വിസക്കച്ചവടവും തൊഴിലാളികളുടെ ഒളിച്ചോട്ടവും കര്‍ശനമായി തടയും

ദോഹ: ഖത്തറിലേക്ക് പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിസകച്ചവടത്തിന്‍െറ മറവില്‍ നടക്കുന്ന ചൂഷണങ്ങളും തൊഴിലാളികള്‍ ഒളിച്ചോടുന്ന പ്രവണതയും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സെര്‍ച്ച് ആന്‍റ് ഫോളോ അപ് വകുപ്പ് (എസ്.എഫ്.ഡി) ഡയറക്ടര്‍ കേണല്‍ നാസര്‍ മുഹമ്മദ് അല്‍ സയിദ് പറഞ്ഞു. വഴിവാണിഭക്കാരെയും യാചകരെയും അനധികൃത ടാക്സി ഡ്രൈവര്‍മാരെയും കണ്ടെത്താന്‍ വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കിയതായും പ്രദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സ്ഥിരതാമസത്തിനായി വരുന്നവര്‍ ഖത്തറിലെത്തി ഏഴ് ദിവസത്തിനകം റെസിഡന്‍റ് പെര്‍മിറ്റ് എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കണമെന്ന് കേണല്‍ നാസര്‍ മുഹമ്മദ് അറിയിച്ചു. മൂന്ന് മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ പിഴയടക്കണം. ആര്‍.പിയെടുക്കാതെ ആറ് മാസത്തിലധികം തങ്ങിയാല്‍ പിഴയടക്കുകുയും രാജ്യം വിടുകയും വേണം. ഇത്തരം കേസുകളില്‍ സ്പോണ്‍സറാണ് പിഴയടക്കേണ്ടത്.
പ്രവാസികളില്‍ നിന്ന് വിസക്ക് പണം വാങ്ങുന്നത് അവരുടെ നാട്ടുകാരായ ഏജന്‍റുമാര്‍ തന്നെയാണ്. കമ്പനിയുടെ മാനേജരോ പി.ആറോ വിസക്ക് പണം വാങ്ങിയതായി പരാതി ലഭിച്ചാല്‍ കമ്പനിയെക്കുറിച്ചും നടത്തിപ്പുകാരെക്കുറിച്ചും എസ്.എഫ്.ഡി ഉടന്‍ അന്വേഷണം നടത്തും. ഖത്തറിലെത്തിയ ശേഷം ജോലിയില്ലെന്ന് പറഞ്ഞ് നിശ്ചിത പണം നല്‍കണമെന്ന വ്യവസ്ഥയില്‍ തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം തട്ടിപ്പിനിരയാകുന്ന തൊഴിലാളികള്‍ തെളിവ് സഹിതം പരാതി നല്‍കിയാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുകുയും സ്പോണ്‍സറെന്നോ കമ്പനി ഉടമയെന്നോ ഡയറക്ടറെന്നോ വ്യത്യാസമില്ലാതെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. എന്നാല്‍, ഇത്തരക്കാര്‍ പുറത്ത് ജോലി ചെയ്യുന്നതിനിടെ പിടിക്കപ്പെടുകയാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല. കമ്പനി അധികൃതര്‍ വിസക്കോ റെസിഡന്‍റ് പെര്‍മിറ്റിനോ വിസ ആവശ്യപ്പെട്ടാല്‍ എസ്.എഫ്.ഡിക്ക് നേരിട്ട് പരാതി നല്‍കുകയാണ് വേണ്ടത്്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടാനോ പുറത്ത് പണിയെടുക്കാനോ മുതിരരുത്. തൊഴിലാളികളുടെ ആര്‍.പി പുതുക്കാതിരിക്കുക, ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്ക് വെക്കുക, തൊഴില്‍ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം 2,442 കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ രാജ്യവ്യാപകമായി രഹസ്യ പരിശോധന നടത്തുന്നുണ്ട്. പ്രവാസികള്‍ എപ്പോഴും മതിയായ രേഖകളുടെ പകര്‍പ്പെങ്കിലും കൈവശം സൂക്ഷിക്കണമെന്ന് കേണല്‍ നാസര്‍ അഭ്യര്‍ഥിച്ചു. വിരലടയാള പരിശോധനയിലൂടെ 20 സെക്കന്‍റിനുള്ളില്‍ ഒരാളെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കുന്ന പ്രത്യേക ഉപകരണം സഹിതമാണ് പരിശോധന. സാധുവായ ആര്‍.പിയുണ്ടോ, സപോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതാണോ തുടങ്ങിയ വിവരങ്ങള്‍ ഈ പരിശോധനയിലൂടെ അറിയാം. ഒളിച്ചോടി ജോലി ചെയ്യുന്നവരെക്കുറിച്ച് വിവിരം ലഭിച്ചാല്‍ എസ്.എഫ്.ഡി ഉടന്‍ മിന്നല്‍ പരിശോധന നടത്താറുണ്ട്. ഒളിച്ചോടുന്ന തൊഴിലാളികളെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഡ്രൈവര്‍മാരായി നിയോഗിക്കുന്ന രക്ഷിതാക്കളും സ്കൂളുകളുമുണ്ട്. ഇത്തരക്കാരെ പിടികൂടാന്‍ സ്കൂള്‍ ബസ്സുകളും പരിശോധിക്കാറുണ്ട്. ഒളിച്ചോടിയ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ 44695222 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ അറിയിക്കാം. ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് ജോലി നല്‍കിയാല്‍ കുറ്റകൃത്യത്തിന്‍െറ ഗൗരവമനുസരിച്ച് ഒരു ലക്ഷം രൂപ വരെ പിഴയും 15 മുതല്‍ മൂന്ന് വര്‍ഷം വരെ തടവുമാണ് ശിക്ഷ.
ജോലിയും താമസവും വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരികളെയും ഹൗസ് ഡ്രൈവര്‍മാരെയും ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നത് പതിനായിരം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒളിച്ചോടുന്നവര്‍ക്ക് താമസസൗകര്യം നല്‍കുന്ന വീട്ടുടമയും കുറ്റക്കാരനാണ്.
നേരത്തെ രണ്ട് തവണ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന്‍െറ സാധ്യതകള്‍ പഠിച്ചുവരികയാണെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളം, സ്കൂളുകള്‍, സിറ്റിസെന്‍റര്‍, വില്ലാജിയോ മാള്‍, ലാന്‍റ്മാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ കൂടിവരികയാണ്. അടുത്തിടെ ഇത്തരം 300 പേരെ പിടികൂടി കോടതിക്ക് കൈമാറിയിട്ടുണ്ട്. നാടുകടത്തലും പിഴയുമാണ് ഇവര്‍ക്ക് ശിക്ഷ. പ്രവാസികള്‍ രാജ്യത്തിന്‍െറ പുരോഗതിയുടെ ഭാഗമാണെന്നും നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നിടത്തോളം അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും അവര്‍ക്ക് എസ്.എഫ്.ഡിയെ സമീപിക്കാമെന്നും എസ്.എഫ്.ഡിയുടെ സഹായമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus