‘ജൈറ്റക്സ്’: ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ മായാലോകം

ദുബൈ: ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ മായാലോകം ഒരുക്കി ‘ജൈറ്റക്സ് ഷോപ്പര്‍ സ്പ്രിങ് എഡിഷന്’ തുടക്കമായി. ഏപ്രില്‍ ആറു വരെയുള്ള മേളയുടെ ആദ്യ ദിനത്തില്‍ നൂറുകണക്കിന് പേരാണ് എത്തിയത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ഒരു മണിക്കൂറിനകം 3,500ലേറെ പേര്‍ എത്തി.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് ബുധനാഴ്ച രാവിലെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തെ ഏറ്റവും നവീന ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം കാണാനും വാങ്ങാനും ആദ്യ ദിവസം തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. പ്രത്യേകിച്ച് മൊബൈല്‍, ലാപ്ടോപ്, എല്‍.ഇ.ഡി, കാമറ എന്നീ ഉല്‍പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലും എത്തിയത്. നോകിയ ലൂമിയ-720, ഡെല്‍ എക്സ്പി എസ് 10 ടാബ്ലറ്റ്, എച്ച്.പി ടച്ച്സ്മാര്‍ട്ട് ലാപ്ടോപ് തുടങ്ങിയവ പ്രഥമ ദിനം മേളയില്‍ ലഭ്യമായി.
വൈവിധ്യമാര്‍ന്ന 30,000ത്തിലേറെ ഉല്‍പന്നങ്ങളാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മേളയുടെ ഭാഗമായി ഒരുക്കിയത്. ട്രേഡ് സെന്‍ററിലെ ശൈഖ് സഈദ് ഹാള്‍ നമ്പര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളുമായി അണിനിരന്നത്. മേളയിലേക്കുള്ള പ്രവേശ ടിക്കറ്റിന് 15 ദിര്‍ഹമാണ് നിരക്ക്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സമയം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. എപ്കോ-ഇനോക് പെട്രോള്‍ സ്റ്റേഷനുകള്‍, സൂം ഔ്ലറ്റുകള്‍ എന്നിവിടങ്ങളിലും മേള നടക്കുന്ന സ്ഥലത്തും ടിക്കറ്റുകള്‍ ലഭിക്കും.
ജൈറ്റക്സ് ഷോപ്പര്‍ സ്പ്രിങ് എഡിഷനില്‍ ലോകത്തെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മറ്റു അനുബന്ധ ഉല്‍പന്നങ്ങളും ലഭ്യമാണ്. വിന്‍ഡോസ്-8 ഉപയോഗിച്ച ഉല്‍പന്നങ്ങളുമുണ്ട്. സാംസങ്, വണ്‍ മൊബൈല്‍, ബ്ളാക്ക്ബെറി, ഡെല്‍, എച്ച്.പി, നോകിയ എന്നീ ലോക പ്രശസ്ത കമ്പനികള്‍ക്കൊപ്പം ഈ മേഖലയിലെ പ്രമുഖ വിതരണ സ്ഥാപനങ്ങളായ ഇ-മാക്സ്, ഇ-സിറ്റി, ഷറഫ് ഡി.ജി, ജമ്പോ തുടങ്ങിയവയും അണിനിരന്നു. ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും സാധാരണ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. എല്ലാ കമ്പനികളും നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും വന്‍ ഇളവ് നല്‍കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus