പാമ്പുകളുടെ തോഴന്‍ പാമ്പുകടിയേറ്റ് അവശനിലയില്‍
text_fieldsകൊടുങ്ങല്ലൂ൪: നൂറുകണക്കിന് വിഷപ്പാമ്പുകളെ പിടികൂടി സമൂഹത്തിൻെറ രക്ഷകനായി നിലകൊണ്ട യുവാവ് ചികിത്സാസഹായം തേടുന്നു. കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി വിഷപ്പാമ്പുകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ ഓടിനടന്ന അൻസാരിയാണ് (33) പാമ്പുകടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് മതിലകം പള്ളിവളവിൽ വെച്ചാണ് ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റത്. അബോധാവസ്ഥയിലായ അൻസാരിയെ നാട്ടുകാ൪ ഇരിങ്ങാലക്കുട കോഓപറേറ്റിവ് ആശുപത്രിയിലെത്തിച്ചു. രക്തം മാറ്റുന്നതുൾപ്പെടെ വിദഗ്ധ ചികിത്സ നൽകി മണിക്കൂറുകൾക്ക് ശേഷമാണ് യുവാവ് അപകടനില തരണം ചെയ്തത്. ശരീരമാകെ വേദനയും നീരും മറ്റു പ്രയാസങ്ങളും ഉള്ളതിനാൽ കുറച്ചുദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയേണ്ടിവരും.
ആശുപത്രി ചെലവിന് മുന്നിൽ ഭാര്യയും കുഞ്ഞുമക്കളുമടങ്ങുന്ന അൻസാരിയുടെ കുടുംബം നിസ്സഹായരായി നിൽക്കുകയാണ്. ഏതാനും വ൪ഷങ്ങൾക്ക് മുമ്പും അൻസാരിക്ക് പാമ്പുകടിയേറ്റിരുന്നു. അന്നും നല്ലൊരു തുക ചെലവഴിച്ചാണ് യുവാവിന് ജീവൻ തിരിച്ചു കിട്ടിയത്.
അന്ന് ഇനി പാമ്പിനെ പിടിക്കാൻ പോകരുതെന്ന് ഭാര്യയും മറ്റും സ്നേഹപൂ൪വം വിലക്കിയെങ്കിലും പിന്നെയും ആളുകളുടെ വിളി വരാൻ തുടങ്ങിയതോടെ അൻസാരിക്ക് അടങ്ങിയിരിക്കാനായില്ല. വീണ്ടും തൻെറ ദൗത്യവുമായി രംഗത്തിറങ്ങി. കൊടുങ്ങല്ലൂ൪, മതിലകം, വലപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്ന് പാമ്പിനെ പിടികൂടുന്നതിന് വേണ്ടി അൻസാരിക്ക് ഫോൺ കോളുകൾ വരാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 വിഷപ്പാമ്പുകളെ പിടികൂടിയതായി അൻസാരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. മതിലകം കൂളിമുട്ടം, കറുകമാലി പള്ളിക്ക് സമീപം ചേന്ദമംഗലത്ത് പരേതനായ മുഹമ്മദിൻെറ മകൻ അൻസാരിയെ ഈ നിസ്സഹായാവസ്ഥയിൽ സഹായിക്കാൻ താൽപര്യമുള്ളവ൪ 9946 137101 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
