സ്വപ്നം യാഥാര്‍ഥ്യമാകുന്നു; ദുബൈക്ക് വീണ്ടും നേട്ടം

സ്വപ്നം യാഥാര്‍ഥ്യമാകുന്നു; ദുബൈക്ക് വീണ്ടും നേട്ടം

ദുബൈ: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം, ഡ്രൈവറില്ലാതെ ഓടുന്ന, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ....അങ്ങനെ റെക്കോഡുകള്‍ നിരവധിയുള്ള ദുബൈക്ക് മറ്റൊരു നേട്ടം കൂടി. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആല്‍ മക്തൂം വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍, നിരവധി ലോക റെക്കോഡുകള്‍ സൃഷ്ടിച്ച ദുബൈക്ക് വീണ്ടുമൊരു നേട്ടത്തിന്‍െറ പൊന്‍തൂവല്‍ കൂടി ലഭിക്കുന്നു.
2005 ജനുവരി 11നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. ‘ജബല്‍ അലി എയര്‍പോര്‍ട്ട് സിറ്റി പ്രോജക്ട്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
2005 മാര്‍ച്ച് 19ന് ജബല്‍ അലി എയര്‍പോര്‍ട്ട് സിറ്റി പ്രോജക്ടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ പ്രോജക്ടിന് 120 ബില്യന്‍ ദിര്‍ഹം നിക്ഷേപിക്കുമെന്ന് 2006 സെപ്റ്റംബര്‍ 16ന് ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. 2007 മേയ് 30ന്, ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം തയാറാകുന്ന ദുബൈ സെന്‍ട്രലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 600 കോടി ദിര്‍ഹമിന്‍െറ ടെന്‍ഡര്‍ നല്‍കി. 2007 ആഗസ്റ്റ് 26ന് രണ്ടു കരാറുകള്‍ നല്‍കി. 161 ദശലക്ഷം ദിര്‍ഹമിന്‍േറതാണ് ഈ കരാറുകള്‍. 140 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഏവിയേഷന്‍ കമ്യൂണിറ്റിയാണ് ജബല്‍ അലിയിലുള്ളത്.
2007 നവംബര്‍ അഞ്ചിന് ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളത്തിന്‍െറ ആദ്യ റണ്‍വേ പൂര്‍ത്തിയായി. ഇത് ലോകത്തെ ഏറ്റവും വലിയ റണ്‍വേയാണ്. 2008 ഫെബ്രുവരി ഒമ്പതിന് ജബല്‍ അലി ദുബൈ വേള്‍ഡ് സെന്‍ട്രലിന്‍െറ മൂന്നാംഘട്ടത്തിലെ ഗ്രേഡിങ് ജോലികള്‍ പൂര്‍ത്തിയായി.
എന്നാല്‍, 2009 ഫെബ്രുവരി ഒന്നിന് ആല്‍ മക്തൂം വിമാനത്താവളത്തിന്‍െറ ആദ്യഘട്ടം തുറക്കുന്നത് നീട്ടിവെച്ചു. 2010ലേക്കാണ് മാറ്റിയത്. വിമാന യാത്രക്കാരുടെ തിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു ഈ നടപടി. തുടര്‍ന്ന് 2010 ജൂണ്‍ 20ന് ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. എമിറേറ്റ്സിന്‍െറ ഇ.കെ. 9883 കാര്‍ഗോ വിമാനമാണ് സ്വപ്നം യാഥാര്‍ഥ്യമാക്കി ആകാശത്തുനിന്ന് ഇറങ്ങിയത്.
ഹോങ്കോങ്-ദുബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈ ബോയിങ് 777 വിമാനത്തിന് പിന്നാലെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കാര്‍ഗോ വിമാനങ്ങള്‍ ഇവിടേക്ക് വരാന്‍ തുടങ്ങി. ഒടുവില്‍, യാത്രാ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ദുബൈയിലെ രണ്ടാമത്തേയും ലോകത്തെ ഏറ്റവും വലുതുമായ ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളം ആഗോള വ്യോമയാന ഭൂപടത്തില്‍ പുതിയ സ്ഥാനം നേടും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus