ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനം

 ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനം
തുറക്കുന്നത് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം; ആറ് റണ്‍വേകള്‍

ദുബൈ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാനം പറന്നുയരാന്‍ ഇനി ആറുമാസം. ദുബൈ വേള്‍ഡ് സെന്‍ട്രല്‍-ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. ബജറ്റ് എയര്‍ലൈനുകളായ നാസ് എയറും വിസ് എയറുമാണ് ആദ്യ സര്‍വീസ് നടത്തുക.
ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായ ആല്‍ മക്തൂമില്‍ ആദ്യമായി വിമാനം ഇറങ്ങിയത് 2010 ജൂണിലാണ്. ഇതോടെ കാര്‍ഗോ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ലഭിച്ചു. ആറ് റണ്‍വേകളുള്ള ഇവിടെ ലോക വ്യോമയാന മേഖലയിലെ ഏറ്റവും നവീന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.
ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നത്. മാത്രമല്ല, 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ 64 വിമാനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടായിരുന്നു. ഇതിനുപുറമെ, അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി), 66000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സിങ്കിള്‍-ലെവെല്‍ പാസഞ്ചര്‍ ടെര്‍മിനല്‍ എന്നിവയും വന്നു.
രണ്ടാം ഘട്ടത്തിലാണ് രണ്ട് ഓട്ടോമാറ്റഡ് കാര്‍ഗോ ടെര്‍മിനലും ഒരു നോണ്‍-ഓട്ടോമാറ്റഡ് കാര്‍ഗോ ടെര്‍മിനലും നിര്‍മിക്കുന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രലിന്‍െറ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിലെ എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 120 ദശലക്ഷം മുതല്‍ 150 ദശലക്ഷം വരെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.
ദുബൈയില്‍ നിലവിലുള്ള വിമാനത്താവളത്തില്‍ അനുദിനം വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് യാത്രാ സൗകര്യം എത്രയും വേഗം ഒരുക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരുടെ കാര്യത്തില്‍ മാത്രമല്ല, ചരക്കു നീക്കത്തിലും പുതിയ വിമാനത്താവളം ലോകത്ത് ഏറ്റവും മുന്നിലെത്തും. ഇവിടെ പ്രതിവര്‍ഷം 12 ദശലക്ഷം ടണ്‍ കാര്‍ഗോ നീക്കം നടത്താം. ഇത് 14 ദശലക്ഷമായി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന മെംഫിസ് വിമാനത്താവളത്തേക്കാള്‍ മൂന്നിരട്ടി അധികമാണിത്.
ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എയര്‍ബസ് എ-380 ഉള്‍പ്പെടെ എല്ലാ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാം. ഒരേ സമയം അഞ്ച് സൂപര്‍ജമ്പോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus