുന്ന ശമ്പളം 9,062 രൂപയാണ്. പുതുക്കി നിശ്ചയിച്ചതുപ്രകാരം 12,809 രൂപ ലഭിക്കും. ബി.എസ്സി നഴ്സുമാ൪ക്ക് 9,335 രൂപ ലഭിച്ചിരുന്നിടത്ത് 13,479 രൂപ ലഭിക്കും. ജനറൽ നഴ്സിങ് ജയിച്ചവ൪ക്ക് 8725 മുതൽ 11343 രൂപ വരെയും ബി.എസ്സി നഴ്സുമാ൪ക്ക് 8,975 മുതൽ 11,668 രൂപ വരെയും അടിസ്ഥാനശമ്പളമായി ലഭിക്കും. 200 ന് മുകളിൽ വരുന്ന ഓരോ പോയൻറിനും 26.65 രൂപ വീതം ക്ഷാമബത്ത ലഭിക്കും. പൂ൪ത്തിയാക്കിയ ഓരോ അഞ്ച് വ൪ഷത്തിനും ഓരോ ഇൻക്രിമെൻറ് വീതം സ൪വീസ് വെയിറ്റേജായി ലഭിക്കും.
ആശുപത്രികളെ കിടക്കകളുടെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളായി തിരിച്ചാണ് വേതനവ൪ധന നടപ്പാക്കിയത്. 1-20 വരെ കിടക്കകളുള്ള ആശുപത്രികളെ ഒന്നാം കാറ്റഗറിയായും 21-100 രണ്ടായും 101-300 മൂന്നായും 301-500 നാലായും 501-800 അഞ്ചായും 801നുമേൽ കിടക്കകളുള്ള ആശുപത്രികളെ ആറാം കാറ്റഗറിയായുമാണ് തരംതിരിച്ചത്.

രണ്ടാം കാറ്റഗറിയിൽപെട്ടവ൪ക്ക് അടിസ്ഥാനശമ്പളത്തിൻെറ അഞ്ച് ശതമാനവും മൂന്നിൽപെട്ടവ൪ക്ക് 12 ശതമാനവും നാലിന് 15 ശതമാനവും അഞ്ചിന് 20 ശതമാനവും ആറിന് 30 ശതമാനവും അധികവേതനം ലഭിക്കും. 2013 ജനുവരി ഒന്ന് മുതൽ വ൪ധന പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചു.
സ്കാനിങ് സെൻറുകൾ, സ്പെഷലൈസ്ഡ് ആംബുലൻസ് സ൪വീസ്, ഡെൻറൽ ക്ളിനിക്, ഐ ക്ളിനിക്, ഹോസ്പിറ്റൽ (കിടക്കകൾ ഇല്ലാത്ത സ്ഥാപനങ്ങൾ) എന്നിവിടങ്ങളിലെ ശമ്പള നിരക്ക് പ്രത്യേകം നിശ്ചയിക്കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രി ബന്ധസമിതിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രതിനിധികൾ, സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ, നഴ്സിങ് സംഘടനാ ഭാരവാഹികൾ, ട്രേഡ് യൂനിയൻ നേതാക്കൾ, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവരാണ് അംഗങ്ങളായുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story